മാവോ സേതുങ്ങിനു ശേഷം ചൈന കണ്ട ഏറ്റവും ശക്തനായ നേതാവായ പ്രസിഡന്റ് ഷീ ജിന്‍പിങിന് അധികാരത്തിലെ പിടി അയയുകയാണെന്നും അദ്ദേഹം പുറത്തേക്കുള്ള വഴിയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. മുന്‍ പ്രസിഡണ്ട് ഹൂ ജിന്റാവോയോടു കൂറുള്ള വിഭാഗം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിടിമുറുക്കിയെന്നും പരിഷ്‌കാരത്തിന്റെയും പ്രായോഗികതയുടെയും വക്താവായ ഒരു നേതാവിനെ പകരം വാഴിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുകയാണെന്നും കേള്‍ക്കുന്നു. ഷീയ്ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതാണ് മാറ്റത്തിനു കാരണമെന്നു കരുതുന്നവരും ഏറെയാണ്. എങ്കിലും ചൈന ആയതുകൊണ്ട് അവസാന നിമിഷം വരെ നമുക്ക് ഒന്നും പറയാനാവില്ല. ഒരുപക്ഷേ, ഇപ്പോഴത്തെ മൗനം ഷീ ജിന്‍പിങ് പാര്‍ട്ടിയില്‍ തന്റെ നിയന്ത്രണം അരക്കിട്ടുറപ്പിക്കുന്നതിന്റെ ലക്ഷണവുമാവാം. മുളമറയ്ക്കു പിന്നില്‍ എന്തു നടന്നാലും ലോകം അറിയണമെന്ന് അവര്‍ തീരുമാനിക്കുന്ന കാര്യങ്ങളേ പുറത്തുവരൂ!
ഷീയുടെ കാലിടറുകയാണെന്ന് ചൈനാനിരീക്ഷകര്‍ സംശയിക്കുന്നതിന്റെ പ്രധാനകാരണം കുറച്ചുനാള്‍ അദ്ദേഹം പൊതുവേദിയില്‍ നിന്നും അപ്രത്യക്ഷനായിരുന്നതാണ്. കഴിഞ്ഞ മേയ് അവസാനം മുതല്‍ ജൂണ്‍ തുടക്കം വരെ. ചൈന സന്ദര്‍ശിക്കാന്‍ എത്തുന്ന വിദേശ നേതാക്കളുടെ മുന്നില്‍ പോലും അദ്ദേഹം പ്രത്യക്ഷനായില്ല ഒടുവില്‍ ബെലാറൂസ് നേതാവ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം പൊതുവേദിയില്‍ കാണപ്പെട്ടത്. കാഴ്ചയില്‍ ക്ഷീണിതനായിരുന്നു, പഴയ പ്രതാപവും പരിവാരങ്ങളും ചുവന്ന പരവതാനിയുമൊന്നും ഉണ്ടായിരുന്നില്ല. അതിഥിയെ സ്വീകരിച്ചയിടം ഒരു ഇടത്തരം വീടുപോലെ തോന്നിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തിന്റെ അംഗസംഖ്യ പകുതിയാക്കിയിട്ടുണ്ട്. മറ്റു പാര്‍ട്ടി നേതാക്കള്‍ നല്‍കിയ വിരുന്നുകള്‍ക്ക് ഇതിനേക്കാള്‍ പതിന്‍മടങ്ങ് ഗാംഭീര്യവും പ്രൗഢിയുമുണ്ടായിരുന്നു! കുറച്ചുനാളായി അദ്ദേഹം പ്രധാന അന്താരാഷ്ട്ര വേദികള്‍ ഒഴിവാക്കാന്‍ തുടങ്ങിയിട്ട്. ഞായറാഴ്ച ബ്രസീലില്‍ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹമില്ല. ഇതാദ്യമാണ് ചൈനീസ് പ്രസിഡണ്ട് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാതിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ അധികാരവടംവലിയാണ് കാരണമെന്ന് നിരീക്ഷകര്‍ പറയുുന്നു. അതിന് അവര്‍ നിരത്തുന്ന പ്രധാന തെളിവുകള്‍ ഇവയാണ്.
- ചൈനീസ് പട്ടാളമായ പിഎല്‍എയില്‍ പ്രസിഡണ്ട് ഷീയോട് കൂറ് കാട്ടിയിരുന്ന ജനറല്‍മാര്‍ മിക്കവാറും പേര്‍ പുറത്താക്കപ്പെടുകയോ, തടവിലാക്കപ്പെടുകയോ, നിഗൂഢ സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു.
- പകരക്കാരില്‍ പ്രമുഖന്‍, സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ ഒന്നാം വൈസ് ചെയര്‍മാന്‍ ജനറല്‍ ഷാങ് യൂ ഷിയ, മുന്‍പ്രസിഡന്റ് ഹൂ ജിന്റാവോയ്ക്ക് വേണ്ടപ്പെട്ട ആളാണ്.
- സ്വന്തം പിതാവിന്റെ പേരില്‍ ഷീ ജിന്‍പിങ് ഉണ്ടാക്കിയിരുന്ന വമ്പന്‍ ശവകുടീരത്തില്‍നിന്നും (മാവോയുടെയും ഡെങ് സിയാവോ പിങ്ങിന്റെയും ശവകുടീരങ്ങളെക്കാള്‍ വലുത്) കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു.
- ഷീയുടെ അസാന്നിദ്ധ്യം സംബന്ധിച്ച വാര്‍ത്തകളെ കുറിച്ച് സര്‍ക്കാര്‍ മാധ്യമങ്ങളുടെ മൗനം.
ഷീയെ മെല്ലെ അധികാരത്തില്‍ നിന്നും പടിയിറക്കുകയാണ് എന്നു മനസ്സിലാക്കാന്‍ ഇത്രയൊക്കെ സൂചനകള്‍ പോരെ എന്ന് നിരീക്ഷകര്‍ ചോദിക്കുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ്, അധികാരത്തിന്റെ മേല്‍ ഷീയ്ക്കുള്ള പിടിത്തത്തിന് പഴയ ഉറപ്പില്ല. ഒന്നുകില്‍ അദ്ദേഹം അത് തിരിച്ചുപിടിക്കുന്ന ശ്രമത്തിലാകാം, അല്ലെങ്കില്‍ പുറത്തേക്കുള്ള യാത്രയിലാകാം!
പാര്‍ട്ടിയെയും രാജ്യത്തെയും മുഷ്ടിക്കുള്ളിലാക്കിയ കരുത്തന്‍
ഷീ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡണ്ടും ആയത് 2012 ലാണ്. തുടര്‍ന്ന് അദ്ദേഹം രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തെ മാറ്റിപ്പണിത്, മുന്‍ഗാമി ഡെങ് സിയാവോ പിങ്ങിന്റെ കൂട്ടുനേതൃത്വ മാതൃകയെ തകര്‍ത്തു. അധികാരമത്രയും തന്റെ മുഷ്ടിക്കുള്ളിലാക്കി. 2012-ല്‍ അദ്ദേഹം ആരംഭിച്ച അഴിമതിവിരുദ്ധ പോരാട്ടം പാര്‍ട്ടിക്കുള്ളില്‍ തനിക്ക് എതിരാളികളാകാന്‍ സാധ്യതയുള്ളവരെ ഇല്ലാതാക്കാനായിരുന്നു. മുന്‍ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി (പിഎസ്സി) അംഗമായിരുന്ന ഷൗ യോങ് കാങ്, മിലിറ്ററി കമ്മീഷന്റെ വൈസ് ചെയര്‍മാന്‍മാരായിരുന്ന ഷൂ കായ്ഹൗ, ഗുവോ ബോക്സിയോങ് തുടങ്ങിയ പ്രമുഖ നേതാക്കളെ ഒതുക്കി. 2018-ല്‍ പ്രസിഡന്റിന്റെ അധികാര കാലയളവിനുള്ള പരിധികള്‍ എടുത്തുമാറ്റി, റഷ്യന്‍ പ്രസിഡന്റ് പുടിനെപ്പോലെ ഇഷ്ടമുള്ള കാലംവരെ ഭരിക്കാന്‍ കളം തീര്‍ത്തു.
2022-ല്‍ നടന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ മേധാവിത്വം ഉറപ്പിച്ചു. അദ്ദേഹം മൂന്നാം തവണയും ജനറല്‍ സെക്രട്ടറിയായി, പിഎസ്സിയില്‍ അദ്ദേഹത്തിന്റെ പക്ഷക്കാര്‍ മാത്രമായി. ഹൂ ജിന്റാവോയുമായി ബന്ധമുള്ള കമ്മ്യൂണിസ്റ്റ് യൂത്ത് ലീഗ് പോലുള്ള വിഭാഗങ്ങളെ പൂര്‍ണമായും ഒഴിവാക്കി. ഈ കോണ്‍ഗ്രസില്‍ നിന്നാണ് ഹൂവിനെ നാടകീയമായി പുറത്തേക്ക് 'കൂട്ടിക്കൊണ്ടു' പോയത്. പാര്‍ട്ടിക്കുമേല്‍ ഷീയുടെ നിയന്ത്രണം എത്രത്തോളം ശക്തമാണ് എന്നതിന്റെ പ്രകടനമായിരുന്നു അത്. തൊട്ടടുത്തിരുന്ന ഷീ കാറ്റുപിടിച്ച ആട്ടുകല്ലു പോലെ നിസംഗനായി ഇരുന്നു. ഇടയ്ക്ക് ഹൂ അദ്ദേഹത്തോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഷീ അവഗണിച്ചു. അന്ന് 79 വയസ്സുണ്ടായിരുന്ന ഹൂവിന് ആരോഗ്യപ്രശ്നങ്ങളെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇത്തരത്തില്‍ മെല്ലെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉന്നതന്‍മാരെ മൂലയ്ക്കിരുത്തുന്നത്. ഷീയെയും കാത്തിരിക്കുന്നത് അതേ വിധിയാണോ എന്നറിയാന്‍ അധികകാലമെടുക്കില്ല.
2017-ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ 'ഷീ ജിന്‍പിങ് ദര്‍ശനം' ഉള്‍പ്പെടുത്തിയത് അദ്ദേഹത്തെ പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ഉയരങ്ങളില്‍ പ്രതിഷ്ഠിച്ചു, മാവോയ്ക്കും ഡെങ്ങിനും ഒപ്പം. (ഇപ്പോള്‍ അത് നീക്കം ചെയ്തതായി വാര്‍ത്തയുണ്ട്.) അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്യാന്‍ മുന്നിട്ടിറങ്ങിയത് മാവോയ്ക്ക് ശേഷം ചൈനയെ സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്കു നയിച്ച മുതിര്‍ന്ന നേതാക്കളാണ്. രാജ്യത്തെ ആഭ്യന്തരവും (സാമ്പത്തിക പ്രശ്നങ്ങള്‍, തൊഴിലില്ലായ്മ) അന്താരാഷ്ട്രീയവുമായ (പൂര്‍ണമായും ഒറ്റപ്പെട്ടു) പ്രതിസന്ധികളില്‍ അസംതൃപ്തരായ ഈ മുതിര്‍ന്ന നേതാക്കള്‍ വരുന്ന ആഗസ്ത് അവസാനം നടക്കുന്ന നാലാം പ്ലീനറി സമ്മേളനത്തില്‍ വെച്ച്, അല്ലെങ്കില്‍ 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് ഷീയെ രാജിവെപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു..
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ തീരുമാനങ്ങളെടുക്കുകയും ചര്‍ച്ചകള്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന സമിതി പുതുതായി രൂപീകരിച്ചതായി ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ ജൂണ്‍ 30-ന് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മെയില്‍ നടന്ന പൊളിറ്റ്ബ്യൂറോ മീറ്റിങ്ങില്‍ ഹൂ ജിന്റാവോയടക്കമുള്ള വിരമിച്ച മുതിര്‍ന്ന നേതാക്കള്‍ ഷീയുടെ നേതൃത്വത്തിനെതിരെ പന്ത്രണ്ട് ആരോപണങ്ങള്‍ ഉന്നയിക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചൈനയുടെ സാമ്പത്തിക സ്തംഭനാവസ്ഥയും ഷീയ്ക്ക് മേലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. 2024-ല്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.9% ആയി കുറഞ്ഞിരുന്നു. വലിയ തോതിലുള്ള തൊഴിലില്ലായ്മയും ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വളര്‍ത്തുന്ന ഘടകമാണ്. ചില കണക്കുകള്‍ പ്രകാരം 15 ശതമാനമാണ് ചൈനയിലെ തൊഴിലില്ലായ്മ. ചൈനയുടെ കടം 50 ലക്ഷം കോടി ഡോളറാണ്. രാജ്യത്തെ സമ്പന്ന, വരേണ്യ വിഭാഗങ്ങള്‍ നാടുവിട്ട് അന്യരാജ്യങ്ങളില്‍ കുടിയേറുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം കോടിക്കണക്കിന് അപ്പാര്‍ട്ട്മെന്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
സൈന്യത്തിലെ ശുദ്ധീകരണവും പുതിയ നേതാക്കളും
സെന്‍ട്രല്‍ മിലിറ്ററി കമ്മീഷനില്‍ (സിഎംസി) ഈയിടെ വളരെ വലിയ 'ശുദ്ധീകരണം' നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഷീ അധികാരമേറ്റതില്‍ പിന്നെ സൈന്യത്തിന്റെ തലപ്പത്തുള്ളവരെ നീക്കം ചെയ്ത് തന്റെ നിയന്ത്രണം ഉറപ്പാക്കുന്ന പതിവുണ്ടായിരുന്നു. പക്ഷേ, ഇക്കുറി പുറത്തായവരധികവും ഷീയ്ക്ക് വേണ്ടപ്പെട്ടവരായിരുന്നു! 20-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം കമ്മീഷനില്‍ നിയമിക്കപ്പെട്ട ആറംഗങ്ങളില്‍ പകുതിപ്പേര്‍ക്കെതിരെയും അന്വേഷണം നടന്നു. സിഎംസിയുടെ വൈസ് ചെയര്‍മാന്‍ ഹേ വെയിഡോങിനെ മാര്‍ച്ച് 25 മുതല്‍ 'കാണാനില്ലെന്ന്' എബിസി ന്യൂസ് പറയുന്നു. ജനറല്‍ ഹേ ഹോങ്ജുന്‍ 'ആത്മഹത്യ' ചെയ്തതായാണ് വാര്‍ത്ത. എക്സില്‍ വരുന്ന ചില സ്ഥിരീകരിക്കാത്ത പോസ്റ്റുകള്‍ മൂന്ന് അഡ്മിറല്‍മാര്‍ അടക്കം 39 മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്തതായി പറയുന്നു. ഷീയുടെ എതിരാളികള്‍ സൈന്യത്തില്‍ ശക്തരായതിന്റെ സൂചനയായും ഇത് വായിക്കപ്പെടുന്നുണ്ട്.
എന്തായാലും പുതിയ ഭരണത്തലവനെ നിശ്ചയിക്കുന്നതില്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന പദവി വഹിക്കുന്ന യൂഷിയയ്ക്ക് വലിയ പങ്കുണ്ടാവും. ഷീയുടെ മൂന്നാം ടേം ഉറപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച യൂഷിയ പിന്നീട് അദ്ദേഹവുമായി തെറ്റുകയായിരുന്നു. പിഎസ്സി അംഗവും പരിഷ്‌കരണവാദിയുമായ ടെക്നോക്രാറ്റ് വാങ് യാങ് പുതിയ നേതാവാകുമെന്നാണ് അഭ്യൂഹങ്ങള്‍. മുന്‍ പാര്‍ട്ടിത്തലവന്‍ ഡെങ് സിയാവോ പിങ് കൈപിടിച്ചുയര്‍ത്തിയ വാങിനെ 2023-ല്‍ ഷീ വിരമിക്കാന്‍ നിര്‍ബന്ധിതമാക്കിയതാണ്. വികേന്ദ്രീകൃത ഭരണത്തിന്റെയും കമ്പോളത്തോട് ആഭിമുഖ്യമുള്ള നയങ്ങളുടെയും കൂടുതല്‍ മയമുള്ള വിദേശനയത്തിന്റെയും വക്താവാണ്. എങ്കിലും അദ്ദേഹത്തിന് ഷീയെ വെല്ലുവിളിക്കാനുള്ള രാഷ്ട്രീയ മൂലധനം ഇല്ലെന്നത് പോരായ്മയാണ്.

ചൈനയിലെ മാറ്റങ്ങളും ഇന്ത്യയും ദലൈ ലാമയും
ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയില്‍ എന്തു സംഭവിച്ചാലും അത് ലോകത്തില്‍ ചലനങ്ങളുണ്ടാക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയില്‍ അധികാര വടംവലി ഉണ്ടാകുന്നത് യഥാര്‍ഥ നയതന്ത്ര രേഖയിലെ (എല്‍എസി) സംഘര്‍ഷസാധ്യതകള്‍ വര്‍ധിപ്പിക്കും. ദീര്‍ഘനാളത്തെ സംഘര്‍ഷത്തിനു ശേഷം 2024 ഒക്ടോബറിലാണ് ഇരുരാജ്യങ്ങളും യഥാസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകാന്‍ തീരുമാനമായത്. പക്ഷേ, ഇപ്പോഴും 50,000 വീതം വരുന്ന പട്ടാളക്കാര്‍ മുഖാമുഖം നില്‍ക്കുകയാണവിടെ. പാര്‍ട്ടിക്കുള്ളില്‍ അസ്ഥിരത മൂര്‍ച്ഛിച്ചാല്‍ ചൈന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ വഷളാക്കാന്‍ തുനിഞ്ഞു കൂടായ്കയില്ല. 2020-ലെ ഗാല്‍വന്‍ പോരാട്ടത്തില്‍ അത് കണ്ടതാണ്. കോവിഡ്കാലത്തെ ആഭ്യന്തരവിമര്‍ശനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായിരുന്നു അതിര്‍ത്തിയിലെ സംഘര്‍ഷസൃഷ്ടി എന്ന് വ്യാഖ്യാനമുണ്ട്. സൈന്യത്തിലെ ശുദ്ധീകരണം തായ്വാന്‍ യുദ്ധത്തിന് ചൈന തയ്യാറെടുക്കുന്നതിന്റെ ഭാഗമാകാം എന്നു കരുതുന്നവരുമുണ്ട്.
ദലൈ ലാമ തന്റെ പുനരവതാരം ഒരു സ്വതന്ത്രരാജ്യത്ത് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതും ഇന്ത്യ-ചൈന ബന്ധങ്ങളുടെ മേല്‍ നിഴല്‍ വീഴ്ത്താനിടയുണ്ട്. ടിബറ്റുകാരുടെ ആത്മീയ നേതാവായ ലാമയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ അവകാശം തങ്ങള്‍ക്കാണെന്നു ചൈന പറയുന്നു. ആചാരപ്രകാരം സുവര്‍ണകലശത്തില്‍ നിന്നും നറുക്കിട്ടാണ് ദലൈ ലാമ, പഞ്ചന്‍ ലാമ, മറ്റു പ്രമുഖ ബുദ്ധമത ആചാര്യന്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കേണ്ടതെന്നും അതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നുമാണ് ചൈനീസ് നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിഭാഗീയ പോരാട്ടം വര്‍ധിച്ചാല്‍ ചൈന തങ്ങള്‍ നിശ്ചയിച്ച ഒരാളെ അടുത്ത ദലൈ ലാമയായി വാഴിക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടും. അത് അരുണാചല്‍ പ്രദേശിലെ തവാങ്ങിനടുത്ത മേഖലകളില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചേക്കാം.
അതേ സമയം, 1959-ല്‍ ദലൈ ലാമയും അനുയായികളും ടിബറ്റ് വിട്ടോടി ഇന്ത്യയിലെത്തിയ കാലം മുതല്‍ അദ്ദേഹത്തെയും ടിബറ്റന്‍ അഭയാര്‍ത്ഥികളെയും സംരക്ഷിക്കുന്ന ഇന്ത്യ, ചൈനയുടെ ഇടപെടല്‍ ന്യായീകരിക്കാനാവാത്തതാണെന്ന് തുറന്നടിച്ചു. ദലൈ ലാമയ്ക്കു മാത്രമേ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കാനാവൂ എന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ദലൈ ലാമ എന്ന സ്ഥാനം ടിബറ്റുകാര്‍ക്കു മാത്രമല്ല, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അനുയായികള്‍ക്കും പ്രധാനപ്പെട്ടതാണ്. ബുദ്ധമത വിശ്വാസിയായ റിജിജു ജൂലായ് ആറിന് ധര്‍മ്മശാലയില്‍ നടക്കുന്ന ദലൈ ലാമയുടെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച മന്ത്രി രാജീവ് രഞ്ജന്‍ സിംഗും പങ്കെടുക്കുന്നുണ്ട്.
സമീപകാലത്ത് ഇന്ത്യ ഇത്തരത്തില്‍ ശക്തമായ നിലപാടുകളെടുക്കുന്നത് നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈയിടെ ബീജിങില്‍ നടന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ മീറ്റിങ്ങില്‍ (എസ് സി ഒ) ഇന്ത്യ പങ്കെടുത്തിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. സംയുക്തപ്രഖ്യാപനത്തില്‍ പഹല്‍ഗാം സംഭവത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തതിനാല്‍ അദ്ദേഹം ഒപ്പുവെക്കാത്തത് വലിയ വാര്‍ത്തയായിരുന്നു. ഏതാണ്ട് ആ സമയത്തുതന്നെയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയുടെ സുരക്ഷാ ഉപദേഷ്ടാവുമായി ചര്‍ച്ച നടത്തിയത്. ഇന്ത്യയുടെ ശക്തമായ നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെല്ലെ മെല്ലെ സാധാരണ നിലയിലേക്ക് വരുന്ന സമയത്ത് ദലൈ ലാമയുടെ പിന്‍ഗാമിയെ സംബന്ധിച്ച തര്‍ക്കം വീണ്ടും വഴിമുടക്കിയാവുമോയെന്ന് കണ്ടറിയണം.
Content Highlights: xi jinping power struggle china
Published: 04 Jul 2025, 11:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented