
അപ്രതീക്ഷിത നീക്കം! ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഏഴു മാസംകൂടി ശേഷിക്കെ ജൂലായ് നാലിന് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ''ബ്രിട്ടന് അതിന്റെ ഭാവി തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഞങ്ങള്‍ കൈവരിച്ച പുരോഗതി തുടരണോ, അതോ മുമ്പത്തെ ഘട്ടത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് തീരുമാനിക്കാനുള്ള സമയമാണിത്,'' തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് ഋഷി പറഞ്ഞു. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും അതിനകം പ്രധാനമന്ത്രിക്കസേരയില്‍ സുനകിന് രണ്ട് വര്‍ഷം കാലാവധി തികയ്ക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്ന ഘട്ടത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം വന്നത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിച്ചുവിട്ടു.
യു.കെയുടെ വെള്ളക്കാരനല്ലാത്ത ആദ്യത്തെ പ്രധാനമന്ത്രിയായ ഋഷി സുനക്, 44 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസിന്റെ രാജിയെത്തുടര്‍ന്ന് 2022 ഒക്ടോബറിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. സുനക് പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം പൊതുജനങ്ങളെ അഭിമുഖീകരിക്കുന്ന ആദ്യ വോട്ടെടുപ്പാണിത്. പക്ഷേ, 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്. കെയിര്‍ സ്റ്റാര്‍മര്‍ നേതൃത്വം നല്കുന്ന ലേബര്‍ പാര്‍ട്ടിയാണ് അഭിപ്രായസര്‍വേകളില്‍ മുന്നില്‍. ഒപ്പം സ്വന്തം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും ഋഷിക്ക് വെല്ലുവിളികളുണ്ട്. അതിനാല്‍ ലേബര്‍ പാര്‍ട്ടിയെ പിന്നിലാക്കുക മാത്രമല്ല, തന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേല്‍ നിയന്ത്രണം സ്ഥാപിക്കാനും ഋഷി സുനക് ശ്രമിക്കുകയാണെന്നും രാഷ്ട്രീയ വിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍, എന്തിനാണ് സുനക് നേരത്തെ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്? സാധ്യതകള്‍ അദ്ദേഹത്തിന് അനുകൂലമാണോ?
ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍
അപ്രതീക്ഷിതമായാണ് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന് ഋഷി സുനക് അധികാരമേറ്റെടുക്കുന്നത്. രണ്ടുനൂറ്റാണ്ടിനിടയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയും ഏറ്റവും ധനികനായ പ്രധാനമന്ത്രിയുമാണ് ഋഷി. ഈ പദവിയിലെത്തുന്ന വെള്ളക്കാരനല്ലാത്ത ആദ്യവ്യക്തി, ആദ്യ ഏഷ്യന്‍ വംശജന്, ആദ്യ ഹിന്ദുമതവിശ്വാസി എന്നീ വിശേഷണങ്ങള്‍ക്കും സ്വന്തം. ലിസ് ട്രസ് രാജിവെച്ച ഒഴിവിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും അതുവഴി പ്രധാനമന്ത്രിപദത്തിലേക്കും ഋഷിക്ക് വാതില്‍തുറന്നത്. ആരോപണങ്ങളെത്തുടര്‍ന്ന് ബോറിസ് ജോണ്സണ് പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ പാര്‍ട്ടിയിലെ പാര്‍ലമെന്റംഗങ്ങളുടെ മാത്രമല്ല, സാധാരണ അംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയോടെയാണ് ഋഷിയെ പരാജയപ്പെടുത്തി ട്രസ് പ്രധാനമന്ത്രിയായത്. പക്ഷേ ലിസ് ട്രസിന് 44 ദിവസംകൊണ്ട് രാജിവെച്ചുപോകേണ്ടിവന്നു. സാമ്പത്തികനയവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ടോറി പാര്‍ട്ടിയില്‍, അഥവാ യാഥാസ്ഥിതിക പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായതാണ് ലിസ് ട്രസിന്റെ പുറത്താകലിലേക്ക് നയിച്ചത്.
