
മുന്‍ മന്ത്രിയാണ് വി.എസ്. സുനില്‍കുമാര്‍. വെറും മുന്‍മന്ത്രിയല്ല; കൃഷിവകുപ്പില്‍ പ്രഗത്ഭനെന്ന് പേരെടുത്ത മന്ത്രി. തൃശ്ശൂരില്‍ ജനകീയന്‍. മൂന്നു തവണ നിയമസഭയിലെത്തിയ സി.പി.ഐ നേതാവ്. കേരളവര്‍മ്മ കോളേജില്‍ നിന്ന് തേച്ചുമിനുക്കിയെടുത്ത നേതൃപാടവം. അന്തിക്കാട്ടെ വിപ്ലവമണ്ണിലെ യുവനക്ഷത്രം. സുനിലേ എന്ന് മുതിര്‍ന്നവരും സുനിച്ചേട്ടാ എന്ന് യുവാക്കളും സ്‌നേഹപൂര്‍വം വിളിക്കുന്നയാള്‍.
ഈ സുനിലിന് ഇതെന്തു പറ്റി? വമ്പന്‍മാരെ ജയിപ്പിച്ചും തോല്‍പ്പിച്ചും രാഷ്ട്രീയം കളിച്ചിട്ടുള്ള തൃശ്ശൂരിലെ ജനങ്ങള്‍ ചോദിക്കുന്നത് അതാണ്.
കിട്ടാവുന്ന അവസരങ്ങളിലൊക്കെ തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിനിട്ട് കിഴുക്കാന്‍ സുനില്‍കുമാര്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് തൃശ്ശൂരുകാര്‍ക്കെല്ലാം അറിയാം. അതിന് അരിയാഹാരം കഴിക്കണമെന്നൊന്നുമില്ല. ഗോതമ്പ് കഴിച്ചാലും മതി. തൃശ്ശൂരിനപ്പുറവും ഇപ്പുറവും ഉള്ളവര്‍ക്ക് അറിയില്ലെങ്കില്‍ ചിലതു പറയാം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരേയും ഇല്ലാത്ത ശത്രുത തിരഞ്ഞെടുപ്പ് പ്രചാരണത്തോടെ ഇരുവരും തമ്മിലുണ്ടായി എന്നു പറഞ്ഞാല്‍ മേയര്‍ സമ്മതിക്കാന്‍ സാധ്യതയില്ല. കാരണം സുനില്‍കുമാറിന്റേത് ഏകപക്ഷീയ ശത്രുതയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. ബി.ജെ.പി.സ്ഥാനാര്‍ഥി സുരേഷ് ഗോപിയെക്കുറിച്ച് മേയര്‍ ചില നല്ല വാക്കുകള്‍ പറഞ്ഞിടത്തു നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. തൃശ്ശൂരിലേക്ക് വികസനം കൊണ്ടുവരാന്‍ കഴിയുന്ന പ്രഗത്ഭ സ്ഥാനാര്‍ഥിയാണ് സുരേഷ് ഗോപി എന്നായിരുന്നു, സുനില്‍കുമാറിന്റെ ചങ്കില്‍ തറച്ച, മേയറുടെ പ്രധാന പ്രശംസ. സുനില്‍ ക്ഷോഭിച്ചതില്‍ തെറ്റ് പറയാനാവില്ല. മേയര്‍ അവിടേയും നിര്‍ത്തിയില്ല. പ്രചാരണത്തിന്റെ ഭാഗമായി സുരേഷ് ഗോപി വന്നപ്പോൾ മേയര്‍ ആഹ്ളാദത്തോടെ തന്നെ സ്വീകരിച്ചു. ജയിച്ച് മന്ത്രിയായ ശേഷവും വേദികളില്‍ മേയറും സുരേഷ്‌ഗോപിയും 'ഒക്കച്ചങ്ങാതിമാരായി'.
തന്റെ തോല്‍വിയില്‍ മേയറുടെ നിലപാടുകള്‍ക്ക് പങ്കുണ്ടെന്നാണ് സുനില്‍കുമാര്‍ വിശ്വസിക്കുന്നത്. എന്നാല്‍, അത് മുഴുവന്‍ നാട്ടുകാര്‍ക്ക് ദഹിക്കുന്നില്ല. സുരേഷ് ഗോപിക്ക് ജയിക്കാന്‍ സ്വന്തമായി കാരണങ്ങളുണ്ടായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. മേയര്‍ പറഞ്ഞാലുമില്ലെങ്കിലും തൃശ്ശൂരിന്റെ വികസനത്തെക്കുറിച്ച് വലിയ സങ്കല്‍പങ്ങളുണ്ടായിരുന്നു സുരേഷ് ഗോപിക്ക്. പലതും പ്രായോഗികമാണോ എന്ന് സംശയിക്കാമെങ്കിലും അദ്ദേഹം അത് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. സ്വന്തം പണമെടുത്ത് പലര്‍ക്കും അദ്ദേഹം രാഷ്ട്രീയഭേദമില്ലാതെ സഹായങ്ങള്‍ ചെയ്തു. ഇരു ചെവിയറിയാതെ. തൃശ്ശൂരിന് അതൊരു പുതുമയായിരുന്നു.
അങ്ങനെ സുരേഷ് ഗോപി പിന്നീട് തൃശ്ശൂരിന്റെ ഹൃദയത്തില്‍ ഇടം നേടി. പതിറ്റാണ്ടുകളായി കാര്യമായ വികസനമൊന്നുമില്ലാത്ത തൃശ്ശൂരിലെ വോട്ടര്‍മാര്‍ സുരേഷ്‌ഗോപിയുടെ 'വികസന പ്രതീക്ഷ'യില്‍ വിശ്വസിച്ചു. ഇടതു വലതു മുന്നണികള്‍ തൃശ്ശൂരിനായി എന്ത് ചെയ്തുവെന്ന് വോട്ടര്‍മാര്‍ സ്വയം ചോദിച്ചപ്പോള്‍ കുറേ 'ഷോ'കള്‍ അല്ലാതെ മറ്റൊന്നും ഓര്‍മ വന്നുകാണില്ല.
തൃശ്ശൂര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വീറും ജനാഭിപ്രായങ്ങളുടെ ഉള്ളൊഴുക്കും അറിഞ്ഞ ആര്‍ക്കും അറിയാം, ശക്തമായ ഭരണ വിരുദ്ധതരംഗവും സുരേഷ് ഗോപിക്ക് തുണയായിട്ടുണ്ട്. ജനപ്രിയനെന്ന് പേരെടുത്ത സുനില്‍കുമാറിന് ആ തരംഗത്തെ പ്രതിരോധിക്കാനായില്ല. കോണ്‍ഗ്രസ്സിന്റെ തലപ്പൊക്കമായ കെ. മുരളീധരന് ആ തരംഗത്തെ പ്രയോജനപ്പെടുത്താനുമായില്ല. പ്രധാനമന്ത്രിയുടെ തുടര്‍ സന്ദര്‍ശനവും ഒരു മാറ്റത്തിനായുള്ള വോട്ടര്‍മാരുടെ പരീക്ഷണവും സുരേഷ് ഗോപിക്ക് വലിയ ഊര്‍ജ്ജമാകുകയും ചെയ്തു.
യാഥാര്‍ഥ്യം ഇതാണെന്നതിന് തെളിവുകള്‍ വേറേയും ഉണ്ട്. തിരഞ്ഞെടുപ്പിനു മുമ്പ് മുക്കാല്‍ ലക്ഷത്തോളം വോട്ടുകളാണ് ബി.ജെ.പി. വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. തികഞ്ഞ കാഡര്‍ പാര്‍ട്ടിയായ സി.പി.എം പോലും അന്തംവിട്ടു. കള്ളവോട്ട് ചേര്‍ത്തു എന്നെല്ലാം പറഞ്ഞ് അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചങ്കിലും. എന്നാല്‍ അതു മാത്രമല്ല സുരേഷ് ഗോപിയുടെ ജയത്തിന് കാരണമായതെന്ന് എല്ലാ കക്ഷികളും സമ്മതിക്കുന്ന കാര്യമാണ്. സുനില്‍കുമാറിന്റെ തട്ടകമായ അന്തിക്കാടു പോലും ബി.ജെ.പി. സ്ഥാനാര്‍ഥി ലീഡ് ചെയ്തു. ഒല്ലൂരിലേയും കോര്‍പ്പറേഷനിലേയും യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിലും സുരേഷ് ഗോപി നേട്ടമുണ്ടാക്കി. മത ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍കൈയുള്ള സ്ഥലങ്ങളിലും അദ്ദേഹം ലീഡ് ചെയ്തു. പൂരം കലക്കിയതാണ് ബി.ജെ.പി.യുടെ ജയത്തിനു കാരണമായതെന്ന വാദം തൃശ്ശൂരിലെ ഇടതു പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നില്ല. കുറച്ച് വോട്ട് കൂടുതല്‍ കിട്ടാന്‍ അത് കാരണമായിട്ടുണ്ടാവാം.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കേ, കോണ്‍ഗ്രസ് വിമതനായി ജയിച്ച്, ഇടതു പിന്തുണയോടെ മേയറായ എം.കെ. വര്‍ഗീസാണ് തന്റെ തോല്‍വിക്ക് കാരണമെന്ന് സുനില്‍കുമാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.
എങ്കിലും, മേയര്‍ വര്‍ഗീസിനെ ബി.ജെ.പി.യുടെ അടുപ്പക്കാരനായി ചിത്രീകരിച്ചുകൊണ്ട് സുനില്‍കുമാര്‍ നടത്തിയ വിമര്‍ശനങ്ങളും മേയറെ മാറ്റണമെന്ന ആവശ്യവും കാര്യമായ ചനലമൊന്നും ഉണ്ടാക്കാതെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് 'കെയ്ക്ക് കലഹം' ഉണ്ടാവുന്നത്. അത് ചലനമുണ്ടാക്കി. പക്ഷേ, സുനില്‍കുമാറിന്റെ മികച്ച ഇമേജിനുമേല്‍ ചെളി പുരട്ടുന്ന ചലനമായിപ്പോയി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറും ക്രിസ്മസ് ദിനത്തില്‍ മേയറുടെ വസതിയിലെത്തി കെയ്ക്ക് സമ്മാനിച്ചതാണ് സുനില്‍കുമാറിനെ പ്രകോപിപ്പിച്ചത്. കെയ്ക്ക് സമ്മാനിക്കുക മാത്രമല്ല, അത് മുറിച്ച് പരസ്പരം നല്‍കുകയും ചെയ്തു. മേയറുടെ നടപടി അത്ര നിഷ്‌കളങ്കമല്ല എന്നാണ് സുനില്‍കുമാര്‍ പ്രതികരിച്ചത്.
മാധ്യപ്രവര്‍ത്തകരോട് ഇക്കാര്യം വിശദമായി പറയുകയും ചെയ്തു. എന്നാല്‍, സുനിലിന്റെ ആരോപണത്തിന് വിലകല്‍പ്പിക്കുന്നില്ല എന്നാണ് മേയര്‍ പ്രതികരിച്ചത്. താന്‍ സുരേഷ് ഗോപിക്കായി പ്രവര്‍ത്തിച്ചത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. ഒരാള്‍ വീട്ടിലേക്കു വന്നാല്‍ ഇറങ്ങിപ്പോകാന്‍ പറുന്നതല്ല തന്റെ സംസ്‌കാരമെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടെന്നും പറഞ്ഞ മേയര്‍ താന്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പറഞ്ഞതോടെ സുനില്‍കുമാറിന്റെ ആരോപണങ്ങള്‍ക്ക് ഏറെക്കുറെ കാറ്റുപോയി. മേയര്‍ക്ക് ചോറ് ഇവിടേയും കൂറ് അവിടേയുമാണെന്ന സുനില്‍കുമാറിന്റെ ആരോപണം, പക്ഷേ, എളുപ്പം ക്ഷമിക്കാന്‍ കഴിയുന്നതായിരുന്നില്ല എം.കെ. വര്‍ഗീസിന്. അതിന്റെ പ്രത്യാഘാതങ്ങള്‍ പിന്നാലെയുണ്ടായി. സുനില്‍കുമാര്‍ കെ.സുരേന്ദ്രന്റെ വീട്ടിൽ തിരിച്ചും സന്ദര്‍ശിച്ചത് എന്തിനാണെന്ന് പറയണമെന്ന 'ബോംബ്' ആണ് മേയര്‍ പൊട്ടിച്ചത്.
'സൗഹൃദ സന്ദര്‍ശനം' എന്ന ഒറ്റവാക്ക് മറുപടിയില്‍ സുനില്‍കുമാര്‍ ഒതുക്കി. എങ്കില്‍ 'കെയ്ക്കിനും' ആകാമല്ലോ സൗഹൃദമെന്ന ചോദ്യം അദ്ദേഹം കേട്ടതായി നടിച്ചില്ല. പകരം വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നു എന്നാണ് പറഞ്ഞത്. സുനിലിന്റെ പിന്‍മാറ്റത്തിന് പ്രധാന കാരണം, സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും അദ്ദേഹത്തിന് പിന്തുണ കിട്ടിയില്ല എന്നതാണ്. സി.പി.ഐ. ജില്ലാ സെക്രട്ടറി പോലും സുനില്‍കുമാറിനെ തള്ളിപ്പറഞ്ഞു. പാര്‍ട്ടി കൗണ്‍സിലറും സി.പി.എം. കൗണ്‍സിലറും തലേന്നുതന്നെ അത് ചെയ്തിരുന്നു!
ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ചൊരുക്കാണ് സുനില്‍കുമാറിനെന്ന് ബി.ജെ.പി.യും തോറ്റതിന്റെ കാരണം ആരുടേയെങ്കിലും തോളില്‍ ചാരനാണ് സുനില്‍കുമാറിന്റെ ശ്രമമെന്ന് മേയറും പറയുന്നുണ്ടെങ്കിലും അതിനപ്പുറമാണ് കാര്യങ്ങള്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എം.കെ. വര്‍ഗീസ് സ്ഥാര്‍ഥിയാവുമെന്ന് ചിലരെങ്കിലും സംശയിക്കുന്നു. അത് സി.പി.എം. സ്ഥാനാര്‍ഥി ആയോ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായോ ആവാമെന്നും അവര്‍ കണക്കുകൂട്ടുന്നു. ഇപ്പോഴത്തെ എം.എല്‍.എ, സിപി.ഐ.യുടെ തന്നെ പി. ബാലചന്ദ്രനേക്കാള്‍ ജയ സാധ്യത തൃശ്ശൂരില്‍ തനിക്കാണെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ സുനില്‍കുമാറിന് അധികം കഷ്ടപ്പെടേണ്ടിവരില്ലതാനും. നിയമസഭയിലേക്ക് ഒരങ്കം കൂടി ആഗ്രഹിക്കുന്ന സുനില്‍കുമാറിന് മുന്നില്‍ വര്‍ഗീസ് വില്ലനാവാന്‍ മറ്റു കാര്യങ്ങള്‍ അധികം വേണ്ടല്ലോ.
Content Highlights: V.S. Sunil kumar and M.K. Varghese controversy
Published: 29 Dec 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented