മുമ്പെങ്ങും ഇല്ലാത്തവിധം അസ്ഥിരമാവുകയാണ് ഇന്ത്യയുടെ അയല്‍പക്കം. പ്രത്യേകിച്ച് ദക്ഷിണേഷ്യ. തുടര്‍ച്ചയായി ഉണ്ടാവുന്ന കലാപങ്ങളും രാജ്യാന്തര ഇടപെടലുകളും ഇന്ത്യയുടെ സുരക്ഷയ്ക്ക് ചെറുതല്ലാത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭവും ഇടക്കാല സര്‍ക്കാരിന്റെ രൂപീകരണവും ബംഗ്ലാദേശിലെ തീരാത്ത അസ്വസ്ഥതകള്‍, മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം, മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ സിഐഎയും ചൈനയും പാകിസ്താന്റെ ഐഎസ്‌ഐയും നടത്തുന്ന രഹസ്യനീക്കങ്ങള്‍... ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ത്യയുടെ സ്വാധീനത്തെ തുരങ്കംവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ഇവയെന്ന് സംശയമുണ്ടാക്കാന്‍ പോലും പ്രേരിപ്പിക്കുന്ന സംഭവങ്ങളാണ് ചുറ്റിലും.

To advertise here,

ഇറാനിലെ ചാബഹാര്‍ തുറമുഖത്തിന് നല്‍കിയിരുന്ന ഉപരോധ ഇളവ് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതും ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഇറാന്റെ മേല്‍ സമ്മര്‍ദം  പരമാവധി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള അമേരിക്കന്‍ നീക്കം ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ ബാധിക്കുന്നതാണ്. തുറമുഖത്തെ ശഹീദ് ബെഹേഷ്തി ടെര്‍മിനല്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യയ്ക്ക് പത്തു വര്‍ഷത്തെ കരാര്‍ ലഭിച്ചത് കഴിഞ്ഞ വര്‍ഷമാണ്. പാകിസ്താനെ സ്പര്‍ശിക്കാതെ അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള നേരിട്ടുള്ള പാത തുറക്കുന്ന തുറമുഖം തന്ത്രപരമായ പ്രാധാന്യമുള്ള ഹോര്‍മുസ് കടലിടുക്കിന് അടുത്താണ്.

പാകിസ്താനിലെ ഗ്വാദര്‍ തുറമുഖം മുഖേന അറബിക്കടലില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഈ തുറമുഖം വെല്ലുവിളിയാണ്. ചാബഹാര്‍ തുറമുഖ വികസനത്തിന് 12 കോടിയിലധികം ഡോളര്‍ ഇന്ത്യ ചെലവിട്ടുകഴിഞ്ഞു. അവിടെ വിവിധ ഇന്ത്യന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെയെല്ലാം ഉപരോധം ബാധിച്ചേക്കും. പാകിസ്താനും സൗദി അറേബ്യയും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ച പ്രതിരോധ കരാറിലും അമേരിക്കന്‍ സ്വാധീനം കാണുന്നവരുണ്ടെങ്കിലും അത് നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ വലിയ മാറ്റം വരുത്താനിടയില്ല. ഇന്ത്യയ്ക്ക് കാര്യമായ ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവിധ അധികാരികളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

placeholder
നേപ്പാളിലെ കാഠ്മണ്ഡുവിൽ സോഷ്യൽ മീഡിയ നിരോധനത്തിനും അഴിമതിക്കുമെതിരായ പ്രതിഷേധത്തിനിടെ ദേശീയ പതാകയേന്തി മുദ്രാവാക്യം വിളിക്കുന്നയാൾ | Photo: Niranjan Shrestha/ AP

പാക്- സൗദി കരാറും നേപ്പാളും ഇന്ത്യയും

കഴിഞ്ഞ ദിവസമാണ് പാകിസ്താനും സൗദി അറേബ്യയും തമ്മില്‍ പ്രതിരോധ ഉടമ്പടിയില്‍ ഒപ്പുവച്ചത്. അതനുസരിച്ച് അവരില്‍ ഏതെങ്കിലും ഒരു രാജ്യത്തിനെതിരായ ആക്രമണമുണ്ടായാല്‍ മറ്റേ രാജ്യം സഹായത്തിനെത്തണം. അതായത്, പാകിസ്താനെതിരെ ആക്രമണമുണ്ടായാല്‍ അത് സൗദിക്കെതിരായ  ആക്രമണമായി കണക്കാക്കി തിരിച്ചടിക്കണം. പക്ഷേ, സൗദി അറേബ്യ കരാര്‍ ഉണ്ടാക്കിയത് ഇന്ത്യയെ ഉദ്ദേശിച്ചല്ലെന്നത് ഏറെക്കുറെ വ്യക്തമാണ്. ഇതേക്കുറിച്ച് ഇന്ത്യയെ മുന്‍കൂര്‍ അറിയിച്ചിരുന്നതായി അറിയുന്നു. ദേശസുരക്ഷയെയും പ്രാദേശിക, ആഗോള സ്ഥിരതയെ സൗദി-പാക് പ്രതിരോധ കരാര്‍ എങ്ങനെ ബാധിക്കുമെന്ന് പഠിക്കുമെന്ന് ഇന്ത്യയുടെ വിദേശകാര്യ വകുപ്പിന്റെ പ്രസ്താവന പറയുന്നു. പാകിസ്താനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥരെ ഏറ്റവും കൂടുതല്‍ നിയമിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.

ഇത്തരം ഒരു കരാറിന് സൗദി അറേബ്യയെ പ്രേരിപ്പിച്ചത് തീര്‍ച്ചയായും ഖത്തറില്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണമാണ്. അതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തെ ഇറാന്‍ ആക്രമിച്ചിരുന്നു. ഇതിന് രണ്ടിനും ശക്തമായ തിരിച്ചടി നല്‍കാന്‍ അമേരിക്ക തയ്യാറാകാത്തത് അറബ് രാജ്യങ്ങളെ വിഷമിപ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണം ഇനിയും ഉണ്ടായാല്‍ അമേരിക്കയുടെ പ്രതികരണം സമാനമാകുമെന്ന് അവര്‍ ഭയക്കുന്നു. ഇസ്രയേല്‍ ഇതിനകം സിറിയ, ലെബനൺ, ഗാസ, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളെ ആക്രമിച്ചുകഴിഞ്ഞു. മുമ്പ് തന്നെ പാകിസ്താനുമായ ഉണ്ടായിരുന്ന സൈനികസഖ്യത്തെ സൗദി ഔപചാരികമാക്കിയതിന് കാരണങ്ങള്‍ ഇവയാകാം. പ്രതിരോധ കരാര്‍ ഇന്ത്യയെ ഉദ്ദേശിച്ചല്ല എന്നുള്ളത് വ്യക്തമാണെങ്കിലും പാകിസ്താന്റെ സൈനികവും നയതന്ത്രപരവുമായ സ്വാധീനം ശക്തിപ്പെടുത്തുന്നതാണ്. അത്  അവരുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യം പകരും.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ശക്തമായ സാമ്പത്തിക, സൗഹാര്‍ദ ബന്ധങ്ങളുണ്ട്. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയാണ് ഇന്ത്യ. സൗദി, ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാരപങ്കാളിയും. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധതലങ്ങളില്‍ ആഴത്തിലുള്ള സഹകരണമുണ്ട്. സൗദിയും പാകിസ്താനുമായുള്ള സഹകരണം പ്രധാനമായും സൈനികതലത്തില്‍ മാത്രമാണ്. അതിനാല്‍, പ്രതിരോധ കരാര്‍ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് പ്രാദേശിക സുരക്ഷിതത്വം തന്നെയാവണം. ഈ കരാറിന് പിന്നില്‍ ഒരുപക്ഷേ അമേരിക്കയുടെ അദൃശ്യകരങ്ങളും ഉണ്ടാകാം.

കഴിഞ്ഞ രണ്ടു ദശകങ്ങളിലാണ് ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധത്തില്‍ വലിയ പുരോഗതി ഉണ്ടായത്. 2023-24 വര്‍ഷത്തില്‍ 42.98 ബില്യണ്‍ ഡോളര്‍ ആയിരുന്നു വ്യാപാരം. ഇന്ത്യ 11.56 ബില്ല്യന്‍ ഡോളറിന് കയറ്റുമതി ചെയ്തു, 31.42 ബില്യണ്‍ ഡോളറിന് ഇറക്കുമതി ചെയ്തു. ഏതാണ്ട് 27 ലക്ഷം ഇന്ത്യക്കാരുള്ള സൗദി അറേബ്യയില്‍  ഇന്ത്യയുടെ നിക്ഷേപങ്ങളും വര്‍ദ്ധിക്കുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിക്കുന്ന സമയത്താണ് പഹല്‍ഗാം ആക്രമണം നടന്നത്. തുടര്‍ന്ന് പര്യടനം വെട്ടിച്ചുരുക്കി അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയായിരുന്നു. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച സൗദി, കശ്മീരിലെ 370-ാം വകുപ്പ് നീക്കം ചെയ്തതിനെ കാര്യമായി വിമര്‍ശിച്ചിട്ടില്ല. സമീപകാലത്ത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷ നിലപാടാണ് അവര്‍ സ്വീകരിച്ചിട്ടുള്ളത്.

നേപ്പാളിലെ കലാപം കെട്ടടങ്ങുകയും പരസ്യമായി ഇന്ത്യാവിരുദ്ധ, ചൈനാ അനുകൂല നിലപാടു സ്വീകരിച്ച പ്രധാനമന്ത്രി കെ.പി ഒലി രാജിവെക്കുകയും ചെയ്ത ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് സൗഹാര്‍ദ മനോഭാവമാണ് കാട്ടുന്നത്. ഒലി സര്‍ക്കാരിനെ അട്ടിമറിച്ച ജെന്‍ സീ കലാപം ആസൂത്രണം ചെയ്യുകയും അതിന് ഇന്ധനം പകരുകയും ചെയ്തത് അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് ആണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. പക്ഷേ, ഇടക്കാല പ്രധാനമന്ത്രിയായ കാര്‍ക്കി അവരുദ്ദേശിച്ച ആളല്ലത്രെ! അവര്‍ അധികാരമേറ്റയുടനെ മോദി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും സമാധാനവും സ്ഥിരതയും മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിന്റെ തിളങ്ങുന്ന പ്രതീകമായ കാര്‍ക്കിയെ വാഴ്ത്തിയ പ്രധാനമന്ത്രി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. തല്‍ക്കാലം കാഠ്മണ്ഡുവില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു തോന്നുന്നു!

placeholder
സൗദി അറേബ്യയിലെ റിയാദിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൂടിക്കാഴ്ച നടത്തുന്നു | Photo: SPA / AFP

ബംഗാള്‍ ഉള്‍ക്കടലിലെ ത്രികക്ഷി പോരാട്ടം

നേരത്തേ പറഞ്ഞ ഭൗമരാഷ്ട്രീയ കിടമത്സരത്തിലെ പ്രധാന കളിക്കളം ഇവിടെയൊന്നുമല്ല, ഇന്ത്യയുടെ കിഴക്കാണ്, ബംഗ്ലാദേശിലും മ്യാന്‍മറിലും. ബംഗാള്‍ ഉള്‍ക്കടലിലും മ്യാന്‍മറിലെ പ്രകൃതിവിഭവങ്ങളിലും ആധിപത്യം ഉറപ്പിക്കാന്‍ അമേരിക്കയും ചൈനയും തമ്മില്‍ വന്‍പോരാട്ടമാണ് നടക്കുന്നത്. ഇന്ത്യയും സജീവമായി രംഗത്തുണ്ട്. ബംഗ്ലാദേശിലെ ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സജീവമായി ഇടപെട്ട ഡീപ് സ്‌റ്റേറ്റിന്റെ കരുത്ത് ട്രംപ് അധികാരമേറ്റ ശേഷവും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപില്‍ സൈനികത്താവളമുണ്ടാക്കാനും ഇന്ത്യയുടെ വടക്കുകിഴക്കു ഭാഗത്ത് ക്രിസ്ത്യന്‍ രാജ്യമുണ്ടാക്കാനും സമ്മതം മൂളാത്തതു കൊണ്ടാണ് തന്നെ അട്ടിമറിച്ചതെന്ന് ഹസീന ആരോപിച്ചിരുന്നു. എന്തായാലും യൂനുസ് അധികാരമേറ്റതിനു ശേഷം ബംഗ്ലാദേശിലെ യുഎസ് ഇടപെടല്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സ്‌പെഷല്‍ ഫോഴ്‌സസ് കമാന്‍ഡ് (എയര്‍ബോണ്‍) ഓഫീസര്‍ ടെറന്‍സ് ജാക്‌സനെ (50) ഡാക്കയിലെ വെസ്റ്റിന്‍ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക കാരണങ്ങളാണ് മരിച്ചതെന്നാണ് ഔദ്യോഗികഭാഷ്യം. പക്ഷേ, ഇന്‍ക്വസ്റ്റും  പോസ്റ്റുമോര്‍ട്ടവുമൊന്നും നടത്താതെ, ബംഗ്ലാദേശ് പോലീസിനെ കാഴ്ചക്കാരാക്കി ജാക്‌സന്റെ ജഡം അമേരിക്കന്‍ എംബസി കൊണ്ടുപോയി. അദ്ദേഹം വന്നത് ബിസിനസ് ആവശ്യത്തിനാണെന്ന്  പറയുന്നു. പക്ഷേ, അദ്ദേഹം പോയ സ്ഥലങ്ങളും കണ്ട വ്യക്തികളും ആ അവകാശവാദത്തെ സാധൂകരിക്കുന്നതല്ല. ആകെ ദുരൂഹത. ആ മരണത്തിന് ദിവസങ്ങള്‍ക്കുശേഷം, സംയുക്ത സൈനിക അഭ്യാസങ്ങള്‍ക്കായി നൂറിലധികം അമേരിക്കന്‍ പട്ടാളക്കാര്‍ ഇന്ത്യയുടെയും മ്യാന്‍മറിന്റെയും അതിര്‍ത്തിയിലുള്ള ചിറ്റഗോങ്ങിലിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടു. സെപ്റ്റംബര്‍ 15-നു തുടങ്ങിയ അഭ്യാസം നാലുനാള്‍ നീണ്ടു. ജൂലായ് മാസം ബംഗ്ലാദേശിലെ സില്‍ഹതിലും സമാനമായ സൈനികാഭ്യാസം നടന്നിരുന്നു. ബംഗ്ലാദേശിന്റെ മണ്ണില്‍ നിന്നും അമേരിക്ക ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങള്‍ മെനയുകയാണോ എന്നു സംശയിക്കുന്നവര്‍ കുറവല്ല.

എന്താണ് ഇവിടെ സംഭവിക്കുന്നത്? ലോകത്തിലേക്കും കൂടുതല്‍ അപൂര്‍വമൂലകങ്ങളുടെ നിക്ഷേപമുള്ള മേഖലയാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയും മ്യാന്‍മാറും ചിറ്റഗോങ് മേഖലയും. അപൂര്‍വമൂലകങ്ങളുടെ കാര്യത്തില്‍ ചൈനയാണ് ലോകത്തിലേക്കും മുന്നില്‍. റഷ്യന്‍ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യമായിട്ടും ഇന്ത്യക്കെതിരെ എന്നപോലെ ചൈനയ്‌ക്കെതിരെ വലിയ അധികത്തീരുവ ചുമത്താന്‍ ട്രംപ് തയ്യാറാവാത്തതും അതുകൊണ്ടാണ്. നിലവില്‍ ചൈനയ്ക്കാണ് ഇവിടെയും മേല്‍ക്കൈ. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിന്റെ സഹായത്തോടെ അവര്‍ ആഴക്കടല്‍ തുറമുഖമായ ചോക്ഫ്യൂ വഴി ധാതുവിഭവങ്ങളും മറ്റും ചൈനയിലേക്ക് കൊണ്ടു പോവുന്നുണ്ട്. അരാക്കാന്‍ ആര്‍മി ശക്തി പ്രാപിക്കുന്നത് ചൈനയ്ക്ക് വെല്ലുവിളിയാണെങ്കിലും നിലവില്‍ പ്രശ്‌നമൊന്നുമില്ല.

placeholder
മുഹമ്മദ് യൂനുസ് | Photo : JOEL SAGET / AFP

ഇന്ത്യ വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. മ്യാന്‍മര്‍ സൈനിക ഭരണകൂടവുമായി (ഹുണ്ട) മികച്ച ബന്ധം പുലര്‍ത്തുന്ന ഇന്ത്യയ്ക്ക് അരാക്കാന്‍ ആര്‍മിയുമായി നല്ല ബന്ധമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. അരാക്കാന്‍ ആര്‍മിക്ക് മേധാവിത്വമുള്ള രാഘൈന്‍ പ്രവിശ്യയിലെ സിത്ത്‌വെ തുറമുഖം നടത്തുന്നത് ഇന്ത്യയാണ്. രാജ്യത്തിന്റെ കണക്ടിവിറ്റി പദ്ധതികളില്‍ പ്രധാനമായ കലാദാന്‍ ഇടനാഴി (കലാദാന്‍ മള്‍ട്ടിമോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട്) കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച് മിസോറാമിലെ ഐസ്വാളിലെത്തുന്നത് ഈ തുറമുഖം കടന്നാണ്. അതിനാല്‍ ഈ മേഖലയില്‍ നമുക്ക് സ്വാധീനം ഉറപ്പാക്കിയേ തീരൂ.

സുരക്ഷാപരമായ കാരണങ്ങളാലും ഈ മേഖല ഇന്ത്യയ്ക്ക് സുപ്രധാനമാണ്. വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി വിഘടനവാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് മ്യാന്‍മര്‍ മണ്ണിലാണ്. സമീപകാലത്ത് ഒന്നിലധികം തവണ ഇന്ത്യ അതിര്‍ത്തി കടന്ന് തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച് നിരവധി പേരെ വധിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി മോദി അധ്യക്ഷനായ യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംയുക്തസേനാ മേധാവി അനില്‍ ചൗഹാനും മൂന്നു സേനാമേധാവികളും പങ്കെടുത്തിരുന്നു. അവിടെ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെട്ടിരിക്കണം.

പുറമേയ്ക്ക്, അമേരിക്കയ്ക്ക് കളി കുറച്ചുകൂടി എളുപ്പമാണ്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ 'അനുസരണാശീല'മുള്ളതാണ്. പഴയ കാലത്തെ മയക്കുമരുന്നിന്റെ സുവര്‍ണത്രികോണത്തിന് (ലാവോസ്, തായ്‌ലൻഡ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി മേഖലകള്‍) സമാനമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയും മ്യാന്‍മറിലെ ചിന്‍ പ്രവിശ്യയും ബംഗ്ലാദേശിലെ ചിറ്റഗോങ് മേഖലയും ഉള്‍പ്പെടുന്ന പുതിയ മയക്കുമരുന്നു ത്രികോണം. മാരക മയക്കുമരുന്നുകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കേന്ദ്രമാണിത്. കാരണം മേഖലയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അസ്ഥിരതയും നിയമവാഴ്ചയില്ലായ്മയുമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചോരുന്ന അതിര്‍ത്തികള്‍ വഴിയെത്തുന്ന മയക്കുമരുന്നുകള്‍ ചിറ്റഗോങ് തുറമുഖം, കോക്‌സ്ബസാര്‍ തീരം എന്നിവിടങ്ങളിലൂടെ പുറത്തേക്ക് പോവുന്നു. ഒരുപക്ഷേ, മയക്കുമരുന്നു നിയന്ത്രിക്കാനെന്ന പേരിലാവും അമേരിക്ക ഇടപെടുക. അതു തുടങ്ങിവെച്ചിട്ടുണ്ട്!

പക്ഷേ, ചൈന അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് തീര്‍ച്ചയാണ്. ഒരേസമയം വിഘടനവാദികളെയും ഹുണ്ടയെയും പിന്തുണച്ച് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമല്ല, അമേരിക്കന്‍ താല്‍പ്പര്യങ്ങളെ കുഴപ്പത്തിലാക്കാനും അവര്‍ ശ്രമിക്കും. ബംഗ്ലാദേശിലെ ചിറ്റഗോങ്, പൈര തുറമുഖങ്ങളില്‍ ചൈന കാര്യമായി നിക്ഷേപം നടത്തിയിട്ടുണ്ട്. മ്യാന്‍മറിലെ ചോക്ഫ്യൂ തുറമുഖത്തുനിന്നും ഇപ്പോള്‍ തന്നെ ചൈനയിലെ യുനാന്‍ പ്രവിശ്യയിലേക്ക് എണ്ണ, പാചകവാതകക്കുഴലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലാക്കാ കടലിടുക്കിന് ബദലായി ചൈന മനസ്സില്‍ കാണുന്ന സമുദ്രമാര്‍ഗമാണിത്. മേഖലയിലെ അമേരിക്കന്‍ സ്വാധീനത്തെ ചെറുക്കേണ്ടത് വ്യാപാരപാതകള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യ- അമേരിക്ക ബന്ധങ്ങള്‍ പരിധി വിടാതെ നോക്കുന്നതിനും തന്ത്രപരമായ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ചൈനയ്ക്ക് ആവശ്യമാണ്.

വളരെ സങ്കീര്‍ണമായ ഭൗമരാഷ്ട്രീയ യുദ്ധത്തിനാണ് ബംഗാള്‍ ഉള്‍ക്കടല്‍ സാക്ഷ്യം വഹിക്കുന്നത്. പ്രധാനകളിക്കാര്‍ മൂന്നു പേരാണ്- ഇന്ത്യ, ചൈന, അമേരിക്ക. ബംഗ്ലാദേശും മ്യാന്‍മാറും പാകിസ്താനും അരാക്കാന്‍ ആര്‍മിയും രോഹിംഗ്യകളും വിഘടനവാദി സേനകളും ഐക്യരാഷ്ട്രസഭയും പോലെ നിരവധി ഉപ കഥാപാത്രങ്ങളും. ചിലപ്പോള്‍ ഇവരില്‍ രണ്ടുപേര്‍ മൂന്നാമനെതിരെ ഒരുമിക്കാം, ജയം നേടിയാല്‍ കൂട്ടുകാരനെ താഴെ വീഴ്ത്താം. നയതന്ത്രവും ചാരപ്പണിയും മാത്രമല്ല, നേരിട്ടുള്ള സൈനിക നടപടി വരെ കളത്തിലിറക്കാം. അവസാന നിമിഷം വരെ ആക്രമണമോ, പിന്‍മാറ്റമോ എന്നറിയാത്ത ഉദ്വേഗജനകമായ മത്സരം!