കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് അഞ്ചാം തീയതി തെരുവുകളില്‍ വിദ്യാര്‍ഥി പ്രക്ഷോഭം കത്തിനില്‍ക്കുന്ന സമയത്താണ് ബംഗ്ലാദേശ് പട്ടാളം അന്നത്തെ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഒരു സൈനിക ഹെലികോപ്റ്ററില്‍ കയറ്റി ഇന്ത്യയിലേക്ക് അയച്ചത്. ഹസീന ഇന്ത്യയില്‍ അഭയം തേടിയപ്പോള്‍ നോബല്‍സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനുസ് അധ്യക്ഷനായുള്ള ഇടക്കാല ഭരണകൂടം അധികാരത്തിലേറി. അന്നുതൊട്ട് ഇന്നുവരെ ബംഗ്ലാദേശ് ശാന്തി എന്തെന്നറിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍, സാമ്പത്തിക തകര്‍ച്ച, കടുത്ത ദാരിദ്ര്യം, ശക്തിപ്പെടുന്ന തീവ്രവാദം
ബംഗ്ലാദേശില്‍ യൂനുസിനെ വാഴിക്കാനായി നേരത്തേ തന്നെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ടായിരുന്നു. അമേരിക്കയുടെയും പാകിസ്താന്റെയും ചാരസംഘടനകളായ സി.ഐ.എ., ഐ.എസ്.ഐ. എന്നിവയ്ക്ക് അട്ടിമറിയില്‍ വലിയ പങ്കുണ്ടായിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെട്ടു.
തുടക്കത്തില്‍ ഇതൊക്കെ നിഷേധിക്കപ്പെട്ടുവെങ്കിലും പതുക്കെപ്പതുക്കെ തെളിവുകള്‍ ഓരോന്നായി പുറത്തുവരികയായിരുന്നു. വിദേശ ഇടപെടല്‍ ആരോപണങ്ങളെ ഏറെക്കുറെ സ്ഥിരീകരിക്കുകയാണ് കഴിഞ്ഞദിവസം ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്സ് ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്, ബി.ബി.സിക്ക് നല്‍കിയ അഭിമുഖം. ബംഗ്ലാദേശിലെ ഹസീന സര്‍ക്കാരിനെ മറിച്ചിടുന്നതില്‍ പരോക്ഷമായി തങ്ങള്‍ ഇടപെട്ടു എന്ന് അദ്ദേഹം സമ്മതിച്ചു!
ഹസീന സര്‍ക്കാരിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമായിരുന്ന കഴിഞ്ഞ ജൂലായില്‍ ബംഗ്ലാദേശ് സൈന്യത്തിന് തങ്ങള്‍ മുന്നറിയിപ്പ് നല്‍കി (ഭീഷണി മുഴക്കി എന്നും പറയാം)- വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അമര്‍ച്ച ചെയ്യാനിറങ്ങിയാല്‍ ബംഗ്ലാദേശ് സൈന്യത്തെ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനകളില്‍ പങ്കെടുക്കുന്നതില്‍നിന്ന് അയോഗ്യരാക്കുമെന്ന്. അതായത്, ഒരു ബില്യണ്‍ ഡോളറിന്റെ (8,000 കോടിയിലധികം ഇന്ത്യന്‍ രൂപ) നഷ്ടം സൈന്യത്തിന് ഉണ്ടാകും. ഈ ചക്കരക്കുടം വേണ്ടെന്നു വെക്കാന്‍ സൈന്യത്തിനാവില്ല, ആയില്ല. ഹസീനയുടെ ബന്ധുവായിട്ട് കൂടി ബംഗ്ലാദേശ് സൈനികമേധാവി വഖാര്‍ ഉസ്സമാന്‍ അവരെ നീക്കം ചെയ്യുന്നതിന് കൂട്ടുനിന്നു. പാകിസ്താനെപ്പോലെ സൈനിക അട്ടിമറികളുടെ ചരിത്രമുള്ള ബംഗ്ലാദേശില്‍ സൈന്യത്തിന്റെ താത്പര്യങ്ങള്‍ ലംഘിച്ചു മുന്നോട്ടുപോകാന്‍ ആവുകയില്ല എന്ന് അദ്ദേഹത്തിന് നന്നായറിയാം. അങ്ങനെ വിദ്യാര്‍ഥിപ്രക്ഷോഭം രൂക്ഷമായിട്ടും പട്ടാളം ബാരക്കുകളില്‍ തുടര്‍ന്നു, പിന്നീട് ന്യൂനപക്ഷപീഡനം മനസാക്ഷിയെ ഞെട്ടിച്ച കാലത്തും അവര്‍ കാഴ്ചക്കാരായി.

