മാഡ്രിഡ്:മൊറോക്കോയിൽ നിന്ന് സ്‌പെയിനിലെ സിയൂറ്റയിലേക്ക് (Ceuta) കുടിയേറ്റക്കാരുടെ പ്രവാഹം. ഏതാനും ദിവസങ്ങൾകൊണ്ട ആയിരക്കണക്കിന് ആളുകളാണ് സ്‌പെയിനിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തിയിരിക്കുന്നത്. കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈന്യത്തെ ഇറക്കി നിയന്ത്രിക്കാനുമാണ് പ്രാദേശികഭരണകൂടം ആവശ്യപ്പെടുന്നത്. ആയിരക്കണക്കിന് ആളുകൾ അതിർത്തി കടന്ന് കടൽമാർഗം പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്, എന്നാൽ കൃത്യമായ എണ്ണം സ്ഥിരീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. അതിർത്തി പൂർണമായും തകർന്ന സ്ഥിതിതിയിലാണുള്ളതെന്ന് അധികൃതരും സുരക്ഷാസേനയും പറഞ്ഞു. നീന്തിയെത്താനുള്ള ശ്രമത്തിനിടെ 19 പേർ മുങ്ങിമരിച്ചതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.  

To advertise here,

ഇത്രയധികം ആളുകൾ ഒരേസമയം അതിർത്തി കടക്കുന്നത് പ്രദേശത്ത് വലിയ മാനുഷിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. അതിർത്തിയിലെ ഇപ്പോഴത്തെ സാഹചര്യം 'പരിപൂർണ്ണ അരാജകത്വമാണെന്ന്' അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. നിലവിലെ കുടിയേറ്റ പ്രവാഹം സിയൂറ്റയിൽ കടുത്ത മാനുഷികവും സാമൂഹികവുമായ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. കുടിയേറ്റ സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞതായും ആയിരക്കണക്കിന് ആളുകൾ തെരുവിൽ കഴിയുന്നതായും റിപ്പോർട്ടുകളുണ്ട്. കടൽ കടന്നെത്തിയവർ സംഘമായി തെരുവുകളിൽ തമ്പടിച്ചിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്പെയിൻ ജയിക്കട്ടെ എന്ന മുദ്രാവാക്യങ്ങളോടെയാണ് കുടിയേറ്റക്കാർ നീങ്ങുന്നത്.

നഗരത്തിലും തെരുവുകളിലും കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ കടകമ്പോളങ്ങൾ തുറക്കാത്ത സ്ഥിതിയുണ്ട്. ഭക്ഷണമോ താമസസ്ഥലമോ ഇല്ലാത്ത ആളുകൾ കൊള്ളയടിക്കുമോ എന്നതാണ് സ്യൂട്ടയിലെ വ്യാപാരികളുടേയും ജനങ്ങളുടേയും ആശങ്ക. പതിനായിരക്കണക്കിന് വരുന്ന ആളുകൾക്ക് അടിസ്ഥാനസംവിധാനങ്ങൾ ഒരുക്കാനാവാത്ത പ്രതിസന്ധിയിലാണ് പ്രാദേശിക ഭരണകൂടവും. 

എന്നാൽ നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇതൊരു സുരക്ഷാ ഭീഷണിയായി കണക്കാക്കാൻ കഴിയില്ലെന്നാണ് സ്‌പെയിൻ സർക്കാർ അറിയിക്കുന്നത്. പ്രശ്‌നപരിഹാരത്തിനായി മൊറോക്കോയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. അഭയാർത്ഥികളെ തിരികെ അയക്കുന്നതിനും അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിൽ സജീവമായി നടക്കുന്നുണ്ട്. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി സ്‌പെയിനിന്റെ ആഭ്യന്തര മന്ത്രി സിയൂറ്റ സന്ദർശിക്കും.

കുടിയേറ്റക്കാരുടെ എണ്ണത്തിൽ പെട്ടന്ന് വർധനവുണ്ടായത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. എങ്കിലും കടൽ മാർഗ്ഗം എത്തുന്ന കുടിയേറ്റക്കാരെ കൃത്യമായ നിയമനടപടികൾ ഇല്ലാതെ ഉടനടി തിരിച്ചയക്കാൻ പാടില്ലെന്ന സ്‌പെയിൻ സുപ്രീം കോടതിയുടെ ഈ മാസത്തെ ഉത്തരവ് കുടിയേറ്റക്കാരുടെ എണ്ണം കൂടാൻ കാരണമായെന്നാണ് അധികൃതർ കരുതുന്നത്. കരമാർഗ്ഗം അതിർത്തി വേലി ചാടിക്കടന്ന് എത്തുന്നവരെ ഉടനടി തിരിച്ചയക്കാമെങ്കിലും കടൽ മാർഗ്ഗം വരുന്നവർക്ക് നിയമപരമായ സംരക്ഷണം ലഭിക്കും.

മൊറോക്കോയിലെ താരാജൽ അതിർത്തി അസാധാരണമായ സാഹചര്യത്തിൽ തുറക്കപ്പെട്ടതും ആയിരക്കണക്കിന് ആളുകൾക്ക് ഒരേസമയം അതിർത്തി കടക്കാൻ സാഹചര്യമൊരുക്കി. ആഫ്രിക്കൻ തീരത്തുള്ള സ്പാനിഷ് പ്രദേശമായ സ്യൂട്ടയെ യൂറോപ്പിലേക്കുള്ള ഒരു പ്രധാന പ്രവേശന കവാടമായാണ് മൊറോക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ കാണുന്നത്. മൊറോക്കൻ പട്ടണമായ ഫ്‌നിഡെക്കിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ മാത്രം നീന്തിയാൽ സ്യൂട്ടയിൽ എത്താം എന്നതും കുടിയേറ്റക്കാരെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ തേടിയും സ്വന്തം നാടുകളിലെ അക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനുമാണ് കുടിയേറ്റക്കാർ പ്രധാനമായും യൂറോപ്പിലേക്ക് എത്താൻ ശ്രമിക്കുന്നത്.