'വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ', മെയ് 18-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ഈ വാക്കുകളോടെ യുഡിഎഫ് സർക്കാരിന്റെ 'കേരളയാത്ര' ആരംഭിച്ചു. ഇന്നേക്കത് 100 ദിവസം. സത്യപ്രതിജ്ഞാ ചടങ്ങിലെ മേനോൻ പ്രയോഗത്തിലും വന്ദേമാതര ആലാപനത്തിലും തുടങ്ങിയ രാഷ്ട്രീയ ആരോപണങ്ങളുമായി പ്രതിപക്ഷം പിന്നാലെയുണ്ടെങ്കിലും സതീശൻ സർക്കാരിന് ഹണിമൂൺ കാലഘട്ടം കയ്‌പേറിയതായിരുന്നില്ല, മധുരമുള്ളത് തന്നെയായിരുന്നു. ഓപ്പറേഷൻ തൂഫാനും പ്രിയദർശിനിയും ആദ്യ നൂറ് ദിനത്തിൽ യുഡിഎഫ് സർക്കാരിന് മാറ്റു കൂട്ടിയപ്പോൾ പിഎം ശ്രീ അടക്കമുള്ള വിവാദവിഷയങ്ങൾ കല്ലുകടിയായി തുടരുകയാണ്.

To advertise here,

ശക്തമായ ഭരണവിരുദ്ധ തരംഗത്തിന്റെ പിൻബലത്തിൽ 140-ൽ 102 സീറ്റോടെ അധികാരംപിടിച്ച യുഡിഎഫിനുള്ള അപ്രമാദിത്വം നിയമസഭയ്ക്കകത്തും പ്രകടമായിരുന്നു. തോൽവിയുടെ ഞെട്ടലിൽനിന്ന് പൂർണ്ണമായി ഇതുവരെ പുറത്ത് വന്നില്ലെങ്കിലും 10 വർഷം മുമ്പ് മറന്നുവെച്ച സമരപരിപാടികളുമായി കളംപിടിക്കാനുള്ള ശ്രമങ്ങൾ സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇക്കാലയളവിലുണ്ടായിട്ടുണ്ട്. എന്നാൽ, അംഗബലംകൊണ്ടും യുവനേതാക്കളുടെ അഭാവംകൊണ്ടും ക്ഷീണിച്ച പ്രതിപക്ഷ മുന്നണിക്ക് നിയമസഭയിൽ കരുത്ത് കാട്ടാനായിട്ടില്ല. ഭരണപക്ഷ ആക്രമണത്തിൽ പ്രതികരിക്കാൻ പ്രതിപക്ഷ നേതാവിനെ തട്ടിയുണർത്താൻ കെ.എൻ. ബാലഗോപാൽ നടത്തിയ ശ്രമങ്ങൾക്കും നിയമസഭ സാക്ഷിയായി. മറുഭാഗത്ത് മദ്യനികുതി, കരിമണൽ ഖനനം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശനെ പരസ്യമായി പഠിപ്പിക്കാനിറങ്ങിയതും കണ്ടു. പ്ലീഡർ നിയമനത്തിൽ യൂത്ത് കോൺഗ്രസ് -സതീശൻ നേർക്കുനേർ വരുന്ന സാഹചര്യവും മധുവിധുനാളുകളിൽ കാാണാനിടയായി. നൂറ് ദിനം പിന്നിടുന്ന വേളയിൽ സതീശൻ സർക്കാരിന്റെ പ്രകടനങ്ങളും വെല്ലുവിളികളും പരിശോധിക്കുകയാണ് ഇവിടെ.

ഓപ്പറേഷൻ തൂഫാനും പ്രിയദർശിനിയും

മുഖ്യമന്ത്രി കസേരയ്ക്കായുള്ള മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും യുഡിഎഫ് സർക്കാരിന്റെ തുടക്കത്തിൽ കസറിയത് രമേശ് ചെന്നിത്തലയാണ്. ലഹരി മാഫിയയുടെ വേരറക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ഓപ്പറേഷൻ തൂഫാനിലൂടെ ഇതിനകം പതിനായിരത്തിലധികം പേർ അകത്തായി. മയക്കുമരുന്ന് നിയന്ത്രണത്തിനായി മുൻസർക്കാരിന്റെ കാലത്തും പദ്ധതികളുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെ ലഹരിവ്യാപനം എത്രത്തോളം ആഴത്തിലുണ്ടെന്നത് വെളിവാക്കുന്നതായിരുന്നു ഓപ്പറേഷൻ തൂഫാൻ.

നിരവധി കുടുംബങ്ങളും ജീവനുകളും തകർത്ത ലഹരിക്കെതിരായ ചെന്നിത്തലയുടെ പോരാട്ടം ദക്ഷിണേന്ത്യയിലടക്കം ശ്രദ്ധനേടി. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഡിനേറ്റർ എന്നവകാശപ്പെട്ടിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ലഹരിയുമായി പിടിയിലായത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയെങ്കിലും, രാഷ്ട്രീബന്ധങ്ങൾക്കപ്പുറമുള്ള അറസ്റ്റ് ലഹരിക്കെതിരായ സർക്കാരിന്റെ പോരാട്ടത്തിന് കരുത്തേകുന്നതായിരുന്നു. സമാനമായ കേസിൽ ഡിവൈഎഫ്ഐ നേതാവും അകത്തായതോടെ പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വീര്യംകുറഞ്ഞു. അതേസമയം, കേരളത്തെ പിന്തുടർന്ന് കേന്ദ്ര സർക്കാരും ലഹരി മാഫിയയ്‌ക്കെതിരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചത് രമേശ് ചെന്നിത്തലയുടെ ശ്രമങ്ങൾക്കുള്ള അംഗീകാരവുമായി.

ആദ്യ നൂറ് ദിനത്തിൽ യുഡിഎഫ് സർക്കാരിന്റെ ഹിറ്റായ മറ്റൊരു പ്രധാന പദ്ധതിയാണ് പ്രിയദർശിനി എന്ന പേരിൽ തുടങ്ങിയ കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്ര. കെഎസ്ആർടിസിയുടെ 3,125 ഓർഡിനറി ബസുകളിലാണ് ആദ്യഘട്ടത്തിൽ ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കിയത്. ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കിയതിനെതിരെ ആദ്യം വിമർശനം ഉന്നയിച്ച പ്രതിപക്ഷം പദ്ധതി ഹിറ്റായതോടെ സ്വകാര്യ ബസ് മേഖലയുടെ ആശങ്കകൾ ഉയർത്തിക്കാട്ടി പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാവർക്കും സൗജന്യം നൽകാതെ അർഹതപ്പെട്ടവർക്ക് മാത്രമാക്കി പദ്ധതിയിൽ പുനർചിന്ത വേണമെന്ന അഭിപ്രായം യുഡിഎഫിൽനിന്ന് തന്നെ ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവരെ അപമാനിക്കുന്ന രീതിയിൽ ഗതാഗത മന്ത്രി നടത്തിയ പ്രസ്താവന പദ്ധതിക്ക് കളങ്കംസൃഷ്ടിക്കുകയും ചെയ്തു.

മറ്റു നേട്ടങ്ങൾ

സ്ത്രീകൾക്ക് സൗജന്യ കെഎസ്ആർടിസി യാത്രയ്ക്കൊപ്പം ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ ആശാ വർക്കർമാരുടെ വേതനത്തിൽ 3,000 രൂപ വർധിപ്പിച്ച് ഉത്തരവിറക്കി സർക്കാർ കൈയടി നേടി. ഭരണത്തിലേറിയത് മുതൽ എല്ലാ മാസവും ക്ഷേമപെൻഷനും കൃത്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഓണം മുന്നിൽ കണ്ട് തയ്യാറെടുപ്പുകൾ നടത്തി സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാനായതും സർക്കാരിന് നേട്ടമായി.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും കൊടുത്ത് തീർക്കാനായുള്ള നടപടി സ്വീകരിച്ചതും സർക്കാരിന്റെ പ്രധാനനേട്ടമാണ്.

വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് വാഷിങ് ജീവനക്കാർക്കും മുൻകാലങ്ങളിൽ തടസ്സപ്പെടുകയോ കിട്ടാതിരിക്കുകയോ ചെയ്തവർക്കും ഉത്സവബത്ത അനുവദിച്ചു. അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ എന്നിവരുടെ വേതനം 1,000 രൂപ വീതം വർദ്ധിപ്പിച്ചു. കിടപ്പ് രോഗികൾക്കും കാൻസർ, ഓട്ടിസം രോഗികൾക്കും നൽകുന്ന ആശ്വാസകിരണം 600 രൂപയിൽനിന്ന് 1,000 രൂപയാക്കി ഉയർത്തി. നെൽ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തീർക്കാൻ പണം അനുവദിച്ചതും റബ്ബർ താങ്ങുവില 200 രൂപയിൽനിന്ന് 250 ആക്കി ഉയർത്താനായതും യുഡിഎഫ് സർക്കാർ നേട്ടങ്ങളായി കാണുന്നു.

ആദ്യ വെല്ലുവിളിയും പരിഹാരവും

അധികാരമേറ്റ് രണ്ടാം ദിനത്തിലാണ് യുഡിഎഫ് സർക്കാരിന് മുന്നിൽ ആദ്യ വെല്ലുവിളി എത്തുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ, വാഴക്കുളം വില്ലേജിൽ മലയിടംതുരുത്ത് കരയിലുള്ള തർക്കഭൂമിയായ പാരിയത്തുകാവ് സുപ്രീം കോടതി വിധിപ്രകാരം ഒഴിപ്പിക്കാൻ പോലീസ് ശ്രമം നടത്തി. ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള ശ്രമം കുടുംബങ്ങൾ തടഞ്ഞു. സംഘർഷം ശക്തമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് പോലീസ് നടപടി നിർത്തിവെപ്പിച്ചു. പിന്നാലെ സമരം സിപിഎം ഏറ്റെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ളവർ എത്തി. എന്നാൽ 58 വർഷമായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കോടതിക്ക് പുറത്ത് പരിഹാരം കാണാൻ സർക്കാരിനായി. മന്ത്രി റോജി എം. ജോണിനെയായിരുന്നു സർക്കാർ അതിന് ചുമതലപ്പെടുത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ ആദ്യ വെല്ലുവിളിയും നീണ്ടകാലം തർക്കം പരിഹരിച്ചതിലൂടെ പൊൻതൂവലുമായി പാരിയത്തുകാവ് മാറി.

യൂടേണും തിരിച്ചടികളും

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ സ്വജനപക്ഷപാതത്തിനെതിരെ നിരന്തരം പ്രചാരണം നടത്തി അധികാരത്തിലേറിയ യുഡിഎഫ്, മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിന്റെ ഭാര്യാസഹോദരൻ ബെന്നി തോമസിനെ നിയമിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചു. പ്രതിഷേധം കനത്തതോടെ ഈ നിയമനം യുഡിഎഫ് സർക്കാരിന് ആദ്യ യൂടേണിന് കാരണമായി. ബെന്നി തോമസ് രാജിവെച്ചു. ദിവസങ്ങൾക്ക് ശേഷം, ശബരിമലയിലെ സ്വർണ്ണമോഷണ കേസിൽ സംശയത്തിന്റെ നിഴലിലുള്ള ഒരു സ്വകാര്യ കമ്പനിക്ക് വേണ്ടി ഹാജരായിരുന്ന പ്രമുഖ അഭിഭാഷകനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്പെഷ്യൽ പ്ലീഡറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കേണ്ടി വന്നതാണ് യുഡിഎഫ് സർക്കാരിനേറ്റ മറ്റൊരു തിരിച്ചടി.

എൽഡിഎഫ് സർക്കാരിന് യൂടേണടിക്കേണ്ടി വന്ന പിഎം ശ്രീ പദ്ധതിയാണ് ഇക്കാലയളവിൽ യുഡിഎഫിന് ഏറ്റവുംകൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. കേന്ദ്ര ഫണ്ട് ലഭ്യമാകുന്നതിനെന്ന പേരിലാണ് 2025-ൽ എൽഡിഎഫ് സർക്കാർ മുന്നണിയിലെ എതിർപ്പുകളെല്ലാം മറികടന്ന് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. പ്രതിപക്ഷത്തിന്റെയും മുന്നണിക്കുള്ളിലെയും പാർട്ടികളുടെ എതിർപ്പുകളെ തുടർന്ന് കരാർ റദ്ദാക്കണമെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. എന്നാൽ, കരാർ നിലനിൽക്കുന്നുണ്ടെന്ന വാദമാണ് യുഡിഎഫ് ഉയർത്തുന്നത്. കേന്ദ്ര ഫണ്ട് ലഭ്യമാകുന്നതിനുള്ള തടസ്സം തന്നെയാണ് കരാറിൽനിന്ന് പിൻവാങ്ങുന്നതിൽനിന്ന് യുഡിഎഫിനെയും അകറ്റുന്നത്.

മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് തത്കാലം പ്രശ്നത്തിൽനിന്ന് ശ്രദ്ധതിരിക്കാൻ യുഡിഎഫ് ശ്രമിച്ചെങ്കിലും എത്രകാലം ഒളിച്ചുകളി തുടരാനാകുമെന്നതാണ് കണ്ടറിയണം. കരാറിൽനിന്ന് പിൻവാങ്ങാൻ സംസ്ഥാനങ്ങൾക്ക് കഴിയുമെന്ന് കേന്ദ്രം പാർലമെന്റിൽ വ്യക്തമാക്കിയതോടെ യുഡിഎഫ് സർക്കാരിന്റെ ഇതുമായി ബന്ധപ്പെട്ട അവകാശവാദവും പൊളിഞ്ഞു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ടും യുഡിഎഫ് സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്.

വൈദ്യുതി പ്രതിസന്ധിയാണ് യുഡിഎഫ് സർക്കാരിനെ തുടക്കത്തിലേ കുഴക്കിയ മറ്റൊന്ന്. ഉയർന്ന ഉപഭോഗവും എൽ-നിനോ പ്രതിഭാസവും മൂലം വൈദ്യുതി ലഭ്യതയിൽ കുറവ് വന്നതോടെ സർക്കാർ വൈദ്യുതി നിയന്ത്രണത്തിന് നിർബന്ധിതരായി. പത്ത് വർഷം പവർകട്ട് ഇല്ലാതിരുന്ന സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയതോടെ അത് തിരിച്ചെത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സർക്കാർ പ്രതിരോധത്തിലായി. എന്നാൽ, മഴ തുണയ്ക്കെത്തിയതോടെ പ്രതിസന്ധിയിൽനിന്ന് തത്കാലം രക്ഷപ്പെട്ടു. ഡാമുകളിൽ മുൻവർഷങ്ങളിലേതുപോലെ വെള്ളമെത്താത്തത് പ്രതിസന്ധിയായി തുടരുകയാണ്. വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ വീണ്ടും വൻവിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിലുമാണ് കെ.എസ്.ഇ.ബി. യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപവരെ വിലയ്ക്ക് അടുത്തവർഷം മേയ് വരെ വൈദ്യുതി വാങ്ങാനുള്ള കരാറുകൾക്ക് അനുമതി തേടി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പിൽ പൊളിച്ചെഴുത്തുകൾ പ്രഖ്യാപിച്ച് കെ. മുരളീധരൻ മുന്നേറുന്നുണ്ടെങ്കിലും ആശുപത്രിയിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരിഞ്ഞുകുത്തി. ആശുപത്രികളിൽ ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം മാതൃകാപരമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ ക്ഷീണം മാറ്റി. മുരളീധരന് പ്രസ്താവനയിൽനിന്ന് യൂടേൺ അടിക്കേണ്ടിയുംവന്നു.

പദ്ധതികൾ പൊളിച്ച് പണിയുന്നു

ഇടതു സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രതിഷേധത്തിന് വഴിവെച്ച സിൽവർലൈൻ അർധ അതിവേഗ റെയിൽവേ പദ്ധതി റദ്ദാക്കിയത് യുഡിഎഫ് സർക്കാരിന്റെ തുടക്കകാലത്തെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. അധികാരമേറ്റ് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ നിർണായക തീരുമാനം എടുത്തത്. സിൽവർ ലൈൻ റദ്ദാക്കിയത് കൂടാതെ, മുൻ സർക്കാരിന്റെ പ്രധാന പദ്ധതികൾ പലതും പൊളിച്ച് പണിയാനുള്ള തീരുമാനത്തിലാണ് സതീശൻ സർക്കാരുള്ളത്. ഇടതു സർക്കാർ നടപ്പാക്കിയ ലൈഫ് മിഷൻ പദ്ധതിയാണ് അതിലൊന്ന്. ഓരോ വിഭാഗത്തിനും പ്രത്യേകം ഭവനപദ്ധതി നടപ്പാക്കുന്നതാണ് കൂടുതൽ ഗുണമെന്ന് വിലയിരുത്തിയാണിത്. പട്ടികവർഗം, പട്ടികജാതി, മത്സ്യത്തൊഴിലാളി മേഖലകൾക്കുള്ള പദ്ധതി ലൈഫിൽനിന്ന് വേർപെടുത്താനുള്ള രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു.

ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കുന്ന പദ്ധതിയിലാണ് മറ്റൊരു പൊളിച്ച് പണിയൽ. തട്ടിപ്പുകൾ നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി സഹകരണ ബാങ്കുകളിൽനിന്ന് പെൻഷൻ വിതരണം മാറ്റിസ്ഥാപിക്കാനാണ് നീക്കം. ക്ഷേമപെൻഷൻ വിതരണത്തിൽനിന്നു സഹകരണ സംഘങ്ങളെ ഒഴിവാക്കാനുള്ള ധനവകുപ്പ് തീരുമാനത്തിൽ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹകരണ മന്ത്രി എം. ലിജു രംഗത്തെത്തിയത് തീരുമാനത്തിൽ യുഡിഎഫിനുള്ളിലെ ഭിന്നതയുണ്ടെന്ന സൂചനയാണ് നൽകുന്നത്.

സതീശൻ നേരിടുന്ന പ്രതിസന്ധി

കോൺഗ്രസിനുള്ളിലെ ചരടുവലികൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനം നേടിയെങ്കിലും ഭൂരിപക്ഷം പാർട്ടി എംഎൽഎമാർക്ക് ഇപ്പോഴും കൂറ് കെ.സി. വേണുഗോപാലിനോട് തന്നെയാണ്. പാർട്ടി പരിപാടികളിൽ എംഎൽഎമാർ ഇത് പരസ്യമായി പ്രകടമാക്കുകയും ചെയ്യുന്നു. സതീശന് നേരെ പ്രതിപക്ഷം വ്യക്തിപരമായി നടത്തുന്ന വിമർശനങ്ങളും ഈ ഭിന്നത മുന്നിൽ കണ്ടാണ്. തനിക്കുനേരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാൻ താൻ മാത്രമേയുള്ളൂവെന്ന തിരിച്ചറിവ് സതീശനമുണ്ട്.

മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. പാർട്ടിയുമായുള്ള സർക്കാരിന്റെ ഏകോപനത്തിനും ഇത് തടസ്സമാകുന്നുണ്ട്. ഘടകക്ഷികളുടെ പിന്തുണ തന്നെയാണ് സതീശന് ഇപ്പോഴും കരുത്ത്.

നൂറുദിന കർമ്മപദ്ധതി

ഭരണനടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനായി എല്ലാ വകുപ്പുകളിലും ഇടപെടലിനായി ഒരു പദ്ധതി സതീശൻ പുറത്തിറക്കിയിട്ടുണ്ട്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരെ എല്ലാ വകുപ്പുകളിലും ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ ഉപദേശകരായിട്ടാണ് നിയമിച്ചിരിക്കുന്നത്. കൂടാതെ ജൂലായ് ഒന്ന് മുതൽ ആരംഭിച്ച 100 ദിന കർമപദ്ധതി പൂർത്തിയാക്കുക എന്നതും സതീശൻ സർക്കാറിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണ്.

ജുലായ് ഒന്നുമുതൽ ഒക്ടോബർ ഒമ്പതുവരെയുള്ള 100 ദിവസത്തിനുള്ളിൽ 1,688 പദ്ധതികൾ പൂർത്തിയാക്കണം. സർക്കാരിന്റെ ആദ്യ 50 ദിവസങ്ങൾ പിന്നിട്ടപ്പോൾ 546 പദ്ധതികൾ ഇതുവരെ പൂർത്തിയാക്കിയെന്നാണ് ഇതിനായി ആരംഭിച്ച പോർട്ടലിൽ പറഞ്ഞിരിക്കുന്നത്. 

മിഷൻ സമുദ്ര

യുഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് മിഷൻ സമുദ്ര. കേരളത്തിന്റെ സമുദ്രവ്യാപാര, ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ 600 കിലോ മീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയ്നർ ട്രാൻസ്ഷിപ്പ്‌ ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.