ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലുണ്ടായ ഏകോപിതമായ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) രണ്ട് ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. രണ്ട് യുവതികളുടെ ചിത്രമാണ് ബിഎൽഎ പുറത്തുവിട്ടിരിക്കുന്നത്. ആക്രമണത്തിൽ ഏകദേശം 50 പേർ കൊല്ലപ്പെട്ടു, ഇതിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാകിസ്താൻ സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ 140 ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 140ഓളം വിഘടനവാദികളെ കീഴ്പ്പെടുത്തിയതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫ്രാസ് ബഗ്തി പറഞ്ഞു.

To advertise here,

ബലൂചിസ്ഥാനിലെ നുഷ്കി സ്വദേശിയാണ് യുവതികളിൽ ഒരാളെന്ന് നിരോധിതസംഘടനയായ ബിഎൽഎ പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നു. 24 കാരിയായ ആസിഫ മെംഗൽ തന്റെ 21-ാം ജന്മദിനത്തിൽ ബിഎൽഎയുടെയുടെ മജീദ് ബ്രിഗേഡിൽ ചേർന്ന 2024 ജനുവരിയിൽ 'ഫിദായി' (ചാവേർ) ആകാൻ തീരുമാനിച്ചതായും ശനിയാഴ്ച നുഷ്കിയിൽ ഐഎസ്ഐ ആസ്ഥാനം ലക്ഷ്യമിട്ടത് അവരായിരുന്നു എന്നും ബിഎൽഎ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ബിഎൽഎ പുറത്തുവിട്ട ചിത്രങ്ങളിലെ രണ്ട് യുവതികളും ആക്രമണത്തിനിടെ മരിച്ചതായാണ് റിപ്പോർട്ട്.

ആക്രമണത്തിൽ പങ്കെടുത്ത വനിതാ ചാവേറിന്റെ വീഡിയോയും ബിഎൽഎ പുറത്തുവിട്ടു. വീഡിയോയിൽ, പാക് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുന്നതായി കാണുന്നത് ഹവ ബലൂച് എന്നറിയപ്പെടുന്ന ബിഎൽഎ അംഗമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഎൽഎയുടെ ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിൽ ഗ്വാഡർ ഫ്രണ്ടിൽ അവർ പങ്കെടുത്തുകൊണ്ടിരിക്കുന്ന വീഡിയോയാണിത്.

"ഓപ്പറേഷൻ ഹെറോഫ്, രണ്ടാം ഘട്ടം ഗ്വാഡർ ഫ്രണ്ടിൽ വെച്ച്, ഫിദായി ഹവ സഹഫിദായികളോടൊപ്പം നിസ്വാർഥമായി പോരാടി. മരണത്തിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് അയച്ച അവളുടെ അവസാന സന്ദേശമാണിത്," ബിഎൽഎ വീഡിയോയോടൊപ്പം സന്ദേശത്തിൽ പറഞ്ഞു. ഫോണിലെ ക്യാമറയിൽ പകർത്തിയതെന്ന് കരുതുന്ന വീഡിയോ രാത്രി വൈകിയോ പുലർച്ചെയോ ആണ് ഇത് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ട്. 

ബലൂചിസ്ഥാനുവേണ്ടി ഇന്ന് നിങ്ങളുടെ ഒരു സഹോദരി പഞ്ചാബി സൈന്യത്തെ നേരിടുകയാണ്. നിങ്ങൾ ധൈര്യമായി മുന്നോട്ട് വരണം. നമുക്ക് വേറെ വഴിയില്ല," ഹവ ബലൂച് പറയുന്നതായി കേൾക്കാം.

"ഭയം കൊണ്ടാണ് പാകിസ്താൻ മുന്നോട്ട് വരാത്തത്. പാകിസ്താന് നമ്മെ നേരിടാൻ കഴിയില്ല. ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. ഇന്ന് നമ്മൾ ശത്രുവിനെ നേരിടുകയാണ്." "യുദ്ധം എങ്ങനെയുണ്ട്?" എന്ന് കൂടെയുള്ളയാൾ ചോദിച്ചപ്പോൾ, പുഞ്ചിരിയോടെ അവർ മറുപടി പറഞ്ഞു, "യുദ്ധം രസകരമാണ്. ഞങ്ങൾ ശത്രുവിനായി കാത്തിരിക്കുകയാണ്; ശത്രുവിനെ എവിടെയും കാണാനില്ല. ശത്രു ഭീരുവാണ്; അവർ ദൂരെ നിന്ന് വെടിയുതിർക്കുകയാണ്, മുന്നോട്ട് വരാൻ അവർക്ക് ധൈര്യമില്ല. വരൂ, വരൂ, ഇന്ന് ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുകയാണ്. ഇന്ന് നിങ്ങൾ ബലൂചിസ്ഥാൻ്റെ സ്ത്രീ പോരാളികളെ നേരിടും. ബലൂചിസ്ഥാൻ്റെ സ്ത്രീകളെ നേരിടുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഇന്ന് നിങ്ങൾ മനസ്സിലാക്കും," ഹവ ബലൂച് ക്യാമറയിലേക്ക് നോക്കി പറഞ്ഞു.

"ബലൂചിസ്ഥാൻ്റെ ജനത ഉണർന്നിരിക്കണം. നമ്മൾ ബലൂചിസ്ഥാൻ്റെ സർമാച്ചാറുകളോടൊപ്പം (പോരാളികൾ) തോളോടു തോൾ ചേർന്ന് നിൽക്കണം. ശത്രുവിൻ്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു; അവർക്ക് അത്രയധികം ശക്തിയില്ല. ബലൂചിസ്ഥാൻ്റെ ജനത മനസ്സിലാക്കണം, ശത്രുക്കളുമായി യാതൊരു വിട്ടുവീഴ്ചയും സാധ്യമല്ല. നോക്കൂ, ഇന്ന് നമ്മുടെ പോരാളികൾ ജീവൻ ബലിയർപ്പിക്കുകയാണ്. സ്വന്തം ശരീരങ്ങൾ കഷണങ്ങളായി ചിതറിത്തെറിക്കുമ്പോഴും, ചിലർ ഇപ്പോഴും കുറച്ച് പണത്തിനായി അവർക്കുവേണ്ടി ചാരപ്പണി ചെയ്യുന്നു." ഹവ കൂട്ടിച്ചേർത്തു. വീഡിയോ അവസാനിക്കുന്നത് രക്തത്തിൽ കുളിച്ച ബലൂചിന്റെയും മറ്റൊരു പോരാളിയുടെയും ജഡം മണ്ണിൽ കിടക്കുന്നതായാണ് കാണിക്കുന്നത്.

അഫ്ഗാനിസ്ഥാനും ഇറാനും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്ച വരെ തുടർന്നു. നുഷ്കി, ഹുബ്, ചാമൻ, നാസിറാബാദ്, ഗ്വാദർ, മക്രാൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ഇത്തരം ഒരു ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതായി അധികൃതർക്ക് വിവരം ലഭിച്ചതുകൊണ്ടാണ് അവർക്ക് തിരിച്ചടിക്കാൻ കഴിഞ്ഞതെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു.

പാക് സൈന്യം, പോലീസ്, ഫ്രണ്ടിയർ കോർപ്സ് എന്നിവരിൽ നിന്നുള്ള 200-ൽ അധികം പേർ കൊല്ലപ്പെടുകയും, കുറഞ്ഞത് 17 പേരെ പിടികൂടുകയും ചെയ്തുവെന്നാണ് ബിഎൽഎ അവകാശപ്പെടുന്നത്. ഈ അവകാശവാദങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ശനിയാഴ്ച 92 വിഘടനവാദികളും വെള്ളിയാഴ്ച 41 പേരും കൊല്ലപ്പെട്ടതായി പാക് സൈന്യം അറിയിച്ചു.