ബെയ്ജിങ്: ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന യുദ്ധവിമാനങ്ങളെപ്പോലും ആകാശത്തുവെച്ച് തകർക്കാൻ ശേഷിയുള്ള അത്യാധുനിക ഹൈപ്പർ സോണിക് മിസൈൽ ചൈനീസ് സൈന്യം വികസിപ്പിച്ചതായി റിപ്പോർട്ട്. യുദ്ധമുഖത്തുനിന്ന് ഏറെ ദൂരെ മാറി സുരക്ഷിതമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള അമേരിക്കൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഈ പുതിയ ആയുധം വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ മിസൈൽ ശേഖരമുള്ള ചൈന, തങ്ങളുടെ ആയുധശേഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആയുധ സംവിധാനം ഒരുക്കുന്നത്. നിലവിൽ 3,150-ലധികം ബാലിസ്റ്റിക് മിസൈലുകൾ ചൈനയ്ക്കുണ്ട് എന്നാണ് കരുതുന്നത്.
പുതിയ ഹൈപ്പർ സോണിക് ക്രൂയിസ് മിസൈലുകളിൽ അന്തരീക്ഷത്തിൽനിന്ന് തൊടുക്കാനുള്ള ശേഷിയും, മറ്റ് ചില മിസൈലുകളിൽ കപ്പലുകളെ ആക്രമിച്ച് തകർക്കാനുള്ള ശേഷിയും ചൈന കൂട്ടിച്ചേർത്തിട്ടുണ്ട്. നേരിട്ടുള്ള യുദ്ധമുഖത്തുനിന്ന് മാറിനിൽക്കുകയും എന്നാൽ സൈനിക നീക്കങ്ങൾക്ക് നിർണായക പിന്തുണ നൽകുകയും ചെയ്യുന്ന ഏരിയൽ ടാങ്കറുകൾ (ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ), വ്യോമാക്രമണ മുന്നറിയിപ്പ്-നിയന്ത്രണ വിമാനങ്ങൾ (AWACS), പറക്കുന്ന കമാൻഡ് പോസ്റ്റുകൾ എന്നിവയെ ലക്ഷ്യം വയ്ക്കാൻ ഈ പുതിയ ആയുധത്തിലൂടെ ചൈനയ്ക്ക് സാധിക്കും.
ഗ്ലൈഡ് വെഹിക്കിൾ സാങ്കേതിക വിദ്യകൂടി ഉൾപ്പെടുത്തിയാണ് ചൈന ഈ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിളുകൾക്ക് (HGV) അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോൾ ദിശമാറി നീങ്ങാൻ കഴിയും. ഇത്തരത്തിൽ സഞ്ചരിക്കുന്നതിനാൽ ശത്രുരാജ്യങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് ഇവയെ തടയുക അതീവ ദുഷ്കരമാണ്. ലോകത്ത് മറ്റൊരു രാജ്യവും എച്ച്.ജി.വിയും എയർ-ടു-എയർ മിസൈലുകളും സംയോജിപ്പിച്ചുള്ള സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി വിവരമില്ല.
എങ്കിലും, ചൈനയുടെ ഈ സൈനികനീക്കം വലിയ പ്രതിസന്ധികളും നേരിടുന്നുണ്ട്. വളരെ ദൂരെയുള്ള ചലിക്കുന്ന ഒരു വിമാനത്തെ ആക്രമിക്കാൻ ഗ്ലൈഡ് വെഹിക്കിൾ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് വലിയ ചെലവേറിയതും കഠിനവും അപകടസാധ്യത നിറഞ്ഞതുമാണ്. ചലിക്കുന്ന വിമാനത്തെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നതിന് റഡാറുകളിൽനിന്നും സെൻസറുകളിൽനിന്നുമുള്ള വിവരങ്ങൾ അതീവ കൃത്യതയുള്ളതായിരിക്കണം. വിവരങ്ങൾ കൈമാറുന്നതിലെ ഈ വലിയ പ്രക്രിയ ശത്രുക്കൾ തടസ്സപ്പെടുത്തിയാൽ മിസൈൽ ആക്രമണം ദുഷ്കരമായി മാറും.
ഭാവിയിലെ യുദ്ധങ്ങളിൽ ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ നിർണായകമാണെന്ന് മനസ്സിലാക്കി അമേരിക്കയും ഈ രംഗത്ത് മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. യുഎസ് നാവികസേന എസ്.എം-6 എന്ന വ്യോമപ്രതിരോധ മിസൈലിൽനിന്നു വികസിപ്പിച്ച AIM-174B ദീർഘദൂര മിസൈൽ നിർമ്മിച്ചിട്ടുണ്ട്. ഇതിന്റെ കൃത്യമായ ദൂരപരിധി രഹസ്യമാക്കി വെച്ചിരിക്കുകയാണെങ്കിലും തറയിൽനിന്ന് തൊടുക്കുന്ന എസ്.എം-6 മിസൈലിന് 250 മൈലിലധികം (400 കിലോമീറ്ററിലധികം) പരിധിയുണ്ട്. ആർടിഎക്സ് റേതിയോൺ വികസിപ്പിച്ചതും 300 മൈലിൽ ( 483 കിലോമീറ്റർ)കൂടുതൽ ദൂരപരിധിയുള്ളതുമായ AIM-424 Malice എന്ന മിസൈൽ തങ്ങൾ പരീക്ഷിക്കുകയാണെന്ന് യുഎസ് നാവികസേന അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഹൈപ്പർ സോണിക് മിസൈൽ വികസനത്തിൽ ചൈന വളരെയേറെ മുന്നോട്ടുപോയിട്ടുണ്ട്. ചൈനയുടെ ഏറ്റവും ദൂരപരിധിയുള്ള ഹൈപ്പർ സോണിക് മിസൈലാണ് ഡിഎഫ്-27. ഇതിന് ഏകദേശം 5,000 കിലോ മീറ്ററോളമാണ് ആക്രമണ പരിധി. ഇത് അമേരിക്കയിലെ ഹവായിയെപ്പോലും ആക്രമണ പരിധിയിലാക്കുന്നു. പെന്റഗണിന്റെ കണക്കനുസരിച്ച് 2024-ൽ ചൈനയുടെ പക്കൽ കുറഞ്ഞത് 3,150 ബാലിസ്റ്റിക് മിസൈലുകളും തറയിൽ നിന്ന് തൊടുക്കാവുന്ന 300 ക്രൂയിസ് മിസൈലുകളും ഉണ്ട്.
Content Highlights: China has developed an advanced hypersonic missile capable of destroying distant strategic enemy aircraft., The new missile integrates glide vehicle technology, making it extremely difficult for enemy air defense systems to intercept., It poses a significant threat to US aerial tankers, AWACS, and flying command posts., The US is also advancing its own long-range missile programs like AIM-174B and AIM-424 Malice to counter threats.
Published: 25 Aug 2026, 03:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented