ന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി പുരി ബുച്ചിന് ഇത് കടുത്ത പരീക്ഷണങ്ങളുടെ കാലഘട്ടമാണ്. അദാനിഗ്രൂപ്പ് കമ്പനികളിലേക്ക് പണമെത്തിയ വിദേശനിക്ഷേപ കമ്പനികളില്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്ന യു.എസ്. സ്ഥാപനമായ ഹിന്‍ഡെന്‍ബര്‍ഗ് റിസേര്‍ച്ച് റിപ്പോര്‍ട്ടാണ് മാധബിക്ക് തലവേദന സൃഷ്ടിക്കുന്നത്. ബെര്‍മുഡയിലും മൗറീഷ്യസിലുമുള്ള കടലാസ് കമ്പനികളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ ആരോപണം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഇതേ കമ്പനികളിലെ നിക്ഷേപം ഉപയോഗിച്ചാണ് അദാനി കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും ഹിന്‍ഡെന്‍ബെര്‍ഗ് ആരോപിക്കുന്നു. ഇതോടെ അദാനിക്കെതിരായ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ബാധ്യസ്ഥരായ സെബിയെ തന്നെ പ്രതികൂട്ടില്‍ നിര്‍ത്തുകയായിരുന്നു ഹിന്‍ഡെന്‍ബര്‍ഗ്. എന്നാല്‍ ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ വ്യക്തിഹത്യയാണെന്നും സെബിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് മാധബി പുരിയുടെ വാദം. അദാനി ഗ്രൂപ്പും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. 

To advertise here,

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഹിന്‍ഡെന്‍ബെര്‍ഗിന്റെ പുതിയ ആരോപണം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദാനിക്കെതിരേ ഹിന്‍ഡെന്‍ബെര്‍ഗ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരി വിലകളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗ് 2023 ജനുവരി 24-ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവില ഗണ്യമായി ഇടിയുകയും നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടമുണ്ടാകുകയും ചെയ്തു. പക്ഷേ, ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ പ്രതിരോധത്തിലായത് സെബിയും അതിന്റെ മേധാവി മാധബി പുരി ബുച്ചുമാണ്. 2022 മാര്‍ച്ച് ഒന്നിനാണ് മാധബി ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആകുന്നത്. 2017 മുതല്‍ തന്നെ ബോര്‍ഡില്‍ മുഴുവന്‍ സമയ അംഗമാണ്. സെബിയുടെ മേധാവി എന്നതിനപ്പുറം ആരാണ് മാധബി പുരി ബുച്ച്? എന്തുകൊണ്ടാണ് അവര്‍ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടിലായത്? അവരും അദാനി? ഗ്രൂപ്പും തമ്മില്‍ എന്താണ് ബന്ധം?

placeholder
മാധബി പുരി ബുച്ച് | Photo: Kunal Patil/ PTI

മാധബി എന്ന കരുത്തയായ സ്ത്രീ

മഹാരാഷ്ട്രയില്‍ 1966-ലാണ് മാധബി പുരി ജനിച്ചത്. പിതാവ് കമല്‍ പുരി കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു. മാതാവാകട്ടെ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷണ ബിരുദം നേടിയ വ്യക്തിയും. മുംബൈയിലെ ഫോര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലും ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്‍ഡ് മേരിയിലുമാണ് മാധബി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം) നിന്ന് എം.ബി.എ. കരസ്ഥമാക്കി.

പതിനെട്ടാം വയസ്സില്‍ യൂണിലിവറില്‍ ഡയറക്ടറായിരുന്ന ധവാല്‍ ബുച്ചുമായി വിവാഹനിശ്ചയം നടത്തി. മാധബിക്ക് 21 വയസ്സ് തികഞ്ഞപ്പോള്‍ ഇരുവരും വിവാഹിതരായി. തുടര്‍ന്ന് അവര്‍ മകന്‍ അഭയയ്ക്ക് ജന്മം നല്‍കി. തന്റെ വിജയത്തിന് പിന്നില്‍ സുഹൃത്തും തത്ത്വചിന്തകനും വഴികാട്ടിയുമായ ഭര്‍ത്താവും മകനുമാമെന്നും ഇരുവരോടും കടപ്പെട്ടിരിക്കുന്നുവെന്നും മാധബി പില്‍ക്കാലത്ത് പറഞ്ഞിരുന്നു. 26/11 മുംബൈ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാളാണ് മാധബി. ഭീകരാക്രമണം നടക്കുന്ന സമയത്ത് യൂണിലിവര്‍ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ ഭര്‍ത്താവിനൊപ്പം താജ്മഹല്‍ പാലസ് ഹോട്ടലില്‍ അവരുമുണ്ടായിരുന്നു. മനസ്സുറപ്പും ഭാഗ്യവുമാണ് വലിയ അത്യാഹിതത്തില്‍നിന്ന് തങ്ങളെ രക്ഷിച്ചതെന്ന് പില്‍ക്കാലത്ത് ഇരുവരും പറഞ്ഞിരുന്നു.  

സാമ്പത്തികമേഖലയില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട് മാധബിക്ക്. 1989-ല്‍ 23-ാം വയസില്‍ രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐയിലാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. കോര്‍പ്പറേറ്റ് ഫിനാന്‍സ്, ബ്രാന്‍ഡിങ്, ട്രഷറി, ലോണുകള്‍ എന്നിവയുള്‍പ്പെടെ 12 വര്‍ഷത്തോളം വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പ്രവര്‍ത്തിച്ചു. 1993-നും 1995-നും ഇടയില്‍ രണ്ട് വര്‍ഷം ഇംഗ്ലണ്ടിലെ വെസ്റ്റ് ചെഷയര്‍ കോളേജില്‍ ലക്ചററായി ജോലി ചെയ്തു. 1997 മുതല്‍ 2002 വരെ അഞ്ച് വര്‍ഷംഐ.സി.ഐ.സി.ഐ. മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിയായും തുടര്‍ന്ന് 2002 മുതല്‍ 2003 വരെ ഉത്പന്ന വികസനത്തിന്റെ തവവനുമായിരുന്നു. 2006-ല്‍ അവര്‍ ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസിലേക്ക് മാറി. 2009 ഫെബ്രുവരി മുതല്‍ 2011 മേയ് വരെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയും ആയി. ബാങ്കിന്റെ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായിരിക്കെയാണ് സ്ഥാപനത്തിൽനിന്ന് മാധബി പടിയിറങ്ങിയത്. 

2011-ല്‍, മാധബി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ എല്‍എല്‍പിയുടെ ബിസിനസ് ഡെവലപ്മെന്റ് മേധാവിയായി സിങ്കപ്പൂരിലേക്ക് മാറി. പിന്നീട് ഷാങ്ഹായില്‍ ബ്രിക്സ് രാജ്യങ്ങള്‍ സ്ഥാപിച്ച ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിച്ചു. സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ഡയറക്ടര്‍ കൂടിയാണ് അവര്‍. ഇതിനിടെ ഐഡിയ സെല്ലുലാറിന്റെ നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടറായി അവര്‍ പ്രവര്‍ത്തിച്ചു. ഇതുകൂടാതെ, സണ്‍സാര്‍ ടെക്നോളജീസ്, ഇന്നോവന്‍ ക്യാപിറ്റല്‍, മാക്സ് ഹെല്‍ത്ത്കെയര്‍ എന്നിവയില്‍ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോളുകള്‍ അവര്‍ വഹിച്ചു. കൂടാതെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് മാനേജ്‌മെന്റിന്റെ സ്വതന്ത്ര ഡയറക്ടറായും സേവനമനുഷ്ഠിച്ചു.  

placeholder
മാധബി പുരി ബുച്ച് | Photo: Kunal Patil | PTI 

സെബി അധ്യക്ഷയായ ആദ്യ വനിത

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയായിരുന്നു (സെബി) മാധബി പുരിയുടെ അടുത്ത തട്ടകം. 2017 ഏപ്രിലിലാണ് മാധബി സെബിയില്‍ ജോയിന്‍ ചെയ്യുന്നത്. സെബിയില്‍ മുഴുവന്‍ സമയ അംഗമായതോടെ അവര്‍ മറ്റ് ജോലികളില്‍നിന്ന് വിരമിച്ചു. സെബിയുടെ മുഖ്യസ്ഥാനങ്ങളിലൊന്നില്‍ നിയമിതയായ ആദ്യത്തെ വനിതയും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആദ്യത്തെ വ്യക്തിയുമായിരുന്നു അവര്‍. 3.75 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ മൂന്ന് വര്‍ഷത്തേക്കായിരുന്നു മാധബിയുടെ നിയമനം. അന്നത്തെ സെബി ചെയര്‍മാന്‍ അജയ് ത്യാഗിയുടെ ടീമിലായിരുന്നു അവരുടെ പ്രവര്‍ത്തനം. ഇക്കാലഘട്ടത്തില്‍ സെബിയില്‍ മാര്‍ക്കറ്റ് റഗുലേഷന്‍, നിക്ഷേപ മാനേജ്മെന്റ് തുടങ്ങിയ പ്രധാന വകുപ്പുകള്‍ക്കു മേല്‍നോട്ടം വഹിച്ചിരുന്ന മുഴുവന്‍ സമയ അംഗമായിരുന്നു മാധബി. 2021 ഒക്ടോബര്‍ നാല് വരെ അവര്‍ സെബിയുടെ മുഴുവന്‍ സമയ അംഗമായി പ്രവര്‍ത്തിച്ചു. 2022 മാര്‍ച്ചില്‍ മാധബിയെ സെബിയുടെ ചെയര്‍പേഴ്‌സണായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. അജയ് ത്യാഗിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് മാധബി നിയമിതയാകുന്നത്. വിപണി റെഗുലേറ്ററായ സെബിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തിയ ആദ്യത്തെ വനിതയായിരുന്നു മാധബി. 56-ാം വയസ്സില്‍ സെബിയുടെ ചെയര്‍പേഴ്‌സണാകുമ്പോള്‍ അതിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ മേധാവി എന്ന നേട്ടവും അവര്‍ സ്വന്തമാക്കി. 

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കുരുങ്ങി

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കമ്പനികളുടെ ഓഹരി ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനിയായ ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്ത് എത്തിയതോടെയാണ് മാധബി പുരി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതില്‍ പണമെത്തിയ വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നു ഹിന്‍ഡെന്‍ബര്‍ഗ് ആരോപിച്ചത്. ഇരുവരും ഈ കമ്പനികളില്‍ നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി രേഖകളും പുറത്തുവിട്ടു. 2023 ജനുവരി 24-നാണ് അദാനി ഗ്രൂപ്പിന് നേരേ ഹിന്‍ഡെന്‍ബര്‍ഗ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. ഓഹരികളില്‍ കൃത്രിമം നടത്തിയും തെറ്റായ കണക്കുകള്‍ അവതരിപ്പിച്ചും കമ്പനികളുടെ മൂല്യം ഉയര്‍ത്തി വന്‍തോതില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ പ്രധാന ആരോപണം. വിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് പ്രധാന കമ്പനികളുടെയും യഥാര്‍ഥമൂല്യം നിലവിലുള്ളതിനേക്കാള്‍ 85 ശതമാനം കുറവാണെന്നും അവര്‍ ആരോപിച്ചു. എന്നാലിത് അദാനി നിഷേധിച്ചു. അന്വേഷണം നടത്തുന്നതിനുപകരം ഹിന്‍ഡെന്‍ബെര്‍ഗിന് സെബി നോട്ടീസ് അയച്ചതും വിമര്‍ശനം വിളിച്ചുവരുത്തി. 

placeholder
മുംബൈയിലെ സെബി ഭവൻ. | Photo: PTI

ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളില്‍ മാധബിക്കും ഭര്‍ത്താവിനും ഓഹരികളുള്ളതായാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ പുതിയ ആരോപണം. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഈ ഫണ്ടുകളിലൂടെ കമ്പനികളിലേക്ക് നിക്ഷേപം നടത്തിയെന്നും ഹിന്‍ഡെന്‍ബര്‍ഗ് ആരോപിച്ചു. 2015 ജൂണ്‍ അഞ്ചിനാണ് സിങ്കപ്പൂരില്‍ ഐ.പി.ഇ. പ്ലസ് ഫണ്ട് ഒന്നില്‍ ബുച്ചും ഭര്‍ത്താവും അക്കൗണ്ട് തുറക്കുന്നതെന്ന് രേഖകളില്‍ പറയുന്നു. ഐ.ഐ.എഫ്.എല്‍. പ്രിന്‍സിപ്പല്‍ അരുണ്‍ ചോപ്രയാണ് ഈ രേഖകളില്‍ ഒപ്പിട്ടിട്ടുള്ളത്. പണത്തിന്റെ സ്രോതസ്സായി കാണിച്ചിട്ടുള്ളത് ശമ്പളമാണ്. ഇരുവരുടെയും ആസ്തിയായി ഏകദേശം ഒരു കോടി ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2017 ഏപ്രിലിലാണ് മാധബിയെ സെബിയുടെ മുഴുവന്‍സമയ ഡയറക്ടറായി നിയമിക്കുന്നത്. ഇതിന് ഏതാനും ആഴ്ച മുന്‍പ് ഫണ്ട് കൈകാര്യം ചെയ്തിരുന്ന ജോയിന്റ് അക്കൗണ്ട് ധവാല്‍ ബുച്ചിന്റെ പേരിലേക്കു മാറ്റുന്നതിനായി മൗറീഷ്യസ് ഫണ്ട് അഡ്മിനിസ്‌ട്രേറ്ററായ ട്രൈഡന്റ് ട്രസ്റ്റിന് അയച്ച ഇ-മെയിലിന്റെ പകര്‍പ്പും പുറത്തുവിട്ടിട്ടുണ്ട്. 2022-ല്‍ സെബിയുടെ മുഴുവന്‍സമയ ഡയറക്ടറായി തുടര്‍ന്ന കാലയളവില്‍ മാധബി പുരി ബുച്ച് ഈ ഫണ്ടുകളില്‍ താത്പര്യം പുലര്‍ത്തിയിരുന്നുവെന്നും ഹിന്‍ഡെന്‍ബര്‍ഗ് ആരോപിക്കുന്നു.

സെബി ഡയറക്ടര്‍ബോര്‍ഡ് അംഗമായിരിക്കെ മാധബി ക്രമവിരുദ്ധമായി കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍നിന്ന് വരുമാനംനേടിയെന്ന് മറ്റൊരു ആരോപണം. 2017-ലാണ് മാധബി സെബി ഡയറക്ടര്‍ ബോര്‍ഡ് അംഗമാകുന്നത്.  2022-ല്‍ ചെയര്‍പേഴ്‌സണായി. ഇക്കാലയളവില്‍ അഗോറ അഡ്വൈസറിയിൽ മാധബിക്ക് 99 ശതമാനം ഓഹരികളുള്ളതായാണ് പുതിയ വെളിപ്പെടുത്തല്‍. 3.71 കോടി രൂപ ഇക്കാലത്ത് വരുമാനമായി ഇവര്‍ക്കു ലഭിച്ചതായും രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ സൂചിപ്പിക്കുന്നു. 2008-ലെ സെബി നയമനുസരിച്ച് അതിന്റെ മേധാവിക്ക് മറ്റു പ്രൊഫഷണല്‍ ജോലികളിലൂടെ വരുമാനമുണ്ടാക്കാന്‍ പാടില്ല. മാധബി ഈ ചട്ടം ലംഘിച്ചതായാണ് പുതിയ വെളിപ്പെടുത്തല്‍. എന്നാല്‍, കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ വിവരങ്ങള്‍ സെബിക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ബുച്ച് പറയുന്നത്. 2022-ല്‍ മാധബി സെബി ചെയര്‍പേഴ്‌സണായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കിടെ സിങ്കപ്പൂരിലെ കണ്‍സള്‍ട്ടന്‍സി കമ്പനിയായ അഗോറ പാര്‍ട്‌ണേഴ്‌സില്‍ മാധബിക്കുണ്ടായിരുന്ന ഓഹരികള്‍ ഭര്‍ത്താവിനു കൈമാറിയെന്ന് ഹിന്‍ഡെന്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ കമ്പനിയായ അഗോറ അഡ്വൈസറിയിലെ പങ്കാളിത്തം ഇവര്‍ തുടര്‍ന്നതായാണ് രേഖകള്‍. 

placeholder
ഗൗതം അദാനി | Photo: PTI

മാധബിയും ആദാനിയും തമ്മിലെന്ത്? 

അദാനി ഗ്രൂപ്പിനെതിരായ അന്വേഷണങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ മാധബി പുരി ബുച്ചിന് ചില താത്പര്യങ്ങളുള്ളതായാണ് ഹിന്‍ഡെന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ വിദേശനിക്ഷേപങ്ങളില്‍ മാധബിക്കും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്നും ഹിന്‍ഡെന്‍ബെര്‍ഗ് പറഞ്ഞിരുന്നു. 2023 ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരേ ഹിന്‍ഡെന്‍ബെര്‍ഗ് ആദ്യം ആരോപണമുന്നയിച്ചപ്പോള്‍ സെബി താല്പര്യം കാണിക്കാതിരുന്നത് ഇതുകൊണ്ടാണെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണം. അദാനിക്കെതിരേ  അന്വേഷണം നടത്തുന്നതിനുപകരം ഹിന്‍ഡെന്‍ബെര്‍ഗിന് സെബി നോട്ടീസ് അയക്കുകയായിരുന്നു. കണ്‍സള്‍ട്ടന്‍സി കമ്പനികളിലെ മാധബിയുടെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിന്റെയും ഓഹരി പങ്കാളിത്തം സംബന്ധിച്ചും ഹിന്‍ഡെന്‍ബര്‍ഗ് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ് കമ്പനികളില്‍ പങ്കാളിത്തമുള്ള വിദേശനിക്ഷേപക സ്ഥാപനങ്ങളില്‍ നിക്ഷേപമുണ്ടെന്ന ആരോപണം മാധബി പുരി ബുച്ച് തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പണമിടപാടുകള്‍ തുറന്ന പുസ്തകമാണെന്നും മാധബിയും ഭര്‍ത്താവും പറഞ്ഞു. ആരോപണങ്ങള്‍ വ്യക്തിഹത്യക്കുള്ള ശ്രമമാണെന്നാണ് അവരുടെ നിലപാട്. 

ആരോപണവിധേയമായ നിക്ഷേപങ്ങള്‍ സെബിയുടെ മുഴുവന്‍സമയ അംഗമാകുന്നതിന് രണ്ടുവര്‍ഷംമുന്‍പ് സിങ്കപ്പൂരില്‍ താമസിക്കുന്ന സമയത്ത് നടത്തിയതാണെന്നാണ് മാധബിയുടെ വിശദീകരണം. ധവാലിന്റെ സഹപാഠിയായിരുന്ന അനില്‍ അഹുജ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറായിരുന്നതിനാലാണ് നിക്ഷേപം നടത്തിയത്. ആ പണം അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരികളിലോ കടപ്പത്രങ്ങളിലോ നിക്ഷേപിച്ചിട്ടില്ലെന്നാണ് അവരുടെ വിശദീകരണം. ധവാല്‍   2019-ല്‍സ്വന്തം കണ്‍സല്‍ട്ടന്‍ സിസ്ഥാപനങ്ങള്‍ തുടങ്ങിയതിന് തന്റെ ജോലിയുമായി ബന്ധമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒപ്പം ഹിന്‍ഡെന്‍ബര്‍ഗിനെതിരായ ആരോപണങ്ങള്‍ കടുപ്പിക്കുകയും ചെയ്തു മാധബി. ഇന്ത്യയിലെ നിയമലംഘനങ്ങള്‍ക്ക് ഹിന്‍ഡെന്‍ബെര്‍ഗിന് സെബി പലതവണ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളതാണെന്നാണ് മാധബി പറയുന്നത്. ഇതുവരെ മറുപടിനല്‍കാതെ സെബിയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ഇപ്പോള്‍ അവര്‍ ശ്രമിക്കുന്നത്. സെബിക്കുനേരേയുള്ള ആരോപണങ്ങള്‍ക്ക് സെബി മറുപടി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. 

ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണങ്ങള്‍ക്കെതിരേ അദാനി ഗ്രൂപ്പും രംഗത്തെത്തി. ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണെന്നും തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. വിദേശഓഹരി പങ്കാളിത്തം സുതാര്യമാണെന്നാണും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. 2023 ജനുവരിയിലാണ് ഹിന്‍ഡെന്‍ബെര്‍ഗ് ആദ്യമായി ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നുകണ്ട് ആവര്‍ഷം മാര്‍ച്ചില്‍ സുപ്രീംകോടതി അത് തള്ളിയതാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോപണങ്ങള്‍ വിദേശനിക്ഷേപക സ്ഥാപനമായ ബ്ലാക്ക്സ്റ്റോണും നിഷേധിച്ചു. ധവാല്‍ ബുച്ച് 2019 മുതല്‍ ബ്ലാക്ക്സ്റ്റോണിന്റെ മുതിര്‍ന്ന ഉപദേശകനാണെങ്കിലും കമ്പനിയുടെ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് ബന്ധമില്ലെന്നാണ് ബ്ലാക്ക്സ്റ്റോണിന്റെ പ്രതികരണം. ഹിന്‍ഡെന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലിനെ തത്കാലം ഗൗനിക്കേണ്ടെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. ഓഹരിനിക്ഷേപകരുടെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.