രാജ്യത്തിന്റെ വിപണിയിലേക്ക് ഇന്ത്യ അരി കൊണ്ടുവന്ന് തള്ളരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഭീഷണി. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി അമേരിക്കന്‍ ഉത്പാദകരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് ആരോപിച്ച ട്രംപ്, സ്ഥിതി തുടര്‍ന്നാല്‍ താരിഫ് ഉയര്‍ത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ വളരെ എളുപ്പമാണെന്നും രണ്ട് മിനിറ്റിനുള്ളില്‍ ഇത് പരിഹരിക്കാന്‍ തീരുവകള്‍ക്കാകുമെന്നുമാണ് ട്രംപിന്റെ വാദം. ഇന്ത്യ അവരുടെ അരി അമേരിക്കയിലേക്ക് തള്ളിവിടാന്‍ പാടില്ലെന്നാണ് ട്രംപ് പറയുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും കാര്‍ഷിക സെക്രട്ടറി ബ്രൂക്ക് റോളിന്‍സും പങ്കെടുത്ത, കാര്‍ഷികമേഖലയില്‍ നിന്നുള്ളവരുടെ, യോഗത്തിലായിരുന്നു ഇന്ത്യയ്‌ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശവും ഭീഷണിയും.

To advertise here,

അമേരിക്കയിലെ ഉത്പാദകരെ സംരക്ഷിക്കാന്‍ തീരുവകള്‍ കര്‍ശനമായി ഉപയോഗിക്കാനാണ് തന്റെ ഉദ്ദേശ്യമെന്നാണ് ട്രംപ് ആവര്‍ത്തിച്ചത്. നികുതികളിലൂടെ ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് അമേരിക്കന്‍ കര്‍ഷകര്‍ക്ക് 12 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള തന്റെ തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ് തീരുവ സമ്മര്‍ദമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, ട്രംപ് പറഞ്ഞത് വാസ്തവമാണോ? ട്രംപ് ആരോപിച്ചതുപോലെ ഇന്ത്യ അമേരിക്കയിലേക്ക് അരി കൊണ്ടുപോയി തള്ളുന്നുണ്ടോ? ഇന്ത്യയുടെ അരി കയറ്റുമതിയില്‍ അമേരിക്കയുടെ പങ്കെന്താണ്? ട്രംപിന്റെ ഭീഷണി ഇന്ത്യയുടെ അരി കയറ്റുമതിയെ ബാധിക്കുമോ?

ഇന്ത്യയുടെ അരി ഉത്പാദനവും കയറ്റുമതിയും

ലോകത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് അരി. ഏഷ്യയില്‍ ഉത്ഭവിച്ച അരി ഇന്ന് ലോകമെമ്പാടുമുള്ള ഭക്ഷണക്രമങ്ങളുടെ ഭാഗമായി മാറിയിരിക്കുന്നു. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളിലും പാചകരീതികളിലുമായി കോടിക്കണക്കിന് ആളുകള്‍ അരിഭക്ഷണം  കഴിക്കുന്നു. ഒരു പ്രധാന ഭക്ഷണം മാത്രമല്ല, പല പ്രമുഖ രാജ്യങ്ങളുടെയും പ്രധാന സാമ്പത്തിക ഉറവിടവുമാണ് അരി. ഭക്ഷണം എന്നതിനപ്പുറം പല രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്ത് നെല്‍കൃഷി നിര്‍ണായക പങ്ക് വഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദകരും, കയറ്റുമതിക്കാരും ഇന്ത്യയാണ്. സമീപകാലത്ത് ചൈനയെ മറികടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

നിലവില്‍ ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 1,500 ലക്ഷം ടണ്‍ അരി ഉത്പാദിപ്പിക്കുകയും ഏകദേശം 200 ലക്ഷം ടണ്‍ അരി കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഉത്പാദനത്തില്‍ ചൈനയാണ് രണ്ടാം സ്ഥാനത്ത്. ബംഗ്ലാദേശ്, ഇന്‍ഡോനീഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഫിലീപ്പീന്‍സ്, മ്യാന്‍മര്‍, പാകിസ്താന്‍, കംബോഡിയ, തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ അരി ഉത്പാദനം ഏകദേശം 1,501.84 ലക്ഷം ടണ്‍ ആണെന്നാണ് കണക്കുകള്‍ പറയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഏകദേശം 123.6 ലക്ഷം ടണ്‍ കൂടുതലാണ്. 2023-24 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം അരി ഉത്പാദനം ഏകദേശം 1,378.25 ലക്ഷം ടണ്‍ ആണ്. 2022-23 വര്‍ഷത്തില്‍ ഇത് ഏകദേശം 1,357.55 ലക്ഷം ടണ്‍ ആയിരുന്നു.

ഇന്ത്യ, തായ്ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് കയറ്റുമതിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. സമീപ വര്‍ഷങ്ങളില്‍ ആഗോള അരി കയറ്റുമതിയുടെ 40 ശതമാനത്തോളം ഇന്ത്യയുടെ സംഭാവനയായിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആഗോള കയറ്റുമതിയുടെ 30 ശതമാനത്തോളം ഇന്ത്യയുടെ വിഹിതമായിരുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ കൊമോഡിറ്റി ക്ലാസിഫിക്കേഷന്‍ സിസ്റ്റം അനുസരിച്ച്, അരിയെ ബസ്മതി, ബസ്മതി ഒഴികെയുള്ള അരി എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം അരി കയറ്റുമതി (ബസ്മതി + ബസുമതിയിതര) ഏകദേശം 163.58 ലക്ഷം ടണ്‍ ആയിരുന്നു. ഇതില്‍ 111.16 ലക്ഷം ടണ്‍ ബസുമതിയിതര അരിയും 52.42 ലക്ഷം ടണ്‍ ബസുമതി അരിയുമായിരുന്നു. അതേവര്‍ഷത്തെ ആഭ്യന്തര ഉത്പാദനത്തിന്റെ 12 ശതമാനത്തോളമാണ് ഇത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 198.65 ലക്ഷം ടണ്‍ ആയി വര്‍ധിച്ചു.

ഇന്ത്യന്‍ അരിയുടെ വിപണി

ബസുമതി കയറ്റുമതി 2023-24 വര്‍ഷത്തില്‍ ഏകദേശം 52.42 ലക്ഷം ടണ്‍ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് ഏകദേശം 60.65 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഏകദേശം 150-ല്‍ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് ബസുമതി അരി കയറ്റി അയക്കുന്നു. എന്നാല്‍ പത്തോളം രാജ്യങ്ങളിലെ വിപണികളിലേക്കാണ് ഇതിന്റെ സിംഹഭാഗവും പോകുന്നത്. ഇന്ത്യന്‍ ബസുമതി അരി പ്രധാനമായും വാങ്ങുന്നത് മിഡില്‍ ഈസ്റ്റിലെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളാണ്. 2024-25 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നവര്‍ സൗദി അറേബ്യ (11.73 ലക്ഷം ടണ്‍) ആയിരുന്നു. ഇറാഖ്, ഇറാൻ, യെമൻ, യു.എ.ഇ., യു.എസ്., യു.കെ., കുവൈറ്റ്, ഒമാൻ, ഖത്തർ എന്നിങ്ങനെയാണ് തുടർന്നുള്ള സ്ഥാനങ്ങൾ. ബസുമതി അരി ഒഴികെയുള്ള അരി വൻതോതിൽ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലേക്ക് പോകുന്നു.

ബസുമതി അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ബസുമതിയിതര അരിയുടെ കയറ്റുമതി വളരെ കൂടുതലാണ്. 2023-24 വര്‍ഷത്തില്‍ 111.16 ലക്ഷം ടണ്‍ ബസുമതിയിതര അരിയാണ് കയറ്റുമതി ചെയ്തത്. ഏകദേശം 37,804 കോടി (ഏകദേശം 4.57 ബില്യണ്‍ യു.എസ്. ഡോളര്‍) വിലമതിക്കുന്ന ബസുമതിയിതര അരി കയറ്റുമതി ചെയ്തു. അരി കയറ്റുമതിയുടെ ഭൂരിഭാഗവും ആഫ്രിക്കന്‍, ഏഷ്യന്‍ വിപണികളിലേക്കാണ് പോകുന്നത്. 2023-24-ല്‍ ഇന്ത്യയില്‍ നിന്നുള്ള ബസുമതിയിതര അരിയുടെ മുന്‍നിര ഇറക്കുമതിക്കാര്‍ ബെനിന്‍ ആയിരുന്നു. ഏകദേശം 12.80 ലക്ഷം ടണ്‍. ഗിനി, ടോഗോ, വിയറ്റ്‌നാം, കോട്ട് ഡി ഐവയര്‍ എന്നിവയാണ് മറ്റ് പ്രധാന രാജ്യങ്ങള്‍.

അമേരിക്കയിലേക്ക് ഇന്ത്യ എത്ര അരി കയറ്റുമതി ചെയ്യുന്നു?

ലോകത്തിലെ പ്രധാന അരി ഉപഭോക്താക്കളിലൊരാളായ അമേരിക്ക പ്രതിവര്‍ഷം ഏകദേശം 50 ലക്ഷം ടണ്‍ അരിയാണ് ഉപയോഗിക്കുന്നത്. അതില്‍ ഏകദേശം മൂന്നില്‍ ഒന്ന് അവര്‍ ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. 2023-24 വ്യാപാര വര്‍ഷത്തില്‍ യുഎസിലെ മൊത്തം അരി ഉപഭോഗം ഏകദേശം 49 ലക്ഷം ടണ്‍ ആണ്. 2023-24 വര്‍ഷത്തില്‍ യുഎസിന്റെ അരി ഇറക്കുമതി ഏകദേശം 15 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. തായ്ലന്‍ഡ്, ഇന്ത്യ, വിയറ്റ്‌നാം, ചൈന, പാകിസ്താന്‍ എന്നിവയുള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്ക പ്രധാനമായും അരി ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയിലേക്ക് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന തായ്ലന്‍ഡും ഇന്ത്യയും ഉയര്‍ന്ന ഗുണനിലവാരമുള്ള അരിയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ ഏകദേശം 86 ശതമാനവും ബസുമതി അരിയാണ്.

പ്രതിവര്‍ഷം ഏകദേശം 3 മുതല്‍ 3.5 ലക്ഷം ടണ്‍ അരി വരെയാണ് ഇന്ത്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ യുഎസിലേക്കുള്ള ബസുമതി കയറ്റുമതി ഏകദേശം 2.74 ലക്ഷം ടണ്ണും ബസുമതിയിതര ഇനങ്ങളുടെ കയറ്റുമതി ഏകദേശം 0.61 ലക്ഷം ടണ്ണുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 337.10 മില്യണ്‍ ഡോളറിന്റെ ബസ്മതി അരിയാണ് 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യന്‍ റൈസ് എക്സ്പോര്‍ട്ടേഴ്സ് ഫെഡറേഷന്റെ (ഐ.ആര്‍.ഇ.എഫ്) കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് അമേരിക്ക. ഇതേ കാലയളവില്‍ 54.64 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ബസുമതിയിതര അരിയും കയറ്റുമതി ചെയ്തു. ബസുമതിയിതര അരിയുടെ കാര്യമെടുത്താൽ ഇന്ത്യയുടെ 24-ാമത്തെ വലിയ വിപണി മാത്രമാണ് അമേരിക്ക.

ട്രംപിന്റെ ഭീഷണി ഇന്ത്യന്‍ അരിയെ ബാധിക്കുമോ?

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതുപോലെ ഇന്ത്യ അമേരിക്കന്‍ വിപണിയില്‍ അരി കൊണ്ടുചെന്ന് തള്ളുകയാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. ഇന്ത്യയുടെ ബസുമതി അരി കയറ്റുമതിയില്‍ വെറും അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് അമേരിക്കയുടെ വിഹിതം. ബസുമതിയിതര അരിയുടെ കാര്യത്തില്‍ ഇത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. മാത്രമല്ല, ഉയര്‍ന്ന ഗുണനിലവാരമുള്ള ബസുമതി അരി ഉയര്‍ന്ന വിലയ്ക്കാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. മാത്രമല്ല, ഇന്ത്യന്‍ ബസുമതി അരിക്ക് അമേരിക്കയില്‍ വലിയ തോതില്‍ ആവശ്യക്കാരുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള അമേരിക്കക്കാരാണ് ഇന്ത്യന്‍ അരി പ്രധാനമായും ഉപയോഗിക്കുന്നത്. ഇന്ത്യന്‍ ബസുമതിക്ക് വ്യത്യസ്തമായ സുഗന്ധം, ഘടന, രുചി എന്നിവയുണ്ട്. അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്ന ഇനങ്ങള്‍ സാധാരണയായി ഗള്‍ഫ്, ദക്ഷിണേഷ്യന്‍ പ്രദേശങ്ങളിലെ പരമ്പരാഗത വിഭവങ്ങളുടെ രുചി നല്‍കുന്നില്ല. ഇന്ത്യന്‍ ബസുമതി, തായ്ലന്‍ഡിലെ ജാസ്മിന്‍ എന്നിവയുടെ സങ്കരയിനങ്ങള്‍ യു.എസ്. വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും വിപണിയില്‍ ഇവയ്ക്ക് പ്രിയം കുറവാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അരി കയറ്റുമതിക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി ഇന്ത്യന്‍ അരിയെ കാര്യമായി ബാധിച്ചേക്കില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ബസുമതി അരിയുടെ കയറ്റുമതിയില്‍. എന്നാല്‍ ട്രംപ് തന്റെ പുതിയ ഭീഷണിയുമായി മുന്നോട്ട് പോയാല്‍ അതിന്റെ വില നല്‍കേണ്ടി വരുന്നത് അമേരിക്കന്‍ ഉപഭോക്താക്കള്‍ തന്നെയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രസിഡന്റ് ട്രംപിന്റെ തീരുവ വര്‍ദ്ധനവിന് മുമ്പ്, ഇന്ത്യന്‍ അരിക്ക് യു.എസ്. വിപണിയില്‍ 10 ശതമാനം തീരുവയാണ് ഉണ്ടായിരുന്നത്. 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ ഇത് വര്‍ധിച്ചു. പക്ഷേ, കയറ്റുമതിയില്‍ വലിയ തടസ്സമൊന്നും ഉണ്ടായിട്ടില്ല. ചെലവ് വര്‍ദ്ധനവിന്റെ ഭൂരിഭാഗവും ചില്ലറ വില്പന വിലകളിലൂടെ ഉപഭോക്താക്കളാണ് വഹിക്കേണ്ടി വന്നത്. അതേസമയം ഇന്ത്യയിലെ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും സ്ഥിരമായ വരുമാനം തുടര്‍ന്നും ലഭിക്കുന്നുവെന്നാണ് ഐആര്‍ഇഎഫ് വിവരങ്ങള്‍ പറയുന്നത്. തീരുവ വര്‍ധിപ്പിച്ചാല്‍ ബസുമതി അരിയുടെ അമേരിക്കന്‍ ഉപഭോക്താക്കള്‍ പുതിയ നികുതിയുടെ ആഘാതം വഹിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് യു.എസ്. ഒരു പ്രധാന ഇറക്കുമതിക്കാരാണെങ്കിലും ഇന്ത്യയുടെ അരി കയറ്റുമതി ആഗോള വിപണി വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ നീക്കം തിരിച്ചടിയാകില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കയറ്റുമതി വൈവിധ്യവല്‍ക്കരിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഈ നഷ്ടം എളുപ്പത്തില്‍ നികത്താന്‍ കഴിയുമെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.