1980 കളിലാണ് ബംഗാളില്‍ ചന്ദന്‍ ബസു എന്ന താരോദയമുണ്ടായത്. ചന്ദന്‍ ബസു എന്നാല്‍ സാക്ഷാല്‍ ജ്യോതി ബസുവിന്റെ മകന്‍. പിതാവ് ബംഗാളില്‍ അധികാരക്കസേരയില്‍ ഇരിപ്പുറപ്പിച്ചതോടെ മകന്റെ നക്ഷത്രവും തെളിഞ്ഞു. ചന്ദന്റെ ഈസ്റ്റേണ്‍ ബിസ്‌കറ്റ് കമ്പനി ബ്രിട്ടാനിയയ്ക്ക് പിന്നില്‍ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ ബിസ്‌കറ്റ് കമ്പനിയായി. ഈസ്റ്റേണ്‍ ബള്‍ക്ക് കാരിയേഴ്‌സ് എന്ന ട്രക്കിങ് ഏജന്‍സി വന്‍കിട കമ്പനികളുടെ ചരക്ക് കടത്തിനുള്ള കരാര്‍ സമ്പാദിച്ച് വന്‍ മുന്നേറ്റമുണ്ടാക്കി.  ആ ദിനങ്ങളിലൊന്നില്‍ ചന്ദന്‍ കല്‍ക്കത്തയുടെ ഹൃദയ ഭാഗത്തുള്ള ഒരു ഫ്‌ളാറ്റിലേക്ക് താമസം മാറ്റി. പാര്‍ക്ക് ഹോട്ടല്‍ ഗ്രൂപ്പ് ഉടമ ജിത് പോളിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളറിസ് സ്വിസ് കണ്‍ഫക്ഷനേഴ്‌സ് എന്ന കമ്പനിയുടെ ഫ്‌ളാറ്റ് ആയിരുന്നു അത്.  ' അതിര് വിട്ടുള്ള'  സേവനങ്ങള്‍ക്കുള്ള പ്രത്യുപകാരമാണ് ഫ്‌ളാറ്റ് എന്ന് വിമര്‍ശമുയര്‍ന്നപ്പോള്‍ ചന്ദന്‍ പ്രതികരിച്ചു. ജിത് പോള്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്റാണ് താനെന്നും ഫ്‌ളാറ്റ് ആ വഴിക്കുള്ളതാണെന്നുമായിരുന്നു ചന്ദന്റെ മറുപടി. കണ്‍സള്‍ട്ടന്റ് എന്ന വാക്കാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തത്തില്‍ അതീവ പ്രാധാന്യമുള്ള വാക്കാണ് കണ്‍സള്‍ട്ടന്റ്.  വര്‍ഷങ്ങള്‍ക്കിപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള എക്സാലോജിക് എന്ന കമ്പനി വിവാദത്തിലകപ്പെട്ടത് സിഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്റ് ആയതിലൂടെയാണ് എന്നത് ചരിത്രത്തിന്റെ വിരുദ്ധോക്തിയെന്നേ പറയാനാവുകയുള്ളു.

To advertise here,

കണ്‍സള്‍ട്ടന്റിന് മലയാളത്തിലുള്ള അപര പദങ്ങളിലൊന്ന് അവതാരം എന്നാണെന്ന് തോന്നുന്നു. ഒമ്പത് കൊല്ലം മുമ്പ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയപ്പോള്‍ പിണറായി വിജയന്‍ നല്‍കിയ സുപ്രധാന മുന്നറിയിപ്പ് അവതാരങ്ങളെക്കുറിച്ചായിരുന്നു. '' എന്റെ പേര് പറഞ്ഞ് പലരും വരും , അത്തരം അവതാരങ്ങളെ സൂക്ഷിക്കണം,'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ചിലര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്. ഇക്കഴിഞ്ഞ ഒരു ദശകത്തില്‍ പിണറായിയുടെ വാക്കുകള്‍ അച്ചട്ടാവുന്നതിന് കേരളം എത്രയോവട്ടം സാക്ഷ്യം വഹിച്ചു. അവതാരങ്ങളെ വെല്ലുന്ന ദല്ലാള്‍മാരും ഇടക്കാലത്ത് കളത്തിലിറങ്ങി. അത്തരമൊരു ദല്ലാളുടെ കമ്പനിയാണ്  സഖാവ് ഇപി ജയരാജനെ കുഴപ്പത്തിലാക്കിയത്. ആത്മകഥയെഴുതാന്‍ സഖാവിന്  യഥേഷ്ടം സമയം കിട്ടി എന്നതായിരുന്നു ഇതിന്റെ അന്തരഫലങ്ങളിലൊന്ന്.  പാപിയുമായി കൂട്ടുകൂടിയാല്‍ ശിവനും പാപിയാവും എന്ന വചനം കേരളീയരോര്‍ക്കാന്‍ ഒരു നിമിത്തമായി എന്നതാണ് മറ്റൊരു ഫലശ്രുതി.

എല്ലാ ഇടനിലക്കാരും അവതാരങ്ങളാവണമെന്നില്ല. എന്നാല്‍ ഒരു വിധം അവതാരങ്ങള്‍ ഇടനിലക്കാരായിരിക്കും. പല വേഷങ്ങളില്‍ , പല രൂപങ്ങളില്‍ അവതാരങ്ങള്‍ വരും. സ്വര്‍ണ്ണക്കടത്ത്, റിയല്‍ എസ്റ്റേറ്റ് , കടലില്‍ കല്ലിടല്‍, അതിവേഗ റെയില്‍ പാത, സൗരോര്‍ജ്ജം , പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെ ഏത് മേഖലയിലും കൈയ്യൊപ്പ് ചാര്‍ത്താന്‍ അവതാരങ്ങള്‍ക്കാവും. അവതാരങ്ങള്‍ സ്വയം വിളിക്കുന്നത് സംരംഭകര്‍ എന്നാണ്. ചില അവതാരങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും പുറത്താക്കപ്പെടുകയും ചെയ്യും.  പോളിറ്റ് ബ്യുറൊയ്ക്ക് കത്തെഴുതുന്ന അവതാരങ്ങളുമുണ്ട്. കത്തെഴുതിയാലുള്ള കുഴപ്പം അത് പൊട്ടിച്ചുവായിക്കുന്നവര്‍ വെറുതെ ഇരിക്കില്ലെന്നുള്ളതാണ്. കത്ത് ചോര്‍ത്തിയില്ലെങ്കില്‍ പിന്നെ മനഃസമാധാനമുണ്ടാവില്ല. അച്ചടക്കത്തിന്റെ വാള്‍മുനകള്‍ക്കിടയില്‍  കത്ത് ചോര്‍ത്തല്‍ ഒരു വിപ്ലവ പ്രവര്‍ത്തനമാണെന്ന് സഖാവ് മാവൊ പറഞ്ഞിട്ടുണ്ട്. കത്ത് ചോര്‍ന്നാല്‍ അത് കോടതിയിലെത്തിക്കാനും അവതാരങ്ങളുണ്ട് എന്നതാണ് പുതിയ കാലത്തിന്റെ സവിശേഷത.

ദുര്‍ഗന്ധരഹിത മുറി

പക്ഷേ, അവതാരങ്ങള്‍ എങ്ങിനെ , എന്തൊക്കെ കളി കളിച്ചാലും ദുര്‍ഗന്ധം ദാ ഇവിടെ വരെ... അതായത് മുഖ്യമന്ത്രിയുടെ മുറിക്കിപ്പുറത്ത് വരെ മാത്രമേ എത്തുകയുള്ളു എന്ന കാര്യത്തില്‍ മുന്‍ മന്ത്രി ജി സുധാകരന് ഒരു സംശയവുമുണ്ടായിരുന്നില്ല. അവിടെ ഒരു വര വരച്ചിട്ടുണ്ട്. ഒരവതാരത്തിനും ആ വര ഭേദിക്കാനാവില്ല എന്ന ആ നിലപാട് കുത്തിനോവിക്കുന്നതുകൊണ്ടാണോ സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ സഖാവ് ജി ഏകനായി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചതെന്നറിയില്ല. പുതിയ വിവാദ നായകര്‍ രാജേഷ് കൃഷ്ണയും മുഹമ്മദ് ഷര്‍ഷാദും ഏത് ഗണത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന വിവരം ഇനിയും പുറത്ത് വന്നിട്ടില്ല. അവതാരമാണോ, ദല്ലാളാണോ, കണ്‍സള്‍ട്ടന്റാണോ എന്ന കാര്യം പോളിറ്റ് ബ്യുറൊ ചര്‍ച്ച ചെയ്ത് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചാല്‍ മാത്രമേ തീര്‍പ്പാവുകയുള്ളു. അതുവരെ നിഷേധവും നിരാകരണവും എന്ന പതിവ് പാര്‍ട്ടി നയം തന്നെയായിരിക്കും പിന്തുടരുക . ആരോപണങ്ങള്‍ക്ക് പുല്ലു വില, പുച്ഛിച്ചു തള്ളുന്നു, വ്യക്തികളല്ല പാര്‍ട്ടി എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ സഞ്ചാരം ഈ വഴിക്ക് തന്നെയായിരിക്കും എന്നതിന്റെ ശക്തമായ സൂചനയാണ്.

പഴയ ചില അവതാരങ്ങളെ ഒന്നോര്‍ക്കുന്നത് നന്നാവും. ആര്‍ കെ ധവാന്‍,  ചന്ദ്രസ്വാമി  എന്നിങ്ങനെയുള്ള ദേശീയ അവതാരങ്ങള്‍ കളിച്ച കളികള്‍ വെച്ചു നോക്കിയാല്‍ പുതിയ അവതാരങ്ങള്‍ വെറും നത്തോലികളാവുന്നു. പാവം പയ്യന്‍ ആന്റോ ലീഡര്‍ കരുണാകരനൊപ്പം നടത്തിയ ഹെലിക്കോപ്റ്റര്‍ യാത്രക്ക് പിന്നാലെ മാദ്ധ്യമങ്ങള്‍ പാഞ്ഞ പാച്ചില്‍ ചരിത്രമാണ്. ലാവ്‌ലിന്‍ വിവാദത്തിലെ നായകന്‍ ദിലീപ് രാഹുലന്‍ ഇന്നിപ്പോള്‍ പുതിയ അവതാരങ്ങളുടെ ബദ്ധപ്പാടുകള്‍ കണ്ട് ഗൃഹാതുരത്വത്തില്‍ മുഴുകുന്നുണ്ടാവണം.

വികസനം എന്ന ഒരൊറ്റ അജണ്ടയാണ് അവതാരങ്ങളെയും പാര്‍ട്ടിയെയും കൂട്ടിയിണക്കുന്നത്. അതിപ്പോള്‍ സ്പ്രിങ്ക്‌ളറായാലും ഇഎംസിസി ആഴക്കടല്‍ മത്സ്യ ബന്ധനമായാലും കെ റെയിലായാലും പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനമായാലും കേരളത്തിന്റെ സമഗ്ര വികസനം എന്ന ഒരൊറ്റ അജണ്ടയിലാണ് കളി. അവതാരങ്ങള്‍ ഇടപെട്ടാല്‍ പത്താം ക്ലാസ് പാസ്സായില്ലെങ്കിലും ഉന്നത ജോലി ഉറപ്പാണ്. ഒന്നുമില്ലെങ്കില്‍ കിഫ്ബി വഴി മസാല ബോണ്ട് ഇറക്കുന്നത് പോലുള്ള കലാപരിപാടികളില്‍ പങ്കാളികളാവാം.  അല്ലെങ്കില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം. അതുമല്ലെങ്കില്‍ പിന്‍വാതില്‍ നിയമനം. ഇനി ഇപ്പോള്‍ ഒരു തൊഴിലുമില്ലെങ്കിലും ജീവിച്ചുപോവും എന്നതാണ് അവതാരങ്ങളുടെ മുഖമുദ്ര. ദുബായ്, ലണ്ടന്‍ അച്ചുതണ്ടിലാണ്  ഭ്രമണം . അവതാരങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും അവതാരങ്ങളെ വേണ്ടവരും ഈ രണ്ടിടങ്ങളിലും കട തുറക്കും. ഈ കടകളിലെ കച്ചവടമാണ് കച്ചവടം. ഏത് മാസപ്പടിയും വെളുപ്പിക്കുന്ന ഒന്നാന്തരം അലക്ക് യന്ത്രങ്ങള്‍ക്ക് ഈ കടകളില്‍ ഒരു കാലത്തും പഞ്ഞമുണ്ടാവില്ല.

അധികാരം എന്ന മൂര്‍ത്തി

അവതാരങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ മാത്രം ഒരു പുതിയ പാഠ്യപദ്ധതി തുടങ്ങാവുന്നതാണ്. നവകേരള ദര്‍ശന രേഖയില്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ വരവിനെക്കുറിച്ച് പറയുന്നുണ്ട്. കൂട്ടത്തില്‍ ഇങ്ങനെയും ഒരു  ദര്‍ശനമാവാം. വേണമെങ്കില്‍ ഒരു ബെന്‍സ് ബസ്സുകൂടി വാങ്ങി നവകേരള സഭ ഒന്നുകൂടി സംഘടിപ്പിക്കാം. എങ്ങിനെ ഒരവതാരമാവാം എന്ന വിഷയത്തില്‍ ബ്രാഞ്ച് തലം തൊട്ടേ പഠന ക്ലാസ്സുകള്‍ തുടങ്ങണം. കൂറ്റനാട്ട് നിന്ന് അപ്പവുമായി കൊച്ചിയിലേക്കും അവിടെ നിന്ന് അപ്പത്തിന് പകരം തിരുത വാങ്ങി ഇന്ദ്രപ്രസ്ഥത്തിലേക്കും പറക്കുന്ന അവതാരങ്ങള്‍ക്ക് അദ്ധ്യാപക നിയമനത്തില്‍ മുന്‍ഗണന നല്‍കണം. നിര്‍മ്മിത ബുദ്ധിയും അവതാരങ്ങളും എന്ന തലക്കെട്ടില്‍ പഞ്ചായത്തുകള്‍ തോറും സെമിനാറുകളുമാവാം.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ അവതാരങ്ങള്‍ക്കല്ല ഉപദേശകര്‍ക്കായിരുന്നു കൂടുതല്‍ പ്രാധാന്യം. ഐഎംഎഫില്‍ നിന്ന് ഗിതാ ഗോപിനാഥും ഐപിഎസ് താവഴിയില്‍ രമണ്‍ ശ്രീവാസ്തവയും രംഗപ്രവേശം ചെയ്തത് മറക്കാനാവില്ല. ഇരുവരുടെയും സംഭാവനകള്‍ കാരണം സാമ്പത്തിക മേഖലയും ക്രമ സമാധാന മേഖലയും കൈവരിച്ച നേട്ടങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും നിലവില്‍ സംസ്ഥാന എക്‌സൈസ് കമ്മീഷണറായ എം ആര്‍ അജിത് കുമാറും ഈ ശ്രേണിയില്‍ പെടില്ലെന്നും പല സ്ഥലങ്ങളില്‍ പല വേഷങ്ങളില്‍ ഒരേ സമയം ഇവര്‍ കാണപ്പെട്ടിട്ടുണ്ടെന്നും സംസാരമുണ്ട്. അവതാരങ്ങള്‍ പല രൂപങ്ങളിലും ഭാവങ്ങളിലും വന്നേക്കാം. പക്ഷേ, ഇതിലൊന്നും തന്നെ കുലുങ്ങാതെ സകലത്തിനും കാവലാളായി യുഗപരുഷന്‍ ഇവിടെയുള്ളപ്പോള്‍ കേരളം എന്തിന് പേടിക്കണം! ഏത് അവതാരത്തേയും ഏത് വേഷത്തിലായാലും എത്ര ദൂരെ നിന്നായാലും തിരിച്ചറിയാന്‍ കഴിയുന്നയാള്‍. വായു, അഗ്‌നി, ജലം എന്നിങ്ങനെ സമസ്ത ശക്തികളും വിളിപ്പുറത്തുള്ളയാള്‍. മനസ്സിലൊന്ന് നിനച്ചാല്‍ മതി ഇടിമിന്നലില്‍ സിസിടിവി ദൃശ്യങ്ങള്‍ കത്തിച്ചാമ്പലാവും. ഏത് പ്രളയവും ഒരു കിറ്റിനുള്ളില്‍ ഒതുങ്ങിയൊടുങ്ങും. ഒരു നിര്‍മ്മിത ബുദ്ധിക്കും എഴുതാന്‍ പറ്റാത്ത കോഡ്. കാര്യ - കാരണങ്ങള്‍ക്കതീതന്‍. അധികാരമാണ് മൂര്‍ത്തി , വൃക്ഷം നാരകം, പക്ഷി മൂങ്ങ. തറയ്ക്കാനുള്ള കാഞ്ഞിരവും ആണിയും റെഡിയാണ്. അവതാര രഹിത ഭരണം എന്ന കിണാശ്ശേരിയിലേക്ക് സഖാക്കളേ സുസ്വാഗതം!