ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമീനി കോമയിലാണോ? അലി ഖമീനി ഗുരുതര രോഗബാധിതനാണെന്നും അദ്ദേഹം കോമയിലാണെന്നുമാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എണ്‍പത്തിയഞ്ചുകാരനായ അലി ഖമീനി ഗുരുതര രോഗബാധിതനാണെന്ന് യു.എസ്. മാധ്യമമായ 'ന്യൂയോര്‍ക്ക് ടൈംസ്' ഒക്ടോബറില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോമയിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇസ്രയേലുമായുള്ള ഏറ്റുമുട്ടലിനിടെ അലി ഖമീനിയുടെ ആരോഗ്യസ്ഥതി ഇറാന്‍ മറച്ചുവെയ്ക്കുന്നു എന്നായിരുന്നു ആരോപണം. ഇതിനിടെ, പുതിയ പരമോന്നത നേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകളും രാജ്യത്ത് ഉയര്‍ന്നു. അലി ഖമീനിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമല്ല, തിരഞ്ഞെടുപ്പും ഇറാനില്‍ നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രഹസ്യയോഗത്തില്‍ തന്റെ പിന്‍ഗാമിയായി 55 വയസ്സുള്ള മകന്‍ മുജ്തബ ഖമീനിയെ അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്തുവെന്ന വാര്‍ത്ത ഇസ്രയേലി മാധ്യമങ്ങളാണ് പുറത്തുവിട്ടത്. 

To advertise here,

ഇസ്രയേലുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സമയത്ത് തന്നെയാണ് പുതിയ നേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് ഉയരുന്നതെന്നതാണ് ശ്രദ്ധേയം. എന്നാല്‍, പരമോന്നത നേതാവ് ഒരു ഇറാന്‍ നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്. ലെബനനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനിയുമായി അദ്ദേഹം സംസാരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഖമീനിയുടെ എക്‌സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖമീനി, ലെബനനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡര്‍ മുജ്തബ അമാനിയെ കാണുകളും സംസാരിക്കുകയും ചെയ്തുവെന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള കുറിപ്പിനൊപ്പമായിരുന്നു ചിത്രം പുറത്തുവിട്ടത്.  പക്ഷേ, ഊഹാപോഹങ്ങള്‍ ശമിപ്പിക്കാന്‍ ആ ചിത്രത്തിനും സാധിച്ചില്ല. ഖമീനിയെക്കുറിച്ചോ അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചോ ഔദ്യോഗികമായി ഇറാന്‍ ഒന്നും പറഞ്ഞിരുന്നില്ല എന്നത് തന്നെയാണ് കാരണം. 

എന്താണ് ഇറാനില്‍ ഒരു പരമോന്നത നേതാവ്? 

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവനാണ് പരമോന്നത നേതാവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മത-രാഷ്ട്രീയ അധികാരസ്ഥാനവുമാണിത്. പ്രസിഡന്റിനു മുകളിലാണ് ഇറാനില്‍ പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 'പൊതുനയങ്ങള്‍' പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായ പരമോന്നത നേതാവ് രാജ്യത്തിന്റെ രഹസ്യാന്വേഷണ-സുരക്ഷാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നു. സായുധസേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം,  ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവയെല്ലാം പരമോന്നത നേതാവിന് കീഴിലാണ്.  ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കമാന്‍ഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിന് അധികാരമുണ്ട്. രാജ്യത്തിന്റെ അധികാരം നിയന്ത്രിക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളും പരമോന്നത നേതാവിന് കീഴില്‍ തന്നെ. കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സിലെ 12 അംഗങ്ങളില്‍ ആറ് പേരെയും പരമോന്നത നേതാവാണ് തിരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ഏത് സ്ഥാനാര്‍ഥികളെ പൊതുസ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കാന്‍ യോഗ്യരാണെന്ന് നിര്‍ണ്ണയിക്കുകയും ചെയ്യുന്നതും പരമോന്നത് നേതാവ് തന്നെയാണ്. സര്‍ക്കാരിന്റെ വിവിധ മേഖലകളുടെ ഭാഗമായ ഏകദേശം 2,000 പ്രതിനിധികള്‍ വഴിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. 

1979-ല്‍ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് പരമോന്നത നേതാവ് എന്ന പദവി രാജ്യത്തിന്റെ ഭരണഘനയുടെ ഭാഗമാകുന്നത്. ഇസ്ലാമിക വിപ്ലവത്തിനും പഹ്ലവി രാജവംശത്തിന്റെ പതനത്തിനും പിന്നാലെ ഇറാനില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ചു. ഇറാന്റെ ചരിത്രത്തില്‍ ഇതുവരെ രാജ്യത്തിന് രണ്ട് പരമോന്നത നേതാക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത റൂഹുള്ള ഖമീനിയായിരുന്നു ആദ്യത്തെ പരമോന്നത നേതാവ്. 1989-ല്‍ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. റൂഹുള്ള ഖമീനിയുടെ മരണശേഷമാണ് അലി ഖമീനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. ഇസ്ലാമിക വിപ്ലവത്തില്‍ റൂഹുള്ള ഖമീനിക്കൊപ്പം നേതൃത്വം നൽകിയ നേതാവായിരുന്നു അലി ഖമീനി. 1981 മുതല്‍ 1989 വരെ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിച്ചിരുന്നു. 1989-ല്‍ ഇറാന്‍ പ്രസിഡന്റായിരിക്കെയാണ് അദ്ദേഹം പരമോന്നത നേതാവായി ചുമതലയേറ്റത്. നിലവില്‍ 35 വര്‍ഷമായി അലി ഖമീനിയാണ് ഇറാന്റെ പരമോന്നത നേതാവ്. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാഷ്ട്രത്തലവനാണ് അദ്ദേഹം. 

placeholder
അയത്തൊള്ള റുഹൊള്ള ഖൊമേനി | Photo : Keystone/Getty Images
ആ.ത്തുള്ള റൂഹുള്ള ഖമീനി| Photo : Keystone/Getty Images

ഖമീനിയുടെ ആരോഗ്യവും പിന്തുടര്‍ച്ചാ ചര്‍ച്ചകളും

പ്രാദേശിക സംഘര്‍ഷങ്ങള്‍, ആഭ്യന്തര പ്രശ്‌നങ്ങള്‍, ഇസ്രയേലുമായുള്ള യുദ്ധഭീഷണി, അമേരിക്കയുമായുള്ള ശത്രുത, ആണവായുധ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിങ്ങനെ ഇറാനില്‍ പ്രശ്‌നങ്ങള്‍ അനവധിയാണ്. ദീര്‍ഘകാലമായി രാജ്യത്തിന്റെ പരമോന്നത നേതാവായി തുടരുന്ന ഖമീനിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതില്‍ പ്രധാനം ഇസ്രയേലുമായുള്ള സംഘര്‍ഷവും അമേരിക്കയുമായുള്ള ശത്രുതയുമാണ്. പലസ്തീന്‍ സായുധസംഘടനയായ ഹമാസിന്റെ നേതാക്കളായ ഇസ്മയില്‍ ഹനിയെ, യഹ്യ സിന്‍വര്‍ എന്നിവരെ ഇസ്രയേല്‍ കൊലപ്പെടുത്തി. ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയെ മൂന്നുപതിറ്റാണ്ടിലേറെ നയിച്ച ഹസന്‍ നസ്രള്ളയും കൊല്ലപ്പെട്ടു.

പക്ഷേ, ഇതിനും ഏറെ മുന്നേ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. 2020 ജനുവരിയില്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ആ വര്‍ഷം നവംബറില്‍ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിൻ ഫക്രിസാദെയെ ഇസ്രായേല്‍ കൊലപ്പെടുത്തി. ഇത് രണ്ടും ഇറാന് വലിയ തിരിച്ചടിയായിരുന്നു. ഖമീനിയുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റൈസിയാകട്ടെ 2024 മേയ് മാസത്തില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. പലരും ഇത് ഒരു അട്ടിമറിയാണെന്നാണ് വിശ്വസിക്കുന്നത്. 

ഭരണകൂടത്തിന്റെ വര്‍ഷങ്ങളുടെ കെടുകാര്യസ്ഥതയും അടിച്ചമര്‍ത്തലും വ്യാപകമായ സര്‍ക്കാര്‍ വിരുദ്ധതയ്ക്കും ആക്കം കൂട്ടി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പല്ലും നഖവും ഉപയോഗിച്ചാണ് ഇറാന്‍ അടിച്ചമര്‍ത്തിയത്. 85 വയസ്സുകാരനായ അലി ഖമീനിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതും ദീര്‍ഘകാലം പൊതുമധ്യത്തില്‍നിന്ന് അകന്നുനിന്നതും അലി ഖമീനിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഖമീനിയുടെ മാനസപുത്രനായി കണക്കാക്കിയിരുന്നയാളായിരുന്നു റെയ്സി. ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഭരണസംവിധാനത്തില്‍ അനിശ്ചിതത്വം നേരിട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിനൊപ്പം അലി ഖമീനിക്ക് മറ്റൊരു പിന്‍ഗാമിയേയും കണ്ടെത്തെണ്ടി വന്നു. അലി ഖമീനിയുടെ ആരോഗ്യത്തെക്കുറിച്ചോ പിന്‍ഗാമിയെക്കുറിച്ചോ ഇറാന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാല്‍, ഇതിന് പരോക്ഷ മറുപടിയെന്നോണം കഴിഞ്ഞദിവസം പരമോന്നത നേതാവ് ഒരു നയതന്ത്രപ്രതിനിധിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തു. പക്ഷേ ഇതൊന്നും ഊഹാപോഹങ്ങള്‍ ശമിപ്പിക്കുന്നതായിരുന്നില്ല. 

placeholder
അയത്തൊള്ള അലി ഖമീനി എക്‌സില്‍ പങ്കുവെച്ച ചിത്രം | Photo: x.com/Khamenei_fa
ആയത്തുള്ള അലി ഖമീനി എക്‌സില്‍ പങ്കുവെച്ച ചിത്രം | Photo: x.com/Khamenei_fa

പരമോന്നത നേതാവിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇറാന്‍ 

അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് അലി ഖമീനിയുടെ ആരോഗ്യസ്ഥിതിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള വാര്‍ത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുതിര്‍ന്ന മതപണ്ഡിതന്മാരുടെ 88 അംഗ അസംബ്ലി ഓഫ് എക്സ്പേര്‍ട്സാണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. ഓരോ എട്ടു വര്‍ഷത്തിലും നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലൂടെയാണ് സമിതിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അസംബ്ലി ഓഫ് എക്സ്പേര്‍ട്സിന്റെ തീരുമാനം ഗാര്‍ഡിയന്‍ കൗണ്‍സില്‍ എന്നറിയപ്പെടുന്ന 12 അംഗസമിതി അംഗീകരിക്കുകയും വേണം. ഗാര്‍ഡിയന്‍ കൗണ്‍സിലിലെ പകുതി അംഗങ്ങളെ നിയമിക്കുന്നത് പരമോന്നത നേതാവ് തന്നെയാണ് എന്നതാണ് മറ്റൊരു കൗതുകം. ആറ് അംഗങ്ങളെ പരമോന്നത നേതാവ് നേരിട്ട് നിയമിക്കുമ്പോള്‍ ബാക്കി ആറ് പേരെ സുപ്രീം കോടതി മേധാവിയുടെ നിര്‍ദേശപ്രകാരമാണ് നിയമിക്കുന്നത്. അസംബ്ലി ഓഫ് എക്സ്പേര്‍ട്സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണമെന്ന് നിശ്ചയിക്കുന്നത് ഗാര്‍ഡിയന്‍ കൗണ്‍സിലുമാണ്. അതിനാല്‍ തന്നെ പിന്‍ഗാമിയെ സംബന്ധിച്ച് പരമോന്നത നേതാവ് എടുക്കുന്ന തീരുമാനത്തെ അസംബ്ലി ഓഫ് എക്സ്പേര്‍ട്സോ ഗാര്‍ഡിയന്‍ കൗണ്‍സിലോ തള്ളാനുള്ള സാധ്യത വിരളമാണ്.

ആയത്തുള്ള അലി ഖമീനി ഇതിനകം പിന്‍ഗാമിയെ തിരഞ്ഞെടുത്തുവെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്താ ഉറവിടങ്ങളെ ഉദ്ധരിച്ച് ഇസ്രയേലി മാധ്യമയായ വൈനെറ്റ്‌ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. സെപ്റ്റംബര്‍ 26-ന് നടന്ന അസംബ്ലി ഓഫ് എക്സ്പേര്‍ട്സിന്റെ രഹസ്യയോഗത്തിലാണ് അലി ഖമീനിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഖമീനിയെ പിന്‍ഗാമിയായി തിരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അസംബ്ലി ഓഫ് എക്സ്പേര്‍ട്സിലെ 60 അംഗങ്ങങ്ങളുടെ ഒരു അസാധാരണ യോഗം ആയത്തുള്ള ഖമീനി വിളിച്ചുചേര്‍ത്തു. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കി. അലി ഖമീനിയുടെ തീരുമാനത്തോടും തിരഞ്ഞെടുപ്പ് പ്രക്രിയയോടും അംഗങ്ങള്‍ക്ക് തുടക്കത്തില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെയും പ്രതിനിധികളുടെയും നിര്‍ബന്ധത്തെത്തുടര്‍ന്ന് മുജ്തബയെ പിന്‍ഗാമിയായി നിയമിക്കാന്‍ യോഗം ഏകകണ്ഠമായ ധാരണയിലെത്തിയെന്നാണ് ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി ഭീഷണിയടക്കം പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

placeholder
ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നവർ (ഫയൽ ചിത്രം) | Photo : Majid Saeedi/Getty Images
ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരചടങ്ങിൽ പങ്കെടുക്കുന്നവർ (ഫയൽ ചിത്രം) | Photo : Majid Saeedi/Getty Images

ജനകീയ പ്രതിഷേധം ഭയന്നാണ് പരമാവധി രഹസ്യമായി യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുജ്തബയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരം ചോര്‍ന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാനും അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് യോഗത്തിന്റെ വിശദാംശങ്ങള്‍ മാസങ്ങളോളം പുറത്തുവരാതിരുന്നതെന്നാണ് വൈനെറ്റ്‌ ന്യൂസ് അവകാശപ്പെടുന്നത്. മുജ്തബയുടെ തിരഞ്ഞെടുപ്പ് ആശ്ചര്യകരമല്ലെങ്കിലും അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇറാനിയന്‍ സര്‍ക്കാരില്‍ ഔപചാരിക സ്ഥാനങ്ങളൊന്നും വഹിച്ചിട്ടില്ലാത്ത മുജ്തബയുടെ പരിചയക്കുറവ് തന്നെയാണ് വിമര്‍ശകര്‍ ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ ഇബ്രാഹിം റെയ്സിയുടെ മരണമാണ് അസാധാരണ സാഹചര്യം ഇറാനില്‍ സൃഷ്ടിച്ചത്.  

ആരാണ് മുജ്തബ ഖമീനി? 

അലി ഖമീനിയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് അന്‍പത്തിയഞ്ചുകാരനായ മുജ്തബ ഖമീനി. 1969-ല്‍ മഷ്ഹദിലാണ് മുജ്തബയുടെ ജനനം. 1987-ല്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സി(ഐ.ആര്‍.ജി.സി.)ല്‍ ചേര്‍ന്നു. ഐ.ആര്‍.ജി.സിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത് തീവ്രഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയന്‍ അംഗങ്ങളാണ്. ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തില്‍ മുജ്തബ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് വേണ്ടി സേവനമനുഷ്ഠിച്ചു. സൈനിക സേവനത്തിന് ശേഷമാണ് മുജ്തബ മതപഠനം ആരംഭിക്കുന്നച്. ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ 1999-ലാണ് അദ്ദേഹം മതപഠനത്തിന് ചേര്‍ന്നത്. പിതാവിന്റെയും അദ്ദേഹത്തിന് സ്വാധീനമുള്ള മറ്റ് അധ്യാപകരുടെയും കീഴില്‍ ദൈവശാസ്ത്രം പഠിച്ച് ഒരു പുരോഹിതനായി. 

placeholder
മൊജ്താബ ഖമീനി | Photo: x.com/Sayyid_Mojtaba
മുജ്തബ ഖമീനി | Photo: x.com/Sayyid_Mojtaba

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുജ്തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. ഇതിനിടെ സൈന്യത്തില്‍ മാത്രമല്ല, ഇറാനിലെ ഉന്നത പുരോഹിതന്മാരുമായും ശക്തമായ ബന്ധം സൃഷ്ടിച്ചു. 2005-ലെ ഇറാനിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുജ്തബയ്ക്ക് നിര്‍ണായകമായുരുന്നു. ഈ തിരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്മദി നെജാദിനെ അദ്ദേഹം പിന്തുണച്ചു. തിരഞ്ഞെടുപ്പില്‍ നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മുജ്തബ ഇടപെട്ടിരുന്നു. 2009-ല്‍ നടന്ന തിരഞ്ഞെടുപ്പിലും മഹ്മൂദ് അഹമ്മദി നെജാദിനെ മുജ്തബ പിന്തുണച്ചു. 2009-ല്‍ അഹ്മദി നെജാദിന് തുടര്‍ഭരണം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ ക്രമക്കേടാരോപിച്ച് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഗ്രീന്‍ മൂവ്‌മെന്റ് എന്നറിയപ്പെട്ട രാജ്യവ്യാപക പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ മുജ്തബയ്ക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു. പക്ഷേ, മുജ്തബ, ട്രഷറിയില്‍നിന്ന് പണം ധൂര്‍ത്തടിച്ചതായി ആരോപിച്ചതിനെത്തുടര്‍ന്ന് അഹമ്മദി നജാദുമായുള്ള ബന്ധം വഷളായി. 

ഇറാന്‍ സര്‍ക്കാരില്‍ പദവികളോ മതപരമായ പ്രധാന സ്ഥാനങ്ങളോ വഹിക്കുന്നില്ലെങ്കിലും ഖമീനിയുടെ ഓഫിസില്‍ വലിയ സ്വാധീനം മുജ്തബയ്ക്കുണ്ട്. പൊതുവേദികളില്‍ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂവെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി മുജ്തബ ഖമീനി ഇറാന്റെ ഭരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായി റിപ്പോര്‍ട്ടുണ്ട്. 2021-ലാണ് അദ്ദേഹത്തിന് 'ആയത്തുള്ള'  പദവി ലഭിക്കുന്നത്.  2022-ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെ തകര്‍ത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്. 1989-ല്‍ റൂഹുള്ള ഖമീനിയുടെ മരണശേഷം, പിന്തുടര്‍ച്ചാവകാശം താരതമ്യേന എതിര്‍ക്കപ്പെട്ടില്ല. പക്ഷേ അതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ടായിരുന്നു. എന്നാല്‍, അലി ഖമീനിയുടെ പിന്‍ഗാമി പ്രഖ്യാപനം ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അലി ഖമീനിയുടെ ശക്തികേന്ദ്രത്തോട് അടുപ്പമുള്ള പലരും ഇറാനിയന്‍ ജനതയ്ക്ക്  ഇഷ്ടപ്പെടാത്തവരാണ്. അലി ഖമീനി പരമോന്നത നേതാവാകുന്നതിന് മുമ്പ് ഇറാന്റെ പ്രസിഡന്റായിരുന്നു. എന്നാല്‍ അത്തരം അനുകൂല ഘടകങ്ങളൊന്നും മുജ്തബയ്ക്കില്ല. അതിനാല്‍ തന്നെ പരമോന്നത നേതാവിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇറാന്‍ ജനത എങ്ങനെ സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.