യൂനുസും യു.എന്നും ടര്‍ക്കും
ഹസീന സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ വലിയ പങ്കു വഹിക്കുക മാത്രമല്ല, തുടര്‍ന്നു നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരിന് പിന്തുണയും നല്‍കിയെന്ന് ടര്‍ക്ക് വെളിപ്പെടുത്തി. അധികാരത്തിലേറിയ ഉടന്‍ തന്നെ മുഹമ്മദ് യൂനുസ് സഹായം ആവശ്യപ്പെട്ടു- ബംഗ്ലാദേശില്‍ ഹസീനയുടെ ഭരണകാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് അവിടെ എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താന്‍ ഐക്യരാഷ്ട്ര സഭ ഒരു ഫാക്റ്റ് ഫൈന്‍ഡിങ് ടീമിനെ അയക്കണം. ആഗ്രഹിച്ചത് യഥാവിധി സംഘടന നടത്തിക്കൊടുത്തു, ടര്‍ക്കും അവിടേക്ക് പോയി. ദാക്കയില്‍ വിദ്യാര്‍ഥി നേതാക്കളൊക്കെ കിട്ടിയ സഹായത്തിന് നന്ദി പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.
'വസ്തുതകള്‍ കണ്ടെത്തിയ' മനുഷ്യാവകാശ സംഘടന വിദ്യാര്‍ഥികള്‍ക്കെതിര നടന്ന അടിച്ചമര്‍ത്തലിനെ എടുത്തുകാട്ടുന്ന ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു, അത് മുഹമ്മദ് യൂനുസിനും ഇടക്കാല സര്‍ക്കാരിനും വളരെ സഹായകമായി. ഷേക്ക് ഹസീന സര്‍ക്കാര്‍ വലിയ തോതില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിയെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ റിപ്പോര്‍ട്ട് യൂനുസ് ഭരണകൂടം ഹസീനയെ താറടിക്കാനും ഇടക്കാല സര്‍ക്കാരിന് നിയമസാധുത ഉണ്ടാക്കാനുമായി പ്രയോജനപ്പെടുത്തി. യൂനുസിനെപ്പോലെ ടര്‍ക്കിനും ജോര്‍ജ് സോറോസുമായും അമേരിക്കന്‍ ഡീപ് സ്റ്റേറ്റുമായും അടുത്ത ബന്ധമാണുള്ളതെന്ന് ആരോപണമുണ്ട്.
അതേസമയം, ഈ റിപ്പോര്‍ട്ടിലെ ആറാമത്തെ അധ്യായത്തില്‍ പറയുന്നത് അട്ടിമറിക്ക് ശേഷം ബംഗ്ലാദേശില്‍ ഉണ്ടായ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനത്തെക്കുറിച്ചും കൊലയെയും കൊള്ളിവെപ്പിനെയും കുറിച്ചാണ്. ആ അധ്യായം പൂഴ്ത്തിവെക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ ശ്രമിച്ചു. ടര്‍ക്കിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ഭരണകൂട മാറ്റത്തിനായുള്ള പ്രക്ഷോഭത്തില്‍ ഏറ്റവും വലിയ വഴിത്തിരിവായത് ഐക്യരാഷ്ട്ര സഭയുടെ ഇടപെടലായിരുന്നു. സൈന്യം വിട്ടുനിന്നതോടെ പ്രതിഷേധങ്ങള്‍ ആര്‍ക്കും ചെറുക്കാനാവാത്ത വേഗമാര്‍ജിച്ചു. വാര്‍ത്ത പുറത്തുവന്ന ശേഷം ബംഗ്ലാദേശ് സൈന്യം ഐക്യരാഷ്ട്രസ ഭയുടെ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസില്‍നിന്നും അത്തരത്തിലുള്ള ഒരു സന്ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് നിഷേധിച്ചിട്ടുണ്ട്. ഇനി കിട്ടിയിട്ടുണ്ടെങ്കില്‍ കൂടി അവര്‍ക്ക് പുറത്തു പറഞ്ഞു നടക്കാനാവുകയുമില്ല.
സി.ഐ.എയും യു.എസ്. എയ്ഡും
രാജ്യം വിടാന്‍ നിര്‍ബന്ധിതമാവും മുമ്പുതന്നെ ഹസീന തനിക്കെതിരെ അമേരിക്ക നീക്കം നടത്തുന്നതായി സൂചിപ്പിച്ചിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപില്‍ നാവികത്താവളം ഉണ്ടാക്കാന്‍ അനുവദിക്കണമെന്നും മണിപ്പുരും മ്യാന്‍മാര്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളും ചേര്‍ത്ത് ഒരു ക്രിസ്ത്യന്‍ രാഷ്ട്രം ഉണ്ടാക്കാന്‍ സഹായിക്കണമെന്നും 'വെള്ളക്കാരന്‍' (ദക്ഷിണ, മധ്യ ഏഷ്യയുടെ ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂ ആണ് എന്നതു വ്യക്തമാണ്!) ആവശ്യപ്പെട്ടു എന്നും താന്‍ വിസമ്മതം അറിയിച്ചെന്നും അവര്‍ പറഞ്ഞിരുന്നു. അട്ടിമറി നടന്നതോടെ അത് ലോകശ്രദ്ധയില്‍ പെട്ടെന്നെത്തി. പക്ഷേ, ഹസീന പുറത്തായ ശേഷം നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് സി.ഐ.എ. മാത്രമല്ല മറ്റ് അന്താരാഷ്ട്ര ഏജന്‍സികളും ബംഗ്ലാദേശില്‍ കാര്യമായി ഇടപെട്ടു എന്നാണ്.
ഹസീന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പോരാട്ടം 2019-ല്‍ തന്നെ ഡീപ് സ്റ്റേറ്റ് ആരംഭിച്ചിരുന്നു എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. യു.എസ്. എയ്ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.ആര്‍.ഐ.), നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസി (എന്‍.ഇ.ഡി.) എന്നീ ഏജന്‍സികള്‍ ഏതാണ്ട് 170 'ജനാധിപത്യ പ്രവര്‍ത്തകരെ' ബംഗ്ലാദേശിന്റെ രാഷ്ട്രീയത്തെ അസ്ഥിരപ്പെടുത്തുന്നതിനായി പരിശീലിപ്പിച്ചെടുത്തു എന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകള്‍ വന്നു. 2022-ല്‍ യു.എസ്. എയ്ഡ് യുവാക്കളെ ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്കായി ബംഗ്ലാദേശില്‍ 29 മില്യന്‍ ഡോളര്‍ ചെലവാക്കി. ഏതാണ്ട് പതിനായിരത്തിലധികം യുവാക്കള്‍ ഇവയില്‍ പങ്കെടുത്തു. ഈ പണം കിട്ടിയതായി തങ്ങളുടെ രേഖകളില്‍ കാണുന്നില്ല എന്ന ദുര്‍ബലമായ മറുപടിയാണ് ബംഗ്ലാദേശിന്റേത്. ഇന്ത്യയില്‍ വോട്ടു ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ 21 മില്യന്‍ ഡോളര്‍ യു.എസ്. എയ്ഡ് നല്‍കിയെന്ന വാര്‍ത്ത ഓര്‍മിക്കുമല്ലോ.
