
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ പിഴച്ചുങ്കം ഉള്‍പ്പെടെ ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതിത്തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ചൈനയെ പേടിയാണോ? ചൈനയ്ക്ക് ഭീമന്‍ തീരുവ ചുമത്തുമെന്ന പ്രഖ്യാപനം വീണ്ടും നീട്ടി ട്രംപിന്റെ നടപടി അത്തരമൊരു സാധ്യതയിലേക്ക് കൂടിയാണ് വിരല്‍ചൂണ്ടുന്നത്. ചൈനയില്‍നിന്നുള്ള ഇറക്കുമതിക്ക് 145 ശതമാനം തീരുവ നിലവില്‍ വരുന്നതിന് തൊട്ടുമുമ്പാണ് ഇക്കാര്യത്തില്‍ 90 ദിവസംകൂടി സാവകാശം നല്‍കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. ട്രംപ് സമയപരിധി വീണ്ടും നീട്ടിയതോടെ അമേരിക്കയിലേക്കുള്ള ചൈനീസ് ചരക്കുകള്‍ക്കുള്ള തീരുവ നിലവിലെ 30 ശതമാനമായി തുടരും. അതേസമയം അമേരിക്കയ്ക്ക് ചൈന ഏര്‍പ്പെടുത്തിയ തീരുവ 10 ശതമാനമായിരിക്കും.
ഏപ്രിലില്‍ ചൈനയെ അമേരിക്കയ്ക്കുള്ള ഏറ്റവും വലിയ ഭീഷണി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി അവര്‍ അമേരിക്കയെ വഞ്ചിച്ചുകൊണ്ടിരിക്കുന്നുവെന്നും കുറ്റപ്പടുത്തി. തുടര്‍ന്നാണ് അദ്ദേഹം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 145 ശതമാനം തീരുവ ചുമത്തിയത്. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം പറഞ്ഞതെല്ലാം ട്രംപ് അപ്പാടെ വിഴുങ്ങി. ചൈനയ്ക്കെതിരേ താരിഫ് ഉയര്‍ത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൈനയ്ക്കുള്ള താരിഫ് നിരക്ക് 30 ശതമാനമായി പരിമിതപ്പെടുത്തി. മാത്രമല്ല, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ശക്തനായ നേതാവ് എന്ന് പ്രശംസിച്ചു. യു.എസ്.-ചൈന ഉച്ചകോടി എന്ന ആശയവും മുന്നോട്ടുവച്ചു. അതേസമയം, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫും പിഴച്ചുങ്കവും ഏര്‍പ്പെടുത്തുകയും ചെയ്തു. എന്താണ് ട്രംപിന്റെ മനംമാറ്റത്തിന് പിന്നില്‍? ട്രംപിനെ വിറപ്പിക്കുന്ന ചൈനീസ് വജ്രായുധമെന്താണ്? ചൈനയോട് ഏറ്റുമുട്ടാന്‍ ട്രംപ് ഭയക്കുന്നുണ്ടോ?

യു.എസ്.- ചൈന വ്യാപാരം
നിര്‍ണായക വ്യാപാരബന്ധമാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുള്ളത്. കഴിഞ്ഞ ദശകങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ വളര്‍ന്നു. 2001-ല്‍ ചൈന ലോക വ്യാപാരസംഘടനയില്‍ (ഡബ്ല്യു.ടി.ഒ) ചേര്‍ന്നതിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ മെച്ചപ്പെട്ടത്. ഇതോടെ യു.എസ്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ ലഭ്യമായെങ്കിലും വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളോട് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ വലിയ തൊഴില്‍നഷ്ടമുണ്ടായി. ഇന്ന് യു.എസ്. ചരക്കുകളുടെയും സേവനങ്ങളുടെയും ഏറ്റവും വലിയ കയറ്റുമതി വിപണികളില്‍ ഒന്നാണ് ചൈന. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും പിന്നില്‍ അമേരിക്കയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണി. മറുവശത്ത് ചൈനയുടെ കയറ്റുമതിയുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് അമേരിക്ക.
ചൈനയുമായുള്ള യു.എസ്. ചരക്ക്-സേവന വ്യാപാരം പോയവര്‍ഷം ആകെ 658.9 ബില്യണ്‍ ഡോളറായിരുന്നു. 2023-നെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ധന. ചരക്ക് വ്യാപാരം (കയറ്റുമതിയും ഇറക്കുമതിയും) മാത്രം ഏകദേശം 582.0 ബില്യണ്‍ ഡോളറും. കഴിഞ്ഞ വര്‍ഷം ചൈനയിലേക്കുള്ള യു.എസ്. ചരക്ക് കയറ്റുമതി 143.2 ബില്യണ്‍ ഡോളറായിരുന്നു. 2023-നെ അപേക്ഷിച്ച് 3.0 ശതമാനം കുറവ്. എന്നാല്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 2023-നെ അപേക്ഷിച്ച് 2.7 ശതമാനം വര്‍ധിച്ച് 438.7 ബില്യണ്‍ ഡോളറായി. ചൈനയുമായുള്ള യു.എസ്. ചരക്ക് വ്യാപാരക്കമ്മി 2024-ല്‍ 295.5 ബില്യണ്‍ ഡോളറായിരുന്നു. 2023-നെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ധന. 2024-ലെ യു.എസ്. വ്യാപാരക്കമ്മി 2009-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ഏതൊരു രാജ്യവുമായുള്ള യു.എസിന്റെ ഏറ്റവും വലിയ വ്യാപാരക്കമ്മിയാണിത്. 2024-ല്‍ ചൈനയുമായുള്ള യു.എസിന്റെ മൊത്തം സേവനവ്യാപാരം (കയറ്റുമതിയും ഇറക്കുമതിയും) 76.9 ബില്യണ്‍ ഡോളറായിരുന്നു. ചൈനയിലേക്കുള്ള യു.എസ്. സേവന കയറ്റുമതി 55.0 ബില്യണ്‍ ഡോളറും ചൈനയില്‍ നിന്നുള്ള ഇറക്കുമതി 21.9 ബില്യണ്‍ ഡോളറായിരുന്നു.
പ്രധാനമായും കമ്പ്യൂട്ടറുകള്‍, ഇലക്ട്രിക് ബാറ്ററികള്‍, വീഡിയോ ഡിസ്‌പ്ലേകള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍ തുടങ്ങിയവയാണ് അമേരിക്ക ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഫര്‍ണിച്ചര്‍, വസ്ത്രം, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍ തുടങ്ങിയവയും ചൈനയില്‍ നിന്ന് വലിയ തോതില്‍ ഇറക്കുമതി ചെയ്യുന്നു. ഊര്‍ജ്ജ ഉത്പന്നങ്ങള്‍, സോയാബീന്‍, സിവിലിയന്‍ വിമാനങ്ങള്‍, മരുന്നുകള്‍, ധാതു ഇന്ധനങ്ങള്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, യന്ത്രങ്ങള്‍ എന്നിവയാണ് ചൈന പ്രധാനമായും യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതിനു പുറമേ യു.എസ്. ട്രഷറി ബോണ്ടുകളില്‍ ചൈനയ്ക്ക് ഗണ്യമായ ഒരു ഓഹരിയുണ്ട്, ഏകദേശം 760 ബില്യണ്‍ ഡോളര്‍. ഇക്കാര്യത്തില്‍ ജപ്പാന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ചൈന.

യു.എസ്.-ചൈന വ്യാപാരയുദ്ധം
ഈ നൂറ്റാണ്ടിലെ നിര്‍ണായക സാമ്പത്തിക സംഘര്‍ഷങ്ങളിലൊന്നാണ് യു.എസ്-ചൈന വ്യാപാരയുദ്ധം. 2018-ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിലാണ് തര്‍ക്കം ആരംഭിക്കുന്നത്. ട്രംപ് തുടക്കം കുറിച്ച വ്യാപാരയുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശീതസമരവും വര്‍ധിച്ചു. പിന്നാലെ അധികാരത്തിലെത്തിയ ജോ ബൈഡന്‍ ട്രംപിന്റെ പല നയങ്ങളും തുടര്‍ന്നു. എന്നാല്‍ ഇത് രൂക്ഷമാകുന്നത് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെയാണ്. ജനുവരിയില്‍ അധികാരമേറ്റെടുത്തതിന് പിന്നാലെ ചൈനീസ് ഇറക്കുമതിക്ക് 10 ശതമാനം പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ തീരുവ 10 ശതമാനം വര്‍ധിപ്പിക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. അന്നുതന്നെ നിര്‍ണായക സാങ്കേതികവിദ്യകളില്‍ പ്രധാനമായ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രണം പ്രഖ്യാപിച്ച് ചൈന തിരിച്ചടിച്ചു. ഒപ്പം അമേരിക്കന്‍ കയറ്റുമതിയെ ലക്ഷ്യമിട്ട് ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിന് ട്രംപ് എല്ലാ ചൈനീസ് ഇറക്കുമതികള്‍ക്കുമുള്ള താരിഫ് 20 ശതമാനമാക്കി ഉയര്‍ത്തി. യു.എസ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് 10-15 ശതമാനം നികുതി ചുമത്തി ചൈന തിരിച്ചടിച്ചു.
രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം ചുമത്തി ട്രംപ് ഉത്തരവിറക്കുന്നത് ഏപ്രില്‍ രണ്ടിനാണ്. ഇറക്കുമതി തീരുവനയം ട്രംപ് പ്രഖ്യാപിക്കുമ്പോള്‍ ചൈനയ്ക്ക് 34 ശതമാനം തീരുവയാണിട്ടത്. ഇതോടെ മുമ്പുണ്ടായിരുന്ന 20 ശതമാനവും ചേര്‍ന്ന് ആകെ 54 ശതമാനമായി നികുതി. മറുപടിയായി ചൈന യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തി. ഇതില്‍ നിയന്ത്രണം വിട്ട ട്രംപ് നികുതി 50 ശതമാനം കൂടി കൂട്ടി. ഇതോടെ ചൈന യു.എസിന് നല്‍കേണ്ട ആകെ ഇറക്കുമതിത്തീരുവ 104 ശതമാനമായി. ചൈനയും വെറുതെയിരുന്നില്ല. അവരും 50 ശതമാനം നികുതി വര്‍ധിപ്പിച്ച് 84 ശതമാനം തീരുവ പ്രഖ്യാപിച്ചു. വ്യാപാരയുദ്ധം കനക്കുന്നതിനിടെ ട്രംപ് ഇറക്കുമതി തീരുവ നടപ്പാക്കുന്നത് 90 ദിവസത്തേക്ക് മരവിപ്പിച്ചു. എന്നാല്‍ ചൈനയെ മാത്രം അതില്‍ നിന്ന് ഒഴിവാക്കി. മാത്രമല്ല, അവര്‍ക്കുള്ള നികുതി 145 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. ഇതോടെ ചൈനയും തീരുവ 145 ശതമാനമാക്കി. പിന്നീട് ജനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്ന വ്യാപാര ചര്‍ച്ചകള്‍ക്ക് ശേഷമാണ് 90 ദിവസത്തേക്ക് പകരച്ചുങ്കം പിന്‍വലിക്കാന്‍ തീരുമാനമാകുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ 145 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി അമേരിക്കയും തിരിച്ച് അമേരിക്കന്‍ ഇറക്കുമതിക്ക് മേലുള്ള തീരുവ 125 ശതമാനത്തില്‍നിന്ന് 10 ശതമാനമായി ചൈനയും വെട്ടിക്കുറച്ചു.
ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ ഷി ജിന്‍പിങ്ങും ട്രംപും മണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണം നടത്തി. ദിവസങ്ങള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും ലണ്ടനില്‍ വ്യാപാരചര്‍ച്ചകള്‍ നടത്തി. ജൂണ്‍ അവസാനം യു.എസിലേക്കുള്ള റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. എന്നാല്‍, ചൈന ഉള്‍പ്പെടുന്ന ബ്രിക്സിന്റെ 'അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി' യോജിക്കുന്ന രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് വീണ്ടും ഭീഷണിപ്പെടുത്തി. ജൂലായില്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം 90 ദിവസത്തെ താരിഫ് ഉടമ്പടി നീട്ടാന്‍ യു.എസ്.-ചൈനീസ് ഉദ്യോഗസ്ഥര്‍ ധാരണായി. ഓഗസ്റ്റ് 11-ന് വീണ്ടും താരിഫ് ഉടമ്പടി നീട്ടി. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം ട്രംപ്, ചൈനയ്ക്ക് പ്രഖ്യാപിച്ച തീരുവ ചുമത്തുന്നത് വീണ്ടും അവധിക്കുവെച്ചു. ചൈനയ്ക്കുള്ള യു.എസിന്റെ 145 ശതമാനം തീരുവ നിലവില്‍വരേണ്ടിയിരുന്നതിന് തൊട്ടുമുമ്പാണ് ഇക്കാര്യത്തില്‍ 90 ദിവസംകൂടി സാവകാശം നല്‍കുന്ന എക്‌സിക്യുട്ടീവ് ഉത്തരവില്‍ അദ്ദേഹം ഒപ്പിട്ടത്.

ട്രംപിന് പേടി ചൈനീസ് വജ്രായുധമോ?
ചൈനയ്‌ക്കെതിരായ തീരുവയുദ്ധത്തില്‍ നിര്‍ണായക തീരുമാനം എടുക്കുന്നതില്‍നിന്ന് എന്തായിരിക്കാം ട്രംപിനെ പിന്തിരിപ്പിക്കുന്നത്? അതൊരുപക്ഷേ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിയില്‍ ചൈനയ്ക്കുള്ള നിര്‍ണായക മേല്‍കൈ തന്നെയാകാം. താരിഫ് യുദ്ധം രൂക്ഷമാകുന്നതിനിടെയാണ് അമേരിക്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട് ചൈന നിര്‍ണായക റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വൈദ്യുതവാഹനങ്ങള്‍, ഊര്‍ജ്ജ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിങ്ങനെ അധുനിക സാങ്കേതികവിദ്യകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് ഈ ലോഹങ്ങള്‍. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് യു.എസ്. 2024-ല്‍ അമേരിക്കയുടെ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ ഇറക്കുമതി 170 മില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു. അമേരിക്കയുടെ റെയർ എര്‍ത്ത് ലോഹ ഇറക്കുമതിയുടെ 70 ശതമാനവും ചൈനയില്‍ നിന്നുമായിരുന്നു. 2020-നും 2023-നും ഇടയില്‍ അവര്‍ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെയും സംയുക്തങ്ങളുടെയും 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. ഉത്പാദനത്തില്‍ അമേരിക്ക രണ്ടാം സ്ഥാനത്തുണ്ടെങ്കിലും ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ വളരെ പിന്നിലാണ് അവര്‍.
റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ആഗോളതലത്തില്‍ ഉത്പാദനത്തില്‍ ചൈനയാണ് മുന്നില്‍. ഏതാണ്ടെല്ലാ റെയര്‍ എര്‍ത്ത് മൂലകങ്ങളും ചൈന ഖനനം ചെയ്ത് സംസ്‌കരിക്കുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ക്കും വ്യവസായങ്ങള്‍ക്കും അത്യാവശ്യമായ ഈ മൂലകങ്ങളുടെ സംസ്‌കരണത്തിലും ശുദ്ധീകരണശേഷിയിലും ചൈനയാണ് മുന്നില്‍. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ സംസ്‌കരണശേഷിയുടെ 85 ശതമാനത്തിലധികവും ചൈന കൈകാര്യം ചെയ്യുന്നു. കത്തിപ്പടരുന്ന വ്യാപാരയുദ്ധം അവസാനിപ്പിക്കണമെന്നും സമവായമുണ്ടായില്ലെങ്കില്‍ അവസാനംവരെ പോരാടുമെന്നും യുഎസിന് മുന്നറിയിപ്പുനല്‍കിയതിനൊപ്പമാണ് ചൈന ഏഴ് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍. അമേരിക്കയിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിക്കും നിയന്ത്രണമുണ്ടെങ്കിലും ഇത് അമേരിക്കയെ വലിയ തോതില്‍ ബാധിച്ചിരുന്നു. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം കൊണ്ടുവന്നത് യു.എസ്. പ്രതിരോധ വ്യവസായത്തെ സാരമായി ബാധിക്കുമെന്നും ഇത് യു.എസിന്റെ 'താരിഫ് യുദ്ധ'ത്തെ പ്രതിരോധിക്കാനുള്ള ചൈനീസ് തന്ത്രമാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ചൈനയ്ക്ക് മുന്നില്‍ ട്രംപ് മുട്ടുമടക്കുമോ?
ഇലക്ട്രിക് വാഹനങ്ങള്‍ മുതല്‍ ആയുധങ്ങളുടെ വരെ ഉത്പാദനത്തില്‍ നിര്‍ണായകമായ റെയര്‍ എര്‍ത്ത് മൂലകങ്ങളിലെ ആധിപത്യം ചൈനയുടെ ഏറ്റവും ശക്തമായ ആയുധമാണെന്ന് പറയാം. യു.എസ്. വ്യവസായ സ്ഥാപങ്ങള്‍ ഇക്കാര്യത്തില്‍ ചൈനയെ വളരെയധികം ആശ്രയിക്കുന്നതിനാല്‍, ഈ ധാതുക്കള്‍ വ്യാപാരയുദ്ധത്തില്‍ നിര്‍ണായക ഘടകമായി. നൂതന എഐ ചിപ്പുകളുടെ ചൈനയിലേക്കുള്ള കയറ്റുമതി അമേരിക്ക കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തിരിച്ചടിക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. അതേസമയം റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാന്‍ ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. മറുവശത്ത് ചൈന യു.എസ്. താരിഫുകളില്‍ ഒരു ശാശ്വത പരിഹാരമാണ് ചൈന പ്രതീക്ഷിക്കുന്നത്. യു.എസ്. ഉപരോധങ്ങളില്‍ നിന്ന് ചൈനീസ് കമ്പനികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അത്യാധുനിക യു.എസ്. ചിപ്പുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ചൈന ആഗ്രഹിക്കുന്നു.
ട്രംപ് മൃദുവായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ചൈനയ്ക്കുമേലുള്ള സമ്മര്‍ദ്ദം മറ്റ് വഴികളിലൂടെ നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ചൈനീസ് കയറ്റുമതിക്കാര്‍ യു.എസിലേക്കുള്ള സാധനങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍- പ്രത്യേകിച്ച് വിയറ്റ്‌നാം, മലേഷ്യ, തായ്ലൻഡ് വഴി കയറ്റുമതി ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. അതുവഴി നേരിട്ടുള്ള താരിഫുകള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് മറുപടിയെന്നോണം റീറൂട്ടിങ്ങിന് സൗകര്യമൊരുക്കുന്നതായി സംശയിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ട്രംപ് 40 ശതമാനം ട്രാന്‍സ്ഷിപ്പ്‌മെന്റ് താരിഫാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇതെല്ലാമാണെങ്കിലും തീരുവ വിഷയത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയിലെത്തിയേക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അമേരിക്ക ഉയര്‍ന്ന നിലവാരമുള്ള ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണവും ചൈന റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളും നീക്കിയേക്കുമെന്നാണ് അവര്‍ ആഭിപ്രായപ്പെടുന്നത്. മാത്രമല്ല, ചൈനയ്ക്ക് അടിസ്ഥാന താരിഫ് നിശ്ചയിക്കാനും സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചൈനയ്ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുകയല്ലാതെ ട്രംപിന് മറ്റ് മാര്‍ഗമില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
Reference
Content Highlights: Trump delays tariffs on China again, raising questions about his stance on the trade war.
Published: 15 Aug 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented