
യുക്രൈൻ റഷ്യയില്‍ നടത്തിയ 'ഓപ്പറേഷന്‍ ചിലന്തിവല'യുടെ വന്‍വിജയം ആധുനികകാലത്തെ യുദ്ധത്തിന്റെ രൂപഭാവങ്ങള്‍ മാത്രമല്ല, ഉള്‍ക്കാമ്പു തന്നെ മാറ്റിയിരിക്കുകയാണ്. 117 ഡ്രോണുകള്‍ ഉപയോഗിച്ച് അഞ്ച് വ്യോമതാവളങ്ങളില്‍ നടത്തിയ ആക്രമണം 41 റഷ്യന്‍ പോര്‍വിമാനങ്ങളെയാണ് തകര്‍ത്തത്. ഈ ആക്രമണം ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൈന്യങ്ങളില്‍ ഒന്നായ റഷ്യയുടെ ദൗര്‍ബല്യങ്ങളെ ലോകത്തിന് കാട്ടിക്കൊടുത്തു. ആളില്ലാവിമാനങ്ങളുടെ കൂട്ട ആക്രമണങ്ങള്‍ക്ക് മുന്നില്‍ അവര്‍ നിസ്സഹായരാണെന്ന്.
ഡ്രോണുകളെ ചെറുക്കാന്‍ റഷ്യ ചൈനീസ് സംവിധാനങ്ങളെ ആശ്രയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്, റഷ്യയും ചൈനയും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നേടിയ വിജയം റഷ്യയ്ക്ക് പാഠമാകേണ്ടതായിരുന്നുവെന്ന് ഒരു വിഭാഗം സൈനിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കണിശമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ചെറുക്കാന്‍ പാകിസ്താന്‍ സജ്ജമാക്കിയിരുന്ന ചൈനീസ് പ്രതിരോധ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതേസമയം, ശത്രുരാജ്യം തൊടുത്ത ഡ്രോണ്‍ പറ്റങ്ങളെ ഏതാണ്ട് പൂര്‍ണമായും നശിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയും ചെയ്തു.
റഷ്യ ഇന്ത്യന്‍ വ്യോമപ്രതിരോധമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്രയും വലിയ നാശം അവര്‍ക്കുണ്ടാവില്ലായിരുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. ആസൂത്രിതമായ ഡ്രോണ്‍ ആക്രമണത്തിലൂടെ റഷ്യയുടെ നിര്‍ണായകമായ ക്രൂസ് മിസൈല്‍ കാരിയറുകളുടെ 34 ശതമാനം തകര്‍ത്തുവെന്നും ഏതാണ്ട് ഏഴു ബില്യണ്‍ ഡോളറിന്റെ സൈനിക സജ്ജീകരണങ്ങള്‍ നഷ്ടമാക്കിയെന്നുമാണ് യുക്രൈൻ പറയുന്നത്.
പുതിയകാലത്തെ യുദ്ധരീതികളുമായി പൊരുത്തപ്പെടാന്‍ ലോകം ബുദ്ധിമുട്ടുന്ന കാലത്ത് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളായ ആകാശും ആകാശ്തീറും ഭാര്‍ഗവാസ്ത്രയുമൊക്കെ ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ആയുധവിപണിയിലെ പ്രധാനികളിലൊരാളായി ഭാരതം ഉയര്‍ന്നേക്കുമെന്ന് പാശ്ചാത്യരാജ്യങ്ങള്‍ മാത്രമല്ല റഷ്യയും ഭയക്കുന്നുണ്ട്. യുദ്ധരംഗത്ത് വിജയം കൈവരിച്ച ഉന്നത സാങ്കേതികവിദ്യ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് വ്യക്തമായിരിക്കുന്നു. പാശ്ചാത്യ, റഷ്യന്‍ മാധ്യമങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് എഴുതിയത് നോക്കിയാല്‍ ഇന്ത്യയുടെ നേട്ടങ്ങളെ കുറച്ചു കാണിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കാണാം.
യുക്രൈന്റെ ഡ്രോണുകള്‍ റഷ്യയെ കബളിപ്പിച്ചതെങ്ങനെ?
ചെലവേറിയ പാശ്ചാത്യ ഡ്രോണുകള്‍ക്കു പകരം വില കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ ഡ്രോണുകള്‍ നിര്‍മിക്കാന്‍ യുക്രൈന് കഴിഞ്ഞു. നാനൂറു ഡോളര്‍ മാത്രം വിലവരുന്ന ഫസ്റ്റ് പേഴ്സണ്‍ വ്യൂ (എഫ്.പി.വി) ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു അവര്‍ റഷ്യയുടെ വ്യോമതാവളങ്ങൾ ആക്രമിച്ചത്. എളുപ്പത്തില്‍ സ്വന്തമാക്കാനാവുന്ന തരം ഡ്രോണുകള്‍ ഉപയോഗിച്ചാണ് കോടികള്‍ വിലമതിക്കുന്ന ടി.യു 95 പോലുള്ള ബോംബര്‍ വിമാനങ്ങളെ തകര്‍ത്തത്. ദീര്‍ഘനാളെടുത്ത് പദ്ധതി ആസൂത്രണം ചെയ്ത യുക്രൈൻ മാസങ്ങള്‍ക്കു മുമ്പേ 117 ഡ്രോണുകള്‍ റഷ്യയിലേക്ക് കടത്തി. അകലെനിന്നും പ്രവര്‍ത്തിപ്പിക്കാവുന്ന മേല്‍ക്കൂരയുള്ള ട്രക്കുകളില്‍ ഒളിപ്പിച്ച ഡ്രോണുകളെ വ്യോമതാവളങ്ങള്‍ക്ക് അടുത്തുനിന്നും തൊടുത്തു വിട്ടാണ് യുക്രൈൻ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യയെ നാണം കെടുത്തിയത്.
വ്യോമതാവളങ്ങളുടെ തൊട്ടരികത്തു നിന്നും ഡ്രോണുകള്‍ പുറപ്പെട്ടതാണ് റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. റഷ്യയുടെ എസ് 400 പോലുള്ള സംവിധാനങ്ങള്‍ വളരെ ഉയരത്തില്‍ നിന്നും വരുന്ന പോര്‍വിമാനങ്ങളും മിസൈലുകളും പോലുള്ള വലിയ ഭീഷണികളെ നേരിടാന്‍ വേണ്ടി തയ്യാറാക്കിയിട്ടുള്ളതാണ്. താഴ്ന്നു പറക്കുന്ന എഫ്.പി.വി ഡ്രോണുകളെ എതിര്‍ക്കാന്‍ അവയ്ക്ക് കഴിയില്ല. സൈബീരിയയിലെ ബെലായ പോലുള്ള അതിവിദൂര താവളങ്ങളില്‍ ഡ്രോണ്‍ ഭീഷണിയെ ചെറുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല താനും.

താഴ്ന്നു പറക്കുന്ന, വേഗം കുറഞ്ഞ യുക്രൈൻ ഡ്രോണുകളെ ചെറുക്കാന്‍ ചൈനീസ് നിര്‍മിതമായ സൈലന്റ് ഹണ്ടര്‍ അഥവാ ലോ ആള്‍ട്ടിട്യൂഡ് ലെയ്സര്‍ ഡിഫന്‍സ് സിസ്റ്റം (ലാസ്) ലെയ്സര്‍ സംവിധാനം ഉപയോഗിച്ചതായി റഷ്യന്‍ അനുകൂല ടെലിഗ്രാം ചാനലുകള്‍ പറയുന്നു. പ്രത്യേകിച്ച് ഷെന്‍-നങ് ഷീല്‍ഡ് 3000/5000 ലെയ്സറിനോട് സാമ്യമുള്ള സംവിധാനം റഷ്യന്‍ സ്പെഷല്‍ ഫോഴ്സസ് വിഭാഗമായ നൊമാഡ് ഉപയോഗിച്ചെന്നാണ് അവ പറയുന്നത്. ചൈന മുമ്പ് ഇറാന് നല്‍കിയിരുന്ന സമാനമായ ലേസർ സംവിധാനത്തിന് സമാനമായ സജ്ജീകരണമാണ് വിഡിയോയില്‍ കാണുന്നത്. വാഹനത്തില്‍ നിന്നോ, കണ്ടെയ്നറില്‍ നിന്നോ പ്രയോഗിക്കാവുന്ന ഈ 'ഡ്രോണ്‍നാശിനി'യ്ക്ക് ഒന്നര കിലോമീറ്ററാണ് ആക്രമണപരിധി. മുപ്പതു കിലോവാട്ട് ശേഷിയുള്ള ഈ ഫൈബര്‍ ഓപ്ടിക് ആയുധത്തിന് ചെറിയ വേഗത്തില്‍ വരുന്ന ഡ്രോണുകളെ അന്തരീക്ഷത്തില്‍ വെച്ച് കരിച്ചുകളയാനാവും. ഡ്രോണുകള്‍ക്കെതിരേ ഇസ്രയേലും അമേരിക്കയും ലേസർ ആയുധങ്ങള്‍ തയ്യാറാക്കി വരികയാണ്. കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ലേസർ ഉപയോഗിച്ച് ഒരു ഹിസ്ബുള്ള ഡ്രോണിനെ നശിപ്പിച്ചിരുന്നു.
ഈ ആയുധം റഷ്യ ഉപയോഗിക്കുന്നതായി യുക്രൈൻ മാസങ്ങള്‍ക്കു മുമ്പേ ആരോപിച്ചിരുന്നുവെങ്കിലും ചൈന അത് നിഷേധിക്കുകയാണ് ഉണ്ടായത്. മാത്രമല്ല, തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച സദിര എന്നു പേരിട്ട ലേസർ ആയുധം ഡ്രോണുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നതായി റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ബോറിസോവ് അവകാശപ്പെട്ടു. എന്തായാലും യുക്രൈന്റെ ഡ്രോണുകള്‍ റഷ്യയ്ക്ക് തലവേദനയായിട്ട് മാസങ്ങളായി. വിജയകരമായ നിരവധി ആക്രമണങ്ങള്‍ക്കൊടുവിലാണ് ജൂണ്‍ ഒന്നിന് യുക്രൈൻ 117 ഡ്രോണുകൾ ഉപയോഗിച്ച് 40 റഷ്യന്‍ പോര്‍വിമാനങ്ങളെ തകര്‍ത്തത്.
റഷ്യയുടെ ഡ്രോണ്‍വേധ സംവിധാനങ്ങള്‍ വിന്യസിച്ചിരുന്നത് യുദ്ധമുന്നണിക്കടുത്താണ്. പക്ഷേ, യുക്രൈന്റെ ഡ്രോണുകള്‍ ലക്ഷ്യംവെച്ച മിക്കവാറും വ്യോമതാവളങ്ങളുടെയും പരിസരത്ത് അവ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നവ ഫലപ്രദമായതുമില്ല. ഒരുപക്ഷേ, യുക്രൈനിൽ നിന്നും ആയിരക്കണക്കിന് മൈലുകള്‍ക്കപ്പുറം ഇത്തരമൊരു ആക്രമണം മുന്‍കൂട്ടിക്കാണാന്‍ റഷ്യയുടെ ഇന്റലിജന്‍സ് വിഭാഗത്തിന് കഴിയാത്തതും പ്രശ്നം വഷളാക്കി. നാഷണല്‍ ഗാര്‍ഡിന് (റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സേന) വേണ്ടി വാങ്ങിയ ഡ്രോണ്‍ ജാമറുകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. സാധാരണ ഡ്രോണുകളെ പോലെ വയര്‍ലെസ് ആയിരുന്നു യുക്രൈൻ വിക്ഷേപിച്ചവ. അവയുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ (സോഫ്റ്റ് ജാമിങ്) കഴിയേണ്ടതായിരുന്നു. ഇലക്ട്രോ മാഗ്‌നറ്റിക് സിഗ്‌നല്‍സ് പുറപ്പെടുവിച്ച് ഡ്രോണുകളുടെ ആശയവിനിമയ സംവിധാനം തകരാറിലാക്കി അവയ്ക്ക് ഓപ്പറേറ്ററുമായുള്ള ബന്ധം തടസ്സപ്പെടുത്താന്‍ എന്തുകൊണ്ടാണ് റഷ്യയ്ക്ക് കഴിയാതിരുന്നത് എന്ന ചോദ്യമുയരുന്നുണ്ട്.
സമീപകാലത്ത് റഷ്യ-ചൈന സൈനിക സഹകരണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. റഷ്യയുടെ സൈനികോപകരണ നിര്‍മാണശാലകള്‍ക്ക് ചൈന നിര്‍ണായക അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും നല്‍കുന്നതായി യുക്രൈൻ ചാരസംഘടന കഴിഞ്ഞ മേയ് 26-ന് ആരോപിച്ചിരുന്നു. റഷ്യയുടെ ഡ്രോണുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ 80 ശതമാനവും നല്‍കുന്നത് ചൈനയാണെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. ചൈനീസ് ആയുധങ്ങള്‍ റഷ്യ യുക്രൈനെതിരേ ഉപയോഗിച്ചു എന്ന് സ്ഥിരീകരിക്കപ്പെട്ടാല്‍ കളി മാറും. യുദ്ധത്തിനിടെ നിരവധി ഉപരോധങ്ങളാല്‍ വലയുന്ന റഷ്യക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളെയും സാങ്കേതികവിദ്യയെയും കൂടുതലായി ആശ്രയിക്കാതെ നിവൃത്തിയില്ല.
ഇന്ത്യയുടെ മിസൈല്‍ പ്രതിരോധവ്യൂഹവും റഷ്യയും
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്‍ ഉപയോഗിച്ചത് ചൈനയില്‍ നിന്ന് വാങ്ങിയ എച്ച്ക്യൂ 9, എച്ച്ക്യൂ 16 വ്യോമപ്രതിരോധ സംവിധാനങ്ങളാണ്. ഇന്ത്യയെ ആക്രമിക്കാന്‍ തുര്‍ക്കിയില്‍ നിന്നും വാങ്ങിയ ബൈക്കര്‍ യീഹ ഡ്രോണുകളും ഉപയോഗിച്ചിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ ആകാശ്, ബരാക് 8, ആകാശ്തീര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ചെറുത്തു. ഇന്ത്യയുടെ ഇലക്ട്രോണിക് യുദ്ധം ചൈനയുടെ റഡാറുകളെയും ആശയവിനിമയ സംവിധാനങ്ങളെയും തകരാറിലാക്കി. ഇന്ത്യയുടെ അയേണ്‍ ഡോമായ (മിസൈല്‍ കവചം) ആകാശിന് 88 മുതല്‍ 99 ശതമാനം വരെ കൃത്യതയുണ്ടായിരുന്നു. 25 മുതല്‍ 30 കിലോമീറ്റര്‍ വരെ പരിധിയുള്ള ആകാശ് മിസൈലിന് താഴ്ന്നു പറക്കുന്ന ലക്ഷ്യങ്ങളെ ചെറുക്കാന്‍ പ്രത്യേക സാമര്‍ത്ഥ്യമുണ്ട്. അതിലെ രാജേന്ദ്ര റഡാര്‍ ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ പിന്തുടരാന്‍ ശേഷിയുള്ളതാണ്. അതായത്, കൂട്ടമായി വരുന്ന ഡ്രോണുകളുടെ ആക്രമണത്തെ ചെറുക്കാന്‍ ഏറ്റവും അനുയോജ്യം. ആകാശ് വികസിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ചെലവായത് വെറും ആറു കോടി ഡോളര്‍.
ആകാശ്തീര്‍ നിര്‍മിതബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനമാണ്. രാജ്യത്തിന്റെ പ്രതിരോധശേഷികളെ തല്‍സമയം സംയോജിപ്പിക്കുന്ന ഇതിന് ഡ്രോണ്‍ പറ്റങ്ങളെ തല്‍സമയം പ്രതിരോധിക്കാനും നിര്‍വീര്യമാക്കാനും കഴിയും. ഇന്ത്യയുടെ 15 കേന്ദ്രങ്ങളിലേക്ക് അഞ്ഞൂറോളം ഡ്രോണുകള്‍ കുതിച്ചെത്തിയപ്പോള്‍ ആകാശ്തീര്‍ ആകാശ്, ബരാക്ക്-8, എസ് 400, ഭാര്‍ഗവാസ്ത്ര സംവിധാനങ്ങളെ സംയോജിപ്പിച്ച് മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ തല്‍സമയം ചുട്ട മറുപടി കൊടുക്കുന്നതില്‍ വിജയിച്ചു. 70 മുതല്‍ 100 കിലോമീറ്റര്‍ വരെയുള്ള ദൂരങ്ങളില്‍ ഇന്ത്യയും ഇസ്രായേ്ലും ഒരുമിച്ച് വികസിപ്പിച്ച ബരാക്ക് എട്ട് അജയ്യമായിരുന്നു. 400 കി.മീ വരെ ഉയരത്തില്‍ നിന്നെത്തുന്ന ബാലിസ്റ്റിക് മിസൈല്‍ അടക്കമുള്ള ഭീഷണികളെ നിര്‍വീര്യമാക്കുന്നതില്‍ എസ് 400 വിജയിച്ചു.
ഭാര്‍ഗവാസ്ത്രയായിരുന്നു പാകിസ്താനെ ഞെട്ടിച്ച മറ്റൊന്ന്. നൂറു കിലോമീറ്റര്‍ പരിധിയില്‍ ശത്രുസംവിധാനങ്ങളെ കണ്ടെത്തി തകര്‍ക്കാന്‍ കഴിയുന്ന ഈ ചാവേര്‍ ഡ്രോണുകള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും കൃത്യതയോടെ ആക്രമണം നടത്താന്‍ കഴിയും. ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാര്‍ഗവാസ്ത്രയുടെ പടയാണ് പാകിസ്താന്റെ ബൈക്കര്‍ യീഹ ഡ്രോണുകളെ നാമാവശേഷമാക്കിയത്. വളരെ പ്രധാനപ്പെട്ട ലക്ഷ്യം കണ്ടെത്തി സ്ഥിരീകരിച്ചശേഷം നശിപ്പിക്കാന്‍ കഴിയുന്ന ഇവയ്ക്ക് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പറക്കാന്‍ കഴിയും.
ആയുധവിപണിയിലെ ഇന്ത്യന്‍ മുന്നേറ്റവും അസൂയക്കാരും
ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ റഷ്യ ടുഡേ പോലും പാകിസ്താന്റെ വ്യാജ അവകാശവാദങ്ങള്‍ക്ക് അനുകൂലമായാണ് നിലകൊണ്ടത്. അവര്‍ ചൈനീസ് സംവിധാനങ്ങളുടെ പരാജയം മറച്ചുപിടിച്ചു. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യാ-പാക് സംഘര്‍ഷത്തെ പ്രാദേശിക ഏറ്റുമുട്ടല്‍ മാത്രമായി വ്യാഖ്യാനിച്ചു, ഇന്ത്യയുടെ വിജയത്തെ കുറച്ചു കാണിച്ചു. ഓപ്പറേഷന്‍ സിന്ദൂറില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ആകാശ് മിസൈലിനെ തഴഞ്ഞ അവര്‍ തങ്ങളാണ് ജയിച്ചത് എന്ന മട്ടില്‍ പാകിസതാന്‍ നടത്തിയ വ്യാജ പ്രചാരണത്തെ ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ ചെലവു കുറഞ്ഞ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാണ് എന്ന സത്യത്തെ മറച്ചുപിടിച്ച മാധ്യമങ്ങള്‍ ചൈനീസ് പ്രതിരോധസംവിധാനങ്ങളുടെ തകര്‍ച്ചയെ കുറിച്ച് മിണ്ടിയില്ല! അവര്‍ മിണ്ടിയില്ലെങ്കിലും പണം മുടക്കുന്നവര്‍ കണ്ടു, ചൈനീസ് ആയുധക്കമ്പനികളുടെ ഓഹരിവില കൂപ്പുകുത്തി.
അന്താരാഷ്ട്ര ആയുധവിപണിയില്‍ ഇന്ത്യയ്ക്ക് ഓപ്പറേഷന്‍ സിന്ദൂര്‍ പുത്തൻ ഊര്‍ജമാവുകയാണ്. പാശ്ചാത്യ, റഷ്യന്‍ പ്രതിരോധ സംവിധാനങ്ങളുടെ പത്തിലൊന്ന് വിലയാണ് മിക്കവാറുമുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക്. ആകാശ് മിസൈല്‍ സംവിധാനം ഒരെണ്ണം അര്‍മീനിയ വാങ്ങിക്കഴിഞ്ഞു. (12 മിസൈലുകള്‍, റഡാര്‍ സംവിധാനം, നിയന്ത്രണസംവിധാനം, വാഹനമടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ എന്നിവയടങ്ങിയതാണ് ഒരു ആകാശ് 'വ്യൂഹം'.) ബ്രസീല്‍, വിയറ്റ്നാം, ഈജിപ്ത്, യു.എ.ഇ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും ആകാശില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആകാശിന്റെ 96 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണെന്നത് വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നു. 80 കി.മീ വരെ പരിധിയുള്ള ആകാശ് എന്‍.ജി, കുശ തുടങ്ങിയ കൂടുതല്‍ സങ്കീര്‍ണമായ സംവിധാനങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു.
Content Highlights: Ukraine`s successful drone attack on Russia
Published: 05 Jun 2025, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented