
വത്തിക്കാൻസിറ്റി: 70,000ത്തോളം യുവജനങ്ങളെ സാക്ഷിയാക്കി കാർലോ അക്യൂട്ടീസ് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 15 വർഷം മാത്രം ഭൂമിയിൽ ജീവിച്ച് കംപ്യൂട്ടറിനെയും സാമൂഹ്യമാധ്യമങ്ങളെയും ആത്മീയതയുമായി ബന്ധിപ്പിച്ച് സഭാപ്രബോധനങ്ങൾക്കും ജപമാലയ്ക്കും ഓൺലൈനിലൂടെ പ്രചാരം നൽകിയ ബാലനെ പോപ്പ് ലിയോ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തി.
കത്തോലിക്ക സഭയുടെ ചരിത്രത്തിൽ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കംപ്യൂട്ടർ പ്രതിഭകൂടിയാണ് കാർലോ. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും. യുവജനങ്ങൾക്കിടയിൽ മില്ലേനിയൽ വിശുദ്ധനെന്ന് അറിയപ്പെടുന്ന കാർലോയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് പതിനായിരക്കണക്കിന് യുവജനങ്ങളാണ് ലോകത്തിന്റെ വിവിധകോണുകളിൽ നിന്ന് ഒഴുകിയെത്തിയത്.
'നിങ്ങളെല്ലാവരും, നാമെല്ലാവരും ഒരുമിച്ച്, വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ്. സ്വർഗ്ഗം എപ്പോഴും നമ്മളെ കാത്തിരിക്കുന്നു. നാളെയെ സ്നേഹിക്കുക എന്നാൽ ഇന്ന് നമ്മളാൽ കഴിയുന്ന ഏറ്റവും മികച്ചത് നൽകുക എന്നതാണെന്ന് കാർലോ പറയാൻ ഇഷ്ടപ്പെട്ടിരുന്നു. പുതിയ വിശുദ്ധർ എല്ലാവർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക്, നമ്മുടെ ജീവിതം പാഴാക്കാതെ, അവയെ സ്വർഗ്ഗത്തിലേക്ക് നയിക്കാനുള്ള ഒരു ക്ഷണമാണ്.' പോപ്പ് ലിയോ പറഞ്ഞു.
സിനിമകൾ കാണാറുണ്ടായിരുന്ന, ഫുട്‌ബോൾ കളിയും വീഡിയോ ഗെയിമുകളും ഇഷ്ടപ്പെട്ടിരുന്ന കാർലോയെ സൈബർ ലോകത്തെ അപ്പസ്‌തോലൻ, ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇറ്റലിയിലെ അസീസിയിലാണ് ഈ 15-കാരന്റെ ശവകുടീരമുള്ളത്. കാർലോയുടെ ഭൗതികദേഹം കാണാൻ ജനസാഗരം ഒഴുകിയെത്താറുണ്ട്. ജീൻസും ടെന്നീസ് ഷൂസും ധരിച്ചുകിടക്കുന്ന ആ ബാലനെ ചില്ലുകൂട്ടിലൂടെകണ്ട് മധ്യസ്ഥത തേടുന്ന ലക്ഷങ്ങളാണുള്ളത്.
15 വർഷം മാത്രം ഭൂമിയിൽ ജീവിച്ച് വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ അനുകരണീയമായ ജീവിതം നയിച്ച കാർലോ കത്തോലിക്ക സഭയുടെ ചരിത്രത്തിൽ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കമ്പ്യൂട്ടർ പ്രതിഭകൂടിയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും. സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ച കാർലോ വിശ്വാസപ്രചാരണം ആധുനികമാക്കി പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ഉറപ്പിച്ചു. ഒരു കൈയിൽ ജപമാലയും മറുകൈയിൽ കീബോർഡുമായി ആത്മീയ പ്രചാരണത്തിൽ പുതുതലമുറയ്ക്ക് കാർലോ മാതൃകയായി. പതിനൊന്നാം വയസിൽ കാർലോ ഒരു വെബ്സൈറ്റ് ഉണ്ടാക്കി സഭ അംഗീകരിച്ച അത്ഭുതങ്ങളെ അതിൽ രേഖപ്പെടുത്താൻ ആരംഭിച്ചു. ഈ വെർച്ച്വൽ മ്യൂസിയത്തിൽ 136 അത്ഭുതങ്ങളാണ് മരണത്തിന് മുമ്പായി കാർലോ രേഖപ്പെടുത്തിയത്.
1991 മേയ് മൂന്നിന് ലണ്ടനിലെ ഇംഗ്ലണ്ടിൽ ആഡ്രിയ അക്യൂട്ടിസിന്റൈയും ആന്റോണിയോ സാൽസനോയുടെയും മകനായാണ് കാർലോയുടെ ജനനം. ഇറ്റലിയിലെ ഇൻഷുറൻസ് രംഗത്തെ പ്രമുഖരായിരുന്ന അക്യൂട്ടിസ് കുടുംബം സാമ്പത്തികമായ മെച്ചപ്പെട്ട നിലയിലായിരുന്നു. അമ്മ സാൽസാനോ ഒരു പബ്ലിഷിങ് കമ്പനി നടത്തിയിരുന്നു. കാർലോസ് ജനിച്ച് വൈകാതെ 1991 സെപ്റ്റംബറിൽ തന്നെ കുടുംബം ഇറ്റലിയിലേക്ക് താമസം മാറി. 2006 ഒക്ടോബർ ഒന്നിനാണ് കാർലോയുടെ തൊണ്ടയിൽ ചെറിയ തടസം അനുഭവപ്പെടുന്നത്. വിദഗ്ധ പരിശോധനയിൽ രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചു. പത്ത് ദിവസത്തിനുള്ളിൽ വടക്കൻ ഇറ്റലിയിലെ ഒരു ആശുപത്രിയിൽ വെച്ച് കാർലോ മരണത്തിന് കീഴടങ്ങി.
2020-ൽ കാർലോയുടെ ഓർമ്മദിനമായ ഒക്ടോബർ 12 ആണ് സഭ കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അപൂർവ്വമായ പാൻക്രിയാസ് രോഗം ബാധിച്ച ബാലന് കാർലോയുടെ മധ്യസ്ഥതയാൽ രോഗം മാറിയെന്ന് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടെ കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു. ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ അമ്മ കാർലോയുടെ ശവകുടീരത്തിലെത്തി മകൾക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു. ഇവരുടെ സാക്ഷ്യവും മാർപാപ്പ അംഗീകരിച്ചതോടെയാണ് കാർലോ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടത്.
ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന അക്യൂട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം, ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായതോടെ മാറ്റിവെക്കുകയായിരുന്നു.
Content Highlights: Carlo Acutis, known as `God`s Influencer,` canonized as a saint by Pope Leo
Published: 07 Sept 2025, 07:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented