ടിബറ്റന്‍ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ സമ്മതിക്കില്ല, ദലൈലാമയുടെ അനന്തരാവകാശിയെ തീരുമാനിക്കുന്നതില്‍ ചൈനയുടെ ഇടപെടലും അനുവദിക്കില്ല. ദലൈലാമയുടെ പൈതൃകം എക്കാലവും തുടരും, പക്ഷേ, നിങ്ങളുടേത് ഇല്ല... ഒന്നിന്റേയും പേരില്‍ നിങ്ങള്‍ ഓര്‍ക്കപ്പെടില്ല.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനെ കടന്നാക്രമിച്ചുകൊണ്ടുമായിരുന്നു കഴിഞ്ഞ ദിവസം ദലൈലമായെ സന്ദര്‍ശിച്ചശേഷം അമേരിക്കന്‍ ജനപ്രതിനിധിസഭാ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി കടുത്തഭാഷയില്‍ പ്രതികരിച്ചത്. ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ യു.എസ് സംഘം ധര്‍മശാലയില്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ ചൈന ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയായിരുന്നു ടിബറ്റ്​വിഷയത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കിക്കൊണ്ടുളള നാന്‍സിയുടെ പ്രതികരണം. കൂടിക്കാഴ്ച നടക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ യു.എസ് കോണ്‍ഗ്രസ് അംഗീകരിച്ച ടിബറ്റന്‍ പോളിസി ബില്ലില്‍ ഒപ്പുവെയ്ക്കരുതെന്ന് ചൈന യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിസോള്‍വ് ടിബറ്റ് ബില്‍ നിയമത്തിലേക്കെത്താന്‍ ഒരു പടികൂടി ബാക്കിനില്‍ക്കെ ചൈനയെ അലോസരപ്പെടുത്തുകയാണ് അമേരിക്കന്‍ പ്രതിനിധികളുടെ ഇന്ത്യാസന്ദര്‍ശനം.

To advertise here,

നാന്‍സിയുടെ സന്ദര്‍ശനം

ഏകദേശം രണ്ട് വര്‍ഷം മുന്‍പാണ് ചൈനയെ പ്രകോപിപ്പിച്ച് നാന്‍സി പെലോസി, ചൈന തങ്ങളുടെ ഭാഗമാണെന്ന് അവകാശപ്പെടുന്ന തയ്​വാനിൽ സന്ദര്‍ശനം നടത്തിയത്. സമാനമായാണ് ദലൈലാമയെ സന്ദര്‍ശിച്ചതിലൂടെ യു.എസ് വീണ്ടും ചൈനയെ അലോസരപ്പെടുത്തിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ നേതാവ് മൈക്കിള്‍ മകോളിന്റെയും നാന്‍സി പെലോസിയുടേയും നേതൃത്വത്തിലുള്ള ഏഴംഗ യു.എസ് പ്രതിനിധി സംഘമായിരുന്നു ദലൈലാമയെ സന്ദര്‍ശിച്ചത്. ടിബറ്റന്‍ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ ചൈനയോട് ആവശ്യപ്പെടുന്ന ബില്‍ യു.എസ്. കോണ്‍ഗ്രസ് ജൂണ്‍ 12ന് പാസാക്കിയിരുന്നു. ബിൽ പാസായതിന് പിന്നാലെയാണ് ദലൈലാമയെ സന്ദര്‍ശിച്ച് ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ അറിയിക്കാനായി യു.എസ് സംഘം ഇന്ത്യയിലെത്തിയത്. ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചൈന എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു.

അമേരിക്കയുടെ നടപടി പ്രതീക്ഷിച്ചപോലെ തന്നെ ചൈനയെ അലോസരപ്പെടുത്തി. ദലൈ സംഘത്തിന്റെ വിഘടനവാദ സ്വഭാവവും ചൈനാവിരുദ്ധ സമീപനവും തിരിച്ചറിയണമെന്നും ദലൈ സംഘവുമായുള്ള ഏതെങ്കിലും രീതിയിലുള്ള ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. യു.എസ് കോണ്‍ഗ്രസ് പാസാക്കിയ ടിബറ്റ് ബില്ലില്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെയ്ക്കരുതെന്നും യാത്രയ്ക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെത്തിയ യു.എസ് പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിലും ടിബറ്റ് വിഷയം ചര്‍ച്ച ചെയ്തതായാണ് സൂചനകള്‍.

