
ചൈനയ്‌ക്കെതിരേ വീണ്ടും ഹാക്കിങ് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. ഇത്തവണ യു.എസ്. ട്രഷറി വകുപ്പിന്റെ കംപ്യൂട്ടര്‍ സംവിധാനങ്ങളില്‍ ചൈനീസ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയെന്നാണ് അമേരിക്കയുടെ ആരോപണം. പ്രധാനപ്പെട്ട രേഖകളൊന്നും ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താനായിട്ടില്ലെങ്കിലും രഹസ്യസ്വഭാവമില്ലാത്ത പല രേഖകളും ഹാക്കര്‍മാര്‍ക്ക് കിട്ടിയെന്നാണ് അമേരിക്ക പറയുന്നത്.
ട്രഷറി വകുപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അയച്ച കത്തിലാണ് ഏറ്റവും പുതിയ ഹാക്കിങ്ങിനെ സംബന്ധിച്ച് വെളിപ്പെടുത്തലുള്ളത്. സംഭവത്തില്‍ എഫ്.ബി.ഐ. അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തിവരികയാണെന്നും ട്രഷറി വകുപ്പ് പറയുന്നു. അതേസമയം, യു.എസിന്റെ ഹാക്കിങ് ആരോപണം ചൈന അപ്പാടെ നിഷേധിച്ചു. തെളിവുകളുടെ അടിസ്ഥാനമില്ലാതെ വെറും കെട്ടുകഥകളാണ് അമേരിക്ക ഉന്നയിക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം.
ട്രഷറി വകുപ്പിന്റെ തേര്‍ഡ് പാര്‍ട്ടി സര്‍വീസ് പ്രൊവൈഡറായ 'ബിയോണ്ട്ട്രസ്റ്റ്' വഴിയാണ് ഹാക്കര്‍മാര്‍ കംപ്യൂട്ടര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രഷറിവകുപ്പിലെ ജീവനക്കാര്‍ക്ക് 'റിമോട്ട് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്' നല്‍കുന്ന ആപ്ലിക്കേഷനാണ് 'ബിയോണ്ട്ട്രസ്റ്റ്'. ഹാക്കിങ് ശ്രദ്ധയില്‍പ്പെട്ടതോടെ ഈ ആപ്ലിക്കേഷന്‍ പിന്നീട് ഓഫ്‌ലൈനാക്കിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഡിസംബര്‍ എട്ടാം തീയതിയാണ് ഹാക്കിങ് നടന്നതായി 'ബിയോണ്ട്ട്രസ്റ്റ്' ട്രഷറി വകുപ്പിനെ അറിയിച്ചത്. ഡിസംബര്‍ രണ്ടാം തീയതി തന്നെ സംശയാസ്പദമായ ചില കാര്യങ്ങള്‍ 'ബിയോണ്ട്ട്രസ്റ്റി'ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍, ഇത് ഹാക്കിങ് ആണെന്ന് കണ്ടെത്താന്‍ കമ്പനി മൂന്നുദിവസമെടുത്തെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
പണം അപഹരിക്കുകയായിരുന്നില്ല ഹാക്കര്‍മാരുടെ പ്രധാനലക്ഷ്യം. പകരം വിവരങ്ങള്‍ ചോര്‍ത്താനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് അധികൃതര്‍ കരുതുന്നത്. ഹാക്കിങ് നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ട്രഷറി വകുപ്പിന്റെ പ്രധാനവിവരങ്ങളിലേക്കൊന്നും ഹാക്കര്‍മാര്‍ക്ക് കടന്നുകയറാനായിട്ടില്ലെന്നാണ് ട്രഷറി വകുപ്പ് അവകാശപ്പെടുന്നത്. അതേസമയം, ഹാക്കിങ് എത്രത്തോളം ബാധിച്ചെന്ന് അറിയാനായി 'സൈബര്‍സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി (CISA)'യുമായും ഫൊറന്‍സിക് അന്വേഷണ ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് പരിശോധന തുടരുകയാണെന്നും ട്രഷറി വകുപ്പ് പറയുന്നു. വിഷയത്തില്‍ 30 ദിവസത്തിനകം അനുബന്ധ റിപ്പോര്‍ട്ട് നല്‍കുമെന്നും യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള കത്തില്‍ ട്രഷറി വകുപ്പ് വ്യക്തമാക്കി.
നേരത്തെയും ചൈനയ്‌ക്കെതിരേ ആരോപണം
ഇതാദ്യമായല്ല ചൈനയ്‌ക്കെതിരേ അമേരിക്ക ഹാക്കിങ് ആരോപണം ഉന്നയിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ മുന്‍നിര ടെലി കമ്മ്യൂഷണിക്കേഷന്‍ കമ്പനികള്‍ക്ക് നേരേ ചൈനയുടെ സൈബര്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളെ ലക്ഷ്യമിട്ടും സൈബര്‍ ആക്രമണമുണ്ടായി. ഇതിനുപിന്നിലെല്ലാം പ്രവര്‍ത്തിച്ച സൈബര്‍ കുറ്റവാളികള്‍ക്ക് ചൈനയുമായി ബന്ധമുണ്ടെന്നായിരുന്നു അമേരിക്കയുടെ ആരോപണം.

'എ ടി ആന്‍ഡ് ടി', 'വെരിസോണ്‍' എന്നിവയുള്‍പ്പെടെ അമേരിക്കയിലെ ഒന്‍പത് പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികള്‍ക്ക് നേരേയാണ് 2024-ല്‍ സൈബര്‍ ആക്രമണമുണ്ടായത്. ഇതിനപുറമേ 2024 മാര്‍ച്ചില്‍ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ഏഴ് ചൈനീസ് പൗരന്മാര്‍ക്കെതിരേ അമേരിക്ക കുറ്റംചുമത്തുകയും ചെയ്തിരുന്നു. ഏകദേശം 14 വര്‍ഷമായി നീണ്ട ഹാക്കിങ് ഓപ്പറേഷനുകളില്‍ പങ്കാളികളാണെന്ന് ആരോപിച്ചാണ് അമേരിക്ക ഏഴ് ചൈനീസ് പൗരന്മാര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അമേരിക്കന്‍ വ്യവസായികളും രാഷ്ട്രീയനേതാക്കളും ചൈനയുടെ വിമര്‍ശകരെയുമാണ് ഈ ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരുന്നതെന്നും അമേരിക്ക ചൂണ്ടിക്കാണിച്ചിരുന്നു. അമേരിക്കയ്ക്ക് പുറമേ യു.കെ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരേയും ചൈനയുടെ സൈബര്‍ ആക്രമണമുണ്ടായതായി ആരോപണമുയര്‍ന്നു.
യു.കെ.യില്‍ ഇലക്ട്രല്‍ കമ്മിഷന് നേരേയാണ് സൈബര്‍ ആക്രമണമുണ്ടായത്. എന്നാല്‍, യു.എസും യു.കെ.യും അവര്‍ക്ക് സംഭവിക്കുന്ന സൈബര്‍ സുരക്ഷാവീഴ്ചകള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നായിരുന്നു ഇത്തരം ആരോപണങ്ങളോട് ചൈനയുടെ വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പ്രതികരിച്ചത്. ചൈനീസ് പൗരന്മാര്‍ക്കെതിരേ അമേരിക്ക കേസെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്നതും ചൈനയ്‌ക്കെതിരേ ഏകപക്ഷീയമായ ഉപരോധമേര്‍പ്പെടുത്തുന്നതും ഇരുരാജ്യങ്ങളും അവസാനിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മാത്രമല്ല, യു.എസും യു.കെ.യും ചൈനയ്‌ക്കെതിരേ നടത്തുന്ന സൈബര്‍ ആക്രമണം നിര്‍ത്തണമെന്നും ബെയ്ജിങ്ങില്‍ നടന്ന വാർത്താസമ്മേളനത്തില്‍ ലിന്‍ ജിയാന്‍ ആവശ്യപ്പെട്ടിരുന്നു.
പല ഗ്രൂപ്പുകള്‍, ചൈനീസ് ബന്ധം
വിവിധ സംഘങ്ങളായാണ് ചൈനീസ് ഹാക്കര്‍മാരുടെ പ്രവര്‍ത്തനമെന്നാണ് യു.എസ് അധികൃതരുടെ കണ്ടെത്തല്‍. ഈ സംഘങ്ങള്‍ക്കെല്ലാം ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും യു.എസ്. തറപ്പിച്ചുപറയുന്നു. അമേരിക്കയ്‌ക്കെതിരേ അടുത്തിടെ സൈബര്‍ ആക്രമണം നടത്തിയ ഹാക്കര്‍മാരുടെ വിവിധസംഘങ്ങള്‍ അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ ചില പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 'സാള്‍ട്ട് ടൈഫൂണ്‍' എന്ന പേരിലറിയപ്പെടുന്ന ഹാക്കര്‍മാരുടെ സംഘമാണ് ടെലികോം കമ്പനികള്‍ക്ക് നേരേയുള്ള സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും അമേരിക്കന്‍ അധികൃതര്‍ പറയുന്നു.

'സാള്‍ട്ട് ടൈഫൂണി'ന് പുറമേ 'വോള്‍ട്ട് ടൈഫൂണ്‍' എന്ന പേരിലറിയപ്പെടുന്ന സംഘവും ഹാക്കിങ്ങിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഹാക്കിങ്ങുമായി ബന്ധപ്പെട്ട് കുറ്റം ചുമത്തപ്പെട്ട ഏഴ് ചൈനീസ് പൗരന്മാര്‍ 'ജഡ്ജ്‌മെന്റ് പാണ്ട' എന്ന പേരിലറിയപ്പെട്ടിരുന്ന ഹാക്കിങ് ഗ്രൂപ്പിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതേസംഘമാണ് 2021-ല്‍ യു.കെ.യിലെ പാര്‍ലമെന്റംഗങ്ങളുടെ ഇമെയിലുകള്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തിയത്.
ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറിയതിലൂടെ ഉപഭോക്താക്കളുടെ കോള്‍ റെക്കോഡിങ്ങുകളും സ്വകാര്യ ആശയവിനിമയങ്ങളും ഉള്‍പ്പെടെ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയനേതാക്കള്‍ എന്നിവരുടെ ഉള്‍പ്പെടെ സ്വകാര്യ ആശയവിനിമയങ്ങള്‍ ഇത്തരത്തില്‍ ഹാക്കര്‍മാരുടെ കൈയിലെത്തി.

2024 ഡിസംബര്‍ അവസാനമാണ് അമേരിക്കയിലെ ഒന്‍പതാമെത്ത ടെലികോം കമ്പനിക്ക് നേരേയും ഹാക്കിങ് നടന്നതായി ദേശീയ ഡെസൈബര്‍ സുരക്ഷാ ഉപദേഷ്ടാവ്(ഡെപ്യൂട്ടി) ആന്‍ ന്യൂബെര്‍ഗര്‍ സ്ഥിരീകരിച്ചത്. 'സാള്‍ട്ട് ടൈഫൂണ്‍' ഹാക്കിങ് സംഘമാണ് ഇതിനുപിന്നിലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

യു.എസ്. ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(സൈബര്‍ ആന്‍ഡ് എമര്‍ജിങ് ടെക്‌നോളജി) ആന്‍ ന്യൂബെര്‍ഗര്‍ | Photo: AFP
അമേരിക്കയിലെ നിരവധി പേരെ ഈ സൈബര്‍ ആക്രമണം ബാധിച്ചതായും സൈബര്‍ സുരക്ഷയുടെ പ്രധാന്യം ചൂണ്ടിക്കാണിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കന്‍ ദേശീയ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയും യു.എസ്. കമ്പനികള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. അമേരിക്കയുടെ ആരോപണം ചൈന നിഷേധിക്കുകയുംചെയ്തു.
എന്തിനാണ് ഈ സൈബര്‍ ആക്രമണം?
ചൈനീസ് സര്‍ക്കാരിന് ഉപകാരപ്രദമാകുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയെന്നതാണ് അടുത്തിടെ നടന്ന സൈബര്‍ ആക്രമണങ്ങളുടെ പ്രധാനലക്ഷ്യമെന്നാണ് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ തുടങ്ങിയവരുടെ ഫോണുകളും ഹാക്കര്‍ ലക്ഷ്യമിട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല, സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തുന്ന ഫോണ്‍നമ്പറുകളുടെ വിവരങ്ങളടങ്ങിയ ഡാറ്റബേസും ഹാക്കര്‍മാര്‍ കൈക്കലാക്കിയിരുന്നു. ഇതിലൂടെ അമേരിക്കയുടെ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളടക്കം ഹാക്കര്‍മാര്‍ സ്വന്തമാക്കിയിട്ടുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ടെലികോം കമ്പനികള്‍ക്ക് നേരേയുള്ള ഹാക്കിങ് ചൈനയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ സൈബര്‍ ചാരവൃത്തിയാണെന്നായിരുന്നു എഫ്.ബി.ഐ. ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയുടെ പ്രതികരണം. സംഭവത്തില്‍ അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും തീവ്രവമായ ടെലികോം ഹാക്കിങ് എന്നായിരുന്നു ചൈനയുടെ ഹാക്കിങ്ങിനെ സെനറ്ററും ഡെമോക്രാറ്റ് നേതാവുമായ മാര്‍ക്ക് വാര്‍ണര്‍ വിശേഷിപ്പിച്ചത്. ഈ വിവരങ്ങള്‍ കേട്ടതിന് ശേഷം തന്റെ ഫോണ്‍ തകര്‍ക്കാന്‍ തോന്നിയെന്നായിരുന്നു ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്റെ ചെയര്‍മാനായി ട്രംപ് തിരഞ്ഞെടുത്ത ബ്രണ്ടന്‍ കാറിന്റെ പ്രതികരണം. ഇത് അത്രയേറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഹാക്കിങ്ങിന് പിന്നിലുള്ള വിദേശികള്‍ തീര്‍ച്ചയായും അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്ക് വാള്‍ട്ട്‌സിന്റെ പ്രതികരണം. ഏറെ ദീര്‍ഘവീക്ഷണത്തോടെയുള്ള തന്ത്രപരമായ ചാരവൃത്തികളാണ് ചൈനയുടേതെന്നായിരുന്നു ഇത്തരം ഹാക്കിങ്ങുകളെ സംബന്ധിച്ച് സൈബര്‍ സുരക്ഷാ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതിനിടെ, ചൈനീസ് സൈബര്‍ ആക്രമണം തുടര്‍ക്കഥയായതോടെ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ടെലികോം കമ്പനികള്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനികളിലൊന്നിന്റെ അനുബന്ധ സ്ഥാപനമായ 'ചൈന ടെലികോം അമേരിക്ക'യ്ക്കാണ് യു.എസ്. അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഈ കമ്പനിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.
അതേസമയം, അമേരിക്കയുടെ ഹാക്കിങ് ആരോപണം ഇന്നേവരെ ചൈന അംഗീകരിക്കുന്നില്ല. തീര്‍ത്തും അടിസ്ഥാനരഹിതവും തെളിവുകളില്ലാത്തതുമായ ആരോപണങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നതെന്നാണ് ചൈനീസ് വിദേശകാര്യ വക്താവായ മാവോ നിങ് വിഷയത്തില്‍ പ്രതികരിച്ചത്. എല്ലാരീതിയിലുള്ള ഹാക്കിങ്ങിനെയും ചൈന സ്ഥിരമായി എതിര്‍ക്കുന്നവരാണ്. ഇതോടൊപ്പം രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് ചൈനയ്‌ക്കെതിരേ നടത്തുന്ന തെറ്റായ പ്രചരണത്തെയും എതിര്‍ക്കുന്നതായും മാവോ നിങ് പറഞ്ഞു. സൈബര്‍സുരക്ഷാ വീഴ്ച ചൈനയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നത് യു.എസ്. അവസാനിപ്പിക്കണമെന്നായിരുന്നു അമേരിക്കയിലെ ചൈനീസ് എംബസിയുടെ പ്രതികരണം. ചൈനീസ് ഹാക്കിങ് ഭീഷണിയെന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നത് നിര്‍ത്തണമെന്നും ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: The US accuses Chinese hackers of breaching the Treasury Department`s computer systems.
Published: 02 Jan 2025, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented