വാഷിങ്ടണ്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനുള്ള ട്രംപിന്റെ തീരുമാനം വരുംമുമ്പേ യുഎസ് സൈനിക നടപടികള്‍ക്ക് നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട്. മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴസ് ബേസില്‍നിന്ന് ആറ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക്‌ നീങ്ങുന്നതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റയും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വോയ്സ് കമ്മ്യൂണിക്കേഷനുകളേയും അടിസ്ഥാനമാക്കിയാണ്  ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

To advertise here,

ഇന്ധനം പൂര്‍ണ്ണമായും നിറയ്ക്കാതെയാണ് മിസോറിയില്‍നിന്ന് ഈ ബോംബറുകള്‍ പുറപ്പെട്ടത്. ബോംബുകളടക്കം ഭാരമേറിയ പേലോഡ് കാരണമാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നുമാണ് ഫോക്‌സ് ന്യൂസിന്റെ അനുമാനം. ഇന്ധനം നിറയ്ക്കുന്ന നാല് ബോയിംഗ് കെസി-46 പെഗാസസ്  വിമാനങ്ങള്‍ ബോംബര്‍ വിമാനങ്ങള്‍ക്കൊപ്പം പറക്കുന്നുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും. ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ യുഎസിന്റെ സഹായം ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ രഹസ്യ ആണവ ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലകളിലടക്കം കൃത്യമായ ആക്രമണം നടത്താന്‍ ബി-2 ബോംബറുകള്‍ക്ക് കഴിയുമെന്നാണ് യുഎസിന്റെ അവകാശവാദം.

അതേസമയം, യുദ്ധത്തില്‍ പങ്കാളിയാകാന്‍ രണ്ടാഴ്ച സാവകാശമെടുത്തിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനിടെ യൂറോപ്യന്‍ നേതാക്കളും ഇറാനും തമ്മിലും ചര്‍ച്ചകളും നടക്കുന്നുണ്ട്. നയതതന്ത്രത്തിന്റെ പാതയിലേക്ക് ഇറാന്‍ തിരിച്ചുവരണമെങ്കില്‍ ഇസ്രയേല്‍ ആക്രമണം നിര്‍ത്തണമെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരിക്കുന്നത്. ''യുഎസിന്റെ പിന്തുണയോടെ ഞങ്ങളുടെ ജനം ബോംബാക്രമണം നേരിടുമ്പോള്‍ ആ രാജ്യവുമായി ചര്‍ച്ചനടത്താന്‍ കഴിയില്ല' എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.