placeholder
നാന്‍സി പെലോസി ധർമശാലയിൽ ദലൈലാമയെ സന്ദർശിച്ചപ്പോൾ. Photo: PTI

അമേരിക്കയും ടിബറ്റ് റിസോള്‍വ് ബില്ലും

ടിബറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് യു.എസ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മൂന്നാമത്തെ പ്രധാനപ്പെട്ട നിയമമാണ് റിസോള്‍വ് ടിബറ്റ് ബില്‍. ടിബറ്റ് പോളിസി ആന്റ് സപ്പോര്‍ട്ട് ആക്ട് (TPSA2020), ടിബറ്റന്‍ പോളിസി ആക്ട് (TPA2002) എന്നീ ആദ്യ രണ്ട് നിയമങ്ങളുടെ പിന്‍ഗാമി ആയിട്ടാണ് പുതിയ റിസോള്‍വ് ടിബറ്റ് ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ടിബറ്റ്-ചൈന തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണുന്നതാണ് ലക്ഷ്യം. ജൂണ്‍ രണ്ടിനാണ് ടിബറ്റ് ബില്‍ അമേരിക്കന്‍ പ്രതിനിധി സഭയില്‍ പാസായത്. ടിബറ്റുകാരുടെ അടിച്ചമര്‍ത്തലിനെയും ബലപ്രയോഗത്തെയും അമേരിക്ക ശക്തമായി അപലപിക്കുകയാണെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് ഹൗസ് ഓഫ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ മിഷേല്‍ മകൗള്‍ അഭിപ്രായപ്പെട്ടു. ടിബറ്റിലെ ജനങ്ങള്‍ക്ക് അവരുടെ സ്വന്തം ഭാവി നിശ്ചയിക്കാനുള്ള ചുമതല ലഭിക്കാന്‍ ബില്ല് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനെ കുറിച്ച് ടിബറ്റും ചൈനയും തമ്മിലുള്ള പ്രശ്നഹപരിഹാരത്തിനുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ബില്ല് അവതരിപ്പിച്ച ദിം മക്ഗവേണും പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രസിഡന്റിന്റെ ഒപ്പുകൂടി ലഭിച്ചാല്‍ ബില്ല് നിയമമാവും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ജോ ബൈഡന്റെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിബറ്റിന്റെയും ജനതയുടെയും സ്ഥാപനങ്ങളുടെയും ദലൈലാമയുടേതുള്‍പ്പെടെയുള്ള ചരിത്രത്തെക്കുറിച്ചും ചൈന പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയുന്നതിന് സൗമ്പത്തിക സഹായമുള്‍പ്പെടെ നല്‍കുന്നതാണ് പുതിയ ബില്‍. പൗരാണിക കാലം മുതല്‍ക്കേ ടിബറ്റ് തങ്ങളുടെ ഭാഗമാണെന്ന ചൈനയുടെ അവകാശവാദത്തെയും ഈ നിയമം വെല്ലുവിളിക്കുന്നുണ്ട്. ദലൈലാമയുമായോ അദ്ദേഹത്തിന്റെ പ്രതിനിധികളുമായോ അല്ലെങ്കില്‍ ടിബറ്റന്‍ സമൂഹത്തില്‍ നിന്ന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുമായോ ചര്‍ച്ചകള്‍ നടത്തി തര്‍ക്കപരിഹാരമുണ്ടാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുക കൂടി ചെയ്യാനുള്ളതാണ് ബില്‍. വ്യവസ്ഥകളോ മുന്‍ധാരണകളോ ഇല്ലാതെ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തണമെന്ന് ബില്ലില്‍ പ്രത്യേകം പറയുന്നു.

ടിബറ്റന്‍ ജനതയുടെ സ്വയം നിര്‍ണയത്തിനുള്ള അവകാശത്തിനും മനുഷ്യാവകാശങ്ങള്‍ ലഭ്യമാക്കപ്പെടാനും ബില്‍ അടിവരയിടുന്നുണ്ട്. സിവില്‍, രാഷ്ട്രീയ അവകാശങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഉടമ്പടി, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിങ്ങനെയുള്ള രണ്ട് ഉടമ്പടികളില്‍ ഒപ്പുവെച്ച ചൈന അതേ പ്രതിബദ്ധത ടിബറ്റിന്റെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് ബില്ലില്‍ പറയുന്നത്. ജനതയുടെ സാമൂഹിക-സാംസ്‌കാരിക-ഭാഷാ സ്വത്വത്തെയും പാരമ്പര്യത്തേയും അതേപടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ ടിബറ്റിന്റെ അതിര്‍ത്തികള്‍ കൃത്യമായി നിര്‍ണയിക്കപ്പെടുന്നതിനായി 2002ലെ ടിബറ്റ് പോളിസി ആക്ട് ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്.

