
ബീജിങ്: പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നാലിന നിർദേശം മുന്നോട്ടുവെച്ച് ചൈന. വ്യാഴാഴ്ച യുഎസും ഇറാനും തമ്മിൽ നടത്താനിരിക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾക്ക് മുന്നോടിയായാണ് ചൈനയുടെ ഇടപെടൽ.
യുഎഇയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അബൂദാബി കിരീടവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചൈന സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം ആഴത്തിലാക്കുന്നതിനും വിവിധ മുൻഗണനാ മേഖലകളിൽ സഹകരണ വർധിപ്പിക്കുന്നതിനുമായിരുന്നു സന്ദർശനമെന്നാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ചയിൽ വെച്ചാണ് പശ്ചിമേഷ്യയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യംവെച്ച് ഷി നാല് നിർദേശങ്ങൾ മുമ്പോട്ട് വെച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നിരന്തര സംഘർഷങ്ങൾക്കിടയിൽ പ്രാദേശിക വികസന കാര്യങ്ങളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായാണ് വിവരം. മേഖലയിലെ സമാധാനപരമായ സഹവർത്തിത്വം, വികസനങ്ങൾക്കും സുരക്ഷാ നയങ്ങൾക്കും ഇടയിലെ മികച്ച ഏകോപനം, അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കൽ, ദേശീയപരമാധികാരത്തോടുള്ള പരസ്പര ബഹുമാനം എന്നീ നാല് നിർദേശങ്ങളാണ് ഷി ജിങ് പിങ് മുന്നോട്ടുവെച്ചത്.
പശ്ചിമേഷ്യയിലെ ഗൾഫ് രാജ്യങ്ങൾ അടുത്ത അയൽക്കാരാണ്, അവരെ അകറ്റിനിർത്താനാകില്ല. ഗൾഫ് രാജ്യങ്ങളെ പിന്തുണക്കുക എന്നത് പ്രധാനമാണ്. ഗൾഫ് മേഖലയുടെ പൊതുവായ സഹകരണവും സുസ്ഥിരമായ സുരക്ഷാ ഘടനയും കെട്ടിപ്പടുക്കാനായി പ്രവർത്തിക്കുക, സമാധാനപരമായ സഹവർത്തിത്വതത്തിനുള്ള അടിത്തറ ഏകീകരിക്കുക തുടങ്ങിയ കാര്യങ്ങൾ പ്രധാനമാണെന്നും ചൈന അറിയിച്ചു.
അതേസമയം, ഇറാന്റെ തുറമുഖങ്ങൾക്കെതിരായ യുഎസിന്റെ ബ്ലോക്കേഡ് അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന പ്രതികരിച്ചു. അമേരിക്കയുടെ നടപടി സംഘർഷം വർധിപ്പിക്കാനേ ഉപകരിക്കൂ. വെടിനിർത്തൽ കരാറിനെ ഇത് പ്രതികൂലമായി ബാധിക്കും. കടലിടുക്കിൽകൂടിയുള്ള ഗതാഗതത്തെ ഇത് കൂടുതൽ സങ്കീർണമാക്കുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താസ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ട്രംപ് ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ വകവയ്ക്കാതെ അമേരിക്കൻ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് ബന്ധമുള്ള കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നുപോയതായും റിപ്പോർട്ടുണ്ട്.
Content Highlights: China proposes a 4-point framework for regional stability in West Asia., Emphasis on sovereignty, international law, and regional coordination., Criticism of US naval blockades impacting Iranian ports., Strengthening of China-UAE strategic partnerships in 2026., Call for peaceful coexistence among Gulf nations.
Published: 14 Apr 2026, 03:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented