
260 ഓളം പേര്‍ കൊല്ലപ്പെട്ടു, സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി. 60,000-ത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പോലീസ് ആയുധപ്പുരകളില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. രാജ്യത്താകമാനം പ്രതിഷേധങ്ങളുയര്‍ന്നു. പാര്‍ലമെന്റ് സ്തംഭിച്ചു. ജനപ്രതിനിധികളടക്കം അക്രമത്തിനിരയായി. എന്നാല്‍ 21 മാസം മുമ്പ് മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തില്‍ മുഖ്യമന്ത്രി കസേരയ്ക്ക് ഒരു ചലനവും ഉണ്ടായില്ല.
ശനിയാഴ്ച വൈകുന്നേരം എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ബിരേന്‍ സിങ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ രാജ്യതലസ്ഥാനത്തെത്തി. തൊട്ടടുത്ത ദിവസം നാടകീയമായി രാജി പ്രഖ്യാപിച്ചു. രാജ്യമൊട്ടാകെ പ്രതിഷേധമുയര്‍ന്നിട്ടും നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും കുലുങ്ങാതെ നിന്ന ബിരേന്‍ സിങിന്റെ അപ്രതീക്ഷിത രാജിയില്‍ പലരും നെറ്റിചുളിച്ചു.
എന്നാല്‍ മണിപ്പുരില്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന 12-ാം നിയമസഭയുടെ ഏഴാം സമ്മേളനത്തില്‍ സര്‍ക്കാര്‍ വീണേക്കാം എന്ന അപകടം തിരിച്ചറിഞ്ഞാണ്
ബിരേന്‍ സിങ് സമ്മേളനത്തിന് തൊട്ടുമുമ്പായി രാജി പ്രഖ്യാപിച്ചത്. ശനിയാഴ്ച ഡല്‍ഹിയിലേക്ക് പറക്കുംമുമ്പ് ബിരേന്‍ സിങ് വിളിച്ചുചേര്‍ത്ത എന്‍ഡിഎ എംഎല്‍എമാരുടെ യോഗത്തിനെത്തിയത് 46-ല്‍ 20 പേര്‍ മാത്രം.
തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ബജറ്റ് സമ്മേളനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന പേരിലാണ് യോഗം വിളിച്ചതെങ്കിലും തന്നില്‍ വിശ്വാസമുള്ളവരുടെ
കൃത്യമായ കണക്കെടുക്കുക കൂടിയായിരുന്നു ബിരേന്‍ സിങിന്റെ ലക്ഷ്യം. ന്യൂനപക്ഷം മാത്രമേ തനിക്കൊപ്പമുള്ളൂവെന്ന തിരിച്ചറിഞ്ഞ ബിരേന്‍ സിങ് തൊട്ടടുത്ത നിമിഷത്തില്‍തന്നെ ഡല്‍ഹിക്ക് പറന്നു.

കുക്കി-മെയ്‌തേയ് ഗോത്രവര്‍ഗ വിഭാഗങ്ങള്‍ തമ്മില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ബിരേന്‍ സിങിനെതിരെ ബിജെപി-എന്‍ഡിഎ എംഎല്‍എമാര്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചുനാളുകളായി അതൃപ്തി പുകഞ്ഞിരുന്നു.
ഈ അതൃപ്തി ഇത്തവണത്തെ സഭാ സമ്മേളനത്തില്‍ മുതലെടുക്കാനുള്ള നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടാകുകയും ചെയ്തു. ഇതിന്റെ ഭാഗമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു അഞ്ച് എംഎല്‍എമാര്‍ മാത്രമുള്ള കോണ്‍ഗ്രസ്. 16 ബിജെപി എംഎല്‍എമാരുടെയും മറ്റു ചില എന്‍ഡിഎ എംഎല്‍എമാരുടെയും പിന്തുണ അതിന് ലഭിക്കുമെന്നും സൂചനകളുണ്ടായിരുന്നു. സമ്മേളനത്തിന് മുമ്പായി വിളിച്ച യോഗത്തിലേക്ക് ഭൂരിപക്ഷം എംഎല്‍എമാരും എത്താതിരുന്നതോടെ തന്റെ പതനം ആസന്നമാണെന്ന് ബീരേന്‍ സിങ് ഉറപ്പിച്ചു.
സഭയിലെ അസ്ഥിരതയും ഭീഷണികളും
മണിപ്പുരില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍, 10 കുക്കി എംഎല്‍എമാര്‍ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് അസ്വസ്ഥത വര്‍ദ്ധിപ്പിച്ചിരുന്നു. കൂടാതെ, ഈ വര്‍ഷം ജനുവരിയില്‍ എന്‍പിപി എംഎല്‍എല്‍ എന്‍.കയിസി മരിച്ചതിനെത്തുടര്‍ന്ന ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. നാല് ബിജെപി എംഎല്‍എമാര്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുകയുമായിരുന്നു.

അനിശ്ചിതത്വം വര്‍ധിപ്പിച്ചുകൊണ്ട് ബിജെപിയിലേക്ക് നേരത്തെ കൂറുമാറി എത്തിയ അഞ്ച് ജനതാദള്‍ എംഎല്‍എമാര്‍ അയോഗ്യതാ ഭീഷണിയിലാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് തൊട്ടുപിന്നാലെ ബിജെപിയില്‍ ചേര്‍ന്ന ഈ അഞ്ച് എംഎല്‍എമാര്‍ക്കെതിരെ സമര്‍പ്പിച്ച അയോഗ്യത ഹര്‍ജികള്‍ സ്പീക്കറുടെ ട്രൈബ്യൂണലിലിന്റെ പരിഗണനയിലാണ്.
കൂടാതെ എന്‍ഡിഎ ഘടകകക്ഷികളായിരുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) കഴിഞ്ഞ നവംബറില്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിരിക്കണമെന്ന ഇവരുടെ ആവശ്യം സഭാ സമ്മേളനത്തിന് മുമ്പായി സ്പീക്കര്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി നീക്കങ്ങള്‍
ബിരേന്‍ സിങിനെതിരായ പാര്‍ട്ടിക്കുള്ളിലെ അസംതൃപ്തി പുകയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ അത് തീവ്രമായിരുന്നു. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി എംഎല്‍എമാര്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ ക്യൂനിന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്‌വരെ ഇത് എത്തി. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം ബിരേന്‍ സിങിനെ കൈവിട്ടില്ല. എന്നാല്‍ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന മണിപ്പൂര്‍ നിയമസഭയുടെ ബജറ്റ് സമ്മേളനമാണ് വഴിത്തിരിവായത്. നേതൃമാറ്റ അഭ്യര്‍ത്ഥന കേന്ദ്ര നേതൃത്വം കേള്‍ക്കാതെ പോയതോടെ വിമതര്‍ വന്‍ നീക്കത്തിന് പദ്ധതിയിട്ടു. കോണ്‍ഗ്രസിന്റെ പിന്തുണയും ഇതിന് ലഭിച്ചു. മണിപ്പുരില്‍ നടക്കുന്ന ഈ നീക്കങ്ങള്‍ ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു. ജനുവരി 27ന് സ്പീക്കര്‍ ടി.സത്യബ്രതയെ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുവരുത്തി. അതിന് മുന്നോടിയായി ചില മന്ത്രിമാരുമായും എംഎല്‍എമാരുമായും അമിത് ഷാ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനിടെ ബിരേന്‍ സിങിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വിവിധയിടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിവരികയും ചെയ്തു.
ബിരേണ്‍ സിങിന്റെ പ്രധാന എതിരാളി അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ തന്നെയുള്ള ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി യുമ്‌നം ഖേംചന്ദ് സിങായിരുന്നു. ഫെബ്രുവരി മൂന്നിന് അമിത് ഷാ യുമ്‌നം ഖേംചന്ദ് സിങിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ബിരേന്‍ സിങിനെ മാറ്റാതിരുന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു. തൊട്ടുടത്ത ദിവസം മണിപ്പുര്‍ ഗവര്‍ണര്‍ എ.കെ.ഭല്ലയും അമിത് ഷായെ കണ്ട് സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
ഫെബ്രുവരി അഞ്ചിന് ബിരേന്‍ സിങ് ഡല്‍ഹിലെത്തി. എന്നാല്‍ അദ്ദേഹത്തിന് അമിത് ഷായെ കാണാനായില്ല. തുടര്‍ന്ന് വിശ്വസ്തരുമായി ബിരേന്‍ സിങ് നേരെ കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു. പിന്നീട് ശനിയാഴ്ച വീണ്ടും ഡല്‍ഹിയിലെത്തിയ ബിരേന്‍ സിങ് അമിത് ഷായുമായും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി. പിന്നാലെ തന്നെ രാജിവെക്കാനുള്ള തീരുമാനത്തിലെത്തുകയുമായിരുന്നു.
മണിപ്പുര്‍ രാഷ്ട്രപതി ഭരണത്തിലേക്കോ
2024 ഡിസംബര്‍ 24-ന് അജയ് ഭല്ലയെ മണിപ്പുര്‍ ഗവര്‍ണറായി നിയമിച്ചത് മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞിരുന്നു. ഗവര്‍ണറായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചില നടപടികള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്തു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന ഭല്ലയ്ക്ക് മണിപ്പുരിലെ സംഭവവികാസങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഗവര്‍ണറായി നിയമിതനായി ഒരു മാസത്തിനുള്ളില്‍ ഭല്ല ഭരണപരമായ ചില ഇടപെടലുകളും പോലീസ് തലപ്പത്തും മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതിയ സംവിധാനം വരുന്നതുവരെ ബിരേന്‍ സിങിനോട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ഭല്ല ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയോടെയോ അടുത്ത ദിവസമോ രാഷ്ട്രപതി ഭരണം സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് വിവരം.

തിങ്കളാഴ്ച മുതല്‍ ചേരാനിരുന്ന മണിപ്പുര്‍ നിയമസഭാ സമ്മേളന ഉത്തരവ് ഗവര്‍ണര്‍ അസാധുവാക്കിയിട്ടുണ്ട്. എല്ലാ എംഎല്‍എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ ബിരേന്‍ സിങിന് പകരം കൊണ്ടുവരുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിനാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. അത്തരത്തിലുള്ള ഒരു നേതാവിന്റെ അഭാവംകൂടിയായിരുന്നു ബിരേന്‍ സിങിനെ മാറ്റുന്നതില്‍ ബിജെപി നേതൃത്വം കാലതാമസം വരുത്തിയതില്‍ ഒരു കാരണം.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 അനുസരിച്ച്, രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് രണ്ട് മാസത്തിനുള്ളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും മുമ്പാകെ കൊണ്ടുവരണം. ഇല്ലെങ്കില്‍ രാഷ്ട്രപതി ഭരണം അവസാനിക്കും. നിലവില്‍ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം നടന്നുവരികയാണ്. എന്നാല്‍ അതിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ഉടനടി തീരുമാനങ്ങള്‍ ഉണ്ടാകുമോ എന്നത് ശ്രദ്ധേയമാണ്. ബുധനാഴ്ച രവിദാസ് ജയന്തിയുടെ അവധികൂടിയായ സാഹചര്യത്തില്‍ രണ്ടാംഘട്ടത്തിലാകും ഇത് സംബന്ധിച്ച തീരുമാനമെന്നും സൂചനയുണ്ട്. മാര്‍ച്ച് പത്തിനാണ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുക. രാഷ്ട്രപതി ഭരണമല്ലെങ്കില്‍ മന്ത്രി യുമ്‌നം ഖേംചന്ദ് സിങിനെയാണ് മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. സ്പീക്കര്‍ സത്യബ്രതയ്ക്കും സാധ്യത പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ പരിഗണിച്ചേക്കില്ല.
Content Highlights: What Forced Manipur CM Biren Singhs Resignation-What next
Published: 10 Feb 2025, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented