ഗൗതം അദാനി, നാഥൻ ആൻഡേഴ്സൺ
ന്യൂഡല്‍ഹി: ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടി ശ്രദ്ധനേടിയ ബിസിനസ് ഐക്കണാണ് ഗൗതം അദാനി. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ നിക്ഷേപക ഗവേഷണ ഏജന്‍സിയുടെ ഒരു റിപ്പോര്‍ട്ട് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനെ തെല്ലൊന്നുമല്ല ഉലച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണങ്ങളുള്ള റിപ്പോര്‍ട്ടിന്റെ പശ്ചാത്തലങ്ങള്‍ക്കിടെ വെള്ളിയാഴ്ച ധനസമാഹരണം ലക്ഷ്യമിട്ടിറങ്ങിയ അദാനിയുടെ നീക്കവും പാളി. അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരി വില തുടര്‍ച്ചയായ രണ്ടാം ദിവസവും തകര്‍ച്ച നേരിട്ടു.
ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നശേഷം രണ്ടുദിവസംകൊണ്ട് അദാനി ഗ്രൂപ്പിന്റെ പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ ഏകദേശം 4.18 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.
അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം. അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കമ്പനി ഞെട്ടിപ്പോഴെന്നാണ് അദാനി ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗശീന്ദര്‍ സിങ് പ്രതികരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തികച്ചും അടിസ്ഥാനരഹിതവും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമുള്ളതാണ് ഈ റിപ്പോര്‍ട്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിനിടെ നിയമനടപടികളിലേക്ക് കടക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നതായും നിയമനടപടികള്‍ക്കായി എല്ലാ രേഖകളും തയ്യാറാക്കി വെച്ചിട്ടുണ്ടെന്നുമാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് പ്രതികരിച്ചിട്ടുള്ളത്.
എന്താണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് ചെയ്യുന്നത്
ഫോറന്‍സിക് ധനകാര്യ ഗവേഷണത്തിലാണ് കമ്പനി സ്പെഷ്യലൈസ് ചെയ്യുന്നതെന്നാണ് ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് അവരുടെ വെബ്സൈറ്റില്‍ പറയുന്നത്. നിക്ഷേപക മാനേജ്മെന്റ് മേഖലയില്‍ ദീര്‍ഘകാലത്തെ പരിചയസമ്പത്തും അവര്‍ അവകാശപ്പെടുന്നുണ്ട്.
അസാധാരണമായ ഉറവിടങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ഏറ്റവും പ്രയാസകരമായ വിവരങ്ങള്‍ കണ്ടെത്തുകയും അതില്‍ ഗവേഷണം നടത്തുകയും ചെയ്യുക. പ്രത്യേകിച്ച് അക്കൗണ്ട് ക്രമക്കേടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. മാനേജ്മെന്റിലോ പ്രധാന ചുമതല വഹിക്കുന്നവരിലോ മോശം പ്രകടനം നടത്തുന്നവരെ കണ്ടെത്തുക. കമ്പനികള്‍ വെളിപ്പെടുത്താത്ത ഇടപാടുകള്‍ പരിശോധിക്കുക. നിയമവിരുദ്ധമോ ധാര്‍മികതയ്ക്ക് നിരയ്ക്കാത്തതോ ആയ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക, തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഇവരുടെ പ്രധാന ഗവേഷണ വിഷയങ്ങള്‍.
കമ്പനിക്ക് പിന്നിലുള്ളവര്‍
ഹിന്‍ഡെന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം 38-കാരനായ നാഥന്‍ ആന്‍ഡേഴ്സണാണ് സ്ഥാപിച്ചത്. 2021 ജൂണില്‍ ഫിനാന്‍ഷ്യല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച സ്ഥാപകന്റെ വിവരങ്ങള്‍ അനുസരിച്ച്, കണക്റ്റിക്കട്ട് യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ ബിസിനസ് മാനേജ്മെന്റ് പഠിച്ചു, ജറുസലേമില്‍ താമസിച്ചു, അമേരിക്കയിലേക്ക് മടങ്ങുന്നതിന് മുമ്പ് അദ്ദേഹം ഫാക്റ്റ്സെറ്റ് എന്ന സാമ്പത്തിക സോഫ്റ്റ്വെയര്‍ കമ്പനിയില്‍ കണ്‍സള്‍ട്ടിംഗ് ജോലിയിലുണ്ടായിരുന്നു.
ഫിനാന്‍ഷ്യല്‍ ടൈംസില്‍ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് ആന്‍ഡേഴ്സണ്‍ അഞ്ച് മുഴുവന്‍ സമയം ജോലിക്കാരും കുറച്ച് കരാര്‍ ജീവനക്കാരുമടങ്ങിയ ചെറു സംഘത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്.
ഹിന്‍ഡെന്‍ബര്‍ഗ് സ്ഥാപിക്കുന്നതിന് ആന്‍ഡേഴ്സണ്‍ മുമ്പ് പ്രശസ്തനായ സാമ്പത്തിക തട്ടിപ്പ് അന്വേഷകനായ ഹാരി മാര്‍കോപോളോസിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിന്‍ഡെന്‍ബര്‍ഗിന്റെ ട്രാക്ക് റെക്കോര്‍ഡ്
ഹിന്‍ഡെന്‍ബര്‍ഗ് മുമ്പ് നടത്തിയിട്ടുള്ള പല ഗവേഷണങ്ങളെ സംബന്ധിച്ചും അവരുടെ വെബ്‌സൈറ്റില്‍ ട്രാക്ക് റെക്കോര്‍ഡായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു അമേരിക്കന്‍ എനര്‍ജി സൊല്യൂഷന്‍ കമ്പനിയായായ നിക്കോളയാണ് അതിലൊന്ന്. ഹിന്‍ഡെന്‍ബര്‍ഗിന്റേയും ആന്‍ഡേഴ്‌സിന്റേയും കരിയറില്‍ കുതിച്ചുചാട്ടം ഉണ്ടാക്കിയ ഒരു ഗവേഷണ റെക്കോര്‍ഡാണ് നിക്കോളയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ളത്.
വിന്‍സ് ഫിനാന്‍സാണ് ഹിന്‍ഡെന്‍ബര്‍ഗിന്റെ ട്രാക്ക് റെക്കോര്‍ഡിലുള്ള മറ്റൊരു കമ്പനി. ചൈനയിലെ അതിന്റെ ഒരു അനുബന്ധ സ്ഥാപനത്തിന്മേല്‍ ചുമത്തിയ ആസ്തി മരവിപ്പിക്കല്‍ യുഎസ് നിക്ഷേപകരോട് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഹിന്‍ഡെന്‍ബര്‍ഗ് വെളിപ്പെടുത്തി.
ഹിന്‍ഡെന്‍ബര്‍ഗിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയമവിധേയമായും നടപടിക്രമങ്ങള്‍ പാലിച്ചുമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അദാനി ഗ്രൂപ്പ് നിയമ നടപടികളിലേക്ക് കടക്കുമെന്ന് അറിയിച്ച ഘട്ടത്തില്‍ അവരോട് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന യുഎസില്‍ കൂടി കേസ് ഫയല്‍ ചെയ്യാനാണ് ഹിന്‍ഡെന്‍ബര്‍ഗ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമനടപടികള്‍ക്കാവശ്യമായ എല്ലാ രേഖകളും തയ്യാറാക്കിവെച്ചതായും അവര്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.
ഹിന്‍ഡെന്‍ബര്‍ഗ് എന്ന പേരിന് പിന്നില്‍
1937-ലുണ്ടായ ഹിന്‍ഡെന്‍ബര്‍ഗ് ദുരന്തത്തില്‍ നിന്നാണ് കമ്പനി ഈ പേര് സ്വീകരിച്ചത്. ഒരു ജര്‍മ്മന്‍ യാത്രാ എയര്‍ഷിപ്പിന് തീപിടിച്ച് 35 പേര്‍ കൊല്ലപ്പെട്ട ഒരു അപകടമാണ് ഹിന്‍ഡെന്‍ബര്‍ഗ് ദുരന്തം എന്ന പേരില്‍ അറിയപ്പെടുന്നത്. തികച്ചും മനുഷ്യനിര്‍മിതവും പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതുമായ ഒരു ദുരന്തത്തിന്റെ മൂര്‍ത്തീഭാവമായാണ് ഞങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗിനെ കാണുന്നതെന്നാണ് കമ്പനി പറയുന്നത്.
വിപണിയില്‍ ചുറ്റിത്തിരിയുന്ന സമാനമായ മനുഷ്യനിര്‍മിത ദുരന്തങ്ങളെ കുറിച്ചാണ് തങ്ങള്‍ അന്വേഷിക്കുന്നത്. കൂടുതല്‍ ആളുകള്‍ ഇരകളാകം മുമ്പ് അവര്‍ക്ക് വെളിച്ചംവീശുകയാണ് ലക്ഷ്യമെന്നും ഹിന്‍ഡെന്‍ബര്‍ഗ് പറയുന്നു.
Content Highlights: who is Hindenburg Research company-Adani Group
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..