
ബീജിങ്: യു.എസ്. ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനത്തിന് പിന്നാലെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ചൈന. അമേരിക്കയും ചൈനയും തമ്മിലുള്ള കാലാവസ്ഥാ വ്യതിയാന ചർച്ച, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, രണ്ട് സുരക്ഷാ യോഗങ്ങൾ, നയതന്ത്ര ചർച്ച തുടങ്ങിയവ റദ്ദാക്കിയതായി ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.
തയ്വാന്റെ സ്വയംഭരണം സംരക്ഷിക്കാനുള്ള അമേരിക്കയുടെ തീരുമാനം സുദൃഢമാണെന്നുറപ്പു നൽകിയാണ് യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി ബുധനാഴ്ച മടങ്ങിയത്. ഇതിന് പിന്നാലെ ബെയ്ജിങ്ങിലെ യു.എസ്. സ്ഥാനപതി നിക്കൊളാസ് ബേൺസിനെ വിളിച്ചുവരുത്തി പെലോസിയുടെ തയ്വാൻ സന്ദർശനത്തിലുള്ള പ്രതിഷേധം ചൈന അറിയിച്ചിരുന്നു. ‘തെറ്റുകൾക്ക്’ അമേരിക്ക വിലകൊടുക്കേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ ഉപമന്ത്രി ഷീ ഫെങ് ആവർത്തിക്കുകയും ചെയ്തിരുന്നു. ചൈനയെ പിടിച്ചുകെട്ടാൻ തയ്വാൻ വിഷയം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും നൽകി.
പെലോസിയുടെ സന്ദർശനത്തിലുള്ള രോഷം പ്രകടിപ്പിക്കാൻ തയ്വാനുചുറ്റും ചൈന സൈനികാഭ്യാസം ശക്തിപ്പെടുത്തിയിരുന്നു. ജെ-20 യുദ്ധവിമാനം, ഡി.എഫ്-17 ശബ്ദാതിവേഗ മിസൈലുകൾ തുടങ്ങി അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടുത്തിയാണ് ശക്തിപ്രകടനം നടത്തിയത്. തയ്വാന് വ്യാപാരനിയന്ത്രണങ്ങളും ചൈന പ്രഖ്യാപിച്ചു. പഴം, മത്സ്യ ഇറക്കുമതി നിർത്തിവെച്ചു. തയ്വാനിലേക്ക് പ്രകൃതിദത്ത മണൽ കയറ്റിയയക്കുന്നതും അവസാനിപ്പിച്ചു. ഭീഷണികൾക്ക് വഴങ്ങില്ലെന്നാണ് തയ്വാന്റെ നിലപാട്. ജനാധിപത്യം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു.
ബുധനാഴ്ച പെലോസി തയ്വാൻ പ്രസിഡന്റ് സായ് ഇങ് വെനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘‘തയ്വാനുള്ള അമേരിക്കൻ പിന്തുണ എന്നത്തെക്കാളും നിർണായകമാണ്. ലോകമിന്ന് ജനാധിപത്യത്തിനും ഏകാധിപത്യത്തിനുമിടയിലാണ്. തയ്വാനിലുൾപ്പെടെ ലോകത്തെവിടെയും ജനാധിപത്യം സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്’’, പെലോസി പറഞ്ഞു. തയ്വാൻ കേന്ദ്രീകരിച്ചുള്ള ചിപ്പ് വ്യവസായം അമേരിക്ക ശക്തിപ്പെടുത്തുമെന്നും അവർ അറിയിച്ചു.
Content Highlights: China Ending Cooperation With US On Many Issues Amid Taiwan Row
Published: 05 Aug 2022, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented