ലോകത്തിലെ ഏറ്റവും ധനികനായ രാജാവിന്റെ മകന്‍ സന്ന്യാസം സ്വീകരിച്ചു! തായ്‌ലാൻഡ് രാജാവ് മഹാ വജിരലോങ്കോണ്‍ (Maha Vajiralongkorn) തള്ളിപ്പറഞ്ഞ മക്കളിലൊരാളായ വചരേസോണ്‍ വിവാചാരവോങ്സെ(Vacharaesorn Vivacharawongse)യാണ് ബുദ്ധസന്ന്യാസം സ്വീകരിച്ചത്. ബുദ്ധമതത്തിലെ ഏറ്റവും പവിത്രമായ വെസക് ദിനത്തില്‍ ബാങ്കോക്കില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഇതിന്റെ ചിത്രങ്ങള്‍ 43-കാരനായ വചരേസോണ്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. താന്‍ ഔണ്‍ എന്നറിയപ്പെടുന്ന വചരേസോണ്‍, വജിരലോങ്കോണിന്റെയും മുന്‍ ഭാര്യ സുജരിനീ വിവാചാരവോങ്സെയുടേയും അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ്. 1981-ല്‍ ജനിച്ച വചരേസോണ്‍ 1996-ല്‍ തായ് രാജകുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അമ്മയ്ക്കും സഹോദരന്മാര്‍ക്കും ഒപ്പം അമേരിക്കയിലാണ് വളര്‍ന്നത്. വളരെക്കാലം വിദേശത്ത് താമസിച്ചെങ്കിലും തായ് സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം രണ്ട് വര്‍ഷം മുമ്പാണ് രാജ്യത്തേക്ക് മടങ്ങിയത്. 

To advertise here,

തായ്‌ലാന്‍ഡിലെ രാജവാഴ്ചയുടെ ഭാവിയെക്കുറിച്ചും എഴുപത് പിന്നിട്ട മഹാ വജിരലോങ്കോണ്‍ രാജാവിന്റെ പിന്‍ഗാമിയെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ഒരിക്കല്‍ രാജകീയ പദവി നഷ്ടപ്പെട്ടതാണെങ്കിലും വചരേസോണിന്റെ നീക്കങ്ങള്‍ രാജകുടുംബത്തിലേക്കുള്ള തിരിച്ചുവരവിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. ഒരുപക്ഷേ, വചരേസോണ്‍ അടുത്ത  കിരീടാവകാശി ആയേക്കും എന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തായ് സര്‍ക്കാരോ രാജകുടുംബമോ ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, സാമൂഹികമാധ്യമങ്ങളിലും പൊതുവേദികളിലും ചര്‍ച്ചകള്‍ തുടരുകയാണ്. പൊതുചുമതലകള്‍ ഏറ്റെടുക്കും മുമ്പ് രാജകുടുംബാംഗങ്ങള്‍ ആശ്രമങ്ങളില്‍ സമയം ചെലവഴിക്കുന്നത് പതിവാണെന്നതാണ് ഊഹാപോഹങ്ങള്‍ ശക്തമാക്കുന്നത്. അതിനാല്‍ തന്നെ രാജകീയ പിന്തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകളും ശക്തമാണ്. എന്തുകൊണ്ടാണ് വചരേസോണിനേക്കുറിച്ച് തായ് ജനത ചര്‍ച്ചചെയ്യുന്നത്? മഹാ വജിരലോങ്കോണിന് ശേഷം ആരായിരിക്കും തായ് രാജാവ് ? എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലവില്‍ക്കുന്നത് ?

placeholder
വചരേസോണ്‍ വിവാചാരവോങ്സെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം | Photo: instagram.com/vacharaesorn1981

തായ്‌ലാന്‍ഡിലെ രാജഭരണം

ഔദ്യോഗികമായി ഭരണഘടനാപരമായ രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് തായ്‌ലാൻഡ്. രാജാവാണ് രാഷ്ട്രതലവന്‍; പക്ഷേ പ്രധാനമന്ത്രിയാണ് ഭരണതലവന്‍. തായ്‌ലാന്‍ഡിലെ രാജാവ് രാഷ്ട്രത്തലവന് പുറമേ ചക്രി രാജവംശത്തിന്റെ തലവനുമാണ്. റോയല്‍ തായ് സായുധ സേനയുടെ പരമോന്നത കമാന്‍ഡറും അദ്ദേഹമാണ്. 1932-ല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന രക്തരഹിത അട്ടിമറിയിലൂടെ തായ്‌ലാന്‍ഡിലെ രാജാവായ രാമ ഏഴാമന്റെ സമ്പൂര്‍ണ്ണ അധികാരങ്ങള്‍ നീക്കം ചെയ്തെങ്കിലും രാജാവിന് ഇപ്പോഴും വലിയ സ്വാധീനമാണുള്ളത്. രാജ്യത്ത് എല്ലായിടത്തും രാജാവിന്റെ പ്രാധാന്യം പ്രകടമാണ്. ഔദ്യോഗിക കെട്ടിടങ്ങള്‍ മുതല്‍ ജനങ്ങളുടെ വീടുകള്‍ വരെ ഇത് ദൃശ്യമാണ്. രാജാവിന് പരമ്പരാഗതമായി ദൈവതുല്യമായ ഒരു പദവി തായ് ജനങ്ങള്‍ക്കിടയിലുണ്ട്. തായ് പതാകയുടെ നീല വരയാണ് രാജവാഴ്ചയെ പ്രതിനിധീകരിക്കുന്നത്. ചുവപ്പ് രാഷ്ട്രത്തെ സൂചിപ്പിക്കുന്നു, വെള്ള മതത്തെ സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് തായ്‌ലാന്‍ഡിലെ രാജഭരണം. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സ്ഥാപിതമായ സുഖോത്തായാണ് പൊതുവില്‍ ആദ്യത്തെ സ്വതന്ത്രതായ് രാജ്യമായി കണക്കാക്കുന്നത്. 1238-ല്‍ സുഖോത്തായ് രാജ്യം സ്ഥാപിതമായ കാലം മുതല്‍ തായ്‌ലാന്‍ഡില്‍ രാജവാഴ്ച നിലവിലുള്ളതായാണ് കരുതുന്നത്. തായ് രാജവംശങ്ങള്‍ക്ക് ഹിന്ദുമതത്തിലും ബുദ്ധമതത്തിലും വേരുകള്‍ ഉണ്ട്. 

നിലവില്‍ അധികാരം കൈയാളുന്ന ചക്രി രാജവംശം 1782-ലാണ് സ്ഥാപിതമാകുന്നത്. ബുദ്ധ യൊദ്ഫ ചൂലലൊകെ അഥവ രാമ ഒന്നാമനാണ് ഈ രാജവംശത്തിന്റെ സ്ഥാപകന്‍. ഈ കുടുംബത്തിന്റെ തലവനാണ് അതാത് കാലങ്ങളില്‍ രാജാവാകുക. തുടര്‍ന്നുവന്ന ചക്രി രാജവംശത്തിലെ രാജാക്കന്മാരെ രാമ രാജാക്കന്മാര്‍ എന്ന് വിളിക്കുന്നു. മഹാവിഷ്ണുവിന്റെ ഭൂമിയിലെ പ്രതിപുരുഷനായാണ് ചക്രി രാജാക്കന്മാരെ കരുതുന്നത്. 1932-ലെ രക്തരഹിത സയാമീസ് വിപ്ലവത്തിനുശേഷം ഭരണഘടനാപരമായ രാജവാഴ്ചയായി ഇത് രൂപാന്തരപ്പെട്ടു. സയാമീസ് വിപ്ലവത്തില്‍ സമ്പൂര്‍ണ്ണ അധികാരങ്ങള്‍ നഷ്ടപ്പെട്ടതിനുശേഷവും രാജാവിന് സര്‍ക്കാരിലും സമൂഹത്തിലും വ്യക്തമായ സ്വാധീനമുണ്ട്. മാഹാ വജിരലോങ്കോണാണ് നിലവിലെ തായ് രാജാവ്. ചക്രി രാജവംശത്തിലെ പത്താമത്തെ രാജാവാണ് അദ്ദേഹം. എഴുപത് വര്‍ഷത്തിലേറെ രാജാവായിരുന്ന ഭൂമിബോല്‍ അതുല്യതേജ് 2016 ഒക്ടോബര്‍ 13-ന് മരിച്ചതോടെയാണ് അദ്ദേഹത്തിന്റെ മകനായ വജിരലോങ്കോണ്‍ രാജാവായത്. 2016 ഡിസംബര്‍ 1-ന് അദ്ദേഹം ഔദ്യോഗികമായി സിംഹാസനം ഏറ്റെടുത്തത്. 2019 മേയ് 4-നാണ് വജിരലോങ്കോണ്‍ കിരീടധാരണം നടന്നത്. 

