പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വയനാട്ടിൽനിന്ന് ലോക്‌സഭയിലേക്ക് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതിന് മുസ്ലീം വർഗീയവാദികളുടെ പിൻബലമുണ്ടായിരുന്നുവെന്ന സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിവാദ പ്രസ്താവന വരുംനാളുകളിൽ സി.പി.എം സ്വീകരിക്കാൻ പോവുന്ന കടുത്ത കോൺഗ്രസ് വിരുദ്ധ സമീപനത്തിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസ്താവനയെ മുതിർന്ന നേതാക്കൾ ആരുംതന്നെ തള്ളിപ്പറഞ്ഞിട്ടില്ല, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ഇടതു മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണനെയും പോലുള്ള സമുന്നത നേതാക്കൾ പിന്തുണ നൽകുകയും ചെയ്തു. പി.കെ. ശ്രീമതിയാകട്ടെ, വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് വ്യക്തമാക്കി. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയും തുടർച്ചായി പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു.

To advertise here,

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു ശേഷം വർഗീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എമ്മിലുണ്ടാവുന്ന ബൃഹത്തായ നിലപാടുമാറ്റത്തിന് അടിവരയിടുന്നതാണ് വിജയരാഘവന്റെ വിവാദപ്രസംഗത്തിനു മുതിർന്ന നേതാക്കൾ നൽകുന്ന പിന്തുണ. പൗരത്വനിയമം പോലുള്ള പ്രശ്‌നങ്ങളിൽ അമിതോത്സാഹം കാട്ടിയ സി.പി.എം അമിതമായി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നൽ ഭൂരിപക്ഷ സമുദായത്തിലുണ്ടാക്കിയെന്ന വിലയിരുത്തൽ പാർട്ടി ഗൗരവമായെടുത്തിരിക്കുന്നുവെന്ന് വ്യക്തം. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ പലസ്തീൻ കണ്ടതിലേക്കും വലിയ കൂട്ടക്കൊലകൾ ഗാസയിൽ അരങ്ങേറുമ്പോഴും കാര്യമായ പ്രതിഷേധ പ്രകടനങ്ങൾക്ക് പാർട്ടി മുൻകൈയെടുക്കാത്തത് ആ നിലപാടു മാറ്റത്തിന്റെ പ്രതിഫലനമാണ്. പക്ഷേ, ഒരറ്റത്തുനിന്നു മറ്റേയറ്റത്തേക്കുള്ള ഈ മാറ്റം എന്തൊക്കെ പ്രത്യാഘാതങ്ങൾ പാർട്ടിക്കുണ്ടാക്കും എന്ന കാര്യത്തിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന സംശയം ശക്തമാണ്.

ലീഗിന്റെ പച്ചക്കൊടിയും മുസ്ലീം വർഗീയതയും

കേരളത്തിൽ ബി.ജെ.പിയെക്കാൾ വലിയ ഹിന്ദു പാർട്ടിയായ സി.പി.എമ്മിന് അടിത്തറയിൽ വിള്ളൽ വീണോ എന്ന സംശയം ഉണ്ടാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ. പത്തുവർഷം കൊണ്ട് വോട്ടുവിഹിതം ഏതാണ്ട് ഇരട്ടിയാക്കാൻ ബി.ജെ.പിക്കായപ്പോൾ സി.പി.എമ്മിന് കാലിടറി. 2014-ലെ 40.42 ശതമാനം വോട്ട് 2024-ൽ 33.35 ശതമാനമായി, ഏഴു ശതമാനത്തിന്റെ വമ്പൻ ഇടിവ്. ഈഴവ, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുബാങ്കിനൊപ്പം ന്യൂനപക്ഷ വോട്ടുകളിൽ ഒരു ഭാഗം കൂടി കരസ്ഥമാക്കിയാൽ ഭൂരിപക്ഷം ഉറപ്പാക്കാമെന്ന സി.പി.എം കണക്കുകൂട്ടൽ ഫലിക്കാതെയായി. 

സംസ്ഥാനമൊട്ടാകെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ, ഈഴവവോട്ടുകൾ ബി.ജെ.പിയിലേക്ക് ഒഴുകിത്തുടങ്ങി. ആലപ്പുഴയും ആറ്റിങ്ങലും പോലുള്ള മണ്ഡലങ്ങളിൽ വന്ന വോട്ടിംഗ് ക്രമത്തിലെ വ്യത്യാസം സി.പി.എമ്മിന്റെ രക്തസമ്മർദ്ദം ശരിക്കും വർധിപ്പിച്ചതായി പാർട്ടിയുടെ തിരഞ്ഞെടുപ്പു ഫലത്തിന്റെ അവലോകനത്തിൽ നിന്നും മനസ്സിലാക്കാം. ഐക്യജനാധിപത്യ മുന്നണിയാകട്ടെ, ക്രിസ്ത്യൻ, മുസ്ലീം വോട്ടുകളിൽ നല്ലൊരു ശതമാനം നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ് 2024-ൽ കണ്ടത്.

ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് ഒപ്പം ചേർന്നതോടെ ക്രിസ്ത്യാനികളിൽ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ആർജ്ജിക്കാൻ കഴിഞ്ഞിരുന്നു ഇടതു മുന്നണിക്ക്. പക്ഷേ, സാഹചര്യങ്ങൾ അതിവേഗം മാറി. തൃശൂരിൽ ബി.ജെ.പിയുടെ സുരേഷ് ഗോപി നേടിയ വിജയം സമീപകാലത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ വരുന്ന മാറ്റത്തിന്റെ സൂചകമാണെന്നു കരുതപ്പെടുന്നു. ദീർഘകാലമായി കെടാതെ നിൽക്കുന്ന മുനമ്പത്തെ വഖഫ് തർക്കമെല്ലാം പ്രശ്‌നങ്ങളെ രൂക്ഷമാക്കുകയേ തരമുള്ളൂ. സുന്നികളിൽ ഒരു വിഭാഗത്തെ ഒപ്പം നിറുത്താനും സമസ്തയിൽ ഭിന്നിപ്പുണ്ടാക്കാനുമൊക്കെ സി.പി.എമ്മിന് കഴിഞ്ഞിരുന്നെങ്കിലും ഈ വർഷത്തെ ഉപതിരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷങ്ങളിൽ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പമാണ് നിന്നത്. ഈ സാഹചര്യത്തിൽ, ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തോന്നൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നതെന്നു വ്യക്തമാണ്.

തൃശൂരിലെ പൂരം കലക്കൽ വിവാദവും കരിമണൽ കോഴക്കേസിൽ മുഖ്യമന്ത്രി കേന്ദ്രസർക്കാരുമായി രഹസ്യധാരണയുണ്ടാക്കി എന്ന ആരോപണവുമൊക്കെ മാസങ്ങളായി കേരളം ചർച്ച ചെയ്യുമ്പോഴാണ് പാർട്ടി നേതാക്കൾ മുസ്ലീം വർഗീയതയ്‌ക്കെതിരായ പരാമർശങ്ങൾ നടത്തുന്നത്. 2019-ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ നടത്തിയ ജാഥകളിലുണ്ടായിരുന്ന ലീഗുകാരുടെ പച്ചക്കൊടി ഉത്തരേന്ത്യൻ മാധ്യമങ്ങളിൽ പാകിസ്താൻ പതാകകളായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു, പിന്നീടു നടന്ന തിരഞ്ഞെടുപ്പുകളിൽ പാർട്ടി പതാകകൾ മിക്കവാറും ഒഴിവാക്കാൻ ലീഗുകാർ നിർബന്ധിതരായി. ഇതൊന്നും അറിയാതെയാവില്ല വിജയരാഘവൻ പ്രിയങ്കയ്‌ക്കെതിരായ പരാമർശം നടത്തിയത്. മുസ്ലീം വർഗീയവാദികളുടെ പിന്തുണ കാരണമാണ് കോൺഗ്രസ് നേതാക്കളുടെ ജയമെന്ന സി.പി.എം നേതാവിന്റെ പ്രസ്താവന ഇതിനകംതന്നെ നിരവധി ദേശീയ മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

മൃദുഹിന്ദുത്വമല്ല, മുസ്ലീം പ്രീണനം!

ദീർഘകാലം കോൺഗ്രസിനെ 'മൃദുഹിന്ദുത്വ'ത്തിന്റെ പേരിൽ സി.പി.എം ആക്രമിച്ചിരുന്നു. ഇപ്പോൾ അതു മുസ്ലീം പ്രീണനമായിരിക്കുന്നു. ഒരു ഒന്നൊന്നര മാറ്റം തന്നെ്! വോട്ടിനു വേണ്ടി ഹിന്ദുക്കളെ സന്തോഷിപ്പിക്കുന്ന നിലപാടുകൾ സ്വീകരിച്ചതായി പാർട്ടി ഇന്നലെ വരെ ആരോപിച്ചവർ വിജയിക്കുന്നതിനു പിന്നിൽ മുസ്ലീങ്ങൾ വൻതോതിൽ വോട്ടു ചെയ്തിട്ടുണ്ടെന്നു സൂചിപ്പിക്കുന്നത് പാർട്ടിയെ ഏതു തരത്തിലാണ് സഹായിക്കുക എന്നത് വ്യക്തമല്ല. ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പു കാലത്തും അതിനു മുമ്പും ഷാഫി പറമ്പിലിനും സന്ദീപ് വാര്യർക്കും എതിരെ നടത്തിയ വർഗീയച്ചുവയുള്ള പരാമർശങ്ങൾ ഉദാഹരണം. 

കേരളത്തിന്റെ രാഷ്ട്രീയം, മതപരവും മതേതരവുമായ സ്വത്വങ്ങൾക്കിടയിലുള്ള ലോലമായ സന്തുലനത്തിൽ അധിഷ്ഠിതമായതാണ്. സമീപകാലം വരെ സി.പി.എം കൂടുതൽ മതേതരമായ ഒരു പ്രതിച്ഛായ നിലനിർത്തിയപ്പോൾ കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയിൽ മുസ്ലീം ലീഗും കേരള കോൺഗ്രസും പോലുള്ള കക്ഷികളുടെ പിന്തുണയെ ആശ്രയിച്ചു. (ഇതിന് പ്രാദേശിക തലത്തിലും ചില തിരഞ്ഞെടുപ്പു ഘട്ടങ്ങളിലും അപവാദങ്ങൾ ഇല്ലെന്നല്ല.) സി.പി.എമ്മിന്റെ മതേതര പ്രതിച്ഛായയുമായി ഒത്തുപോവുന്നതായിരുന്നു ഹിന്ദുത്വ വിരുദ്ധ അജണ്ടയും ന്യൂനപക്ഷങ്ങൾക്കുള്ള നിർലോഭമായ പിന്തുണയും. പക്ഷേ, കേന്ദ്രതലത്തിൽ ശക്തരായ ബി.ജെ.പിക്ക് എതിരെ നിൽക്കാൻ ശേഷിയുള്ള ഏക ബദൽ കോൺഗ്രസാണെന്ന് ഭൂരിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളും, പ്രത്യേകിച്ച മുസ്ലീങ്ങൾ, കരുതി. അത് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഇടിയുന്നതിന് മുഖ്യകാരണമായി എന്ന വിലയിരുത്തൽ സി.പി.എമ്മിന്റെ ചുവടുമാറ്റത്തെ ഗണ്യമായി സ്വാധീനിച്ചു.  

കേരളത്തിലെ മുസ്ലീം ജനതയുടെ ബഹുഭൂരിപക്ഷവും തീവ്രവാദപരമായ ആശയങ്ങളിൽ വീണുപോവാതിരിക്കുന്നതിന് മുഖ്യകാരണം ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ലീഗിലെ ഒരു വിഭാഗം തീവ്രനിലപാടു സ്വീകരിക്കുന്നവരോട് അനുഭാവം കാട്ടുന്നതു മുതലെടുത്ത് ലീഗിനെയും അതിന്റെ പ്രമുഖ നേതാക്കളെയും വർഗീയതയുടെ പേരിൽ ആക്രമിക്കുന്നത് ആരെയാണു സഹായിക്കുക എന്നത് വ്യക്തമാണ്. ലീഗ് ദുർബലമാവുന്നിടത്ത് ശക്തിപ്പെടുക വർഗീയ, തീവ്രവാദ നിലപാടുകളുള്ളവരാകാം. അതു മുന്നിൽ കാണാതെയുള്ള വിമർശനം ഉറച്ച ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നു സംശയിക്കണം.

കമ്യൂണിസ്റ്റിന് വോട്ടു മാത്രം മതിയോ?

ഇതുവരെ സി.പി.എമ്മിന്റെ രാഷ്ട്രീയ അടവുനയം അനുസരിച്ച് ബി.ജെ.പിയായിരുന്നു മുഖ്യശത്രു. മോദി സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുമായി കൈകോർക്കുന്നതായിരുന്നു പാർട്ടി സമീപനം. ബി.ജെ.പിക്കെതിരേ ദേശവ്യാപകമായി പടുത്തുയർത്തിയ 'ഇന്ത്യ' സഖ്യത്തിന്റെ പിറവിയിലും പ്രക്ഷോഭങ്ങളിലും സി.പി.എം. ഒരു മുഖ്യകണ്ണിയായി മാറിയതും കഴിഞ്ഞ മൂന്നു പാർട്ടി കോൺഗ്രസുകൾ അംഗീകരിച്ച ഈ അടവുനയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

പക്ഷേ, ഈ അടവുനയത്തിന് വിഘാതമായി പാർട്ടി സ്വീകരിക്കുന്ന നിലപാടുകൾ ആദർശങ്ങളുടെയോ പ്രത്യയശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്ന് ചൂണ്ടിക്കാണിക്കുന്നു വിമർശകർ. പാർട്ടിക്ക് നോട്ടം വോട്ടുകളിൽ മാത്രമാണ്. അതുവഴി എത്തിപ്പിടിക്കേണ്ട അധികാരങ്ങളിലും. നഷ്ടമാവുന്ന ഹിന്ദു വോട്ടുകൾ നിലനിർത്തുന്നത് പാർട്ടിയുടെ മുഖ്യദൗത്യമായി മാറിയതു പോലെ. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും ആദർശങ്ങളുടെയും പേരിൽ പാർട്ടിയിലേക്ക് ആകൃഷ്ടരായവർക്ക് ഈ ഗതിമാറ്റത്തെ എത്രകണ്ട് ഉൾക്കൊള്ളാനാകും? എന്തൊക്കെ വിവാദങ്ങളും തിരിച്ചടികളും ഉണ്ടായാലും പതറാതെ പാർട്ടിക്കൊപ്പം നിൽക്കുന്നവർക്ക് ഈ മാറ്റത്തെ ഉൾക്കൊള്ളാനാവുമോയെന്ന് അവർ ചോദിക്കുന്നു.

സി.പി.എം. കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്ന രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ വിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലാൻ പാർട്ടി നിർദേശിക്കുന്നു. ഹിന്ദുത്വ വർഗീയ ചിന്ത വളർത്താൻ മതപരമായ ആചാരങ്ങളും ഉത്സവങ്ങളുമൊക്കെ ഉപയോഗപ്പെടുത്തുകയാണ് ആർ.എസ്.എസ്. എന്നും വിശ്വാസത്തെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിനെ നേരിടാനായി മതവിശ്വാസികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും പറയുന്ന റിപ്പോർട്ട് ഇസ്ലാമിക മൗലികവവാദത്തിനെതിരെ ശബ്ദിക്കണമെന്നും പറയുന്നു. റിപ്പോർട്ട് അക്ഷരംപ്രതി നടപ്പാക്കുകയാണ് പാർട്ടിയെന്നു വേണം കരുതാൻ.

സി.പി.എമ്മിന്റെ ചുവടുമാറ്റത്തിൽ ഏറ്റവും സന്തോഷിക്കുക ബി.ജെ.പിയാവും. ന്യൂനപക്ഷ വർഗീയതയുടെ പേരിൽ കോൺഗ്രസിനെയും ലീഗിനെയും ആക്രമിക്കുന്നത് ഹിന്ദുത്വത്തിന് കൂടുതൽ ശക്തി പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇരുകൂട്ടരും ഉയർത്തുന്നത് മുസ്ലീം വർഗീയതയാണെങ്കിൽ കൂടുതൽ പേർക്ക് സ്വീകാര്യമാവുക ബി.ജെ.പിയുടെ കലർപ്പില്ലാത്ത നയമാവുമല്ലോ.

കോൺഗ്രസ് ബന്ധത്തിൽ പൊളിച്ചെഴുത്ത് വരുന്നു?

സി.പി.എമ്മിന്റെ കോൺഗ്രസുമായിട്ടുള്ള ബന്ധം അതിസങ്കീർണമാണ്. കേരളത്തിൽ ശത്രുക്കളും കേന്ദ്രത്തിൽ മിത്രങ്ങളുമായി പകർന്നാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. കേരളത്തിലെ ശത്രുത രാഷ്ട്രീയ അനിവാര്യതയാണ്, കേന്ദ്രത്തിലെ മൈത്രി പ്രത്യയശാസ്ത്രപരം എന്നതിനെക്കാൾ ബി.ജെ.പി വിരുദ്ധതയുമായി ബന്ധപ്പെട്ടതും. മധുരയിൽ നടക്കുന്ന അടുത്ത പാർട്ടി കോൺഗ്രസിൽ സി.പി.എം. വിട്ടുവീഴ്ചയില്ലാത്ത കോൺഗ്രസ് വിരുദ്ധ നിലപാടിലേക്ക് പോകാൻ സാധ്യതയുണ്ട്, ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ച ശേഷം പ്രകാശ് കാരാട്ട് താൽക്കാലിക ചുമതല വഹിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

സി.പി.എം. കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്ന രാഷ്ട്രീയ അവലോകന റിപ്പോർട്ട് ഇങ്ങനെ പറയുന്നു: 'പ്രതിപക്ഷ മതേതര പാർട്ടികളുടെ ഒരു അയഞ്ഞ കൂട്ടായ്മയാണ് ഇന്ത്യ സഖ്യമെങ്കിലും ബി.ജെ.പി. വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ അതു തുടരണം. പാർലമെന്റിലും തിരഞ്ഞെടുപ്പുകളിലും മാത്രമാവും അതിന്റെ പ്രവർത്തനം. നാം പ്രത്യേകമായ തന്ത്രവും സംസ്ഥാനതല സമീപനവും കൈക്കൊള്ളണം. 'ഇന്ത്യ' വേദിയിലും സി.പി.എമ്മിന്റെ സ്വതന്ത്രമായ പങ്കും പ്രവർത്തനവും ഇല്ലാതാക്കാനുള്ള പ്രവണത ചെറുക്കണം. ഇന്ത്യയിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന്റെ വർഗസ്വഭാവം നാം അറിഞ്ഞിരിക്കണം. കോൺഗ്രസിന്റെ നവ ഉദാരണവത്കരണ നയത്തോട് നാം അകലം പാലിക്കണം. ഹിന്ദുത്വ വർഗീയതയോടു വിട്ടുവീഴ്ചയുള്ള നിലപാടിനെയും വിമർശിക്കണം.'  

കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന മട്ടിൽ എം.എ. ബേബിയും എം.വി. ഗോവിന്ദനും നടത്തിയ പരാമർശങ്ങൾ സൂചിപ്പിക്കുന്നത് ഈ പാതയിൽ മുന്നോട്ടെന്നു തന്നെയാണ്. സി.പി.എം കാര്യമായ പൊളിച്ചെഴുത്തു നടത്തിയില്ലെങ്കിലും രാഹുലിനെയും പ്രിയങ്കയെയും നേരിട്ടാക്രമിച്ചത് പൊറുത്തുകൊടുക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടായിരിക്കും.