ട്രസ് സ്ഥാനമൊഴിഞ്ഞെങ്കിലും 2019-ല്‍ അധികാരമേറ്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സര്‍ക്കാരിന് 2024 അവസാനം വരെ കാലാവധിയുള്ളതിനാല്‍ പൊതുതിരഞ്ഞെടുപ്പ് നടന്നില്ല. 650 അംഗ പാര്‍ലമെന്റില്‍ 357 സീറ്റുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിതന്നെ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മത്സരിക്കാനുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, പ്രധാനമന്ത്രിസ്ഥാനത്തേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ ഇരുവര്‍ക്കും നൂറുപേരുടെ വീതം പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞില്ല. ചട്ടപ്രകാരം 100 എം.പി.മാരുടെ പിന്തുണ ലഭിക്കാതെവന്നതോടെ ഇരുവരും പിന്മാറി. 140-ലേറെപ്പേരുടെ പരസ്യപിന്തുണ ലഭിച്ച ഋഷി സുനക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, ജനങ്ങളും മാധ്യമങ്ങളും അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തെ ചോദ്യം ചെയ്തിരുന്നു. ''ആരാണ് നിങ്ങള്‍ക്കു വോട്ടുചെയ്തത്?'' എന്നായിരുന്നു ഡെയ്ലി മിറര്‍ പത്രത്തിന്റെ തലക്കെട്ട്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് അന്ന് തന്നെ ആവശ്യപ്പെട്ടു.

പ്രശ്നങ്ങള്‍ക്ക് നടുവില്‍ ഋഷി
അധികാരമേറ്റെടുത്തെങ്കിലും സുഗമമായിരുന്നില്ല ഋഷി സുനകിന് കാര്യങ്ങള്‍. 2016-ലെ ബ്രെക്സിറ്റ് ഹിതപരിശോധനയോടെ തുടങ്ങിയതാണ് ബ്രിട്ടന്റെ പ്രശ്നങ്ങള്‍. അതുവരെയുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം എന്ന നിലയിലാണ് ഒരുവിഭാഗം കണ്‍സര്‍വേറ്റീവുകള്‍ ബ്രെക്സിറ്റിനെ കണ്ടത്. പക്ഷേ, ബ്രെക്സിറ്റ് യാഥാര്‍ഥ്യമായതോടെ സാമ്പത്തികവളര്‍ച്ച കുറഞ്ഞു. വിപണിയുടെ സൗകര്യംതേടി പല കമ്പനികളും ബ്രിട്ടന്വിട്ട് മറ്റ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്ക് കുടിയേറി. വിദേശനിക്ഷേപത്തിന്റെ വരവു കുറഞ്ഞു. ബ്രെക്സിറ്റിൽ കിതച്ച ബ്രിട്ടനെ കോവിഡും യുക്രൈന് യുദ്ധവും കൂടുതല്‍ തളര്‍ത്തി. പണപ്പെരുപ്പം 40 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലെത്തി. ബ്രിട്ടനെ സാമ്പത്തിക ബാധ്യതകളിലും പണപ്പെരുപ്പത്തിലും നിന്ന് രക്ഷിക്കുക എന്നതായിരുന്നു അധികാരമേറ്റെടുക്കുമ്പോള്‍ ഋഷിയുടെ ദൗത്യം. ഒപ്പം കലഹങ്ങള്‍ നീക്കി ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒരുമിപ്പിക്കുന്നതും അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു.
ആകെ ഭിന്നതയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍. 2016-ല്‍ ഡേവിഡ് കാമറോണിന്റെയും പിന്‍ഗാമി തെരേസ മേയുടെയും രാജിക്കും ബോറിസ് ജോണ്‍സന്റെ പതനത്തിനും ലിസിന്റെ അപ്രതീക്ഷിത പുറത്താകലിനും മോര്ഡന്റിനു പിന്തുണ കിട്ടാഞ്ഞതിനുമെല്ലാം കാരണം ഇതേ യോജിപ്പില്ലായ്മയാണ്. 14 വര്‍ഷമായി അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ആറു വര്‍ഷത്തിനിടെ അഞ്ചാമത്തെ പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടിവന്നതും അതിനാലാണ്. ഇത് പരിഹരിച്ച് പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റണം. അല്ലെങ്കില്‍ പാര്‍ട്ടിയോടൊപ്പം അധികാരത്തില്‍നിന്നു തൂത്തെറിയപ്പെടും. അത്ര കഠിനമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. പാര്‍ട്ടിക്കുള്ളിലും ഋഷിക്ക് എതിര്‍പ്പ് ശക്തമാണ്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഫലം ഋഷിയുടെ ഭാവി രാഷ്ട്രീയത്തേയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു മുഴം നീട്ടിയെറിഞ്ഞ് ഋഷി സുനക്
യു.കെ. എപ്പോള്‍ തിരഞ്ഞെടുപ്പിലേക്ക് പോകുമെന്നതിനെക്കുറിച്ചുള്ള മാസങ്ങളായുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടാണ് സുനക് വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. അതും മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് നേതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ടായിരുന്നു സുനകിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ രാജാവിന്റെ അനുമതി ലഭിച്ചതോടെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന പൊതുതിരഞ്ഞെടുപ്പ് ജൂലായ് നാലിന് നടക്കും. പാര്‍ലമെന്റിലെ 650 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. നിലവിലെ എം.പി.മാരില്‍ 129 പേര് വീണ്ടും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരില്‍ 77 പേര് കണ്‍സര്‍വേറ്റിവ് പാര്ട്ടിയംഗങ്ങളാണ്. ലേബര്‍ നേതാവ് ക്ലെമന്റ് ആറ്റ്ലി ഭൂരിപക്ഷം നേടിയ 1945-ലെ തിരഞ്ഞെടുപ്പിന് രാജ്യത്ത് ആദ്യമായാണ് ജൂലായ് മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാത്രമല്ല, യൂറോ 2024 ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഇടയിലായിരിക്കും തിരഞ്ഞെടുപ്പിന്റെ പ്രചാരണം. അതേസമയം പോളിംഗ് ദിവസം ക്വാര്‍ട്ടര്‍ ഫൈനലിന് തൊട്ടുമുമ്പ് ആയിരിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ് പുറത്ത് വന്നതിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പായിരിക്കും ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രധാനവിഷയങ്ങളിലൊന്നായിരുന്നു ബ്രെക്സിറ്റ്.
കഴിഞ്ഞ 14 വര്‍ഷമായി ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണമാണ്. ഇന്ത്യന്‍ വംശജനായ സുനകാവട്ടെ പാര്‍ട്ടിയിലെ നേതൃമാറ്റത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പ് മാത്രമാണ് പ്രധാനമന്ത്രി കസേരയിലെത്തിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും ഇത് നേരത്തെയാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കും. സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റാര്‍മര്‍ സ്വാഗതം ചെയ്തു. സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തിരഞ്ഞെടുപ്പ് മാറ്റം കൊണ്ടുവരാനുള്ള അവസരം വോട്ടര്‍മാര്‍ക്ക് നല്‍കുമെന്നാണ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന ലേബര്‍ നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്. ''ഇവിടെ ഇതാ രാജ്യത്തിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ്. ജൂലായ് നാലിന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഒപ്പം, നമുക്കൊരുമിച്ച് അരാജകത്വം അവസാനിപ്പിക്കാം. നമുക്ക് ബ്രിട്ടനെ പുനര്‍നിര്‍മിക്കാന്‍ തുടങ്ങാം, നമ്മുടെ രാജ്യത്തെ മാറ്റാം,' അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

അഭിപ്രായ സര്‍വേകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പിന്നില്‍
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെങ്കിലും ഋഷി സുനകിനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ശുഭസൂചനയല്ല കാര്യങ്ങള്‍. അഭിപ്രായ സര്‍വേകളില്‍ ഋഷി സുനകിന്റെ പാര്‍ട്ടി പിന്നിലാണ്. സര്‍വേകളില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് നിലവില്‍ വ്യക്തമായ മേല്‍ക്കൈയുണ്ട്. ബ്രിട്ടീഷ് പത്രമായ ദി ഗാര്ഡിയന് നടത്തിയ വോട്ടെടുപ്പ് പ്രകാരം സ്റ്റാര്‍മറിന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവുകളേക്കാള്‍ മുന്നിലാണ്. ലേബര്‍ പാര്‍ട്ടിക്ക് 44.7% വോട്ടുകള്‍ ഉള്ളപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 22.9% മാത്രം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഒപ്പം കടുത്ത ആഭ്യന്തരഭിന്നതകളും പ്രതിസന്ധികളും നേരിടുന്നു. ബ്രെക്സിറ്റില്‍ നിന്നുള്ള വീഴ്ച, സാമ്പത്തിക അസ്ഥിരത, ഇടയ്ക്കിടെയുള്ള നേതൃമാറ്റം എന്നിവയെല്ലാം കണ്‍സര്‍വേറ്റീവുകള്‍ക്ക് പ്രതികൂലമാണ്. കെയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി, സാമ്പത്തിക സ്ഥിരതയും മെച്ചപ്പെട്ട പൊതു സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഒപ്പം റെക്കോര്‍ഡ് എണ്ണം കണ്‍സര്‍വേറ്റീവ് എംപിമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമില്ല.
2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. 650 അംഗ സഭയില്‍ 365 സീറ്റുകള്‍ നേടിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തിയത്. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 202 സീറ്റുകള്‍ നേടി. സ്കോട്ടിഷ് നാഷണ്‍ പാര്‍ട്ടി 48 സീറ്റുകള്‍ നേടി മൂന്നാമത് എത്തി. പക്ഷേ, ഉപതിരഞ്ഞെടുപ്പുകളില്‍ 21 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നഷ്ടമായത്. ഭരണമാറ്റത്തിന് അനുകൂലമായ പൊതുജനാഭിപ്രായം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചു. ലേബറും ലിബറല്‍ ഡെമോക്രാറ്റുകളും വലിയ നേട്ടമുണ്ടാക്കി. 2024 ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഇത് കൂടുതല്‍ വ്യക്തമായി. പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവാണ് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നടത്തിയത്. ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറല്‍ ഡെമോക്രറ്റിക് പാര്‍ട്ടിയാണ്.

ഋഷി സുനകിന്റെ ചൂതാട്ടമോ?
എന്തിനാണ് സുനക് നേരത്തെ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്? സാധ്യതകള്‍ അദ്ദേഹത്തിന് അനുകൂലമാണോ? വാസ്തവത്തില്‍, അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ (ടോറികള്‍) വലിയ തോല്‍വിയിലേക്ക് ഉറ്റുനോക്കുന്ന സാഹചര്യമാണുള്ളത്. 14 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ജനപ്രീതിക്ക് വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ജനത ഒരു മാറ്റത്തിന് അനുകൂലമായി ചിന്തിച്ചേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സുനക് ശ്രമം നടത്തിയിരുന്നു. പക്ഷേ അതില്‍ വിജയിച്ചില്ല എന്നതാണ് സത്യം. അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നത് സുനകിന്റെ ആവനാഴിയിലെ അവസാനത്തെ അസ്ത്രമായിരുന്നു. അത് അദ്ദേഹം പ്രയോഗിച്ചു. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് നടത്താനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ തീരുമാനം, വിജയസാധ്യത കുറവുള്ള ഒരു ചൂതാട്ടമായാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.
നിലവില്‍ സര്‍വേ ഫലങ്ങളില്‍ ലേബറിനേക്കാള്‍ പിന്നിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഒപ്പം കടുത്ത ആഭ്യന്തര ഭിന്നതകളും പ്രതിസന്ധികളും നേരിടുന്നു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സുനകിന്റെ ചൂതാട്ടത്തില്‍ വിമര്‍ശകരും നിരീക്ഷകരും വ്യത്യസ്ത അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. ഒരു തന്ത്രപരമായ നീക്കമായി ചിലര്‍ ഇതിനെ കാണുന്നു. പ്രതീക്ഷിച്ചതിലും നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള സുനകിന്റെ തീരുമാനത്തെ പണപ്പെരുപ്പം 2.3% ആയി കുറയുന്നത് പോലെയുള്ള പോസിറ്റീവ് സാമ്പത്തിക വാര്‍ത്തകള്‍ സ്വാധീനിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, സമീപകാല മാന്ദ്യം എന്നിവ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിനാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത് വഴി പൊതുജന പിന്തുണയില്‍ ഇനിയും ഇടിയുന്നത് കുറക്കുകയാണ് ലക്ഷ്യമിട്ടതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ആഭ്യന്തരപ്രശ്നങ്ങളും നയപരമായ പരാജയങ്ങളും കാരണം യാഥാസ്ഥിതിക സര്‍ക്കാരിന് പരിഹരിക്കാന്‍ കഴിയാത്ത ആഴത്തില്‍ വേരൂന്നിയ പ്രശ്നങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം.
Content Highlights: United Kingdom general election, Rishi Sunak
Published: 05 Jun 2024, 11:15 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented