ബെയ്ജിങ്: പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍. നഗരത്തില്‍ തുടര്‍ച്ചയായ 13 ദിവസവും കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബെയ്ജിങ് ഇളവ് കൊണ്ടുവന്നിരിക്കുന്നത്. 

To advertise here,

മാസ്‌ക് ധരിക്കേണ്ടതില്ലെന്ന അധികൃതരുടെ നിര്‍ദേശം വന്നെങ്കിലും ജനങ്ങളെല്ലാം മാസ്‌ക് ധരിച്ചാണ് വെളളിയാഴ്ച പുറത്തിറങ്ങിയത്. സുരക്ഷിതരാണെന്ന് തോന്നലുളവാക്കുന്നതിനാലാണ് മാസ്‌ക് ധരിക്കുന്നതെന്ന്‌ ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സാമൂഹിക സമ്മര്‍ദത്തിന്റെ ഫലമായാണ് മാസ്‌ക് ധരിക്കുന്നതെന്നാണ് മറ്റുചിലര്‍ അഭിപ്രായപ്പെട്ടത്. 

'എനിക്ക് എപ്പോള്‍ വേണമെങ്കിലും മാസ്‌ക് ഊരിവെക്കാം. എന്നാല്‍ മറ്റുളളവര്‍ അത് അംഗീകരിക്കുമോ എന്നെനിക്ക് അറിയേണ്ടതുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണ്ട് ആളുകള്‍ ഭയപ്പെടുമോ എന്നെനിക്ക് ആശങ്കയുണ്ട്.'  ബെയ്ജിങ്ങിലെ ഒരു യുവതി പറയുന്നു. 

മാസ്‌ക് ധരിക്കുന്നതിന് ബെയ്ജിങ്ങിലെ ആരോഗ്യവകുപ്പ് അധികൃതര്‍ ഇളവുകള്‍ നല്‍കുന്നത് ഇത് രണ്ടാംതവണയാണ്. ഏപ്രില്‍ അവസാനത്തില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജൂണില്‍ നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിക്കുകയായിരുന്നു. 

രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ ചൈന വിജയിച്ചതിന് പിന്നില്‍ മാസ്‌ക് ധാരണവും ക്വാറന്റീനുമുള്‍പ്പടെയുളള പ്രാദേശികതലത്തിലേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണെന്ന് വിദഗ്ധര്‍ പറയുന്നു. ഓഗ്‌സറ്റ് 20 ന് 22 കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 20ഉം വിദേശത്ത് നിന്ന് എത്തിയവരിലാണ്. ചൈനക്കാരല്ലാത്തവരെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന്‌ ചൈന വിലക്കിയിട്ടുമുണ്ട്. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതുമുതല്‍ 84,917 കേസുകള്‍ മാത്രമാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Content Highlights:Beijing relaxed its guidelines,people can go outside without wearing mask