placeholder
വജിരലോങ്കോണ്‍ (ഫയല്‍ ചിത്രം) | Photo : Chumsak Kanoknan/ Getty Images

ഏറ്റവും ധനികനായ രാജാവ് 

ലോകത്തിലെ ഏറ്റവും ധനികനായ രാജാവാണ് മഹാ വജിരലോങ്കോണ്‍ അഥവാ രാമ പത്താമന്‍. വജിരലോങ്കോണിന്റെ സമ്പത്ത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് ഏകദേശം 3.7 ലക്ഷം കോടി രൂപ (43 ബില്യണ്‍ യു.എസ്. ഡോളര്‍) ആസ്തിയുള്ളതായാണ് കണക്കാക്കുന്നത്. പാരമ്പര്യ സ്വത്തുക്കള്‍ക്ക് പുറമേ വിപുലമായ നിക്ഷേപങ്ങളില്‍ നിന്നുമുള്ളതാണ് വരുമാനം. ആയിരക്കണക്കിന് ഏക്കര്‍ ഭൂമി, മുന്‍നിര ബ്രാന്‍ഡുകളുടെ ആഡംബര കാറുകള്‍, മറ്റ് നിരവധി ആഡംബര വസ്തുക്കള്‍ എന്നിവയും അദ്ദേഹത്തിനുണ്ട്. വാണിജ്യ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, കൊട്ടാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബാങ്കോക്കില്‍ മാത്രം 17,000-ത്തിലധികം സ്വത്തുക്കളുടെ ഉടമസ്ഥനായ അദ്ദേഹം തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ ഒരാളാണ്. ക്ലാസിക് റോള്‍സ് റോയ്സ് മുതല്‍ സമകാലിക സൂപ്പര്‍കാറുകള്‍ വരെ 300-ലധികം ഉയര്‍ന്ന നിലവാരമുള്ള കാറുകള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടെന്ന് പറയപ്പെടുന്നു. വജ്രങ്ങളുടെയും രത്‌നങ്ങളുടെയും വിപുലമായ ശേഖരവും അദ്ദേഹത്തിനുണ്ട്. ഇതിനെല്ലാം പുറമേ 38 സ്വകാര്യ ജെറ്റുകളും സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ച 50-ല്‍ അധികം ബോട്ടുകളും അദ്ദേഹത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെയും സിരികിറ്റ് രാജ്ഞിയുടേയും രണ്ടാമത്തെ കുട്ടിയായി 1952 ജൂലായ് 28-നാണ് മഹാ വജിരലോങ്കോണ്‍ ജനിക്കുന്നത്. ബാങ്കോക്കില്‍ കൊട്ടാരത്തിന്റെ കീഴില്‍തന്നെയുള്ള സ്‌കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചത്. ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം യു.കെയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മറി. തുടര്‍ന്ന് അഞ്ച് വര്‍ഷം അവിടെ രണ്ട് സ്വകാര്യ സ്‌കൂളുകളിലും അവസാന വര്‍ഷം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പഠിച്ചു. തുടര്‍ന്ന് കാന്‍ബറയിലെ റോയല്‍ മിലിട്ടറി കോളേജില്‍ പരിശീലനം നേടി. 1976-ല്‍ വജിരലോങ്കോണ്‍ റോയല്‍ മിലിട്ടറി കോളേജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് തായ്‌ലാൻഡ്, യു.കെ., യു.എസ്., ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വിപുലമായ സൈനിക പരിശീലനം നടത്തി. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്താനുള്ള യോഗ്യത നേടിയ അദ്ദേഹം തായ് സായുധ സേനയില്‍ ഓഫീസറായി. 1970-കളില്‍ തായ് കമ്മ്യൂണിസ്റ്റ് കലാപത്തെ അടിച്ചമര്‍ത്താനുള്ള ദൗത്യങ്ങളില്‍ പങ്കാളിയായി. 1972-ല്‍ നടന്ന ചടങ്ങില്‍ പിതാവ് അദ്ദേഹത്തിന് കിരീടാവകാശി എന്ന പദവി ഔപചാരികമായി നല്‍കി.

placeholder
വജിരലോങ്കോണും സോംസവലിയും | Photo: gettyimages

നാല് വിവാഹം, ഏഴ് കുട്ടികള്‍ 

കിരീടാവകാശിയായിരുന്ന വജിരലോങ്കോണ്‍ വിവാദങ്ങളുടെ തോഴനായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിവാദങ്ങള്‍ക്കും അന്താരാഷ്ട്ര മാധ്യമങ്ങളുടെ സൂക്ഷ്മനിരീക്ഷണത്തിനും വിഷയമായി. അദ്ദേഹത്തിന്റെ നാല് വിവാഹങ്ങളില്‍ മൂന്നെണ്ണം വിവാഹമോചനത്തില്‍ അവസാനിച്ചത് ടാബ്ലോയിഡുകളുടെ തലക്കെട്ടുകളില്‍ നിറഞ്ഞു. 1977-ലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിവാഹം. ബന്ധുകുടിയായ സോംസവലി ( Soamsawali ) രാജകുമാരിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1978-ല്‍ അവര്‍ക്ക് ആദ്യ കുട്ടി, ബജ്രകിതിയോഭ (Bajrakitiyabha) രാജകുമാരി ജനിച്ചു. പക്ഷേ, അപ്പോഴേക്കും യുവധിദ (Yuvadhida) എന്ന നടിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നു. 1970-കളുടെ അവസാനത്തില്‍ യുവധിദയ്‌ക്കൊപ്പം വജിരലോങ്കോണ്‍ താമസമാരംഭിച്ചു. 1987 വരെയുള്ള കാലയളവിനിടെ അവര്‍ക്ക് അഞ്ച് കുട്ടികള്‍ ജനിച്ചു. നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും. എന്നാല്‍ ഇക്കാലയളവിലൊന്നും വിവാഹമോചനത്തിന് സോംസവലി തയ്യാറായിരുന്നില്ല. ഒടുവില്‍ 1993-ലാണ് ഇരുവരം വിവാഹമോചനം നേടുന്നത്. വിവാഹമോചനത്തിന് ശേഷം അദ്ദേഹം യുവധിദയെ വിവാഹം ചെയ്തു. വിവാഹശേഷം അവര്‍ സുജരിനീ വിവാചാരവോങ്സെ (Sujarinee Vivacharawongse) എന്ന് പേര് മാറ്റി. റോയല്‍ തായ് ആര്‍മിയില്‍ മേജറായി അവര്‍ നിയമിതയായി.

പക്ഷേ, സുജരിനീയുമായുള്ള അദ്ദേഹത്തിന്റെ ദാമ്പത്യവും പ്രശ്‌നങ്ങള്‍ നിറഞ്ഞതായിരുന്നു. 1996-ല്‍ സുജരിനീയെ വജിരലോങ്കോണ്‍ പരസ്യമായി തള്ളിപ്പറഞ്ഞു. അവര്‍ വ്യഭിചാരം നടത്തിയെന്നായിരുന്നു വജിരലോങ്കോണിന്റെ ആരോപണം. ഇതോടെ അവരുടെയും അവരുടെ അഞ്ച് കുട്ടികളുടെയും എല്ലാ രാജകീയ പദവികളും എടുത്തുകളഞ്ഞു. പിന്നാലെ സുജരിനീയും കുട്ടികളും ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു. പിന്നീട് മകള്‍ സിരിവനവാരി(Sirivannavari)ക്ക് മാത്രം തായ്‌ലാന്‍ഡിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു. മകളെ തായ്‌ലാന്‍ഡിലേക്ക് തിരികെ കൊണ്ടുവന്ന അദ്ദേഹം തന്നോടൊപ്പം താമസിപ്പിച്ചു. 2005-ല്‍ ഭൂമിബോല്‍ രാജാവ് അവരുടെ രാജകുമാരി പദവി പുനഃസ്ഥാപിച്ചു. അതേസമയം സുജരിനീയുടെയും ആണ്‍ മക്കളുടെയും കാര്യത്തില്‍ മാറ്റമുണ്ടായിരുന്നില്ല. അവരുടെ രാജകീയ പദവികളും നയതന്ത്ര പാസ്പോര്‍ട്ടുകളും എടുത്തുകളഞ്ഞിരുന്നു. വൈകാതെ സുജരിനീയും ആണ്‍ മക്കളും അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. 

placeholder
ദിപാങ്കോണ്‍ രാജകുമാരന്‍ | Photo : Lauren DeCicca/Getty Images

2001-ല്‍ വജിരലോങ്കോണ്‍ വീണ്ടും വിവാഹിതനായി. 1992 മുതല്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഒരു സാധാരണക്കാരനായിരുന്ന ശ്രീരശ്മി സുവാദി(Srirasmi Suwadee)യെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 2005-ന്റെ തുടക്കം വരെ വിവാഹത്തെക്കിറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. 2005 ഏപ്രില്‍ 29-ന് അവര്‍ ദിപാങ്കോണ്‍ (Dipangkorn) എന്ന മകനെ പ്രസവിച്ചു. തുടര്‍ന്ന് അവര്‍ രാജ്ഞി പദവിയിലേക്കും അവരുടെ മകന്‍ രാജകുമാരന്‍ പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു. 2014 നവംബറില്‍ ശ്രീരശ്മിയുടെ ബന്ധുക്കള്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ഇരുവരുടേയും ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ശ്രീരശ്മിയുടെ കുടുംബത്തിന് നല്‍കിയിരുന്ന രാജകീയനാമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വജിരലോങ്കോണ്‍ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് അയച്ചു. പിന്നാലെ ശ്രീരശ്മി തന്റെ രാജകീയ പദവികളും പേരും ഉപേക്ഷിക്കുകയും വജിരലോങ്കോണില്‍ നിന്ന് ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു.

പിന്നീട് തായ് എയര്‍വേയ്സിലെ മുന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സുതിദ(Suthida)യ്ക്ക് ഒപ്പമായിരുന്നു അദ്ദേഹം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടത്. 2014 ഓഗസ്റ്റില്‍ വജിരലോങ്കോണിന്റെ ഹൗസ്ഹോള്‍ഡ് ഗാര്‍ഡായ റോയല്‍ തായ് ആംഡ് ഫോഴ്സ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ കമാന്‍ഡറായി സുതിദയെ നിയമിച്ചു. കൊട്ടാരം അവരുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2016 ഒക്ടോബറില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇരുവരും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ നല്‍കി. പിന്നീട് റോയല്‍ സെക്യൂരിറ്റി കമാന്‍ഡിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റിന്റെ കമാന്‍ഡറായി അവരെ നിയമിക്കുകയും ജനറല്‍ പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. 2017-ല്‍ റോയല്‍ സെക്യൂരിറ്റി കമാന്‍ഡിന്റെ പുനഃസംഘടനയെത്തുടര്‍ന്ന് ആക്ടിങ് കമാന്‍ഡറായി അവരെ നിയമിച്ചു. 2019 മെയ് മാസത്തില്‍, കിരീടധാരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ്, രാജാവ് വജിരലോങ്കോണ്‍ അവരെ വിവാഹം കഴിച്ചു.

വജിരലോങ്കോണിന് ശേഷമാര്? 

തായ്‌ലാന്‍ഡിലെ സിംഹാസനത്തിന്റെ അടുത്ത അവകാശിയെ സംബന്ധിച്ച് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. 2016-ല്‍ പിതാവായ ഭൂമിബോല്‍ അതുല്യതേജിന്റെ മരണശേഷം സിംഹാസനം ഏറ്റെടുത്ത മഹാ വജിരലോങ്കോണ്‍ ഔദ്യോഗികമായി ഇതുവരെ ഒരു അവകാശിയെ പ്രഖ്യാപിച്ചിട്ടില്ല. നാല് ഭാര്യമാരിലായി ഏഴ് മക്കളുണ്ടെങ്കിലും വജിരലോങ്കോണിന് ശേഷം ആര് എന്നത് അത്യന്തം സങ്കീര്‍ണ്ണവും അനിശ്ചിതത്വമുള്ളതുമാണ്. തായ്‌ലാൻഡ് നിയമങ്ങള്‍ പ്രകാരം സിംഹാസനത്തില്‍ പുരുഷന്മാര്‍ക്കാണ് മുന്‍ഗണന. രാമ ആറാമന്‍ രാജാവിന്റെ ഭരണകാലത്ത് 1924-ല്‍ നടപ്പിലാക്കിയ കൊട്ടാര പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം സിംഹാസനം രാജാവിന്റെ മൂത്ത മകനിലേക്ക് മാറ്റണം; മകനില്ലെങ്കില്‍ മൂത്ത ചെറുമകന് കൈമാറണം. അനുയോജ്യനായ പുരുഷ പിന്‍ഗാമി ഇല്ലെങ്കില്‍, സിംഹാസനം ഒരു മകള്‍ക്കോ, ചെറുമകള്‍ക്കോ കൈമാറാവുന്നതാണ്. പക്ഷേ, പുരുഷ അവകാശികളുടെ അഭാവത്തില്‍ മാത്രമാണ് ഇത് സാധിക്കുക. ഇതിന് പുറമേ ചക്രി രാജവംശത്തില്‍ നിന്നുള്ള അനുയോജ്യനായ ഏതൊരു പുരുഷ പിന്‍ഗാമിയെയും തന്റെ പിന്‍ഗാമിയായി നിയമിക്കാന്‍ രാജാവിന് അധികാരമുണ്ട്. അനുയോജ്യമായ പുരുഷ പിന്‍ഗാമികളില്ലെങ്കില്‍ ഒരു മകളുടെ പിന്തുടര്‍ച്ചാവകാശം അംഗീകരിക്കുന്ന ഭരണഘടനാ ഭേദഗതി 1974-ല്‍ കൊണ്ടുവന്നിരുന്നു. എങ്കിലും ഔദ്യോഗികമായി അനന്തരാവകാശിയെ പ്രഖ്യാപിക്കാത്തതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം. 

placeholder
വചരേസോണ്‍ വിവാചാരവോങ്സെ | Photo: instagram.com/vacharaesorn1981

വജിരലോങ്കോണ്‍ ഔദ്യോഗികമായി അംഗീകരിച്ച ഒരേയൊരു മകന്‍ മൂന്നാമത്തെ ഭാര്യ ശ്രീരശ്മി സുവാദില്‍ ജനിച്ച ദിപാങ്കോണ്‍ രാജകുമാരനാണ്. 2005-ല്‍ ജനിച്ച അദ്ദേഹത്തിന് പക്ഷേ സിംഹാസനം ഏറ്റെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, കൊട്ടാര പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം അദ്ദേഹം പിതാവിന്റെ പിന്‍ഗാമി സ്ഥാനത്തുണ്ട്. മൂത്തമകള്‍ ബജ്രകിതിയോഭ രാജകുമാരിയായിരുന്നു അടുത്ത കാലം വരെ വജിരലോങ്കോണിന്റെ പിന്‍ഗാമിയാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്നയാള്‍. 2022 ഡിസംബറില്‍ ഹൃദയാഘാതം വന്ന് കോമയിലായതിനാല്‍ അവരുടെ നിലവിലെ സ്ഥിതി അനിശ്ചിതത്വത്തിലാണ്. കൂടാതെ അവരുടെ അസുഖത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുമില്ല. 1974-ലെ ഭരണഘടനാ ഭേദഗതി പ്രകാരം സ്ത്രീക്ക് സിംഹാസനത്തിലേറാന്‍ സാധിക്കുമെങ്കിലും ആരോഗ്യസ്ഥിതി മൂലം ഇതിനുള്ള സാധ്യത കുറവായാണ് കണക്കാക്കുന്നത്. മറ്റൊരു മകള്‍ സിരിവനവാരി രാജകുമാരി തായ്‌ലാന്‍ഡിലാണ് താമസിക്കുന്നത്. അവര്‍ക്ക് രാജകീയ പദവിയുണ്ട്. പക്ഷേ നിലവില്‍ ഔദ്യോഗിക പിന്തുടര്‍ച്ചാവകാശ രേഖയിലില്ല. 

വജിരലോങ്കോണിന്റെ രണ്ടാം വിവാഹത്തിലെ രണ്ടാമത്തെ മകനായ വചരേസോണ്‍ വിവാചാരവോങ്സെയാണ് നിലവില്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്നയാള്‍. 1996-ല്‍ രാജകുടുംബത്തില്‍നിന്ന് ഔദ്യോഗികമായി പുറത്താക്കപ്പെട്ടിരുന്നുവെങ്കിലും വചരേസോണിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ രാജകുടുംബത്തിലേക്കുള്ള മടക്കത്തിന്റെ സൂചന നല്‍കുന്നതാണ്. ദീര്‍ഘകാലമായി രാജ്യത്തില്ലായിരുന്നിട്ടും വചരേസോണ്‍ തായ് സമൂഹവുമായി ബന്ധം നിലനിര്‍ത്തിയിരുന്നു. 2023-ല്‍ തായ്‌ലാന്‍ഡിലേക്ക് മടങ്ങിയ അദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുത്തുകൊണ്ട് തന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇതെല്ലാം രാജാവിന്റെ പ്രീതി വീണ്ടെടുക്കാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തല്‍. അദ്ദേഹത്തിന്റെ സമീപകാല സന്ന്യാസവും ഒരു പ്രതീകാത്മക നടപടിയാണ്. തായ്‌ലാന്‍ഡില്‍, പൊതുചുമതലകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് പുരുഷ രാജകുടുംബാംഗങ്ങള്‍ ഒരു ആശ്രമത്തില്‍ സമയം ചെലവഴിക്കുന്നത് പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ സന്ന്യാസം സ്വീകരിച്ചത് രാജകീയപദവി പുനഃസ്ഥാപിക്കുന്നതിനുള്ള സൂചനയായി പല നിരീക്ഷകരും കാണുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പിതാവിനെ പരസ്യമായി പ്രശംസിക്കുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും അദ്ദേഹം രാജകുടുംബത്തലേക്ക് തിരികെ പ്രവേശിക്കാനുള്ള സാധ്യതകളേയും സൂചിപ്പിക്കുന്നു. ഒരുപക്ഷേ സിംഹാസനത്തിന്റെ അടുത്ത അവകാശിയായി പോലും കരുതുന്നവരുണ്ട്.