കാബൂൾ: താലിബാൻ സർക്കാർ ഏർപ്പെടുത്തിയ 48 മണിക്കൂർ നീണ്ട ഇന്റർനെറ്റ്, ടെലികോം സേവന നിരോധനം പിൻവലിച്ചു. ഇതോടെ, ആശ്വാസത്തിലായ അഫ്ഗാൻ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാൻ പ്രധാനമന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് ഭാഗികമായി കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചതായി ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്ക്സും സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനഃസ്ഥാപിച്ചതായി ഖത്തറിലെ മുതിർന്ന താലിബാൻ വക്താവ് സുഹൈൽ ഷഹീനും വ്യക്തമാക്കി.

To advertise here,

നിരോധനം പിൻവലിച്ചതോടെ ബുധനാഴ്ച വൈകുന്നേരം കാബൂളിലെ തെരുവുകളിൽ നിരവധിപേരാണ് ഒത്തുകൂടിയത്. ഇന്റർനെറ്റ് കണക്ടിവിറ്റി പുനസ്ഥാപിച്ച സന്തോഷം ജനങ്ങൾ പരസ്പരം പങ്കുവെച്ചു. ദൂരദേശങ്ങളിലുൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

തിങ്കളാഴ്ചയാണ് രാജ്യത്ത് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 48 മണിക്കൂർ നീണ്ട നിരോധനം വ്യാപാരങ്ങളെയും വിമാന സർവീസുകളെയും തടസ്സപ്പെടുത്തിയിരുന്നു. അടിയന്തര സേവനങ്ങളുടെ ലഭ്യതയും പരിമിതപ്പെടുത്തി. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അവകാശങ്ങൾ ഇല്ലാതാക്കപ്പെട്ട സ്ത്രീകളെയും പെൺകുട്ടികളെയും ഇത് കൂടുതൽ ഒറ്റപ്പെടുത്തുമെന്ന ഭയവും വർദ്ധിപ്പിച്ചു.

എന്തിനാണ് സേവനങ്ങൾ നിർത്തിവെച്ചതെന്നതിന് താലിബാൻ സർക്കാർ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല. എന്നിരുന്നാലും, കഴിഞ്ഞ മാസം വടക്കൻ ബൽഖ് പ്രവിശ്യയിലെ താലിബാൻ ഗവർണറുടെ വക്താവ്, തിന്മകൾ തടയുന്നതിനായി ഇന്റർനെറ്റ് ലഭ്യത തടയുകയാണെന്ന് പറഞ്ഞിരുന്നു.

2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം, ഇസ്ലാമിക ശരീഅത്ത് നിയമത്തിനെ വ്യാഖ്യാനിച്ച് താലിബാൻ നിരവധി നിയന്ത്രണങ്ങൾ അഫ്ഗാനിസ്ഥാനിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട നിയന്ത്രണമായിരുന്നു 12 വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത്. സ്ത്രീകളുടെ തൊഴിലവസരങ്ങൾ കർശനമായി പരിമിതപ്പെടുത്തുകയും സർവകലാശാലകളിൽ നിന്ന് സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് പുറം ലോകവുമായുള്ള ഏക ആശ്രയമായിരുന്നു ഇന്റർനെറ്റ്. അതുകൂടി വിലക്കപ്പെട്ടതോടെ ജനങ്ങൾ ഏറെ പ്രയാസപ്പെട്ടു. 

ഇതൊരു ക്രമാനുഗതമായ മരണമാണെന്നായിരുന്നു ഒരു കടയുടമ ബിബിസിയോട് പ്രതികരിച്ചത്. പ്രതീക്ഷയില്ലാത്ത, പുരോഗതിക്ക് സാധ്യതയില്ലാത്ത, സംസാര സ്വാതന്ത്ര്യമില്ലാത്ത, നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമില്ലാത്ത, നിങ്ങളുടെ ബിസിനസ്സിന് സ്ഥിരതയില്ലാത്ത, നിങ്ങളുടെ പഠനങ്ങളിൽ നിന്ന് പ്രയോജനം നേടാൻ കഴിയാത്ത ഒരവസ്ഥ. അദ്ദേഹം പറഞ്ഞു.

ഇൻ്റർനെറ്റ് നിരോധനത്തെത്തുടർന്ന്, അഫ്ഗാനിസ്ഥാൻ പുറം ലോകത്ത് നിന്ന് പൂർണ്ണമായും ഒറ്റപ്പെട്ടുവെന്ന് യുഎൻ പറഞ്ഞിരുന്നു. അഫ്ഗാൻ ജനതയെ ഈ നിരോധനം ദോഷകരമായി ബാധിക്കുമെന്ന് യുഎൻ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.