ഒട്ടാവ: കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വെടിവെപ്പിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു.

To advertise here,

ആറുപേരെ സ്‌കൂളിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. മറ്റുള്ളവരെ സ്‌കൂളിന് സമീപത്തെ വീട്ടിലും വെടിയേറ്റനിലയിൽ കണ്ടെത്തി.

വെടിവെപ്പിൽ എത്രപേർക്ക് ജീവൻ നഷ്ടമായെന്നതും എത്രപേർക്ക് പരിക്കേറ്റെന്നതും സംബന്ധിച്ച് അന്തിമ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച പരിശോധനകൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതിനിടെ, മറ്റൊരാൾക്കുകൂടി സംഭവത്തിൽ പങ്കുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ടംബ്ലർ റിഡ്ജ് പോലീസ് നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനാണ് പോലീസിന്റെ നിർദേശം.