മുംബൈ: മദ്രാസ് ഐഐടി കാംപസിലെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 422 മീറ്റര്‍ നീളത്തിലാണ് ഇവിടെ ഹൈപ്പര്‍ലൂപ്പ് പാത പരീക്ഷണാര്‍ഥം നിര്‍മിച്ചിരിക്കുന്നത്. 

To advertise here,

ഇത് ഏഷ്യയിലെ ഏറ്റവും വലിയ ഹൈപ്പര്‍ലൂപ്പ് പാതയാണെന്നും 40 മീറ്റര്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ പാതയാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി മദ്രാസ് ആണ് പദ്ധതി വികസിപ്പിച്ചെടുത്തത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് ഇതിന് വേണ്ട ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചത്. 

പദ്ധതി വിജയകരമായതോടെ 50 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പുതിയ ഹൈപ്പര്‍ലൂപ്പ് പാത പണിയാനുള്ള ഒരുക്കത്തിലാണ് റെയില്‍വേ. പക്ഷേ ഇത് എവിടെ പണിയണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ പാത വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താമെന്നാണ് കണക്ക് കൂട്ടല്‍.

രാജ്യത്തെ ആദ്യ ഹൈപ്പര്‍ലൂപ്പ് പാത മുംബൈ-പുണെ നഗരങ്ങളെ ബന്ധിപ്പിച്ചാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പാത പൂര്‍ത്തിയാകുന്നതോടെ 25 മിനിറ്റ് കൊണ്ട് മുംബൈയില്‍നിന്ന് പുണെയിലെത്താം. മുംബൈ-പുണെയ്ക്ക് പുറമെ ചെന്നൈ-ബംഗളൂരു പാതയും പരിഗണനയിലുണ്ട്. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗത്തിലാണ് ഹൈപ്പര്‍ലൂപ്പിലൂടെ യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള പോഡുകള്‍ പായുക.