'പുതുയുഗ കേരളം' എന്ന മുദ്രാവാക്യവും ആശയവും ജനങ്ങൾ പൂർണ മനസോടെ സ്വീകരിച്ചതിന്റെ പരിണതിയായിരുന്നു 102 സീറ്റുമായുള്ള യു.ഡി.എഫിന്റെ ചരിത്ര വിജയം. യു.ഡി.എഫ് സർക്കാർ 100 ദിവസം പിന്നിടുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കാനുള്ളതാണെന്ന ഉത്തമബോധ്യം സർക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തീരുമാനിച്ചതും ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പാചക തൊഴിലാളികൾ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിച്ചതും പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയതും. വൻകിട വികസന പദ്ധതികളും സ്വപ്നപദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേർത്തുപിടിച്ച് മുന്നോട്ട് പോകുകയെന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം.
സാമൂഹിക ക്ഷേമത്തിനും സമഗ്ര വികസനത്തിനും മുൻഗണന നൽകിക്കൊണ്ടാണ് 'ഇന്ദിരാ ഗ്യാരണ്ടികൾ' പ്രഖ്യാപിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, വയോജന വകുപ്പ് എന്നിവ ഇതിനോടകം നടപ്പിലാകയും ചെയ്തു. സൗജന്യയാത്ര സ്ത്രീകളോടുള്ള സർക്കാരിന്റെ ആദരവാണ്. മുതിർന്ന പൗരന്മാരോടുള്ള സർക്കാരിന്റെ കരുതലിന്റെ ഭാഗമാണ് വയോജനവകുപ്പ്. ഇത്തരമൊരു പരിഗണന രാജ്യത്ത് ആദ്യമാണ്. ഇതിന് പുറമെയാണ് 100 ദിന കർമ്മപദ്ധതി പ്രഖ്യാപിച്ചത്. കൃഷി, വ്യവസായം, സഹകരണം എന്നിങ്ങനെ 11 മേഖലകളിലായി 43 വകുപ്പുകൾ ചേർന്ന് 597 പദ്ധതികളാണ് 100 ദിവസം കൊണ്ട് നടപ്പിലാക്കുന്നത്. സർക്കാരിന് കൃത്യമായ വീക്ഷണം ലക്ഷ്യവുമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് മുൻഗണനാക്രമങ്ങളുണ്ട്.
സർക്കാരിന് 100 ദിവസം തികയുമ്പോൾ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണ്. വിപണിയിൽ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. സപ്ലൈകോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങി 10 പ്രമുഖ അവശ്യ സാധനങ്ങൾ കഴിഞ്ഞ ഓണക്കാലത്തെ സബ്സിഡി നിരക്കിനേക്കാൾ കുറഞ്ഞ വിലയിലാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണയും വില കുറച്ചു നൽകി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ സബ്സിഡി സാധനങ്ങൾ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുൻവർഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകൾ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ട്.
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികൾ തടസപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെൻഷൻ മുടങ്ങരുതെന്നതാണ് സർക്കാരിന്റെ നിലപാട്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം നേരത്തെയാക്കി. അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരുടെ ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും തടസമില്ലാതെ വിതരണം ചെയ്തു. കെ.ടി.ഡി.സി, കെ.എസ്.ആർ.ടി.സി, സഹകരണ മേഖല എന്നിവയിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ്, ഉത്സവബത്ത, സാലറി അഡ്വാൻസ് എന്നിവ ഉറപ്പാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികൾക്കും ചരിത്രത്തിലാദ്യമായി 2,000 രൂപ ഓണം ഉത്സവബത്ത അനുവദിക്കുകയും ഹരിതകർമ്മ സേനാംഗങ്ങളുടെ ഉത്സവബത്ത 1,500 രൂപയായി ഉയർത്തുകയും ചെയ്തു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് വകമാറ്റിയതിനെ തുടർന്ന് കുടിശികയായ പ്രവാസി ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണത്തിന് 32 കോടി അനുവദിച്ചു.
സ്‌കോളർഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയ്ക്ക് ഈ സർക്കാർ പരിഹാരം കണ്ടു. മുൻ സർക്കാരിന്റെ കാലത്തെ കുടിശിക തീർക്കാൻ അധികാരത്തിലെത്തി 84 ദിവസത്തിനകം 310 കോടി രൂപ അനുവദിച്ചു. കാരുണ്യ, ആരോഗ്യകിരണം പദ്ധതികളിലെ അടിയന്തര ബാധ്യതകൾ തീർക്കാൻ 200 കോടി രൂപയും, സപ്ലൈകോ വഴി നെല്ല് സംഭരിച്ചതിന്റെ പി.ആർ.എസ് കുടിശ്ശിക തീർക്കാൻ 150 കോടി രൂപയും അനുവദിച്ചു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ 3.68 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകാൻ 44.24 കോടി രൂപയും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകാൻ 85.06 ലക്ഷം രൂപയും കൈമാറി. സ്‌കൂൾ പാചക തൊഴിലാളികളുടെ പ്രതിമാസ വേതനം വർധിപ്പിച്ച് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാൻ 44 കോടി രൂപ അനുവദിച്ചു. മുൻ സർക്കാരിന്റെ കാലത്ത് 650 മുതൽ 675 രൂപയായിരുന്ന പ്രതിദിന വേതനം 1,000 രൂപയായാണ് വർധിപ്പിച്ചത്. ലോട്ടറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ബോണസിൽ 1,000 രൂപയുടെ വർധന വരുത്തി. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള 'സ്‌നേഹസാന്ത്വനം' പദ്ധതിക്കായി 14.40 കോടി രൂപ അനുവദിച്ചു. പട്ടികവർഗ വിഭാഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ വീതം നൽകാൻ 5.28 കോടി രൂപ നീക്കിവെച്ചു. 'ആശ്വാസകിരണം' പദ്ധതി വഴി നൽകുന്ന ധനസഹായം 600 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി കുടുംബമൊന്നിന് 2 ലക്ഷം രൂപ വീതം അധിക സഹായം പ്രഖ്യാപിച്ചു. സ്‌പോർട്‌സ് കൗൺസിൽ കരാർ ജീവനക്കാരുടെ ശമ്പള കുടിശിക തീർക്കാൻ 1.50 കോടി രൂപയും പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയ്ക്കും ഓണക്കിറ്റിനുമായി 20.87 ലക്ഷം രൂപയും നൽകി. പ്രവാസി മലയാളികളുടെ സുരക്ഷയ്ക്കായി 5 ലക്ഷം മുതൽ 1 കോടി രൂപ വരെ ചികിത്സാ പരിരക്ഷ നൽകുന്ന 'നോർക്ക കെയർ പ്ലസ്' പദ്ധതിയുടെ രണ്ടാം ഘട്ടവും ആവിഷ്‌കരിച്ചു.
സിന്തറ്റിക് ലഹരിയുടെ ഹബ്ബായി മാറിയ കേരളത്തെ ലഹരിമുക്തമാക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ആഭ്യന്തരവകുപ്പ് 'ഓപ്പറേഷൻ തൂഫാൻ' ആരംഭിച്ചത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പതിനായിരത്തിലധികം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. ലഹരിക്കെതിരെ കായിക മേഖലയിലേക്ക് കുട്ടികളെ വഴിതിരിച്ച് വിടുകയെന്നത് ഫലപ്രദമായ മാർഗമാണ്. ഇതുകൂടി കണക്കിലെടുത്ത് കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ ഓപറേഷൻ കളരി എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പ് ഓപ്പറേഷൻ തണ്ടർ ഫലപ്രദമായി നടപ്പാക്കുന്നു. ലഹരി മാഫിയയുടെ അടിവേര് അറുക്കുകയെന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള തുറമുഖ നഗരമാക്കി മാറ്റാനുള്ള സ്വപ്നപദ്ധതിയാണ് 'മിഷൻ സമുദ്ര'. തീരദേശത്തെ ആഗോള മാന്യുമഫാക്ചറിംഗ് ഹബ്ബാക്കി മാറ്റുന്ന 400 കോടിയുടെ പദ്ധതിയാണിത്. ചരക്ക് നീക്കം പൂർണ്ണതോതിൽ ആരംഭിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ മിഷൻ സമുദ്രയ്ക്ക് കരുത്തേകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സമ്പൂർണ്ണ എക്‌സിം പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വിദേശ വിപണികളിലേക്ക് നേരിട്ട് ചരക്കുകൾ അയക്കാനും യാത്രാസമയവും ചെലവും കുറയ്ക്കാനും വഴിതുറന്നു. ഇൻകെൽ മുഖേന വിഴിഞ്ഞത്ത് 100 ഏക്കറിൽ ലോജിസ്റ്റിക്സ് ഇക്കോസിസ്റ്റവും, പാലക്കാട് ലോജിസ്റ്റിക്‌സ് ഹബ്ബും, അങ്കമാലിയിൽ 28 കോടി ചെലവിൽ ഐ.ടി പാർക്കും, റിയൽ എസ്റ്റേറ്റ് വികസനത്തിനായി 5,500 കോടിയുടെ വളർച്ചാ ഫണ്ടും ആവിഷ്‌കരിച്ചിട്ടുണ്ട്. കിൻഫ്ര, ഇൻകെൽ മുഖേന വ്യവസായ-ഐ.