placeholder
ദലൈലാമയ്ക്കൊപ്പം യു.എസ് സംഘം ധർമശാലയിൽ. Photo: PTI

ടിബറ്റും അമേരിക്കയുടെ നയമാറ്റവും 

ചൈന-ടിബറ്റ് വിഷയത്തില്‍ തുടക്കത്തില്‍ കണ്ണുമടച്ച് ചൈനയ്‌ക്കൊപ്പം നില്‍ക്കുന്ന നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്. 2002ലെ നിയമത്തില്‍ (ടിപിഎ-2002) ടിബറ്റുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടിനെ വ്യക്തമാക്കുന്നില്‍ തന്ത്രപരമായൊരു നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്. ടിബറ്റ് ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന ചൈനയുടെ അവകാശവാദം അംഗീകരിക്കുന്നത് കൂടിയായിരുന്നു അത്. എങ്കിലും ടിബറ്റ് ജനതയോടുള്ള സമീപനത്തെ മയപ്പെടുത്തണമെന്ന് ബില്‍ ആവശ്യപ്പെട്ടിരുന്നു. ടിബറ്റന്‍ പക്ഷവുമായി ചര്‍ച്ച നടത്താനും അവരുടെ ആശങ്കകള്‍ കേള്‍ക്കാനും ചൈനയോട് അഭ്യര്‍ഥിക്കുന്നതിനുമപ്പുറം ഒന്നിനേയും പരിഗണിക്കുന്നതായിരുന്നില്ല ഈ ബില്‍. ടിബറ്റിന് പരമാധികാരമോ സ്വാതന്ത്ര്യമോ നേടിക്കൊടുക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്ന് ബില്‍ ആവര്‍ത്തിച്ചു. ടിബറ്റന്‍ പ്രവാസ സര്‍ക്കാരുമായി അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു ഔദ്യോഗിക ബന്ധവും പുലര്‍ത്തിയിട്ടില്ലെന്നും ഒരു ആത്മീയ നേതാവ്, നോബല്‍ സമ്മാന ജേതാവ് എന്നീ നിലകളിൽ മാത്രമേ ദലൈലാമയെ കാണുകയുള്ളൂവെന്നുമായിരുന്നു നിയമം വ്യക്തമാക്കിയത്.

എന്നാല്‍ രാഷ്ട്രീയരംഗത്തുണ്ടായ സംഭവബഹുലമായ കൂട്ടുചേരലുകളും തകര്‍ക്കപ്പെടലുകളും അമേരിക്കയുടെ നയംമാറ്റത്തെ സ്വാധീനിച്ചു. 2020ലെ ബില്ലില്‍ ടിബറ്റ് വിഷയത്തില്‍ അല്‍പം കൂടി മൃദുസമീപനം സ്വീകരിച്ചുകൊണ്ടുള്ളതായിരുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുന്ന ചൈനയെ പ്രതിരോധത്തില്‍ നിര്‍ത്താനുള്ള ആയുധമായികൂടി യുഎസ് ടിബറ്റ് വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവന്നു. 2020ല്‍ നിലവില്‍ വന്ന നിയമം ടിബറ്റന്‍ കമ്മ്യൂണിറ്റികളെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ക്ക് പണം  അനുവദിക്കുക കൂടി ചെയ്തു. അതിലും പ്രധാനമായി ടിബറ്റന്‍ തലസ്ഥാനമായ ലാസയില്‍ യുഎസ് കോണ്‍സുലേറ്റ് സ്ഥാപിക്കാനും തയ്യാറെടുത്തു. സ്വന്തം മതനേതാക്കളെ തിരഞ്ഞെടുക്കാനും ആദരിക്കാനും ടിബറ്റുകാര്‍ക്കുള്ള അവകാശവും ബില്‍ അടിവരയിടുന്നുണ്ട്. തങ്ങളുടെ അനുമതിയില്ലാതെ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാനാകില്ലെന്ന ചൈനയുടെ ഉത്തരവിന് മറുപടിയായിരുന്നു ഇത്. ഇതോടെ, ദലൈലാമയുടെ പിന്തുടര്‍ച്ചയില്‍ ഇടപെടുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സാമ്പത്തിക-വിസ ഉപരോധം ഏര്‍പ്പെടുത്താന്‍ 2020ലെ നിയമ അമേരിക്കയ്ക്ക് വാതിലുകള്‍ തുറന്നുനല്‍കി.

2020ലെ നിയമവും ടിബറ്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ചൈനയെ പ്രേരിപ്പിക്കുന്നതായിരുന്നു. ദലൈലാമയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രതിനിധികളോ അതുമല്ലെങ്കില്‍ ടിബറ്റിലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളും തമ്മില്‍ ക്രിയാത്മകമായ ചര്‍ച്ച നടത്തണമെന്നാണ് ഈ ബില്‍ അനുശാസിക്കുന്നത്. അതിന്റെ ഫലമായി ഒരു ഉടമ്പടിക്ക് രൂപം നല്‍കപ്പെട്ടു. വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെടുന്നതായിരുന്നു ഈ ഉടമ്പടി. ദലൈലാമയുടെ അനന്തരാവകാശം ചൈനയുടെ പ്രശ്‌നമല്ലെന്നും ടിബറ്റന്‍ ബുദ്ധമതക്കാര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും ഇത് വ്യക്തമാക്കുന്നുണ്ട്. മുന്‍വിധികളോ നിബന്ധനകളോ ഇല്ലാതെ വീണ്ടും ചര്‍ച്ചകള്‍ നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പുതിയ റിസോള്‍വ് ടിബറ്റ് നിയമം.

placeholder
ഷിജിന്‍ പിങ്ങും ജോ ബൈഡനും ജി 20 ഉച്ചകോടിക്കിടെ. Photo: AFP

ചൈനയുടെ പ്രതികരണം

യുഎസ് സംഘത്തിന്റെ ഇന്ത്യാസന്ദര്‍ശനം ചൈനയെ അലോസരപ്പെടുത്തിയെന്ന് മാത്രമല്ല കടുത്ത പ്രതികരണങ്ങളിലേക്ക് നയിക്കുകയും ചെയ്തു. ടിബറ്റ് ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒപ്പുവെച്ചാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവുമെന്ന് ചൈന പരസ്യമായി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ലോകത്തിന് തെറ്റായ സൂചനകള്‍ കൊടുക്കരുത്. പതിനാലാമത് ദലൈലാമ പൂര്‍ണമായും ഒരു മതനേതാവല്ലെന്ന് ലോകത്തിന് അറിയാം, അദ്ദേഹം മതത്തിന്റെയും വിശ്വാസത്തിന്റേയും മറവില്‍ ചൈനാവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. ദലൈ സംഘത്തിന്റെ ചൈന വിരുദ്ധ വിഘടനവാദ സ്വഭാവം അമേരിക്ക പൂര്‍ണമായി അംഗീകരിക്കേണ്ടതുണ്ട്. ടിബറ്റുമായി യാതൊരുവിധത്തിലുമുള്ള ബന്ധമുണ്ടാക്കിയെടുക്കാതെ ചൈന അമേരിക്കയോടുള്ള പ്രതിബദ്ധത അവര്‍ നിറവേറ്റതുണ്ട്. ലോകത്തിന് തെറ്റായ സൂചനകള്‍ നല്‍കരുത്. പൗരാണിക കാലം മുതല്‍ക്കേ തന്നെ ടിബറ്റ് ചൈനയുടെ ഭാഗമാണ്. ടിബറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചൈനയുടെ ആഭ്യന്തരകാര്യമാണ്. അതില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ടതില്ല, അത് അനുവദിക്കുകയുമില്ല. ടിബറ്റ് സാമൂഹികപരമായും സാംസ്‌കാരികപരമായും സ്ഥിരത പുലര്‍ത്തുന്ന മേഖലയാണ്, ടിബറ്റിന്റെ നിലയും ജനങ്ങളും ക്ഷേമവും ചൈന സംരക്ഷിക്കും. ആരെങ്കിലും ഈ സ്ഥിരത ഇല്ലാതാക്കാനും ചൈനയെ തകര്‍ക്കാനും ലക്ഷ്യമിടുന്നുണ്ടെങ്കില്‍ അത് നടക്കില്ല. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് അമേരിക്ക അംഗീകരിക്കണം. ടിബറ്റിന് സ്വാതന്ത്ര്യം വേണമെന്ന വാദങ്ങളെ അമേരിക്ക പിന്തുണയ്ക്കരുത്. അതിനാല്‍ ടിബറ്റ് ബില്ലില്‍ നിയമമാവാന്‍ അനുവദിക്കരുത്. ടിബറ്റിന്റെ പരമാധികാരം, സുരക്ഷ, വികസന താല്‍പര്യങ്ങള്‍ എന്നിവയെ ശക്തമായി സംരക്ഷിക്കാന്‍ ചൈനയുടെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

placeholder
ധർമശാലയിൽ ടിബറ്റന്‍ സന്യാസിമാര്‍ നടത്തിയ സമാധാന റാലി. Photo: PTI

ടിബറ്റും ചൈനയും

ടിബറ്റും ചൈനയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചൈനയുടെ ഭാഗമാണ് ടിബറ്റ് എന്നും അല്ലെന്നും അവകാശങ്ങളുണ്ട്. 1640കള്‍ മുതല്‍ക്കേ ആത്മീയനേതാവായ ദലൈലാമയെ ആണ് ടിബറ്റിന്റെ ഭരണത്തലവനായി കണക്കാക്കുന്നത്. സ്വയംഭരണമാണ് അവര്‍ കാലങ്ങളായി ആവശ്യപ്പെടുന്നത്. എന്നാല്‍ ടിബറ്റ് തങ്ങളുടെ ഭാഗമാണെന്ന് ചൈന വാദിക്കുന്നു. ടിബറ്റില്‍ പലകുറി ചൈന അധിനിവേശം നടത്തിയിട്ടുമുണ്ട്. ടിബറ്റിനെ ഷീസാങ് എന്നാണ് ചൈന വിളിക്കുന്നത്. ബുദ്ധിസത്തെ പിന്തുടര്‍ന്നുകൊണ്ട് പ്രത്യേക രീതികളും ഭരണരീതികളുമുള്ള ടിബറ്റിനെ സ്വതന്ത്രമാക്കി തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനാണ് ചൈനയുടെ ലക്ഷ്യം. ടിബറ്റിന്റെ ആത്മീയനേതാവ് ദലൈലാമയെ തിരഞ്ഞെടുക്കുന്നതിലുള്‍പ്പെടെ തങ്ങള്‍ക്ക് അവകാശം വേണമെന്ന് ചൈന പറയുന്നു.

1985 കാലഘട്ടത്തിലെ പതിമൂന്നാമത് ദലൈലാമയുടെ സ്വതന്ത്രനിലപാടുകള്‍ ചൈനയെ ചൊടിപ്പിച്ചിരുന്നു. 1910ല്‍ ചൈന ടിബറ്റിനെ കീഴടക്കി. എന്നാല്‍ 1912ല്‍ പതിമൂന്നാമത് ദലൈലാമ ചൈനീസ് പട്ടാളത്തെ ടിബറ്റില്‍ നിന്ന് പുറത്താക്കി ടിബറ്റിന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1949കള്‍ വരെ ഈ നില തുടരുകയും ചെയ്തിരുന്നു. 1951ല്‍ ചൈനയുമായി പതിനേഴ് നിര്‍ദേശങ്ങളടങ്ങിയ കരാറില്‍ ടിബറ്റ് ഒപ്പുവെച്ചു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. എന്നാല്‍ 1956 മുതല്‍ സ്ഥിതി മാറിത്തുടങ്ങി. ചൈന വീണ്ടും ടിബറ്റില്‍ ഇടപെട്ടുതുടങ്ങി, ദലൈലാമയെ അറസ്റ്റ് ചെയ്തേക്കുമെന്ന വാര്‍ത്തകള്‍ പരന്നതോടെ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1959ല്‍ ഇന്ത്യയിലെത്തിയ ദലൈലാമയെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുകയും കര്‍ണാടകത്തിലെ ബൈലകുപ്പയിലും ഹിമാചല്‍ പ്രദേശിലെ ധർമശാലയിലും ഭൂമി അനുവദിക്കുകയും ചെയ്തു. ദലൈലാമ ധര്‍മ്മശാലയില്‍ ടിബറ്റന്‍ ഗ്രാമം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ആ വര്‍ഷം തന്നെ പ്രവാസ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ചൈനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ ദലൈലാമ ഇന്നും ഇന്ത്യയില്‍ തുടരുകയാണ്. നിലവില്‍ ടിബറ്റന്‍ ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ദലൈലാമ ധര്‍മ്മശാല കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യ ദലൈലാമയ്ക്ക് അഭയം കൊടുത്തത് ചൈനയെ ചൊടിപ്പിച്ചു. പഞ്ചശീലതത്വങ്ങള്‍ കാറ്റില്‍ പറത്തി ചൈന ഇന്ത്യയെ ആക്രമിച്ചു. വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയടക്കി. തവാങ് ചൈനീസ് നിയന്ത്രണത്തിലായി. കാര്യങ്ങള്‍ നിയന്ത്രണത്തില്‍ നിന്ന് കൈവിട്ടപ്പോള്‍ നെഹ്റു ചേരിചേരാ നയങ്ങള്‍ കൈവിട്ട് അമേരിക്കയോടും ബ്രിട്ടണോടും സഹായമഭ്യര്‍ഥിച്ചു. പിന്നീട് ഈ മേഖലകളില്‍ നിന്ന് ചൈന സ്വമേധയാ പിന്മാറി. ഇന്ന് സ്വന്തം സര്‍ക്കാരും പ്രധാനമന്ത്രിയുടെ ആസ്ഥാനവും പാര്‍ലമെന്റ് ജനാധിപത്യരീതിയും നിലനില്‍ക്കുന്ന മേഖലയാണ് ടിബറ്റ്. ടിബറ്റിന് സ്വാതന്ത്ര്യമല്ല, സ്വയംഭരണം വേണമെന്നാണ് ദലൈലാമ ആവശ്യപ്പെടുന്നത്. എന്നാല്‍ ദലൈലാമയെ രാഷ്ട്രീയതാല്‍പര്യങ്ങളുള്ള വിഘടനവാദിയായി കണക്കാക്കുന്ന ചൈന ഈ ആവശ്യം അംഗീകരിക്കുന്നില്ല. ടിബറ്റ് പ്രതിസന്ധി ആരംഭിച്ച് ഏറെക്കാലം കഴിഞ്ഞെങ്കിലും ടിബറ്റിനോടുള്ള ചൈനയുടെ നിലപാട് മയപ്പെട്ടിട്ടുമില്ല. ദലൈലാമയുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്നും എന്നാല്‍ ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'നിയമവിരുദ്ധമായ' ടിബറ്റന്‍ ഗവണ്‍മെന്റുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്നും ഈ വര്‍ഷം ആദ്യം ചൈന വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വയംഭരണമെന്ന ആവശ്യം ചൈന നിരാകരിച്ചതോടെ ഈ ചര്‍ച്ചകളും നടന്നില്ല.

placeholder
ദലൈലാമ

ചൈനയുടെ തീരാപ്രതിസന്ധിയാണ് ടിബറ്റ്. അതുകൊണ്ട് ടിബറ്റുമായി ബന്ധം പുലര്‍ത്തുന്നവരെ ചൈന പലപ്പോഴും എതിര്‍പക്ഷത്ത് നിര്‍ത്തിയിട്ടുണ്ട്. ദലൈലാമയെ ക്ഷണിക്കുന്ന രാജ്യങ്ങളെ ചൈന ഭീഷണിപ്പെടുത്തുന്നു. അവരെ വ്യാപാരവും നയതന്ത്രവും പറഞ്ഞ് ഭീഷണിപ്പെടുത്താനും വരുതിയില്‍ നിര്‍ത്താനും ചൈന ശ്രമിക്കുന്നു.ടിബറ്റന്‍ വിഷയത്തില്‍ ആര് ചര്‍ച്ചകള്‍ നടത്തിയാലും എതിര്‍പ്പുമായി ചൈന രംഗത്തെത്തും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുഎസ്സിനെതിരേയുള്ള ചൈനയുടെ പ്രതികാര പ്രഖ്യാപനം. ടിബറ്റ് എന്ന പേര് പോലും മായ്ച്ചുകളയാനാണ് ചൈന ആഗ്രഹിക്കുന്നത്. ടിബറ്റിന്റെ പേര് മാറ്റി ഷീസാങ് എന്ന് ആവര്‍ത്തിക്കുന്നതും അതുകൊണ്ടുതെയാണ്.