ന്യൂഡൽഹി: ജന്തർമന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന മൊബൈൽ ഇന്റർനെറ്റ് വിലക്ക് അഞ്ച് ദിവസത്തിന് ശേഷം ശനിയാഴ്ച പുനഃസ്ഥാപിച്ചു. ഡൽഹി തലസ്ഥാന നഗരിയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് വിലക്കായിരുന്നു ഇത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.

To advertise here,

തങ്ങളുടെ ആവശ്യങ്ങൾ ബിജെപി സർക്കാർ അംഗീകരിച്ചതായി വ്യക്തമാക്കി കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം അവസാനിപ്പിച്ചതായും അറിയിച്ചു. ശനിയാഴ്ച അർധരാത്രിവരെ ഇന്റർനെറ്റ് വിലക്ക് നീട്ടിക്കൊണ്ട് അധികൃതർ ഏഴാമതും ഉത്തരവിറക്കിയിരുന്നെങ്കിലും നിശ്ചിത സമയത്തിന് വളരെ മുമ്പുതന്നെ സേവനങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു.

പ്രതിഷേധ സ്ഥലമായ ജന്തർമന്തറിന്റെ 1.5 കിലോമീറ്റർ ചുറ്റളവിലാണ് എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളോട് സേവനങ്ങൾ നിർത്തിവെക്കാൻ നിർദേശിച്ചിരുന്നത്. കൊണാട്ട് പ്ലേസിനടുത്തുള്ള ജൻപഥ് മാർക്കറ്റ്, ലെ മെറിഡിയൻ, ഷാംഗ്രി-ലാ ഹോട്ടൽ, നാഷണൽ മീഡിയ സെന്റർ, ഇന്ത്യൻ വുമൺസ് പ്രസ് കോർപ്സ് ഓഫീസ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങളെ ഇത് സാരമായി ബാധിച്ചു.

ജൂലൈ 20-നാണ് ഇന്റർനെറ്റ് നിയന്ത്രണം ആദ്യം ആരംഭിച്ചത്. അഞ്ച് ദിവസത്തെ കാലയളവിൽ, ജൂലൈ 21-ന് മാത്രമാണ് സർക്കാർ വിലക്ക് ഏർപ്പെടുത്താതിരുന്നത്. തുടർന്ന് ജൂലൈ 22, 23, 24, 25 എന്നീ ദിവസങ്ങളിൽ സമയപരിധി നീട്ടിക്കൊണ്ട് തുടർച്ചയായി ഉത്തരവുകൾ പുറപ്പെടുവിക്കുകയായിരുന്നു. ഈ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റൽ അവകാശ സംഘടനയായ സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ ഇന്ത്യ (SFLC.in) ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതിനുമുമ്പ് 2021-ലെ കർഷക സമരകാലത്താണ് ഡൽഹിയിൽ ഏറ്റവുംകൂടുതൽ സമയം ഇന്റർനെറ്റ് റദ്ദാക്കിയത്. എന്നാൽ, അന്ന് അത് ഒരു ദിവസത്തിൽ താഴെ മാത്രമായിരുന്നു. 2019-ലെ പൗരത്വ നിയമ ഭേദഗതി (CAA) വിരുദ്ധ പ്രതിഷേധ സമയത്തും  2021 ജനുവരിയിലെ കർഷക സമര സമയത്തും ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരുന്നെങ്കിലും അവയും പരിമിത സമയത്തേക്ക് മാത്രമായിരുന്നു. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തമായി തുടർച്ചയായ ദിവസങ്ങളിൽ ഒന്നിലധികം സർക്കാർ ഉത്തരവുകളിലൂടെ വിലക്ക് നീട്ടിയതാണ് ഇത്തവണത്തെ നിയന്ത്രണത്തെ വേറിട്ടതാക്കുന്നത്.