ധാക്ക: അറസ്റ്റുചെയ്യപ്പെട്ട ഹിന്ദുമതനേതാവ് ചിന്മയ് കൃഷ്ണദാസുള്‍പ്പെടെ ഇസ്‌കോണിന്റെ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്) 17 നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് 30 ദിവസത്തേക്ക് മരവിപ്പിച്ചു.

To advertise here,

ഇവരുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും റദ്ദുചെയ്യാന്‍ രാജ്യത്തെ ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (ബി.എഫ്.ഐ.യു.) വെള്ളിയാഴ്ച നിര്‍ദേശം നല്‍കി. ഇസ്‌കോണിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനും ബി.എഫ്.ഐ.യു. തീരുമാനിച്ചു. നേതാക്കളുടെ പണമിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു.

ഇസ്‌കോണിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി വ്യാഴാഴ്ച ബംഗ്ലാദേശ് ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണ് നീക്കം. ദേശീയപതാകയെ അപമാനിച്ചെന്നാരോപിച്ചാണ് ഇസ്‌കോണ്‍ നേതാവും ഹിന്ദുസംഘടനയായ ബംഗ്ലാദേശ് സമ്മിതിലിത സനാതനി ജാഗരണ്‍ ജോതിന്റെ വക്താവുമായ ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ കൈയാങ്കളിക്കിടെ അഭിഭാഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സംഘടനയെ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്.

ഇസ്‌കോണ്‍ രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും മതമൗലികവാദസംഘടനയാണെന്നും ബംഗ്ലാദേശ് ഇടക്കാലസര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു. കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് നിലവില്‍ ചിറ്റഗോങ്ങില്‍ ജയിലില്‍ക്കഴിയുകയാണ് കൃഷ്ണദാസ്.

ന്യൂനപക്ഷങ്ങള്‍ക്കുനേരേയുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഹിന്ദുക്കളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരകാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നായിരുന്നു ബംഗ്ലാദേശിന്റെ നിലപാട്.