കോടതി കയറിയ പരാതി, ഉമ്മന്‍ചാണ്ടിയുടെ നിര്യാണം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്, ബെംഗളൂരുവിലെ ദേശീയസമ്മേളനം... നീണ്ടകാലതാമസത്തിനും സങ്കീര്‍ണതകള്‍ക്കും ഒടുവിലാണ്‌ നവംബർ 14-ന് വൈകീട്ട് മൂന്നുമണിയോടെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ അംഗങ്ങളുടെ പിന്തുണ രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിച്ചു. രണ്ടാമത് അബിന്‍ വര്‍ക്കിയും മൂന്നാമത് അരിതാ ബാബുവും എത്തി. ഡല്‍ഹിയിലെ അഭിമുഖവും കഴിഞ്ഞ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഗ്രൂപ്പും ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പും അതിനുള്ളിലെ ആപ്പും മറികടന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സംഘടന വീണ്ടുമെത്തുന്നത് മറ്റൊരു നിയമക്കുരുക്കിലേക്കാണ്.

അംഗങ്ങളെ ചേര്‍ക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയില്‍ രേഖ വ്യാജമായി ഉണ്ടാക്കിയെന്ന പരാതിയുമായി ഒരു വിഭാഗം കേന്ദ്രനേതൃത്വത്തെ സമീപിച്ചു. വ്യാജരേഖയുണ്ടാക്കാന്‍ ഉപയോഗിച്ച ആപ്പിന്റെ വിവരങ്ങളടക്കം പുറത്തുവരികയും ചെയ്തതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. വിവാദം സംഘടനയ്ക്ക് അകത്തൊതുങ്ങിയില്ല. വ്യാജ തിരിച്ചറിയില്‍ രേഖ നിര്‍മാണം രാജ്യദ്രോഹക്കുറ്റമാണെന്ന് ആരോപിച്ച് ബി.ജെ.പിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിമറി ലക്ഷ്യമിട്ടുള്ള റിഹേഴ്‌സലാണെന്ന ആരോപണവുമായി ഇടതുപാര്‍ട്ടികളും രംഗത്തെത്തി. ആരോപണത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും രംഗത്തെത്തിയതോടെ ഒരു സംഘടനാ തിരഞ്ഞെടുപ്പ് സംസ്ഥാനമാകെ ചര്‍ച്ച ചെയ്യുന്ന നിയമപ്രശ്‌നം കൂടിയാവുകയാണ്.

നിയമക്കുരുക്ക് രണ്ടാം തവണ

കഴിഞ്ഞ മേയിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനയുടെ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കുന്നത്. അംഗത്വത്തിനൊപ്പമായിരുന്നു വോട്ടിങ്ങും. കോട്ടയം ഒഴികെയുള്ള ജില്ലകള്‍ക്ക് അംഗത്വത്തിന് സെപ്റ്റംബര്‍ 12 വരെയായിരുന്നു സമയം അുവദിച്ചത്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും വന്ന ജില്ലയില്‍ 15-വരെ സമയം അനുവദിച്ചു. ഇതിനിടെ തിരഞ്ഞെടുപ്പിനെതിരായ പരാതി കോടതി കയറി. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലെ കിണാശ്ശേരി മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഷഹബാസ് വടേരിയായിരുന്നു പരാതിക്കാരന്‍. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടനയ്ക്ക് അനുസരിച്ചായിരുന്നില്ല തിരഞ്ഞെടുപ്പെന്നായിരുന്നു പരാതി. ആദ്യം മണ്ഡലം എക്‌സിക്യൂട്ടീവ് തിരഞ്ഞെടുപ്പും തുടര്‍ന്ന് ജില്ലാ കമ്മിറ്റിയും അതിന് മുകളില്‍ സംസ്ഥാന കമ്മിറ്റിയും രൂപവത്കരിക്കണം എന്നാണ് ഭരണഘടന പറയുന്നതെന്നായിരുന്നു ഷഹബാസ് ചൂണ്ടിക്കാട്ടിയത്.

നിലവിലെ സംഘടനാ തിരഞ്ഞെടുപ്പ് രീതിയനുസരിച്ച് അംഗത്വമെടുക്കുന്നതിനൊപ്പം ഒരാള്‍ക്ക് ആറു വോട്ടുകളാണ് ചെയ്യാന്‍ കഴിയുക. അംഗത്വമെടുക്കുന്ന ആര്‍ക്കും സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി, അസംബ്ലി മണ്ഡലം, മണ്ഡലം പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് വോട്ടുചെയ്യാം. ഇങ്ങനെ പ്രവര്‍ത്തകര്‍ നേരിട്ട് താഴെത്തട്ടുമുതല്‍ സംസ്ഥാനതലം വരെ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന രീതി. ഇതിനെതിരെയായിരുന്നു ഷഹബാസിന്റെ പരാതി. ഇതേത്തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതി തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു.

ഹര്‍ജിയില്‍ ഇടപെട്ട കോടതി സംഘടനാ ഭരണഘടന ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ രേഖയായിരുന്നു എതിര്‍ഭാഗം ഹാജരാക്കിയത്. ഇതിനിടെ ദേശീയനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തയതിന് പിന്നാലെ, ഷഹബാസ് ഹര്‍ജി പിന്‍വലിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഫലം വൈകുന്നതിനിടയില്‍ ഇയാള്‍ക്ക് ദേശീയ ഭാരവാഹിത്വം ലഭിച്ചത് സംഘടനയില്‍ വലിയ ചര്‍ച്ചയായി. സംഘടനാ തിരഞ്ഞെടുപ്പിനെതിരേ കോടതിയെ സമീപിച്ചയാള്‍ക്ക് യൂത്ത് പോളിസി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിസര്‍ച്ച് അസോസിയേറ്റ് പദവിയായിരുന്നു നല്‍കിയത്. ഇതിനെതിരേ അന്നുതന്നെ പരസ്യപ്രതികരണങ്ങളുണ്ടായി.

ഫലം വന്നപ്പോള്‍, 740 പേര്‍ വോട്ടുചെയ്ത കിണശ്ശേരി മണ്ഡലത്തില്‍ എട്ടുവോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. കെ.എസ്.യു. മുന്‍ ബ്ലോക്ക് ഭാരവാഹിയായ ഇയാള്‍ക്ക് തിരഞ്ഞെടുപ്പ് വഴി സംഘടനയില്‍ സ്ഥാനമൊന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും പരാതി വഴി ദേശീയ ഭാരവാഹിത്വം നേടി എന്ന ആക്ഷേപം ഇപ്പോള്‍ ഉയരുന്നുണ്ട്. ഇതേ മാതൃകയില്‍ സ്ഥാനമുറപ്പിക്കാനാണ് പലരും തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ പരാതിയുമായി രംഗത്തെത്തുന്നതെന്നും ആരോപണമുണ്ട്.

ആപ്പിലായ തിരഞ്ഞെടുപ്പ്

ആന്‍ഡ്രോയ്​ഡിലും ഐ ഫോണിലും ഉപയോഗിക്കാന്‍ കഴിയുന്ന, പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന With IYC എന്ന ആപ്പ് വഴിയാണ് യൂത്ത് കോണ്‍ഗ്രസ് അംഗത്വവിതരണവും തിരഞ്ഞെടുപ്പും. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പത്തുലക്ഷത്തിലേറെപ്പേര്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞ ആപ്പ് പ്ലേസ്റ്റോറില്‍ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ തന്നെയാണ് ലഭ്യമാവുന്നത്.

അംഗത്വമാഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം വിവരങ്ങള്‍ നല്‍കണം. പേര്, വിലാസം, പിതാവിന്റെ (ബന്ധുവിന്റെ) പേര്, ബൂത്ത് നമ്പര്‍ ഉള്‍പ്പെടെയുള്ളവയാണ് ചേര്‍ക്കേണ്ടത്. അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയില്‍ കാര്‍ഡിന്റെ ഇരുഭാഗത്തിന്റേയും ഫോട്ടോ അപ്​ലോഡ് ചെയ്യണം. തുടര്‍ന്ന് ലൈവ് ഫോട്ടോയും എട്ടു സെക്കന്‍ഡുള്ള ഒരു വീഡിയോയും അപ്​ലോഡ് ചെയ്യണം. തിരിച്ചറിയില്‍ കാര്‍ഡ് ഉള്‍പ്പെടെ മറ്റു രേഖകളില്‍ നിന്ന് ക്രോപ്പ് ചെയ്ത ചിത്രങ്ങള്‍ പാടില്ല. വീഡിയോയില്‍, അംഗത്വം ആഗ്രഹിക്കുന്ന വ്യക്തി തന്റെ പേരും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വത്തിന് അപേക്ഷിക്കുന്നുവെന്നും പറയണം. ഫോട്ടോയും വീഡിയോയും ബ്ലറാവാന്‍ പാടില്ല. വീഡിയോയില്‍ ഓഡിയോ വ്യക്തമായിരിക്കണം.

ഇത്രയും കടമ്പകള്‍ കടന്ന് അംഗത്വഫീസും അടച്ചു കഴിഞ്ഞാല്‍ ആറു വോട്ടുകള്‍ രേഖപ്പെടുത്താം. നല്‍കിയ വിവരങ്ങള്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് സൂക്ഷ്മപരിശോധന നടത്തുന്നത്. നല്‍കിയ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളും ഒത്തുനോക്കും. ഇതില്‍ എന്തെങ്കിലും മിസ്മാച്ച് വന്നുകഴിഞ്ഞാല്‍ അംഗത്വവും വോട്ടും അസാധുവാകും.

തുടക്കം മുതല്‍ തന്നെ ആപ്പിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. പ്രതീക്ഷിച്ച വേഗത്തില്‍ ആപ്പ് വഴി ആളുകളെ ചേര്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. തുടക്കത്തില്‍ ഐ ഫോണില്‍ ആപ്പ് ലഭ്യമാവാതിരുന്നതും പരാതികള്‍ക്കിടയാക്കി. ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന വീഡിയോകളുടെ പ്രിവ്യൂയിലും പ്രശ്‌നമുണ്ടായിരുന്നു. പിന്നീട്, പിടിച്ചുവെച്ച അംഗത്വത്തിലെ അപാകതകള്‍ പരിഹരിക്കാനുള്ള സൗകര്യവും ഐ ഫോണില്‍ ലഭ്യമായില്ലെന്ന് പരാതിയുയര്‍ന്നു. ഏറ്റവും ഒടുവിലായി, ചെയ്ത വോട്ടുകള്‍ കാണാനില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

വ്യാജന്‍ വന്ന വഴി

അംഗത്വം ലഭിക്കാനായി നല്‍കേണ്ട പ്രധാനരേഖകളിലൊന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡാണ്. ഇവയാണ് വലിയ തോതില്‍ വ്യാജമായി നിര്‍മിച്ചുവെന്ന് പരാതി ഉയര്‍ന്നത്. സി.ആര്‍. കാര്‍ഡ് എന്ന ആപ്പുവഴി കാര്‍ഡ് നിര്‍മിച്ചുവെന്നാണ് ആരോപണം. കേരളത്തിലെ ഏതാനും നേതാക്കള്‍ ദേശീയ നേതൃത്വത്തിന് തെളിവുകള്‍ സഹിതം പരാതി നല്‍കി. ഇതില്‍ രാഹുല്‍ ഗാന്ധിയുടെ വ്യാജ തിരിച്ചറിയില്‍ രേഖ നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമുണ്ട്. പേരും മേല്‍വിലാസവും അടക്കം തിരിച്ചറിയില്‍ കാര്‍ഡില്‍ ആവശ്യമായ രേഖകളും പാസ്‌പോര്‍ട് സൈസ് ഫോട്ടോയും നല്‍കിയാല്‍ ഈ ആപ്പ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കും. ഒരു മദര്‍ കാര്‍ഡിലെ വിവരങ്ങളുടെ സ്ഥാനത്ത്, വ്യാജന്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ആളുടെ വിവരങ്ങള്‍ നല്‍കുകയാണ് ഈ ആപ്പ് ചെയ്യുന്നത്.

ആപ്പ് നല്‍കുന്ന കാര്‍ഡിന്റെ മാതൃക ഡൗണ്‍ലോഡ് ചെയ്ത് പി.വി.സി. കാര്‍ഡില്‍ പ്രിന്റ് ചെയ്യാനും സാധിക്കും. തിരുവനന്തപുരം ജില്ലയിലും സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കും ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തി എന്നാണ് കേന്ദ്രനേതൃത്വത്തിന് ഇ-മെയിലായി അയച്ച പരാതികളില്‍ ആരോപിക്കുന്നത്. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പി.ആര്‍. ഏജന്‍സിയാണ് പിന്നിലെന്നും പരാതിയിലുണ്ട്. തിരഞ്ഞെടുപ്പിന് സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ചാല്‍, സ്ഥാനാര്‍ഥിത്വം റദ്ദാക്കുമെന്ന് തിരിഞ്ഞെടുപ്പ് ചട്ടത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

വ്യാജ തിരിച്ചറിയില്‍ കാര്‍ഡിലൂടെ അംഗത്വമുണ്ടാക്കാമെന്ന വാഗ്ദാനവുമായി ചില ഏജന്‍സികള്‍ യൂത്ത് കോണ്‍ഗ്രസ്‌ നേതാക്കളെ സമീപിച്ചിരുന്നു. വോട്ടര്‍കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ അംഗത്വം ലഭിക്കുംവിധം മാറ്റംവരുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഫോട്ടോയിലും പ്രായത്തിലും മാറ്റം വരുത്തി തയ്യാറാക്കുന്ന പുതിയ കാര്‍ഡുകള്‍ അംഗത്വത്തിനൊപ്പം ചേര്‍ത്താണ് തിരിമറി നടത്തിയത്.

എന്തിന് വ്യാജന്‍?

തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് എട്ടു സെക്കന്‍ഡുള്ള വീഡിയോ അപ്​ലോഡ് ചെയ്യണമെന്ന നിബന്ധനവെച്ചത്. എന്നാല്‍, അതും മറികടക്കുന്നതായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള കള്ളക്കളി. വിവരങ്ങള്‍ക്കൊപ്പം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രം അപ്​ലോഡ്  ചെയ്യുന്നുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ വോട്ടേഴ്‌സ് ലിസ്റ്റുമായി ഒത്തുനോക്കുന്നില്ല. പകരം അംഗത്വം ആഗ്രഹിക്കുന്ന ആള്‍ സ്വയം നല്‍കുന്ന വിവരങ്ങളും കാര്‍ഡിലെ വിവരങ്ങളുമാണ് ഒത്തുനോക്കുന്നത്. ഈ പഴുത് ഉപയോഗിച്ചാണ് വ്യാജനിറക്കി തിരഞ്ഞെടുപ്പ് പിടിക്കാന്‍ ചിലര്‍ ഇറങ്ങിയത്.

വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് പേര് തള്ളിപ്പോയ, എന്നാല്‍ തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് പോലും വോട്ടു ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത് വോട്ടേഴ്‌സ് ലിസ്റ്റുമായി വിവരങ്ങള്‍ ഒത്തുനോക്കുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഇവിടെയാണ് വ്യാജന്‍ ഉപയോഗിച്ചുള്ള കളി. 18-നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് അംഗത്വവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനുമുള്ള യോഗ്യതയും. എന്നാല്‍, രേഖകളില്‍ പ്രായം കവിഞ്ഞവര്‍ക്കും വ്യാജനില്‍ ജനനതീയതി മാറ്റി വോട്ടു ചെയ്യാന്‍ സാധിക്കും. വേറൊരാളുടെ വിവരങ്ങളും കൈയിലുള്ള മറ്റൊരു ചിത്രവും ചേര്‍ത്തും വ്യാജന്‍ നിര്‍മിക്കാം. വ്യാജനിലെ ചിത്രവും ലൈവ് ഫോട്ടോയിലെ ചിത്രവും വീഡിയോയിലെ മുഖവും ഒത്തുചേര്‍ന്നാല്‍, മറ്റൊരാളുടെ പേരില്‍ അംഗത്വമെടുത്ത് വോട്ടു ചെയ്യാന്‍ സാധിക്കും. വ്യാജമായി നിര്‍മിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡ് പി.വി.സിയില്‍ പ്രിന്റ് എടുത്ത് എ.ടി.എം. കാര്‍ഡില്‍ ഒട്ടിച്ച് സ്‌കാന്‍ ചെയ്‌തോ, ഫോട്ടോ ആയി തന്നെയോ With IYC ആപ്പില്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കും.

അപ്​ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡിലെ പേരും ബന്ധുവിന്റെ പേരും മാത്രമേ കണിശമായി ഒത്തുനോക്കുന്നുള്ളൂ. വിലാസമടക്കമുള്ള വിവരങ്ങള്‍ക്ക് കടുപിടിത്തമില്ല.

മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയില്‍ കാര്‍ഡിന്റെ വ്യാജനിര്‍മാണം ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം ക്രിമിനല്‍ കുറ്റമാണ്. ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാക്കുറ്റം. ഇത്തരം രേഖകള്‍ അസ്സലാണെന്ന രീതിയില്‍ ഉപയോഗിക്കുന്നതിന്‌ മൂന്നുവര്‍ഷംവരെ തടവും ലഭിക്കാം. ഇരുകുറ്റങ്ങള്‍ക്കും പിഴയും ചുമത്താം.

പണം വാരിയ തിരഞ്ഞെടുപ്പ്

ഡല്‍ഹിയില്‍ കോര്‍പ്പറേറ്റ് ഇന്റര്‍വ്യൂ മാതൃകയില്‍ നടന്ന അഭിമുഖത്തിന് ശേഷമാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രസിഡന്റും വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദേശീയ പ്രസിഡന്റിന്റെ നിയമന കത്ത് കൈമാറി. സംഘടന പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രാഹ്യവും പ്രവൃത്തിപരിചയവുമടക്കമാണ്‌ അഭിമുഖത്തില്‍ പരിശോധിച്ചത്. 2,21,986 വോട്ടുകളാണ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്. രണ്ടാമതുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ രാഹുല്‍ അധികം നേടിയിട്ടുണ്ട്. 13 പേരായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം മത്സരിച്ചവരില്‍, ഏറ്റവും കൂടുതല്‍ വോട്ടുകിട്ടുന്ന മൂന്നുപേരെ സ്റ്റേറ്റ് പ്രസിഡന്റ് ഡെലിഗേറ്റുകളായി പരിഗണിക്കും. ഇവര്‍ക്കാണ് ഡല്‍ഹിയില്‍ അഭിമുഖം. ഇവിടെ നടന്ന തിരഞ്ഞെടുപ്പില്‍ രാഹുലിനും അബിനും ശേഷം അരിതാ ബാബു മൂന്നാമതെത്തി. 31,930 വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

മത്സരിച്ച് നിശ്ചിത വോട്ടുനേടുന്ന എല്ലാവര്‍ക്കും സംഘടനാ ചുമതല ഉറപ്പാക്കുന്നുവെന്നതും യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. 18-നും 35-നും ഇടയില്‍ പ്രായമുള്ള സജീവ അംഗങ്ങള്‍ക്കാണ് മത്സരിക്കാന്‍ യോഗ്യത. ഒരു പ്രസിഡന്റും വിവിധ സംവരണമടക്കം ആറു വൈസ് പ്രസിഡന്റും ഒരോ എസ്.എസി, എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷ, വനിതാ, എസ്.സി/ എസ്.ടി വനിതാ, ഭിന്നശേഷിക്കാരടക്കം ഏഴും ജനറല്‍ കാറ്റഗറിയില്‍നിന്ന് ഏഴും ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്നതാണ് ഒരു അസംബ്ലി കമ്മിറ്റി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പുറമേ സംവരണമടക്കം എട്ടു ജനറല്‍ സെക്രട്ടറിമാരാണ് മണ്ഡലം കമ്മിറ്റിയില്‍ ഉണ്ടാവുക. ജില്ലയില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 18 ആവും. ഒരു പ്രസിഡന്റും എട്ട് വൈസ് പ്രസിഡന്റും 45 ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടുന്നതാണ് സംസ്ഥാന നേതൃത്വം. രണ്ട് ജില്ലാപ്രസിഡന്റ് സ്ഥാനം എസ്.സി/ എസ്.ടി. സംവരണമായിരുന്നു. കോട്ടയം, തൃശ്ശൂര്‍ ജില്ലകളായിരുന്നു ഇത്തവണ സംവരണം.

To advertise here,

പ്രവര്‍ത്തനം വിലയിരുത്തി ദേശീയ നേതൃത്വം തയ്യാറാക്കിയ പെര്‍ഫോമേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യത. മുന്‍കാല പ്രവര്‍ത്തനം പരിഗണിച്ചാണ് പട്ടികയുണ്ടാക്കിയത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള യോഗ്യതാപട്ടികയില്‍ 23 പേരാണ് ഉള്‍പ്പെട്ടത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പട്ടികകളിലായി 368 പേരാണുണ്ടായിരുന്നത്.

രാഹുല്‍ പ്രസിഡന്റാവുമ്പോള്‍ അബിനും അരിതയ്ക്കും പുറമേ വിഷ്ണു സുനില്‍, അനുതാജ്, വൈശാഖ് എസ്. ദര്‍ശന്‍, ജനീഷ് ഒ.ജെ, ഷിബിന എന്നിവര്‍ വൈസ് പ്രസിഡന്റുമാരാവും. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അനീഷ് എസ്.ടി, ആബിദലി കെ.എ, വീണ എസ്. നായര്‍, പ്രേംരാജ് എസ്.ജെ, വി.പി. ദുല്‍ഖിഫില്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാവും. ഇത്തരത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആവാന്‍ മത്സരിച്ച് നിശ്ചിത വോട്ടുലഭിക്കാത്തവര്‍ സംസ്ഥാന സെക്രട്ടറിയും അതിലും കുറവ് വോട്ടുലഭിച്ചല്‍ സ്വന്തം ജില്ലയില്‍ ജനറല്‍ സെക്രട്ടറിമാരും ആവും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് നിശ്ചിത വോട്ടുകള്‍ നേടാത്തവര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയാവാന്‍ മത്സരിച്ചവര്‍ അസംബ്ലി ജനറല്‍ സെക്രട്ടറിയുമാവും. ഇത്തരം കമ്മിറ്റികളെ എക്‌സ്റ്റെന്‍ഡഡ് കമ്മിറ്റികള്‍ എന്നാണ് വിളിക്കുന്നത്. മണ്ഡലം കമ്മിറ്റികളില്‍ ഇത്തരം എക്‌സ്റ്റെന്‍ഡഡ് കമ്മിറ്റികള്‍ ഉണ്ടാവില്ല.

7,69,277 പേരാണ് ഇത്തവണ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ്‌ അംഗത്വമെടുത്തത്. ഇതില്‍ 39,653 പേര്‍ പണമടച്ചില്ല. പണം അടച്ച് വോട്ടുചെയ്തവരില്‍ 2,16,462 പേരുടെ വോട്ടുകള്‍ അസാധുവായി. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച് ഒന്നാമത്തെത്തിയ സ്ഥാനാര്‍ഥിക്ക് ലഭിച്ചതില്‍നിന്ന് 5,500ത്തോളം വോട്ടുകള്‍ കുറവ് മാത്രം. അംഗത്വം ലഭിക്കാനായി ഒരാള്‍ നല്‍കേണ്ടത് 50 രൂപയാണ്. ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നവര്‍ അംഗത്വഫീസിന് പുറമേ നിശ്ചിതതുകയും അടയ്‌ക്കേണ്ടതുണ്ട്. മണ്ഡലം കമ്മിറ്റിയിലേക്ക് മത്സരിക്കുന്നവര്‍ 150 രൂപയും അസംബ്ലിയിലേക്ക്‌ 500 രൂപയും ജില്ലാ കമ്മിറ്റിയിലേക്ക് 3000 രൂപയും സംസ്ഥാന കമ്മിറ്റിയിലേക്ക് 7,500 രൂപയുമാണ് അംഗത്വഫീസിന് പുറമേ അടയ്‌ക്കേണ്ടത്. അതായത്, സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തേക്കോ, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ മത്സരിക്കുന്ന ഒരാള്‍ 7,550 രൂപ ഫീസിനത്തില്‍ നല്‍കണം. മത്സരഫീയിനത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. എസ്.സി/ എസ്.ടി, വനിതാ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്. ഇവര്‍ മണ്ഡലം കമ്മിറ്റിയിലേക്ക് നൂറും അസംബ്ലിയിലേക്ക് 250 ഉം ജില്ലാ കമ്മിറ്റിയിലേക്ക് 1,500 ഉം സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് 4,000 രൂപയും അടച്ചാല്‍ മതി.

2,16,462 അംഗത്വങ്ങള്‍ അസാധുവായെങ്കിലും ഇവരുടെ അംഗത്വഫീ അസാധുവല്ല. അങ്ങനെ അംഗത്വഫീസിനത്തില്‍ മാത്രം 38,463,850 രൂപ പിരിഞ്ഞുകിട്ടും. പ്രസിഡന്റ് സ്ഥാനത്തേക്ക് 13 പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 205 പേരുമാണ് മത്സരിച്ചത്. ഇവരില്‍നിന്ന് മാത്രം 1,635,000 രൂപയും തിരഞ്ഞെടുപ്പ് അക്കൗണ്ടിലേക്കെത്തും. ഇതുകൂടാതെ 14 ജില്ലകളില്‍ ഒരോ ജില്ലകളിലെ അസംബ്ലി, മണ്ഡലം കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഇതില്‍നിന്ന് വലിയ വരുമാനം ലഭിക്കും. എന്നാല്‍, ഇത്തരത്തില്‍ കിട്ടുന്ന തുക മുഴുവനായും യൂത്ത് കോണ്‍ഗ്രസിനല്ല. തിരഞ്ഞെടുപ്പ് നടത്തുന്ന സ്വകാര്യ ഏജന്‍സിക്ക് ധാരണപ്രകാരമുള്ള സേവനപ്രതിഫലം നല്‍കിയതിനുശേഷം ഒരുവിഹിതം മാത്രമേ ദേശീയ കമ്മിറ്റിക്ക് ലഭിക്കുയുള്ളൂ.

ഭാരവാഹികളൊക്കെയായി. തിരഞ്ഞെടുപ്പ് നടത്തിയെന്ന് മേനിനടിക്കാം. പക്ഷേ വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയ നാണക്കേട് യൂത്ത് കോണ്‍ഗ്രസിന് ഒരു ട്രോഫിയായി എതിരാളികള്‍ നല്‍കിക്കഴിഞ്ഞു. കേസായ സ്ഥിതിക്ക് അതിന്റെ വക നിയമനടപടി വരാനിരിക്കുന്നതേയുള്ളൂ.