സി.ഐ.എയുടെയും ഡീപ് സ്റ്റേറ്റിന്റെയും ഇടപെടലുകള്‍ കേരളത്തിനു പോലും അനുഭവമുള്ളതാണ്. 1959-ല്‍ ഇ.എം.എസ്. നയിച്ചിരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാനായി നടന്ന വിമോചന സമരത്തിന് സി.ഐ.എ. ധനസഹായം നല്‍കിയിരുന്നു. 1978-ല്‍ മുന്‍ അമേരിക്കന്‍ അംബാസഡര്‍ പാട്രിക് മൊയ്നിഹാന്‍ പുറത്തിറക്കിയ 'എ ഡെയ്ഞ്ചറസ് പ്ലെയ്സ്' എന്ന ഓര്‍മപ്പുസ്തകത്തില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്. ഏതാണ്ട് അതിനു സമാനമാണ് ബംഗ്ലാദേശിലെ യു.എസ്. എയ്ഡ് ഇടപെടല്‍. ബോക്കോ ഹരാം, അല്‍ക്വയ്ദ, ഐസിസ്, താലിബാന്‍ തുടങ്ങിയ മതതീവ്രവാദ സംഘടനകളെയൊക്കെ യു.എസ്. എയ്ഡ് സഹായിച്ചിട്ടുണ്ടെന്ന് പെന്‍സില്‍വാനിയയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ പ്രതിനിധി സ്‌കോട്ട് പെറി ആരോപിച്ചത് കഴിഞ്ഞ ഫെബ്രുവരി 15-നാണ്. അതു വെച്ചു നോക്കിയാല്‍ ബംഗ്ലാദേശിലെ സി.ഐ.എ. ഇടപെടല്‍ നിരുപദ്രവകരമെന്നേ പറയാനാവൂ!
എന്തായാലും ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റത്തോടെ ഐക്യരാഷ്ട്ര സഭയും അമേരിക്കയും തമ്മിലുള്ള അകലം കൂടിവരികയാണ്. ഐക്യരാഷ്ട്ര സഭയുടെ 10 ബില്യണ്‍ ഡോളറിന്റെ (80,000 കോടി രൂപയിലധികം) വാര്‍ഷിക ബജറ്റിലെ 22 ശതമാനവും കൊടുക്കുന്നത് അമേരിക്കയാണ്. ആ ധനസഹായം പുനഃപരിശോധിക്കുമെന്നാണ് ട്രംപ് നേരത്തേ പ്രസ്താവിച്ചത്. വേണ്ടാത്തിടത്ത് യു.എന്‍. ഇടപെടുന്നു എന്ന് അദ്ദേഹത്തിന് ആക്ഷേപമുണ്ട്. യു.എസ്. എയ്ഡ് അടച്ചുപൂട്ടുന്നതും ഐക്യരാഷ്ട്ര സഭയില്‍നിന്ന് പിന്‍വാങ്ങുമെന്ന് ഭീഷണി മുഴക്കുന്നതും ഒത്തുചേരുമ്പോള്‍ ഇനി എന്തൊക്കെ രഹസ്യങ്ങളാണ് യു.എന്നില്‍നിന്നു പുറത്തു വരാനുള്ളത് എന്ന ചോദ്യമുയരുന്നു. സദ്ദാം ഹുസൈന്‍ ഇറാഖ് പ്രസിഡന്റായിരുന്ന കാലത്തെ ഓയില്‍ ഫോര്‍ ഫുഡ് പദ്ധതിയിലെ വെട്ടിപ്പടക്കമുള്ള അഴിമതികള്‍ പുറത്തു വന്നേക്കും. ഇതു സംബന്ധിച്ച വോള്‍ക്കര്‍ റിപ്പോര്‍ട്ട് (2005) നട്‌വർ സിംഗിന്റെ വിദേശമന്ത്രി സ്ഥാനം തെറിപ്പിച്ചിരുന്നു.

പാകിസ്താനും ബംഗ്ലാദേശിലെ മതതീവ്രവാദവും
സങ്കീര്‍ണ സാഹചര്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കുന്നതില്‍ മടിച്ചുനില്‍ക്കാത്ത ചാരസംഘടനയാണ് ഐ.എസ്.ഐ.. ബംഗ്ലാദേശില്‍ ഇന്ത്യ അനുകൂലിയായ ഹസീനയ്ക്കെതിരെ ജനരോഷം ഉയര്‍ന്നപ്പോള്‍ അതിനെ ശക്തിപ്പെടുത്താന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. ബംഗ്ലാദേശിലെ മതതീവ്രവാദി വിഭാഗങ്ങളെയും- ജമാഅത്തെ ഇസ്ലാമി മുതല്‍ ഹിസ്ബുര് തഹ്രിര്‍ വരെ- പ്രധാന പ്രതിപക്ഷകക്ഷിയായ ബി.എന്‍.പിയെയും ഹസീനയ്ക്കെതിരെ ഒരുമിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ബംഗ്ലാദേശില്‍ സ്വാധീനം വര്‍ധിപ്പിച്ച് രാജ്യത്ത് ഇന്ത്യയുടെ സ്വാധീനത്തെ ചെറുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ അതില്‍ വിജയിച്ചു. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ ശേഷം പാകിസ്താനുമായി നല്ല സൗഹൃദത്തിലല്ലായിരുന്നു, പ്രത്യേകിച്ചും ഹസീന പ്രധാനമന്ത്രിയായിരുന്നപ്പോള്‍. അത് മാറിയിരിക്കുന്നു.
സമീപകാലത്ത് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ബംഗ്ലാദേശ് ഭരണത്തലവന്‍ മുഹമ്മദ് യൂനുസും തമ്മില്‍ നിരവധി തവണ കണ്ടിട്ടുണ്ട്. വൈകാതെ തന്നെ പാകിസ്താന്റെ ഉപപ്രധാനമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് വാര്‍ത്തയുണ്ട്. 2008-നു ശേഷം പാകിസ്താനില്‍നിന്നു മന്ത്രിതലത്തിലെ ആദ്യത്തെ ഔദ്യോഗികതല സന്ദര്‍ശനമാവും ഇത്. വര്‍ധിച്ചുവരുന്ന ഈ അടുപ്പം ഇന്ത്യക്ക് ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണ്. പാക്കിസ്താനിലെ പ്രധാന സ്ഥാപനങ്ങള്‍- നിയമവ്യവസ്ഥ, മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സൈന്യം- എന്നിവയിലൊക്കെ നുഴഞ്ഞുകയറാന്‍ ബംഗ്ലാദേശ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വൈകാതെ പാകിസ്താനില്‍നിന്നു 25 ടണ്‍ അരിയും വഹിച്ചുകൊണ്ടുള്ള ചരക്കുകപ്പല്‍ ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്ത് എത്തും. 53 വര്‍ഷത്തിനുശേഷം ഇത് ആദ്യമാണ് പാക് പതാക വഹിക്കുന്ന ഒരു കപ്പല്‍ ബംഗ്ലാദേശില്‍ ചരക്കിറക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉല്‍ക്കണ്ഠ രാജ്യസുരക്ഷ തന്നെ. രാജ്യത്തിന്റെ മുഖ്യഭൂവിഭാഗത്തെ വടക്കു-കിഴക്കുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമായ സിലിഗുരി ഇടനാഴിക്കടുത്ത് ഐ.എസ്.ഐയുടെയും പാകിസ്താനി സൈന്യത്തിന്റെയും വര്‍ധിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ ഉത്കണ്ഠയുണ്ടാക്കുന്നതാണ്.
കോഴിക്കഴുത്ത് (ചിക്കന്‍ നെക്ക്) എന്ന് വിളിക്കപ്പെടുന്ന സിലിഗുരി ഇടനാഴി ഇന്ത്യയില്‍നിന്ന് പിടിച്ചെടുത്താല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താന്‍ ശത്രുരാജ്യത്തിനാകും. സി.എ.എ. പ്രക്ഷോഭകാലത്ത് ഷര്‍ജീല്‍ ഇമാം എന്ന നേതാവ് ഈ കോഴിക്കഴുത്ത് മുറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പെടുമെന്ന് മുദ്രാവാക്യം വിളിച്ചതായി ആരോപണമുണ്ട്. അതേസമയം, ബംഗ്ലാദേശില്‍നിന്നും ഉയരുന്ന ഭീഷണി കണക്കിലെടുത്ത് സിലിഗുരി ഇടനാഴിയുടെ വീതി കൂട്ടാനുള്ള ശ്രമം (ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും എന്നും അഭ്യൂഹമുണ്ട്.
ഹസീനയുടെ ഭാവി, ബംഗ്ലാദേശിന്റെയും
ഇതാദ്യമല്ല ഐക്യരാഷ്ട്ര സഭ അംഗരാജ്യങ്ങളുടെ പരമാധികാരത്തില്‍ കൈകടത്തുന്നത്. പലപ്പോഴും ഈ ആഗോള സംഘടന പ്രവര്‍ത്തിക്കുന്നത് അമേരിക്കയുടെയും പാശ്ചാത്യലോകത്തിന്റെയും പരിചാരകയെപ്പോലാണ് എന്ന് ആക്ഷേപമുണ്ട്. 1999-ല്‍ യൂഗോസ്ലാവ്യയിലെ കൊസോവയില്‍ നാറ്റോ രണ്ടര മാസം തുടര്‍ച്ചയായി നടത്തിയ ബോംബാക്രമങ്ങളെ യു.എന്‍. പിന്‍തുണച്ചു, അതിന് രക്ഷാസമിതിയുടെ അംഗീകാരം ഇല്ലായിരുന്നെങ്കിലും. 2011-ല്‍ ലിബിയയ്ക്കുമേല്‍ പറക്കല്‍ നിരോധിത മേഖല ഏര്‍പ്പെടുത്തി മുഹമ്മദ് ഗദ്ദാഫിയെ പുറത്താക്കാനുള്ള നീക്കത്തിന് ഒത്താശ ചെയ്തു. ബംഗ്ലാദേശില്‍ സമാധാനസേനയുടെ കാര്യം പറഞ്ഞു പട്ടാളത്തിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി സമരഗതിയെ സ്വാധീനിച്ചു.
യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് ഹസീനയെ അന്താരാഷ്ട്ര ക്രിമിനലായി ചിത്രീകരിക്കാനുള്ള യൂനുസ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ആഘാതമാണ് ഈ വെളിപ്പെടുത്തല്‍. ഹസീനയുടെ കുടുംബവും പാര്‍ട്ടി പ്രമുഖരും കടത്തിക്കൊണ്ടു പോയ സമ്പത്തു തിരികെക്കൊണ്ടു വരാന്‍ ശ്രമിക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ സര്‍ക്കാര്‍ പുറത്തു വിടുന്നതിനിടയിലാണ് ഈ തിരിച്ചടി. ഹസീന ഇന്ത്യയില്‍ അഭയം തേടിയ ശേഷം തകര്‍ന്ന അവാമി ലീഗിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ജയിലിലാണ്, അവരുടെ വിദ്യാര്‍ഥി വിഭാഗത്തെ വിലക്കിയിരിക്കുന്നു. ഹസീനയെ പുറത്താക്കാന്‍ വിദേശ ഇടപെടലുണ്ടായെന്ന വാര്‍ത്ത കണ്ട് സാധാരണക്കാരും തെരുവുകളും അവരോട് ക്ഷമിക്കണമെന്നില്ല. എങ്കിലും അത് അവര്‍ക്ക് ധാര്‍മികമായ മേല്‍ക്കൈ നല്‍കും. അമേരിക്കന്‍ സഹായം നിലച്ചതോടെ സാമ്പത്തികമായി കൈകാലിട്ടടിക്കുന്ന യൂനുസ് സര്‍ക്കാരിന് മറ്റൊരു തിരിച്ചടി തന്നെയാണ് ഈ വെളിപ്പെടുത്തല്‍.
Content Highlights: UN Human Rights Organisation, CIA, ISI - Triumvirate behind Hasina's overthrow
Published: 12 Mar 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented