ക്വറ്റ: പാകിസ്താൻ സുരക്ഷാസേനയ്ക്ക് നേരെ ആക്രമണം ശക്തമാക്കി വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.). എട്ടുദിവസത്തിനിടെ ബലൂചിസ്താനിൽ 22 ആക്രമണങ്ങൾ നടത്തിയെന്നും 26 പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും സംഘടന അവകാശപ്പെട്ടു. പാകിസ്താനിൽ നിന്ന് ‘ബലൂചിസ്താന് സ്വാതന്ത്ര്യം’ ലഭിക്കുന്നതുവരെ സായുധ പോരാട്ടം തുടരുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ബലൂചിസ്താനിൽ ബി.എൽ.എ. നടത്തിയ പുതിയ ഗറില്ലാ ആക്രമണങ്ങളിൽ കുറഞ്ഞത് 26 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കലാത്ത്, സൂറബ് എന്നിവിടങ്ങളിൽ നടത്തിയ ഐ.ഇ.ഡി സ്ഫോടനങ്ങളിൽ 20 പാക് സൈനികർ കൊല്ലപ്പെട്ടതായി ബി.എൽ.എ അറിയിച്ചു. ചഗായ്, ഖാരൻ, പഞ്ച്ഗൂർ എന്നിവിടങ്ങളിൽ പോലീസ്-സുരക്ഷാ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു. ഇതിനുപുറമെ നുഷ്കി, തുർബത്ത്, ക്വറ്റ എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വവും ബി.എൽ.എ ഏറ്റെടുത്തു. ചഗായിൽ റെയിൽവേ പാളം തകർക്കുകയും ചരക്ക് വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായും സംഘടന അവകാശപ്പെട്ടു. ബലൂചിസ്താനിൽ അക്രമസംഭവങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് പുതിയ അവകാശവാദങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ഏകദേശം ഒരു ലക്ഷത്തോളം സജീവ അംഗങ്ങൾ ബലൂച് സൈന്യത്തിനുണ്ടെന്നും ഇവർക്ക് ജനങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് പറഞ്ഞു. ഗറില്ലാ യുദ്ധമുറകളിലും തെരുവു യുദ്ധങ്ങളിലും പരിശീലനം ലഭിച്ചവരാണിവർ. പാക് സൈനിക പോസ്റ്റുകൾ ആക്രമിച്ചും സൈനികരെ തടവിലാക്കിയും അവരിൽനിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് തങ്ങൾ പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഘടനയുടെ ആധുനികവൽക്കരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.
2025 മുതൽ ബലൂചിസ്താനിൽ അക്രമസംഭവങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച് 2025-ൽ ബലൂചിസ്താനിൽ 254 ആക്രമണങ്ങളിലായി 1,026 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം കൂടുതലാണ്. എന്നാൽ, ഇതേ കാലയളവിൽ തങ്ങൾ 521 ആക്രമണങ്ങൾ നടത്തിയെന്നും 1,060 സൈനികരെ വധിച്ചെന്നുമാണ് ബി.എൽ.എ അവകാശപ്പെടുന്നത്.
ബലൂചിസ്താന്റെ 85 ശതമാനം ഭൂപ്രദേശവും നിലവിൽ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ബി.എൽ.എ അവകാശപ്പെടുന്നു. ബലൂചിസ്താൻ സ്വതന്ത്രമായതായി പ്രഖ്യാപിച്ച സംഘടന, സ്വന്തമായി ദേശീയ പതാകയും ദേശീയ ഗാനവും പ്രഖ്യാപിച്ചിരുന്നു. ‘ബലൂചി ഫാലുസ്’ എന്ന പേരിൽ സ്വന്തമായി കറൻസിയും ഇവർ പുറത്തിറക്കിയിട്ടുണ്ട്. ബലൂചിസ്താന്റെ പൂർണസ്വാതന്ത്ര്യം എന്ന ലക്ഷ്യം കൈവരിക്കുന്നതുവരെ സായുധ പോരാട്ടം തുടരുമെന്ന് ബി.എൽ.എ. ആവർത്തിച്ചു വ്യക്തമാക്കുന്നു.
Published: 17 Aug 2026, 09:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented