
ഇന്ത്യ ഔട്ട്
എന്നതായിരുന്നു മാല ദ്വീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുയിസു(Mohammed Muizzu)വിന്റെ പ്രചാരണ മുദ്രാവാക്യം. അധികാരം പിടിച്ചതിന് പിന്നാലെ മുയിസു തന്റെ തീരുമാനം അരക്കിട്ടുറപ്പിച്ചു. മാല ദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് തന്റെ പ്രഥമ ഉത്തരവാദിത്വമെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹം ജനങ്ങളോട് പറഞ്ഞത്. രാജ്യത്ത് ഇന്ത്യന്‍ സൈന്യം തുടരേണ്ടെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ താന്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ അവരെ പുറത്താക്കാനാണ് ആലോചിക്കുന്നതെന്നുമാണ് മുയിസു അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി. ഒപ്പം ചൈനീസ് അനുകൂല നിലപാട് പരസ്യമായി പറഞ്ഞുകൊണ്ടാണ് മുയിസു പ്രസംഗം അവസാനിപ്പിച്ചത്. തന്റെ വിദേശനയം മാല ദ്വീപിന് അനുകൂലമായിരിക്കുമെന്നും അതിനെ ബഹുമാനിക്കുന്ന രാജ്യങ്ങള്‍ തങ്ങളോടോ അടുത്തുനില്‍ക്കുന്നവരായിരിക്കുമെന്നും പറഞ്ഞാണ് ഊഹാപോഹങ്ങള്‍ക്ക് വിരാമമിടാന്‍ നിയുക്ത പ്രസിഡന്റ് ശ്രമിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാന സ്ഥാനത്ത് സ്ഥിതിചെയ്യുന്നതിനാല്‍ തന്നെ മാല ദ്വീപ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഇന്തോ-പസഫിക് മേഖലയില്‍ പൂര്‍ണമേധാവിത്വത്തിനായി ഇന്ത്യയോട് മത്സരിക്കുന്ന ചൈനയ്ക്കും അതിപ്രാധാന്യമുള്ള പ്രദേശം. ഏറെക്കാലമായി ഇന്ത്യയുടെ അടുത്ത സ്വാധീനവലയത്തിലായിരുന്ന മാല ദ്വീപ് ഇടക്കാലത്താണ് ചൈനയോട് അടുത്തത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാകട്ടെ അബ്ദുള്ള യമീനും. യമീന്റെ കാലത്ത്, മാല ദ്വീപ് ഇന്ത്യന്‍ സ്വാധീനത്തില്‍നിന്നകലുകയും ചൈനയോട് അടുക്കുകയും ചെയ്തു. പക്ഷേ, പിന്നാലെ എത്തിയ ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് സര്‍ക്കാര്‍ ഇന്ത്യയുമായി സഹകരിച്ചുപോകാനാണ് ആഗ്രഹിച്ചത്. സെപ്റ്റംബറില്‍ നടന്ന മാല ദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സ്വാലിഹിന്റെ ഇന്ത്യ ഫസ്റ്റ് വിദേശനയത്തിനെതിരേ, 'ഇന്ത്യ ഔട്ട്' ക്യാമ്പയിന്‍ നടത്തിയാണ് പ്രതിപക്ഷ കൂട്ടായ്മ മാല ദ്വീപില്‍ അധികാരം പിടിച്ചത്. ഇതിന് പിന്നാലെയാണ് മാല ദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ ഇന്ത്യന്‍ സൈനികരെ പുറത്താക്കുമെന്നും മുഹമ്മദ് മുയിസു പ്രഖ്യാപിച്ചത്. ഇന്ത്യയെ സബന്ധിച്ചിടത്തോളം എത്രത്തോളം പ്രധാനമാണ് മാല ദ്വീപ്? അവിടുത്തെ ഭരണമാറ്റം ഏത് തരത്തിലാകും നമ്മളെ ബാധിക്കുക?, ചൈനയാണോ ഈ നീക്കത്തിന് പിന്നില്‍? ചൈനീസ് അനുകൂല നിലപാടുകളെടുക്കുന്ന മുയ്‌സും അധികാരത്തിലെത്തുമ്പോള്‍ എന്താകും ഇന്ത്യ- മാല ദ്വീപ് ബന്ധത്തിന്റെ ഭാവി?

ഇന്ത്യ- മാല ദ്വീപ് ബന്ധം
കൊച്ചിയില്‍ അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഈ ദ്വീപുകളുമായി ചരിത്രപരമായി അടുത്തബന്ധമാണ് ഇന്ത്യ പുലര്‍ത്തി വന്നിരുന്നത്. മാല ദ്വീപ് 1965-ല്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതി കൈവരിച്ചു. 1978-ല്‍ പ്രസിഡന്റായി മൗമൂണ്‍ അബ്ദുള്‍ ഗയൂം (Maumoon Abdul Gayoom) ചുമതലയേല്‍ക്കുകയും ഇന്ത്യയിലേക്ക് സന്ദര്‍ശനം നടത്തുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. 30 വര്‍ഷക്കാലം രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന ഗയൂം തന്റെ ഭരണകാലത്ത് നിരവധി തവണ ഇന്ത്യ സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാകുകയും ചെയ്തു. ഗയൂമിന്റെ ഭരണകാലത്ത് 1988-ലാണ് മാല ദ്വീപ് വ്യവസായിയും ശ്രീലങ്കന്‍ തമിഴ് പോരാളികളും നടത്തിയ അട്ടിമറി ശ്രമത്തെ ചെറുക്കാന്‍ ഇന്ത്യ സൈന്യത്തെ അയച്ചത്. ഭരണത്തിന്റെ അവസാനകാലത്ത് വലിയ തോതിലുള്ള ആരോപണങ്ങളാണ് ഗയൂം നേരിട്ടത്. വ്യാപകമായ അഴിമതിയും സ്വേച്ഛാധിപത്യ ഭരണവും കൊണ്ട് അടയാളപ്പെടുത്തുന്നതായിരുന്നു ഗയൂമിന്റെ ഭരണകാലം. ഏകപക്ഷീയമായ അറസ്റ്റുകള്‍, വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കല്‍, നിര്‍ബന്ധിത കുറ്റസമ്മതം, രാഷ്ട്രീയ പ്രേരിത കൊലപാതകങ്ങള്‍ എന്നിങ്ങനെ വിമതര്‍ക്കെതിരേ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായി ഗയൂമിന്റെ എതിരാളികളും അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിച്ചിരുന്നു. ഒപ്പം മനുഷ്യാവകാശലംഘനങ്ങളും പീഡനങ്ങളും ആരോപിക്കപ്പെട്ടു. ഇതാണ് 2008-ലെ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കപ്പെട്ടത്.
2008-ല്‍ മുഹമ്മദ് നഷീദ് (Muhammad Nasheed) മാല ദ്വീപിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഗയൂമിന്റെ ഭരണകാലത്ത് തൊണ്ണൂറുകളില്‍ വര്‍ഷങ്ങളോളം തടവിലാക്കപ്പെടുകയും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിന് ശേഷമായിരുന്നു അദ്ദേഹം മാല ദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിക്കുന്നത്. പക്ഷേ സ്ഥാനമൊഴിഞ്ഞ ശേഷവും പാര്‍ലമെന്റില്‍ ഗയൂമിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. മുഹമ്മദ് നഷീദിന്റെ കാലത്ത് ഭരണകാലത്തും ഇന്ത്യയും മാല ദ്വീപും തമ്മില്‍ അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്. സമുദ്രനിരീക്ഷണം, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി മാല ദ്വീപിന് പട്രോളിംഗ് ബോട്ടുകള്‍ക്കൊപ്പം രണ്ട് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ (Dornier) വിമാനങ്ങളും നല്‍കിയ ഇന്ത്യ സുരക്ഷാ സഹകരണവും വര്‍ധിപ്പിച്ചിരുന്നു. 2012-ല്‍ ജഡ്ജിക്കെതിരേ നടപടിയെടുക്കാനുള്ള തീരുമാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളേത്തുടര്‍ന്ന് നഷീദിന് സ്ഥാനമൊഴിയേണ്ടിവന്നു. 2009-ല്‍ സാര്‍ക്ക് ഉച്ചകോടിക്കിടെ ഇന്ത്യ സമ്മാനിച്ച പ്രതിമകള്‍ ഒരു കൂട്ടമാളുകള്‍ വികൃതമാക്കിയെങ്കിലും ജഡ്ജി അവര്‍ക്ക് ജാമ്യം നല്‍കിയതാണ് സംഭവങ്ങളിലേക്ക് നയിച്ചത്. തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം ഗൗമി ഇത്തിഹാദ് പാര്‍ട്ടിയുടെ മുഹമ്മദ് വഹീദ് ഹസനാണ് രാജ്യം ഭരിച്ചത്.

2013-ല്‍ പ്രതിപക്ഷ പാര്‍ട്ടിയായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാല ദ്വീപിലെ അബ്ദുള്ള യമീന്‍ (Abdulla Yameen) അധികാരത്തിലെത്തി. മാല ദ്വീപിന്റെ ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതും അവര്‍ ചൈനയോട് അടുക്കുന്നതും ഇക്കാലത്താണ്. യമീന്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള നടപടികളെ ഇന്ത്യ എതിര്‍ത്തിരുന്നു. ഇത് ബന്ധങ്ങളില്‍ വലിയ വിള്ളലിലേക്ക് നയിച്ചു. ചൈനയുമായി കൂടുതല്‍ അടുത്ത യമീന്‍ ഹുലുമലെ (Hulhumale) ഐലന്‍ഡ് ഹൗസിംഗ് പ്രോജക്ടുകള്‍, ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ് എന്നിവയുള്‍പ്പെടെ നിരവധി പ്രധാന നിക്ഷേപങ്ങള്‍ക്കായി ചൈനീസ് കമ്പനികളെ ക്ഷണിക്കുകയും ദ്വീപുകളില്‍ നിന്ന് ഇന്ത്യന്‍ പൈലറ്റുമാരെയും ഉദ്യോഗസ്ഥരെയും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാല ദ്വീപിലെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന ഹുല്‍ഹുലെ ( Hulhulé) ദ്വീപിനെ തലസ്ഥാനമായ മലെയുമായി ബന്ധിപ്പിക്കുന്ന 1.4 കിലോമീറ്റര്‍ നീളമുള്ള ചൈന-മാല ദ്വീപ് ഫ്രണ്ട്ഷിപ് ബ്രിഡ്ജ് പണിയുന്നത് യമീന്റെ കാലത്താണ്. 2008-ലെ തിരഞ്ഞെടുപ്പില്‍ അബ്ദുള്ള യമീനെ പരാജയപ്പെടുത്തി, നഷീദിന്റെ സുഹൃത്തും ഇന്ത്യന്‍ അനുകൂല നിലപാടുമുള്ള ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അധികാരത്തിലെത്തി. നഷീദിനെക്കാള്‍ സൗഹാര്‍ദ്ദപരമായ നിലപാടാണ് അദ്ദേഹം ഇന്ത്യയോട് സ്വീകരിച്ചത്. കൂടാതെ ഇന്ത്യയില്‍നിന്നുള്ള ഗ്രാന്റുകളും ഇളവുള്ള വായ്പകളും ഉപയോഗിച്ച് ഗ്രേറ്റര്‍ മെയില്‍ കണക്റ്റിവിറ്റി പ്രോജക്റ്റ് ഉള്‍പ്പെടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആരംഭിക്കാന്‍ ഇന്ത്യയെ ക്ഷണിക്കുകയും ചെയ്തു. ഇതോടെ മാല ദ്വീപ് വീണ്ടും ഇന്ത്യയോട് അടുക്കുകയും ചൈനയോട് അകലം പാലിക്കുകയും ചെയ്തു.

മാല ദ്വീപിനെ കാത്ത ഓപ്പറേഷന്‍ കാക്ടസ്
ഇന്ത്യ-മാല ദ്വീപ് ബന്ധത്തില്‍ ഏറ്റവും നിര്‍ണായകമായ സംഭവവികാസമാണ് ഓപ്പറേഷന്‍ കാക്ടസ് (Operation Cactus). 1988-ല്‍ മാല ദ്വീപ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമത്തിനെതിരായ ഇന്ത്യന്‍ സൈനിക നടപടിയാണ് ഓപ്പറേഷന്‍ കാക്ടസ്. മൗമൂണ്‍ അബ്ദുള്‍ ഗയൂമിന്റെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള വ്യവസായി അബ്ദുള്ള ലുത്തുഫി(Abdullah Luthufi)യുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വിഘടനവാദ സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴത്തി(പ്ലോട്ട്)ന്റെ സായുധ കൂലിപ്പടയാളികളാണ് ലുത്തുഫിയെ അട്ടിമറി ശ്രമത്തില്‍ സഹായിച്ചത്. ഗയൂമിന്റെ സര്‍ക്കാരിനെതിരേ രണ്ട് അട്ടിമറി (1980ലും 1983-ലും) ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും അവ വേണ്ടത്ര ഗൗരവമുള്ളതായിരുന്നില്ല. പിന്നീട് 1988 നവംബര്‍ 3-നാണ് തട്ടിയെടുത്ത ശ്രീലങ്കന്‍ ചരക്ക് കപ്പലില്‍ 80 പ്ലോട്ട് കൂലിപ്പടയാളികള്‍ തലസ്ഥാനമായ മാലെയില്‍ ഇറങ്ങുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ടെലിവിഷന്‍, റേഡിയോ സ്റ്റേഷനുകള്‍ തുടങ്ങിയവ അവര്‍ വേഗത്തില്‍ പിടിച്ചെടുത്തു. തുടര്‍ന്ന് കൂലിപ്പടയാളികള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് നീങ്ങി. പക്ഷേ അവര്‍ക്ക് ഗയൂമിനെ തടവിലാക്കാന്‍ സാധിച്ചില്ല. ഇതോടെ കൂലിപ്പടയാളികള്‍ പ്രധാന മന്ത്രിമാരെ ബന്ദികളാക്കാന്‍ ശ്രമിച്ചു.
ഈ ഘട്ടത്തില്‍ ശ്രീലങ്ക, പാകിസ്താന്‍, സിങ്കപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഗയൂം സൈനിക സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ സൈനിക ശേഷിയുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാവരും സഹായം നിരസിച്ചു. അമേരിക്ക സൈനിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ മാല ദ്വീപിലെത്താന്‍ 2-3 ദിവസമെടുക്കുമെന്നാണ് അറിയിച്ചത്. ഗയൂം ബ്രിട്ടണുമായി ബന്ധപ്പെട്ടെങ്കിലും ഇന്ത്യയോട് സഹായം അഭ്യര്‍ഥിക്കാന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഉപദേശിച്ചു. ബ്രിട്ടീഷ് സൈന്യം എത്താനുള്ള കാലതാമസം ചൂണ്ടിക്കാട്ടിയാണ് അടുത്തുള്ള പ്രധാനരാജ്യമായ ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്. ഗയും ഇന്ത്യയോട് സഹായം അഭ്യര്‍ഥിക്കുകയും അദ്ദേഹത്തിന്റെ അഭ്യര്‍ഥന ഇന്ത്യ അനുഭാവപൂര്‍വം പരിഗണിക്കുകയം ചെയ്തു. തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടി നടത്താന്‍ തയ്യാറായി.
1988 നവംബര്‍ 3-ന് ഇന്ത്യ സൈനികരെ എയര്‍ലിഫ്റ്റ് ചെയ്തു. ബ്രിഗേഡിയര്‍ ഫ്രൂഖ് ബുല്‍സാരയുടെ നേതൃത്വത്തില്‍ ആഗ്രയില്‍ നിന്ന് മാലെയിലേക്ക് പറന്ന സൈനികര്‍ ഹുല്‍ഹുലെ ദ്വീപിലെ മാലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. എയര്‍ഫീല്‍ഡ് സുരക്ഷിതമാക്കിയ അവര്‍ ബോട്ടുകളില്‍ മാലെയിലേക്ക് കടന്നു. കൂലിപ്പടയാളികളെ നേരിടുകയും നീണ്ട വെടിവെപ്പിന് പിന്നാലെ തലസ്ഥാനം തിരികെ പിടിക്കുകയും ചെയ്തു. രണ്ട് ബന്ദികളും കൂലിപടയാളികളുമുള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ ഉടനടിയുള്ള പ്രതികരണവും അട്ടിമറിയെക്കുറിച്ച് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ കൃത്യതയുമാണ് രാഷ്ട്രീയ പ്രതിസന്ധി വിജയകരമായി ഒഴിവാക്കാന്‍ സഹായിച്ചത്. ഇന്ത്യയുടെ ഇടപെടല്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടു. 'പ്രാദേശിക സുരക്ഷയ്ക്കുള്ള വലിയ സംഭാവന' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ നടപടിയെ വിശേഷിപ്പിച്ചത്. പക്ഷേ, ദക്ഷിണേഷ്യയിലെ അയല്‍ക്കാര്‍ക്കിടയില്‍ ചില മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നു. അട്ടിമറി ശ്രമം തടയുകയും ഗയൂം സര്‍ക്കാരിനെ വിജയകരമായി പുനഃസ്ഥാപിക്കുകയും ചെയ്തതോടെ ഇന്ത്യ-മാല ദ്വീപ് ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.

മാല ദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം
1988-ലെ സൈനിക നടപടിക്ക് ശേഷവും ഇന്ത്യ-മാല ദ്വീപ് ബന്ധം ശക്തമായി തുടരുകയായിരുന്നു. ഇതിന് ഉലച്ചില്‍ വന്നതാകട്ടെ, അബ്ദുള്ള യമീന്റെ ഭരണകാലത്തും. വലിപ്പത്തിലും ജനസംഖ്യയിലും ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണെങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന സ്ഥാനം എന്നതാണ് മാല ദ്വീപിനെ എല്ലാക്കാലത്തും നിര്‍ണായകമാക്കുന്നത്. ഇതോടെ മേഖലയില്‍ സ്വാധീനത്തിനായി മത്സരിക്കുന്ന ഇന്ത്യയും ചൈനയും ഒരുപോലെ സര്‍ക്കാരുകളില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ഡോര്‍ണിയര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ളവ ഇന്ത്യ മാല ദ്വീപിന് സമ്മാനിക്കുന്നത്. മാല ദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (എം.എന്‍.ഡി.എഫ്.) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഡോര്‍ണിയര്‍ വിമാനങ്ങളും മാല ദ്വീപിന് ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ച രണ്ട് ഹെലികോപ്റ്ററുകളും പരിപാലിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമായാണ് ഇന്ത്യന്‍ സൈനികര്‍ മാല ദ്വീപില്‍ താമസിക്കുന്നത്. മെഡിക്കല്‍ എമര്‍ജന്‍സി, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, പരിശീലനം, നിരീക്ഷണം, പട്രോളിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിക്കുന്നത്.
2013-ലും 2020-ലുമായി സമ്മാനിച്ച രണ്ട് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും പ്രവര്‍ത്തിപ്പിക്കാനാണ് ഇന്ത്യ മാല ദ്വീപില്‍ സൈനിക സാന്നിധ്യം നിലനിര്‍ത്തുന്നതെന്നാണ് വിവരം. വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രവര്‍ത്തിപ്പിക്കാന്‍ 75 ഇന്ത്യന്‍ സൈനികര്‍ മാല ദ്വീപില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് 2021 നവംബറില്‍ മാല ദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് (എംഎന്‍ഡിഎഫ്) സുരക്ഷാ സേവനങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിച്ചത്. ഇതാണ് രാജ്യസുരക്ഷയ്ക്ക് ഭീഷണി എന്ന നിലയില്‍ ചൈനീസ് അനുകൂല പക്ഷം ഉയര്‍ത്തിക്കാണിച്ചത്. മാല ദ്വീപില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് നയതന്ത്രപ്രതിരോധം നല്‍കുന്ന യു.ടി.എഫ്. ഉടമ്പടിക്കെതിരേയും ചൈനീസ് അനുകൂല പ്രതിപക്ഷം നിലപാടെടുത്തു. സൈനികരെ നിലനിര്‍ത്തുന്നതിലൂടെ മാല ദ്വീപിന്റെ പരമാധികാരം മാനിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഇത് പിന്നീട് ഇന്ത്യ ഔട്ട് ക്യാമ്പയിനെ ആളിക്കത്തിച്ചു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അനുകൂല നിലപാട് സ്വീകരിച്ച ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് പരാജയപ്പെടുകയും മുഹമ്മദ് മുയിസു അധികാരം പിടിക്കുകയും ചെയ്തത്.

ഇന്ത്യയും ചൈനയും മുഹമ്മദ് മുയിസുവും
മാല ദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നാണ്. ഭൂമിശാസ്ത്രപരമായുള്ള തന്ത്രപ്രധാന സ്ഥാനം തന്നൊണ് ഈ പങ്കാളിത്തത്തിന് പിന്നില്‍. രാജ്യത്തിന് വലിയ തോതില്‍ വികസന സഹായങ്ങള്‍ നല്‍കുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ, മാല ദ്വീപിന്റെ സാമൂഹിക-സാമ്പത്തിക വികസന ആവശ്യങ്ങള്‍ക്കായി 1.4 ബില്യണ്‍ ഡോളറാണ് ഇന്ത്യ ചെലവഴിച്ചത്. മാല ദ്വീപിന്റെ പ്രധാന സുരക്ഷാ, സാമ്പത്തിക പങ്കാളിയായായിരുന്നു ഇന്ത്യ. മേഖലയില്‍ ചൈനയുടെ സാന്നിധ്യത്തിന്റെ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്വന്തം സുരക്ഷാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യവുമായി അടുത്ത ബന്ധമാണ് ഇന്ത്യ പുലര്‍ത്തിയത്. ഈ മേഖലയിലെ സമുദ്ര സഹകരണത്തിനായി ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ആരംഭിച്ച 'കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവില്‍' മാല ദ്വീപ് അംഗമാണ്. പിന്നീട് മൗറീഷ്യസും ഇതില്‍ പങ്കാളിയായി. സമാനമായി പരമ്പരാഗതമായി മാല ദ്വീപ് പ്രസിഡന്റുമാര്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തിന് മുന്‍ഗണന നല്‍കി 'ഇന്ത്യ ഫസ്റ്റ്' നയം പിന്തുടര്‍ന്നത്. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം സ്വാലിഹ് ഉള്‍പ്പെയുള്ളവര്‍ ഈ നിലപാടാണ് സ്വീകരിച്ചത്.

മാല ദ്വീപിലെ ഒരു വിഭാഗം രാഷ്ട്രീയക്കാര്‍, പ്രത്യേകിച്ച് പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാല ദ്വീപ് (പിപിഎം) ഇന്ത്യയുടെ സൗഹൃദത്തില്‍ ആശങ്കാകുലരായിരുന്നു. മുഹമ്മദ് മുയിസുവിനും മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനും അവരുടെ രാഷ്ട്രീയ ക്യാമ്പിനും ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ താല്പര്യമില്ല. യമീന്‍ ഭരണകൂടത്തിന്റെ ചൈന അനുകൂല നിലപാട് രഹസ്യവുമായിരുന്നില്ല. അദ്ദേഹം ഭരണത്തിലിരുന്ന 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍, മാല ദ്വീപ്-ഇന്ത്യ ബന്ധം വഷളായിരുന്നു. ഇന്ത്യ സമ്മാനിച്ച ഹെലികോപ്റ്ററുകള്‍ തിരികെ എടുക്കണമെന്നും യമീന്റെ നിര്‍ബന്ധം പിടിച്ചിരുന്നു. മാല ദ്വീപിനാണ് പ്രഥമ പരിഗണനയെന്നും ദ്വീപില്‍ ഇന്ത്യയോ ചൈന അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിന്റെ സൈനിക സാന്നിധ്യം താന്‍ അനുവദിക്കില്ലെന്നുമാണ് മുയിസു വാദിക്കുന്നത്. പക്ഷേ, ചൈനീസ് കടബാധ്യതയെക്കുറിച്ച് മിണ്ടാതെ ചൈനീസ് സഹായത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹം പല അവസരങ്ങളിലും ശ്രമിച്ചിട്ടുണ്ട്.
മുയിസു അധികാരം ഏറ്റെടുക്കുമ്പോള്‍ കാത്തിരിക്കുന്ന വെല്ലുവിളികളും കുറവല്ല. ആഗോള താപനത്തിന്റെ ഫലമായി വലിയ പാരിസ്ഥിതിക വെല്ലുവിളികളാണ് രാജ്യം നേരിടുന്നത്. അതിനപ്പുറം വലിയ രാഷ്ട്രീയ വെല്ലുവിളികളും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. 2024-ലും 2025-ലും പ്രതിവര്‍ഷം ഏകദേശം 570 ദശലക്ഷം ഡോളര്‍ വിദേശകടം കൊടുത്തുതീര്‍ക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ മാല ദ്വീപ് ഒരു വലിയ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച്, 2026-ല്‍ മുയിസുവിന്റെ ഗവണ്‍മെന്റിന് 1.07 ബില്യണ്‍ ഡോളര്‍ വിദേശ കടം മടക്കി നല്‍കേണ്ടി വരും. മാല ദ്വീപിന്റെ പ്രധാന പങ്കാളികളായ ഇന്ത്യയുടെയും ചൈനയുടെയും സഹകരണമില്ലാതെ പ്രതിസന്ധി ലഘൂകരിക്കുന്നത് വെല്ലുവിളിയായിരിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യയെ പൂര്‍ണമായും പിണക്കുന്നത് അവര്‍ക്കും ഗുണകരമാകില്ല. മറുഭാഗത്ത് മാല ദ്വീപിനെ പൂര്‍ണമായും കൈയൊഴിഞ്ഞു നോക്കിനില്‍ക്കാന്‍ ഇന്ത്യയും തയ്യാറായേക്കില്ല.
Content Highlights: What is behind the ‘India Out’ campaign in the Maldives?
Published: 18 Nov 2023, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented