ലണ്ടന്‍: ബ്രിട്ടന്റെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ സീക്രട്ട് ഇന്റലിന്‍ജന്‍സ് സര്‍വീസ് അഥവാ എംഐ 6-ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷൻ 6) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. നിലവില്‍ ഏജന്‍സിയുടെ സാങ്കേതിക വിഭാഗം മേധാവിയും നാല്‍പ്പത്തിയേഴുകാരിയുമായ ബ്ലെയ്‌സ് മെട്രെവെലിയാണ് എംഐ 6-ന്റെ തലപ്പത്തേക്ക് എത്തുന്നത്. യു.കെ. പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറാണ് ഇവരെ നാമനിര്‍ദേശം ചെയ്തത്. എംഐ 6-ന്റെ 116 കൊല്ലത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.
1999-ലാണ് ബ്ലെയ്‌സ്, സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസില്‍ ചേരുന്നത്. തൊഴില്‍ജീവിതത്തില്‍ ഏറിയപങ്കും യൂറോപ്പിലും മധ്യകിഴക്കന്‍ രാജ്യങ്ങളിലുമാണ് ഇവര്‍ ചെലവഴിച്ചിട്ടുള്ളത്. ക്യു എന്ന കോഡ് നെയിമിലാണ് ബ്ലെയ്‌സ് അറിയപ്പെടുന്നത്. എംഐ 6-ന് നൂതന സാങ്കേതികവിദ്യകളും സംവിധാനങ്ങളും ലഭ്യമാക്കാനുള്ള വിഭാഗത്തിന്റെ മേധാവിയെയാണ് ക്യു എന്ന് വിശേഷിപ്പിക്കുന്നത്. ഇതിനെ ഉപജീവിച്ചാണ് ജെയിംസ് ബോണ്ട് സിനിമകളില്‍ ചാരന്മാര്‍ക്കുവേണ്ട അത്യാധുനിക സാങ്കേതിക വിദ്യയും ആയുധങ്ങളും നിര്‍മിക്കുന്ന ക്യൂ ബ്രാഞ്ചിനെ സൃഷ്ടിച്ചിട്ടുള്ളത്.
അഞ്ചുകൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന റിച്ചാര്‍ഡ് മൂറിന്റെ പിന്‍ഗാമിയായാണ് ബ്ലെയ്‌സ് എത്തുന്നത്. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ് ഇവര്‍. എംഐ 6-ല്‍ ചേരുന്നതിന് മുന്‍പ് ബ്ലെയ്‌സ്, എംഐ 5-ല്‍ ഡയറക്ടര്‍ തലത്തിലെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നു. ബ്രിട്ടന്റെ ആഭ്യന്തര ഭീകരവിരുദ്ധ രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സിയാണ് എംഐ 5.
സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസിന്റെ മേധാവിയാകുന്നതോടെ ബ്ലെയ്‌സിന്റെ കോഡ് നെയിം ക്യു എന്നതില്‍നിന്ന് സി-യിലേക്ക് മാറും. എംഐ 6-ന്റെ മേധാവിക്കുള്ള കോഡ് നെയിമാണ് സി. എംഐ 6-ന്റെ ആദ്യത്തെ തലവനായ ക്യാപ്റ്റന്‍ സര്‍ മാന്‍സ്ഫീല്‍ഡ് കമ്മിങ്, തന്റെ പേര് സി എന്നെഴുതി ഒപ്പിട്ടതോടെയാണ് ഈ രീതി ആരംഭിച്ചത്. എന്നാല്‍ ആധുനികകാലത്ത് സി എന്നത് ചീഫ് അഥവാ മേധാവി എന്നതിനെയാണ് സൂചിപ്പിക്കുന്നത്.
Content Highlights: blaise metreweli to become mi6 chief first woman to hold the position
Published: 16 Jun 2025, 12:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented