ണിക്കൂറുകളോളം വേണ്ടി വരുന്ന യാത്ര മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയായാല്‍ എങ്ങനെയിരിക്കും? അതിന് നമ്മളറിയുന്ന റോഡോ റെയിലോ വിമാനമോ വേണ്ടിവരില്ലെന്ന് അറിയുമ്പോഴോ? സങ്കല്‍പത്തിലെ യാത്രാനുഭവം യാഥാര്‍ഥ്യമാവാന്‍ ഇനി അധികംകാലം കാത്തിരിക്കേണ്ടി വരില്ല. ഹൈപ്പര്‍ ലൂപ്പ് എന്ന വേഗതയുടെ അത്ഭുതം ഇന്ത്യയിലും സാധ്യമാവാന്‍ ഒരു പദ്ധതിക്കാലം മാത്രം ബാക്കി. ആഗോള പരീക്ഷണങ്ങള്‍ക്കൊപ്പം ഇന്ത്യയും ഹൈപ്പര്‍ ലൂപ്പ് സാക്ഷാത്കരിക്കുന്നതിന്റെ ആദ്യഘട്ടത്തിലാണുള്ളത്. ഇന്ത്യയിലെ ആദ്യ പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. 40 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പദ്ധതി ലോകോത്തര ഗതാഗത സംവിധാനങ്ങളുടെ ഏറ്റവും പുതിയ സാങ്കേതികതയെ ഇന്ത്യയും പുല്‍കാനൊരുങ്ങുന്നതിന്റെ ആദ്യ പടിയായി മാറുകയാണ്. വേഗം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ഹൈപ്പര്‍ലൂപ്പ്. 

To advertise here,

എന്താണ് ഹൈപ്പര്‍ ലൂപ്പ്?

പറക്കും വേഗത്തില്‍ ട്യൂബുകളിലൂടെയുള്ള യാത്ര. ഹൈപ്പര്‍ലൂപ്പിനെ ഏറ്റവും ലളിതമായി ഇങ്ങനെ പറയാം. വേഗത വര്‍ധിപ്പിക്കുമ്പോള്‍ തടസ്സമായി പ്രവര്‍ത്തിക്കുന്ന വായു, ഘര്‍ഷണം എന്നീ ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട് പുതിയ മാര്‍ഗം തേടുകയാണ് ഹൈപ്പര്‍ലൂപ്പ് ചെയ്യുന്നത്. അതായത് വായു നീക്കം ചെയ്ത് ചേര്‍ത്തുവെച്ച ഭീമന്‍ കുഴലിനുള്ളിലൂടെ, ട്രെയിനിന്റെ ബോഗി പോലെയോ പേടകം പോലെയോ ഉള്ള പോഡുകള്‍ അഥവാ ക്യാപ്‌സ്യൂളുകള്‍ കാന്തികശക്തിയുടെയും കംപ്രസ്സറിന്റേയും സഹായത്താല്‍ സഞ്ചരിക്കുന്നു. ക്യാപ്‌സ്യൂളുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടുത്തിയിട്ടുണ്ടാവില്ല. ചക്രങ്ങള്‍ ഇല്ലാത്ത ഈ ക്യാപ്സ്യൂളുകളാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ പ്രധാനഘടകം. 

ട്യൂബിനുള്ളില്‍ നിലത്തുതൊടാത്ത രീതിയിലായിരിക്കും ഹൈപ്പര്‍ലൂപ്പ് ക്യാപ്സ്യൂളുകള്‍ 'പറക്കുക'. ഈ ക്യാപ്സ്യൂളുകള്‍ക്കുള്ളിലാവും യാത്രികരുടെ സ്ഥാനം. പതിനൊന്നടിയോളം വ്യാസമാണ് ട്യൂബുകള്‍ക്കുണ്ടാവുക. കുഴലിനകത്തെ കുറഞ്ഞ വായുമര്‍ദം കാരണം ഘര്‍ഷണമില്ലാത്തതിനാലാണ് ഈ ക്യാപ്‌സ്യൂളുകള്‍ക്ക് അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നത്. ഈ കുഴലിലൂടെ മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. അതായത് വിമാനത്തേക്കാള്‍ ഇരട്ടി വേഗത്തില്‍. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക. മാഗ്നെറ്റിക് ലെവിറ്റേഷനിലൂടെ (കാന്തിക പ്ലവനശക്തി) ആണ് ക്യാപ്സ്യൂളുകള്‍ ട്രാക്കില്‍ നിന്ന് ഉയര്‍ന്ന് സഞ്ചരിക്കുന്നത്.  ഇതേ സാങ്കേതികവിദ്യ ചൈനയിലും ജര്‍മനിയിലും ഉപയോഗത്തിലുണ്ട്. മാഗ് ലെവ് ട്രെയ്നുകള്‍ എന്നാണ് ഇവയെ പറയുന്നത്.ന്യൂമാറ്റിക് ട്യൂബ് ട്രാന്‍സ്‌പോര്‍ട്ട് (Pneumatic Tube Transport -PTT) എന്നാണ് ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നത്. 

P.T.T. പുതിയ കണ്ടുപിടിത്തമല്ല. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അല്‍ ഫറാബി എന്ന അറബി തത്ത്വചിന്തകനാണ് വായു നീക്കംചെയ്ത കുഴലിനകത്തെ വേഗത്തെക്കുറിച്ച് ആദ്യമായി പറഞ്ഞത്. പിന്നീട് 1812-ല്‍ ജോര്‍ജ് മെഡ്ഹസ് ന്യൂമാറ്റിക് ട്രെയിനിനെക്കുറിച്ച് വിശദപഠനം നടത്തി കുഴല്‍യാത്ര ചിത്രങ്ങള്‍ സഹിതം ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചെങ്കിലും യാഥാര്‍ഥ്യമായില്ല.  പക്ഷെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് കുഴലിലൂടെ കത്തും പാര്‍സലുകളും അയയ്ക്കുന്ന ന്യൂമാറ്റിക് പോസ്റ്റ്, ന്യൂമാറ്റിക് മെയില്‍ തുടങ്ങിയവ പ്രചാരത്തില്‍ വന്നു. ബാങ്കില്‍ ചെക്കുകള്‍ നിക്ഷേപിക്കാനും പാര്‍സലുകള്‍, കത്തുകള്‍ അയയ്ക്കുവാനുമുള്ള കുഴലുകള്‍ ചിലയിടത്തെങ്കിലും സജീവമായി. എയര്‍പോര്‍ട്ടുകളില്‍ വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ അയയ്ക്കാനും ഈ സംവിധാനം ഉപയോഗിച്ചിരുന്നു.

ന്യൂമാറ്റിക് ട്രെയിന്‍ എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കാന്‍ 1864ലും 1867ലും 1960ലും വീണ്ടും ശ്രമങ്ങള്‍ നടന്നു. തേംസ് നദിക്കടിയിലൂടെ വാട്ടര്‍ലൂവരെ ന്യൂമാറ്റിക് ട്രെയിന്‍ ലൈന്‍ പണി തുടങ്ങിയെങ്കിലും സാമ്പത്തിക കാരണങ്ങളാല്‍ ശ്രമം ഉപേക്ഷിക്കപ്പെട്ടു. 1867-ല്‍ ആല്‍ഫ്രഡ് എലിബിച്ചും ശ്രമംനടത്തിയെങ്കിലും പൂര്‍ണമായില്ല. പലരും ശ്രമിച്ച് ഉപേക്ഷിച്ച ആശയമാണ് മസ്‌ക് പൊടിത്തട്ടിയെടുത്ത് ഹൈപ്പര്‍ ലൂപ്പ് പദ്ധതിയായി അവതരിപ്പിച്ചത്. കുഴലുകള്‍ക്ക് മുകളില്‍ സോളാറുകള്‍ ഘടിപ്പിച്ച് വൈദ്യുതി സംഭരിച്ച് പ്രവര്‍ത്തിക്കുന്ന പദ്ധതിയാണ് മസ്‌ക് ആദ്യം മുന്നോട്ടുവെച്ചിരുന്നത്. ഇത്തരം ക്യാപ്സ്യൂള്‍ വാഹനങ്ങള്‍ക്ക് മറ്റ് ഇന്ധനമൊന്നും ആവശ്യമില്ലതാനും. വാക്വം ട്യൂബുകളിലൂടെ യാത്രചെയ്യുന്നതിനാല്‍ വളരെ കുറച്ച് ഊര്‍ജം മാത്രമേ ആവശ്യമുള്ളൂ. വാഹനം ട്യൂബിന് അകത്തുകൂടി ഓടുന്നതിനാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ വാഹനത്തെ ബാധിക്കില്ല.

മസ്‌കും ഹൈപ്പര്‍ ലൂപ്പും

ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ സ്ഥാപകനായ ഇലോണ്‍ മസ്‌ക് 2012-ലാണ് ഇങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ടുവെച്ചത്. കാലിഫോര്‍ണിയയില്‍ നടന്ന ആഗോള ഇവന്റില്‍വെച്ച് ഗതാഗതത്തിനുള്ള അഞ്ചാമത്തെ രീതിയെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഈ ആശയം മസ്‌ക് അവതരിപ്പിച്ചത്. കാലാവസ്ഥാമാറ്റങ്ങള്‍ ബാധിക്കില്ല, കൂട്ടിയിടിക്കില്ല, വിമാനത്തേക്കാള്‍ രണ്ടിരട്ടി വേഗത, കുറഞ്ഞ ഇന്ധനം, 24 മണിക്കൂര്‍ നേരത്തേക്ക് വേണ്ടുന്ന ഊര്‍ജം സംഭരിക്കാനുള്ള ശേഷി എന്നിവയാണ് ഹൈപ്പര്‍ലൂപ്പിന്റെ പ്രത്യേകതയായി മസ്‌ക് ഉയര്‍ത്തിക്കാട്ടിയത്. ഹൈപ്പര്‍ ലൂപ്പ് എന്ന പേര് തിരഞ്ഞെടുക്കാനുള്ള കാരണവും അതൊരു ലൂപ്പിനുള്ളില്‍ ആയതിനാലും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കുന്നുവെന്നതിനാലുമാണ്. 2013ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഹൈപ്പര്‍ലൂപ്പിന്റെ വിശദാംശങ്ങള്‍ മസ്‌ക് അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ മസ്‌ക് താന്‍ ഹൈപ്പര്‍ലൂപ്പ് പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ നാനാഭാഗത്തുനിന്നും വിമര്‍ശനങ്ങളുയര്‍ന്നു. ഒരിക്കലും നടക്കാത്ത കാര്യമെന്ന് പലരും പരിഹസിച്ചു. വായു ഇല്ലാത്ത കുഴലിലൂടെയുള്ള യാത്ര സുരക്ഷിതമല്ലെന്നായിരുന്നു പ്രധാന ആശങ്ക. 

2012 മുതല്‍ 2013 വരെ ടെസ്‌ലയിലേയും സ്‌പേസ്എക്‌സിലേയും എഞ്ചിനീയര്‍മാര്‍ മസ്‌കിന്റെ ആശയം വികസിപ്പിക്കാനുള്ള പ്രയത്‌നത്തിലായിരുന്നു. ഹൈപ്പര്‍ലൂപ്പിന്റെ രൂപം, പ്രവര്‍ത്തനരീതി, വഴി, ചെലവ് തുടങ്ങിയവ ഉള്‍പ്പെടുന്ന ഒരു ആല്‍ഫ മോഡല്‍ സംഘം അവതരിപ്പിച്ചു. പിന്നീട് ഇത് ഓപ്പണ്‍സോഴ്‌സ് ആക്കി. ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്ന് ഈ മോഡല്‍ വികസിപ്പിക്കാനുള്ള അഭിപ്രായങ്ങള്‍ ക്ഷണിച്ചു. മ്യൂണിക്ക് സാങ്കേതിക സര്‍വകലാശാല, മസ്‌കിന്റെ തന്നെ സ്‌പേസ്എക്‌സ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് തുടങ്ങി നിരവധി കമ്പനികള്‍ ഹൈപ്പര്‍ ലൂപ്പില്‍ കൂടുതല്‍ ആശയങ്ങളുമായി രംഗത്തെത്തി. 

ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണം

1.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈപ്പര്‍ ലൂപ്പ് ടെസ്റ്റ് ട്രാക്ക് നിര്‍മിക്കുമെന്ന് 2015ല്‍ ആണ് സ്‌പേസ്എക്‌സ് പ്രഖ്യാപിച്ചത്. സ്‌പെയ്‌സ്എക്‌സിന്റെ ലോസ് ആഞ്ജലീസിലെ ഓഫീസിന് സമീപത്തായിരുന്നു ഈ ട്രാക്ക് സ്ഥാപിച്ചത്. ഈ ട്രാക്കുകളില്‍ സഞ്ചരിക്കാവുന്ന പോഡുകള്‍ നിര്‍മിക്കുന്നതിനായി 2019ല്‍ ഒരു മത്സരം സ്‌പെയ്‌സ്എക്‌സ് സംഘടിപ്പിച്ചു. നിരവധി കമ്പനികള്‍ ഹൈപ്പര്‍ലൂപ്പ് പ്രോട്ടോടൈപ്പ് വികസിപ്പിച്ച് രംഗത്തെത്തി. 

2020 നവംബറിലാണ് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഹൈപ്പര്‍ലൂപ്പിന്റെ ആദ്യ പരീക്ഷണം നടക്കുന്നത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി അവരുടെ രണ്ട് ജീവനക്കാരെ പങ്കെടുപ്പിച്ചാണ് പരീക്ഷണം നടത്തിയത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ജോഷ് ഗീഗല്‍, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലെ പാസഞ്ചര്‍ എക്സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലൂച്ചിയന്‍ എന്നിവരാണ് ലോകത്തില്‍ ആദ്യമായി ഗതാഗതമാര്‍ഗത്തില്‍ സഞ്ചരിച്ചത്. മണിക്കൂറില്‍ 172കി.മീ ആയിരുന്നു ഈ ഹൈപ്പര്‍ലൂപ്പിന്റെ പരമാവധി വേഗത. ലാസ് വെഗാസിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ 500 മീറ്റര്‍ ഡേവ്‌ലൂപ്പ് ടെസ്റ്റ് സൈറ്റിലായിരുന്നു പരീക്ഷണം. ദിവസങ്ങള്‍ക്ക് ശേഷം വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ പവര്‍ ഇലക്ട്രോണിക് സ്പെഷ്യലിസ്റ്റും പുണെ സ്വദേശിയുമായ തനയ് മഞ്ജരേക്കറും പരീക്ഷണയാത്ര നടത്തി. ഇതോടെ തനയ്  ഹൈപ്പര്‍ലൂപ്പ് യാത്ര നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി. ലാസ് വെഗാസിലെ നെവാഡ മരുഭൂമിയിലായിരുന്നു പരീക്ഷണയാത്ര 

ഇന്ത്യയും ഹൈപ്പര്‍ ലൂപ്പും

ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പാത മുംബൈയില്‍നിന്ന് പുണെയിലേക്കുള്ള പാതയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഈ പദ്ധതി വരുന്നതോടെ മുംബൈയില്‍നിന്ന് പുണെയിലേക്കുള്ള യാത്രാസമയം 25 മിനിറ്റായി കുറയും. നിലവില്‍ മൂന്ന് മണിക്കൂറോളമാണ് ആവശ്യം. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ ആണ് നിര്‍മാണം. പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 20,000 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഒരു വര്‍ഷം 15 കോടി പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. വര്‍ഷം ഒന്‍പത് കോടി മണിക്കൂറുകളാണ് ലാഭിക്കാന്‍ കഴിയുക. മുംബൈ-പുണെയ്ക്ക് പുറമെ ചെന്നൈ- ബെംഗളൂരു പാതയും പരിഗണനയിലുണ്ട്. 

അതിനിടെ മദ്രാസ് ഐഐടി കാമ്പസിലെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതായി റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റര്‍ നീളത്തിലാണ് ഇവിടെ ഹൈപ്പര്‍ലൂപ്പ് പാത പരീക്ഷണാര്‍ഥം നിര്‍മിച്ചിരിക്കുന്നത്. ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പര്‍ലൂപ്പ് പാതയാണെന്നും 40 മീറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയും മദ്രാസ് ഐ.ഐ.ടി. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള ആവിഷ്‌കാര്‍ ഹൈപ്പര്‍ലൂപ്പ് ഗവേഷകസംഘവും സ്റ്റാര്‍ട്ടപ്പായ ട്യുടറുമാണ് ഈ അതിനൂതന സാങ്കേതിക വികസന സംരംഭത്തിലെ സുപ്രധാന പങ്കാളികള്‍.

ചെന്നൈയ്ക്കടുത്ത തയ്യൂരിലെ മദ്രാസ് ഐ.ഐ.ടി.യുടെ ഡിസ്‌കവറി കാമ്പസിലാണ് 422 മീറ്റര്‍ നീളമുള്ള ട്രാക്ക് സജ്ജമാക്കിയത്. രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്കെന്ന സവിശേഷതകൂടി ഇതിനുണ്ട്. മദ്രാസ് ഐ.ഐ.ടി. സംഘത്തിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഇത്തരം ട്രാക്കുകള്‍ വരുന്നതോടെ ചെന്നൈ മുതല്‍ ബെംഗളൂരു വരെയുള്ള 350 കിലോമീറ്റര്‍ താണ്ടാന്‍ അരമണിക്കൂര്‍ മതിയാകും. 8.34 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 2022 മാര്‍ച്ചിലാണ് ഹൈപ്പര്‍ലൂപ്പ് വികസനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് മദ്രാസ് ഐ.ഐ.ടി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ സമീപിച്ചത്. 

മദ്രാസ് ഐഐടി വികസിപ്പിക്കുന്ന ഹൈപ്പര്‍ലൂപ്പ് പാതയ്ക്കുവേണ്ട ഇലക്ട്രോണിക് ഭാഗങ്ങള്‍ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മിക്കുക. ഡിസ്‌കവറി കാമ്പസില്‍ നിര്‍മിച്ച ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്കിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നും അതോടെ ഇത് ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പര്‍ലൂപ്പ് പരീക്ഷണപാതയായി മാറുമെന്നും അശ്വിനി വൈഷ്ണവ് പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. 

ചെന്നൈ-ബെംഗളൂരു, മുംബൈ-പുണെ, ഡല്‍ഹി-ചണ്ഡീഗഢ് തുടങ്ങിയ പാതകളില്‍ ഹൈപ്പര്‍ലൂപ്പ് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് മദ്രാസ് ഐഐടിക്ക് 30 ലക്ഷം ഡോളര്‍ (26 കോടി കോടി രൂപ) റെയില്‍വേ അനുദിച്ചിട്ടുണ്ട്. തുടര്‍ ഗവേഷണങ്ങള്‍ക്കായി ജര്‍മനിയിലെ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക്ക് (ടിയുഎം), നിയോവേസ് ടെക്നോളജീസ് (എന്‍ഇഒ) എന്നിവയുമായും ചെന്നൈ ആസ്ഥാനമായുള്ള ഗതാഗത സാങ്കേതികവിദ്യാ സ്ഥാപനമായ സിസ്ട്രയുമായും ഐഐടിയിലെ ട്യുടര്‍ ഹൈപ്പര്‍ലൂപ്പ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അതിവേഗം സുരക്ഷിതമോ? 

വെടിയുണ്ട പോലെ പറക്കുന്ന ഹൈപ്പര്‍ലൂപ്പിന്റെ ആഗോള ഹൈപ്പിനുമപ്പുറം യഥാര്‍ഥത്തില്‍ ഇത് സുരക്ഷിതമാണോ എന്നാണ് വ്യാപകമായി ഉയരുന്ന സംശയം. യാത്ര സുരക്ഷിതത്വവും ഡിസൈന്‍ സുരക്ഷിതത്വവും ചെലവുമെല്ലാം പലഭാഗത്തുനിന്നായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. 

അടച്ചുമൂടിയ നിലയിലുള്ള ഇടുങ്ങിയ കുഴലിലൂടെ, കൃത്യമായ വെന്റിലേഷന്‍ സൗകര്യമോ ജനലുകളോ ഇല്ലാത്ത ക്യാപ്സ്യൂള്‍ യാത്രയാണ് ഹൈപ്പര്‍ലൂപ് വിഭാവനം ചെയ്യുന്നത്. ഇത് സുരക്ഷിതമായിരിക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇതിനുപുറമേ മര്‍ദം കുറഞ്ഞ കുഴലും സോണിക് വേഗത്തിലുള്ള യാത്രയ്ക്കിടയിലുണ്ടാവാന്‍ സാധ്യതയുള്ള വലിയ ശബ്ദവും വൈബ്രേഷനും കുലുക്കവുമെല്ലാം ഏത് തരത്തിലുള്ള യാത്രാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുകയെന്നത് ചോദ്യചിഹ്നമായി തുടരുന്നു. നേര്‍രേഖയിലുള്ള ട്യൂബിലൂടെയുള്ള സഞ്ചാരമാവും സുഗമമായിരിക്കുക, ചെറിയ വളവുകളോ ഉയര്‍ച്ച താഴ്ചകളോ പോലും വായുവില്‍ പ്രഹരമുണ്ടാക്കുകയും ഇത് യാത്രാനുഭവത്തെ ബാധിക്കുകയും ചെയ്യും. ഇത്തരം പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യുമെന്നത് സംബന്ധിച്ച പ്രായോഗിക വിശദീകരണം ലഭ്യമല്ല. യാത്രയ്ക്കിടെ അപകടമോ സാങ്കേതിക തകരാറോ സംഭവിക്കുകയാണെങ്കില്‍ ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും ചോദ്യമുനയിലാണ്. 

ചെലവേറിയതും പൂര്‍ണവിജയമെന്ന് തെളിയിക്കപ്പെടാത്തതുമായ ഒരു സാങ്കല്‍പിക സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ് എന്നാണ് ഈ സാങ്കേതികവിദ്യയെ പ്രശസ്ത യൂട്യൂബ് ക്രിയേറ്ററായ ആദം കൊവാക്സ് വിശേഷിപ്പിച്ചത്. പരമ്പരാഗത ഹൈ-സ്പീഡ് റെയില്‍ പോലെ നിലവിലുള്ള സാങ്കേതികവിദ്യകളേക്കാള്‍ മികച്ചതല്ല ഹൈപ്പര്‍ലൂപ്പ്, ട്യൂബ് അലൈന്‍മെന്റിലെ ചെറിയ ബാലന്‍സ് പ്രശ്‌നം പോലും യാത്രയെ ബാധിക്കും. പ്രായോഗിക തലത്തില്‍ ഹൈപ്പര്‍ലൂപ്പ് പരാജയപ്പെടാനാണ് സാധ്യതയെന്ന് ആദം പറയുന്നു.

ട്യൂബുകള്‍ തമ്മിലുള്ള അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ള ഡിസൈന്‍ പ്രശ്നങ്ങള്‍ എംഐടിയിലെ എയറോനോട്ടിക്സ് ആന്‍ഡ് ആസ്‌ട്രോനോട്ടിക്സ് പ്രൊഫസറായ ജോണ്‍ ഹാന്‍സ്മാനും ചൂണ്ടിക്കാട്ടുന്നുണ്ട്. ഹൈപ്പര്‍ലൂപ്പ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന നഗരത്തില്‍ നിന്ന് ഏറെ അകലെയായിരിക്കെ വൈദ്യുതി നിലച്ചാല്‍ എന്ത് സംഭവിക്കും? പൊടിയും കാറ്റും വെയിലും മഴയും തുടങ്ങിയ അന്തരീക്ഷത്തിലെ ഘടകങ്ങള്‍ ട്യൂബിനെ ബാധിക്കാമെന്നും സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. ട്യൂബുകളുടെ ബലക്കുറവും അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. 

സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഹൈപ്പര്‍ലൂപ്പിലേറി അതിവേഗം കുതിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ചൈനയും ജപ്പാനും അമേരിക്കയും കാനഡയും സൗദിയും ദുബായിയും തുടങ്ങി ലോകശക്തികളില്‍ പ്രബലരെല്ലാം ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ്. പരീക്ഷണങ്ങളും വിജയങ്ങളും ഏറെ പിന്നിട്ടെങ്കിലും ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയിലോടുന്ന യാത്രാവാഹനങ്ങള്‍ സഞ്ചാരത്തിനായി എപ്പോള്‍ പൂര്‍ണ സജ്ജമാവുമെന്നതാണ് ഇനി ചോദ്യം.