വാഷിങ്ടൺ: ജെഫ്രി എപ്‌സ്റ്റീനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അമേരിക്കൻ കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് എപ്‌സ്റ്റീൻ തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചതായി ഹൗസ് ഓവർസൈറ്റ് ആൻഡ് ഗവൺമെന്റ് റിഫോം കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ ഗേറ്റ്‌സ് പറഞ്ഞു. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെക്കുറിച്ച് തനിക്ക് അന്ന് പൂർണ്ണമായ അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

To advertise here,

തന്റെ വിവാഹേതര ബന്ധങ്ങൾ തന്റെ കുടുംബത്തിന് വലിയ വേദനയുണ്ടാക്കിയ ഒന്നാണെന്ന് ഗേറ്റ്‌സ് പറഞ്ഞു. ഇത്തരം വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അതിനോടൊപ്പം സ്വയം മെനഞ്ഞെടുത്ത നുണകളും ഉപയോഗിച്ച് തന്നെ സമ്മർദ്ദത്തിലാക്കാനും ബന്ധം തുടരാനും എപ്‌സ്റ്റീൻ ശ്രമിച്ചിരുന്നു. എപ്‌സ്റ്റീനുമായി തനിക്ക് വ്യക്തിപരമായ യാതൊരു ബന്ധവുമില്ലായിരുന്നെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും ഫണ്ട് ശേഖരണത്തെക്കുറിച്ചും മാത്രമാണ് തങ്ങൾ സംസാരിച്ചിരുന്നതെന്നും ഗേറ്റ്‌സ് കമ്മിറ്റിക്ക് മുന്നിൽ ആവർത്തിച്ചു.

താൻ ഒരിക്കലും എപ്‌സ്റ്റീന്റെ സ്വകാര്യ ദ്വീപുകളിലോ അദ്ദേഹത്തിന്റെ ഫ്ലോറിഡയിലെ വീടുകളിലോ പോയിട്ടില്ലെന്നും ഗേറ്റ്‌സ് മൊഴി നൽകി. 2011-ലാണ് എപ്‌സ്റ്റീനുമായുള്ള ബന്ധം ആരംഭിക്കുന്നത്. ആഗോള ആരോഗ്യ മേഖലയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എപ്‌സ്റ്റീൻ വഴി സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ നടത്തിയത്. എന്നാൽ എപ്‌സ്റ്റീന്റെ വാഗ്ദാനങ്ങൾ വെറും പാഴ്വാക്കുകളാണെന്ന് മനസ്സിലായതോടെ 2014-ൽ താൻ ആ ബന്ധം പൂർണ്ണമായും അവസാനിപ്പിച്ചുവെന്ന് ഗേറ്റ്‌സ് മൊഴി നൽകിയിട്ടുണ്ട്.

എപ്‌സ്റ്റീന്റെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് താൻ ഒരിക്കലും സാക്ഷിയായിട്ടില്ലെന്നും അത്തരത്തിലുള്ള യാതൊരു സൂചനകളും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്‌സ്റ്റീന്റെ സാമ്പത്തിക ഇടപാടുകളിലോ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലോ അദ്ദേഹത്തിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. തന്റെ ഫൗണ്ടേഷൻ വഴി വലിയ സഹായങ്ങൾ വാഗ്ദാനം ചെയ്താണ് എപ്‌സ്റ്റീൻ തന്നെ സമീപിച്ചിരുന്നതെന്നും എന്നാൽ അത് നടക്കില്ലെന്ന് കണ്ടപ്പോൾ താൻ കൂടിക്കാഴ്ചകൾ നിർത്തിയെന്നും ഗേറ്റ്‌സ് കൂട്ടിച്ചേർത്തു.