ക്വെറ്റ: ബലൂചിസ്ഥാൻ വിഘടനവാദികളും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങൾ സങ്കീർണമായ സാഹചര്യത്തിൽ തങ്ങൾ പിടികൂടിയ പാക് സൈനികരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബാലുചിസ്ഥാൻ ലിബറേഷൻ ആർമി. തങ്ങളുടെ ജീവനുവേണ്ടി സൈനികർ കരഞ്ഞ് യാചിക്കുന്നതിന്റെയും സഹായത്തിനായി അധികാരികളോട് അഭ്യർഥിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ഹക്കൽ വഴി പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ, തടവിലുള്ള തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ദേശീയ തിരിച്ചറിയൽ രേഖകളും ക്യാമറയ്ക്ക് മുന്നിൽ സൈനികർ കാണിക്കുകയും ചെയ്യുന്നു.

To advertise here,

ബിഎൽഎയുടെ അവകാശവാദങ്ങൾക്ക് വിപരീതമായി, തങ്ങളുടെ സൈനികർ വിമതരുടെ പിടിയിലാണെന്ന വാർത്ത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥർ നിഷേധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബലൂച് തടവുകാരുടെ കൈമാറ്റം അവർ തള്ളിക്കളഞ്ഞു. അതേസമയം പാകിസ്താൻ സൈന്യം പിടികൂടിയ തടവുകാരെ കൈമാറണമെന്ന് ആവശ്യപ്പെട്ട ബിഎൽഎ മുന്നോട്ട് വച്ച സമയപരിധി അവസാനിക്കാറായി. ഇതേ തുടർന്നാണ് സൈനികരുടെ വീഡിയോ പങ്കുവച്ചത്. തങ്ങൾ പാക് സൈന്യത്തിന്റെ ഭാഗമല്ലെന്ന് എങ്ങനെ പാകിസ്താന് പറയാൻ സാധിക്കുന്നുവെന്ന് തിരിച്ചറിയൽ കാർഡുമായി യൂണിഫോം ധരിച്ച സൈനികർ ചോദിക്കുന്നു. പാകിസ്താന് വേണ്ടി പോരാടിയിട്ടും സൈന്യം തങ്ങളെ ഉപേക്ഷിച്ചുവെന്നും അവർ കുറ്റപ്പെടുത്തി.

ബലൂച് വിമതപോരാട്ടമായ 'ഓപ്പറേഷൻ ഹെറോഫ് 2.0' രണ്ടാംഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് പാക് സൈനികരെ പിടികൂടിയത്. പാക് സർക്കാരിന് തടവുകാരെ കൈമാറുന്നതിനായി ഏഴ് ദിവസത്തെ സമയപരിധി ബിഎൽഎ നൽകിയിരുന്നു. ഈ കാലയളവിനുള്ളിൽ ചർച്ചകൾ നടന്നില്ലെങ്കിൽ തടവുകാരെ വധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 22ന് സമയപരിധി അവസാനിക്കും. പാകിസ്താൻ സൈന്യമോ ഷെഹ്ബാസ് ഷെരീഫ് സർക്കാരോ പുതിയ വീഡിയോ വന്ന പശ്ചാത്തലത്തിൽ പ്രതികരിച്ചിട്ടില്ല.

പാകിസ്താന്റെ ഏറ്റവും വലിയതും ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ളതുമായ പ്രവിശ്യയായ ബലൂചിസ്ഥാൻ, വിഘടനവാദി വിമതരും ഭരണകൂടവും തമ്മിലുള്ള സംഘർഷങ്ങളുടെ വേദിയാണ്. രാഷ്ട്രീയ സ്വയംഭരണം, വിഭവ നിയന്ത്രണം, വികസനം എന്നിവ സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണം. കഴിഞ്ഞ ഒരു അഞ്ച് വർഷത്തെ ചരിത്രമെടുത്താൽ 2025 പകുതിയോടെയാണ് ബിഎൽഎ-പാക് പ്രശ്‌നം കൂടുതൽ വഷളാകുന്നത്. ഇരുവിഭാഗവും തുടർച്ചയായി ഏറ്റുമുട്ടി ഒട്ടേറെയാളുകളാണ് കൊലപ്പെട്ടത്.

ബിഎൽഎ ഈ മാസം ആദ്യം നടത്തിയ ആക്രമണത്തിൽ 80 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം ഉണ്ടായത്. ക്വെറ്റ, നോഷ്‌കി, മാസ്റ്റുങ്, ഡാൽബൻഡിൻ, കലത്, ഖരൻ, പഞ്ച്ഗൂർ, ഗ്വാഡർ, പാസ്നി, ടർബത്, ടംപ്, ബൂലേഡ, മാംഗോച്ചാർ, ലസ്ബേല, കെച്, അവരൻ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ ബിഎൽഎ ആക്രമണം നടത്തി.