ടി വികസന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സമീപ പ്രദേശങ്ങളിൽ പുതുയ വ്യവസായ വികസന മേഖലകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതു. ഫിഷറീസ് എക്‌സ്‌പോർട്ടും ലോജിസ്റ്റിക്‌സ് പാർക്കുകളും സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിവരസാങ്കേതിക വകുപ്പിനെ 'കഠ, അക & എൗൗേൃല ഠലരവിീഹീഴശല'െ എന്ന് പുനർനാമകരണം ചെയ്യുകയും കേരള സ്റ്റേറ്റ് ഐ.ടി മിഷനെ ഡിജിറ്റൽ ടെക്‌നോളജി മിഷനായി മാറ്റുകയും ചെയ്യും. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് 'ഇൻവെസ്റ്റ് കേരള സെൽ, എ.ഐ ഡാറ്റാ സെന്ററുകൾ, പുതിയ വിദേശ നിക്ഷേപ നയങ്ങൾ, സെമികണ്ടക്ടർ മേഖലയ്ക്കായി 'ടഋങകഇഛച ഗലൃമഹമ' എന്നിവയ്ക്ക് രൂപം നൽകും. ആദ്യ ഘട്ടത്തിൽ 2,145 കോടിയുടെ നിക്ഷേപങ്ങളും 31,000-ത്തിലധികം തൊഴിലവസരങ്ങളുമാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കെ.എഫ്.സിയുടെ പൂർണ പിന്തുണയോടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ വായ്പാ പരിധി 5 കോടി രൂപയായി ഉയർത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരും വിമർശനത്തിന് അതീതരല്ല. വിമർശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആർക്കും തെറ്റുകൾ ചൂണ്ടിക്കാട്ടാം. അതിൽ കഴമ്പുണ്ടെങ്കിൽ തിരുത്താൻ സർക്കാരിന് മടിയില്ല. പക്ഷെ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. മൂന്ന് മാസം പ്രായമാകുന്നതിന് മുൻപെ സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവർത്തിച്ചത്. അവർ ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും 24 മണിക്കൂർ ആയുസുണ്ടായില്ല. മാധ്യമ വാർത്തകൾ സർക്കാർ ഇടപെട്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിപ്പിച്ചുവെന്നത് നീചമായ പ്രചരണമായിരുന്നു. സർക്കാർ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നൽകിയതോടെ വ്യാജപ്രചാരകർക്ക് ഇനി എന്ത് പറയാനുണ്ട്? സമരം ചെയ്യുന്നവരാരും സർക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേൾക്കും. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. പക്ഷെ ഒരു സമ്മർദ്ദ ശക്തിക്ക്് മുന്നിലും സർക്കാർ കീഴടങ്ങില്ല. ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്.
സമഗ്ര വികസനവും സാമൂഹിക ക്ഷേമവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുക എന്നതാണ് സർക്കാരിന്റെ സമീപനം. ഒരു പ്രളയത്തെ നമ്മൾ അതിജീവിച്ചതേയുള്ളൂ. പ്രളയ പ്രതിരോധത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തും. കേരള ഫ്ലഡ് റെസീലിയൻസ് ഇൻഷ്യേറ്റീവ് നടപ്പാക്കാൻ റൂർക്കി ഐ.ഐ.ടിയുമായുള്ള ആദ്യഘട്ട ചർച്ച കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും ജനജീവിതത്തിന് ആശ്വാസം നൽകുകയും പുതിയ നിക്ഷേപങ്ങളും അതിലൂടെ തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. യുവതയാണ് രാജ്യത്തിന്റെ ശക്തി. അവരെ സ്വന്തം മണ്ണിൽ വേരുറപ്പിച്ച് നിർത്തുന്നതിനുള്ള കർമ്മ പദ്ധതികളാണ് സർക്കാർ ആവിഷ്‌ക്കരിക്കുന്നത്. 100 ദിവസം ഒരു ചെറിയ കാലയളവാണ്. പക്ഷെ, സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് അഭിമാനപൂർവം കടക്കാൻ കഴിഞ്ഞുവെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.
ഒരു സമ്മർദ്ദശക്തിക്കുമുന്നിലും സർക്കാർ കീഴടങ്ങില്ല. ജനങ്ങളാണ് ഞങ്ങളുടെ കരുത്ത്.
Content Highlights: UDF government completed 100 days in office with a focus on social welfare and comprehensive development., Implementation of 'Indira Guarantees' including free bus travel for women and a new department for senior citizens., Launch of major economic and industrial initiatives like 'Mission Samudram' and Vizhinjam port expansion., Strict market intervention to control price hikes during the Onam festival season with subsidized items., Targeted financial clearances for tribal students, NREGS workers, and welfare pension disbursements.
Published: 25 Aug 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented