2011 മേയ് രണ്ട്. പാകിസ്താനിലെ അബോട്ടാബാദിലെ വീട്ടിലേക്ക് അമേരിക്കൻ കമാൻഡോകൾ ഇരച്ചുകയറി ഉസാമ ബിൻ ലാദനെ വെടിവെച്ചുകൊന്നു. ലോകത്തെ അമ്പരപ്പിച്ച ആ ഓപ്പറേഷന് പിന്നാലെ പാകിസ്താന്റെ സൈനിക കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഒരു സൈനിക പട്ടണത്തിൽ, വർഷങ്ങളോളം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ബിൻ ലാദൻ എങ്ങനെ ജീവിച്ചു, ആ ഓപ്പറേഷന് ശേഷം ബിൻ ലാദന്റെ കുടുംബത്തിന് എന്ത് സംഭവിച്ചു മുതലായ ചോദ്യങ്ങൾ ഉയർന്നു. ഇതിലെല്ലാമുപരി, പാകിസ്താനി സൈനികകേന്ദ്രത്തിന് തൊട്ടടുത്ത ഒളിത്താവളം ലക്ഷ്യമാക്കിയുള്ള അമേരിക്കൻ നീക്കം പാകിസ്താന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടു. 

To advertise here,

പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ മുൻ വക്താവായ ഫർഹത്തുള്ള ബാബർ രചിച്ച 'ദി സർദാരി പ്രസിഡൻസി: നൗ ഇറ്റ് മസ്റ്റ് ബി ടോൾഡ്' എന്ന പുസ്തകം ഈ ചോദ്യങ്ങൾക്കെല്ലാം വിശദീകരണം നൽകുകയാണ്. പാകിസ്താന്റെ പരമാധികാരത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്ന പ്രസ്താവനകളാണ് ബാബർ പുസ്തകത്തിൽ പരാമർശിക്കുന്നത്. ബാബർ പറയുന്നതനുസരിച്ച്, ബിൻ ലാദൻ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ പാകിസ്താൻ അധികൃതർ അദ്ദേഹത്തിന്റെ ഭാര്യമാരെ കസ്റ്റഡിയിലെടുത്തു. ദിവസങ്ങൾക്കുള്ളിൽ ഒരു സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി) സംഘം നേരിട്ടെത്തി ഈ സ്ത്രീകളെ ചോദ്യം ചെയ്തു. രാജ്യത്തെ നേതൃത്വവും സൈന്യവും സമ്മർദ്ദത്തിന് വഴങ്ങിയതോടെ പാകിസ്താൻ മണ്ണിൽ അമേരിക്കൻ ഏജന്റുമാർ അസാധാരണമായ സ്വാതന്ത്ര്യത്തോടെ വിഹരിച്ചു. ഈ സംഭവത്തെ രാജ്യത്തിനേറ്റ 'ദേശീയ അപമാനം' എന്ന് വിശേഷിപ്പിച്ച ബാബർ അത് പാകിസ്താന് 'പരാജയത്തിന്റെയും നാണക്കേടിന്റെയും' നിമിഷമായിരുന്നുവെന്നും കുറ്റപ്പെടുത്തി.

ഈ അസാധരണ നീക്കങ്ങൾക്ക് ശേഷം അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ, സെനറ്റർ ജോൺ കെറി എന്നിവരുൾപ്പെടെയുള്ള മുതിർന്ന അമേരിക്കൻ നേതാക്കൾ പാകിസ്താനിൽ എത്തിയതിനെ കുറിച്ചും അദ്ദേഹം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ഈ സന്ദർശനത്തിലൂടെ ഭാവിയിൽ അമേരിക്ക ഏകപക്ഷീയമായ ആക്രമണങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പ് ലഭിക്കാൻ പാകിസ്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അമേരിക്കയുടെ ഭാ​ഗത്തുനിന്ന് വ്യക്തമായ ഉറപ്പുകളൊന്നു ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. 

അമേരിക്കൻ സൈനികനീക്കങ്ങൾക്ക് വളരെക്കാലം മുൻപുതന്നെ ബിൻ ലാദന്റെ അബോട്ടാബാദിലെ ഒളിത്താവളത്തെക്കുറിച്ച് സിഐഎ വിശദമായ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിച്ചിരുന്നു. ലോകം ഏറ്റവും കൂടുതൽ തിരയുന്ന ഭീകരൻ അഭയം പ്രാപിച്ചിരുന്ന ആ കെട്ടിടസമുച്ചയം നിർമ്മിച്ച കരാറുകാരന്റെ വിവരങ്ങൾ പോലും ഏജൻസിക്ക് അറിയാമായിരുന്നുവെന്ന് ബാബർ അവകാശപ്പെടുന്നു.

അഫ്ഗാനിസ്താനിലെ ഭീകരവിരുദ്ധപ്രവർത്തനത്തിന് പാകിസ്താൻ അമേരിക്കയെ സഹായിക്കുന്നുണ്ടെങ്കിലും അൽ ഖായിദയോടും ബിൻ ലാദനോടുമുള്ള അവരുടെ ബന്ധം പരസ്യമായ രഹസ്യമായിരുന്നു. പാകിസ്താന്റെ മണ്ണിൽ പാകിസ്താൻ അറിയാതെ കൃത്യം പൂർത്തിയാക്കണം. പാകിസ്താനി സൈനികകേന്ദ്രത്തിന് തൊട്ടടുത്ത ഒളിത്താവളം ലക്ഷ്യമാക്കിയുള്ള അമേരിക്കൻ നീക്കം വിജയം കണ്ടപ്പോൾ പാകിസ്താന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടു. ബാബറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളും ഈ നിരീക്ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്.