നെടുമ്പാശ്ശേരി: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട കേസിൽ വിദേശത്ത് നിന്നെത്തിയ യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മണിക്കൂറുകൾക്കകം പത്തനംതിട്ട പോലീസിന്റെ നിർദേശ പ്രകാരം ഇയാളെ വിട്ടയച്ചു. ഖത്തറിലായിരുന്ന യുവാവ് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് നെടുമ്പാശ്ശേരിയിലെത്തിയത്.

To advertise here,

ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്നതിനാലാണ് എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. നടപടിക്രമങ്ങൾക്കുശേഷം രാവിലെ ഏഴരയോടെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഇതിനു പിന്നാലെ ആളുമാറിയാണ് കസ്റ്റഡിയിൽ എടുത്തതെന്ന ആരോപണം ഉയർന്നു. പിടിയിലായ യുവാവിന്റെ സഹോദരന് എതിരേയാണ് ലുക്കൗട്ട് സർക്കുലർ ഉണ്ടായിരുന്നതെന്നും ഇയാൾ ഒന്നരയാഴ്ച മുൻപേ നാട്ടിലെത്തിയതായും പറയുന്നു.

പത്തരയോടെയാണ് യുവാവ് നെടുമ്പാശ്ശേരി പോലീസ് വിട്ടയച്ചത്. ലുക്കൗട്ട് സർക്കുലറിൽ രേഖപ്പെടുത്തിയ പേരുകാരനെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും പേര് മാറിയിരുന്നോയെന്ന് പത്തനംതിട്ട പോലീസാണ് വ്യക്തമാക്കേണ്ടതെന്നും നെടുമ്പാശ്ശേരി പോലീസ് പറഞ്ഞു.

കേസിലെ പ്രതിയെ നോട്ടീസ് നൽകി പിന്നീട് വിളിപ്പിക്കുമെന്നാണ് പത്തനംതിട്ട പോലീസ് അറിയിച്ചതെന്നും നെടുമ്പാശ്ശേരി പോലീസ് പറഞ്ഞു. വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടാണ് ഇരുവരും നാട്ടിലെത്തിയത്.