
കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസും | File Photo: Mathrubhumi
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് തൃശ്ശൂർ മേയർ എം.കെ. വർഗീസ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചെയ്ത നല്ലകാര്യങ്ങൾ താൻ പറയും. ഇപ്പോൾ സ്വതന്ത്രനായാണ് നിൽക്കുന്നത്. ആർക്കാണ് തന്നെ ആവശ്യം എന്നതിനനുസരിച്ച് മൂന്നു മാസത്തിന് ശേഷം തീരുമാനമെടുക്കുമെന്നും എം.കെ. വർഗീസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
തന്റെ ആശയങ്ങളുമായി മുമ്പോട്ടുപോകുമ്പോൾ അതുമായി യോജിച്ചുപോകുന്ന ആരു സമീപിച്ചാലും അവരുടെ കൂടെ മുമ്പോട്ടു പോകുമെന്ന് എം.കെ. വർഗീസ് വ്യക്തമാക്കി. അഞ്ചു വർഷം കൊണ്ട് പുതിയ തൃശ്ശൂരിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇനി അത് മുമ്പോട്ട് കൊണ്ടുപോകാൻ പുതിയ തലമുറ വരട്ടെ. സ്വതന്ത്രനായാണ് ഞാൻ വന്നത്. ഇടതുപക്ഷത്തിന്റെ കൂടെ നിന്നപ്പോൾ ഇതുവരെ മുഖം കറുപ്പിക്കുന്ന സമീപനം ഉണ്ടായിട്ടില്ല. സ്വതന്ത്രനായിരുന്നു. അതുകൊണ്ട് അഴിമതിരഹിതമായ കുറേ വികസനം നടത്താൻ പറ്റി. അതിന്റെ ബോധ്യം ഇടതുപക്ഷത്തിനുണ്ടാകും. അതുകൊണ്ടായിരിക്കാം അഞ്ചു വർഷം തനിക്ക് കിട്ടിയത്. തിരഞ്ഞെടുപ്പ് കാലത്ത് വിശ്രമത്തിലായിരിക്കും. ഒരു പാർട്ടിയുടെ കൂടെയും ഇറങ്ങാൻ ആലോചിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രനായി നിൽക്കും. പിന്നെ ആശയങ്ങളുമായി പൊരുത്തപ്പെട്ട് പോകാൻ പറ്റിയ ആരെയെങ്കിലും ഉണ്ടോ എന്ന് നോക്കി ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എം.കെ. വർഗീസിന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും വലിയ വിവാദങ്ങളുയർത്തിയിരുന്നു. സുരേഷ് ഗോപിയെ നിരന്തരം പുകഴ്ത്തിപ്പറയുന്നതിലൂടെ ഇടതുപക്ഷത്തുനിന്നുതന്നെ ഏറെ വിമർശനങ്ങളുമുയർന്നിരുന്നു.
തൃശ്ശൂർ കോർപ്പറേഷനിൽ 24-24 എന്ന നിലയിലായിരുന്നു എൽഡിഎഫും യുഡിഎഫും. ഇതിനൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചുവന്ന എം.കെ. വർഗീസും എത്തിയപ്പോഴാണ് എൽഡിഎഫിന് ഭരണം ലഭിച്ചത്. രണ്ടര വർഷം മേയർ സ്ഥാനം, അതിനുശേഷം സിപിഎമ്മിലെ ഒരാൾക്ക് മേയർസ്ഥാനം എന്നായിരുന്നു ധാരണ. എന്നാൽ, ഇത് കൃത്യമായി പാലിക്കാൻ എം.കെ. വർഗീസ് തയ്യാറായില്ല. മേയറെ മാറ്റിയാൽ ഭരണം നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കെ.എം വർഗീസിന്‍റെ നീക്കമെന്നാണ് വിലയിരുത്തൽ. ഒല്ലൂരിലോ തൃശ്ശൂരിലോ മത്സരിക്കാൻ തന്നെ ക്ഷണിക്കുന്ന കക്ഷിക്കൊപ്പം അദ്ദേഹം പോകുമെന്നാണ് സൂചന.
Content Highlights: Thrissur Mayor MK Varghese Declines LDF Campaign, Praises Suresh Gopi; Future Unclear
Published: 07 Nov 2025, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented