സിങ്കപ്പുർ: കോടതി അലക്ഷ്യത്തിന് വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷാ വിധി റദ്ദാക്കണമെന്ന ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ഹർജി സിങ്കപ്പുർ ഹൈക്കോടതി തള്ളി. ജൂലൈ 9-നാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ, ശിക്ഷ അനുഭവിക്കാൻ തയ്യാറാകാതെ അദ്ദേഹത്തിന് ഇനി സിസിങ്കപ്പുരിലേക്ക് മടങ്ങാൻ സാധിക്കില്ല. കോടതി ഉത്തരവുകൾ പാലിക്കാത്തതിനെത്തുടർന്നാണ് മേയ് മാസത്തിലാണ് സിങ്കപ്പുർ ഹൈക്കോടതി ബൈജു രവീന്ദ്രനെ ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ മാസം ഈ ശിക്ഷയ്ക്ക് സ്റ്റേ അനുവദിച്ചിരുന്നെങ്കിലും, പുതിയ ഉത്തരവിലൂടെ കോടതി അത് നീക്കം ചെയ്യുകയായിരുന്നു.

To advertise here,

2024 ഏപ്രിൽ മുതലുള്ള സ്വത്തുമായി ബന്ധപ്പെട്ട നിരവധി കോടതി ഉത്തരവുകളാണ് അദ്ദേഹം ലംഘിച്ചത്. ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഒരു ഉപവിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിങ്കപ്പുർ കോടതിയിൽ ഈ നടപടികൾ നടക്കുന്നത്. ഈ വിധിയെ തങ്ങൾ സ്വാഗതം ചെയ്യുന്നതായും ബൈജു രവീന്ദ്രനെതിരായ നിയമനടപടികൾ തുടരുമെന്നും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വ്യക്തമാക്കി. താൻ മനഃപൂർവമോ അല്ലാതെയോ കോടതി ഉത്തരവുകൾ ലംഘിച്ചിട്ടില്ലെന്നാണ് ബൈജു രവീന്ദ്രന്റെ നിലപാട്. വിധിക്കെതിരെ നിയമപരമായ എല്ലാ പോംവഴികളും തുടർന്നും തേടുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പ്രസ്താവനയിൽ അറിയിച്ചു.

നിലവിൽ ബൈജു രവീന്ദ്രൻ സിങ്കപ്പുരിലില്ലാത്തതിനാൽ ഈ വിധി അദ്ദേഹത്തെ നേരിട്ട് ബാധിക്കില്ല. ഭാവിയിൽ സിങ്കപ്പുരിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അപ്പോൾ മാത്രമേ ഈ വിധി ബൈജു രവീന്ദ്രന് ബാധകമാകുകയുള്ളു. ഒരിക്കൽ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് വിജയഗാഥയായിരുന്ന ബൈജൂസ്, ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും പിന്നീട് കോർപ്പറേറ്റ് ഭരണത്തിലെ പാളിച്ചകൾക്കും ശേഷമാണ് തകർച്ചയിലേക്ക് നീങ്ങിയത്. സിങ്കപ്പുരിലെ കേസിന് പുറമെ, അമേരിക്കയിലെ വായ്പാ ദാതാക്കൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിദേശ നിക്ഷേപകരിൽ നിന്നും രൂക്ഷമായ നിയമപോരാട്ടങ്ങളാണ് ബൈജു രവീന്ദ്രൻ ഇപ്പോൾ നേരിടുന്നത്.