യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ക്രിട്ടിക്കല്‍ മിനറല്‍സ് ഉടമ്പടിയില്‍ ഒപ്പിടുമോ? റഷ്യ യുക്രൈനില്‍ അധിനിവേശമാരംഭിച്ച് മൂന്നുവര്‍ഷം തികയുന്ന വേളയിലെ സജീവ ചര്‍ച്ചാവിഷയങ്ങളിലൊന്ന് അതാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുണ്ടാക്കാന്‍ അമേരിക്കയും റഷ്യയും യുക്രൈനെയും യൂറോപ്യന്രാജ്യങ്ങളെയും കൂട്ടാതെ നടത്തുന്ന ശ്രമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശകലനങ്ങളും ഒരുവഴിക്കു നടക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി എത്തുന്നതിനു മുമ്പുവരെ റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈനെ സാമ്പത്തികമായും സൈനികമായും ഏറ്റവും ശക്തമായി പിന്തുണച്ച രാജ്യമായിരുന്നു അമേരിക്ക. അതിനെല്ലാമുള്ള പ്രതിഫലം യുക്രൈനിലെ അപൂര്‍വധാതുക്കളുടെ മേലുള്ള അവകാശമായി ചോദിക്കുകയാണ് ട്രംപ്. യുദ്ധത്തിനായി അമേരിക്ക യുക്രൈന് 50000 കോടി ഡോളറിന്റെ (43 ലക്ഷംകോടി രൂപ) സഹായം നല്‍കിയെന്ന് അവകാശപ്പെടുന്നു അദ്ദേഹം. അതിനു പകരമായി അത്രയും തുകയ്ക്കുള്ള അപൂര്‍വധാതുക്കളുടെ ആധിപത്യം അമേരിക്കയ്ക്ക് നല്‍കണം. അതാണ് ആവശ്യം.
എന്നാല്‍, ഇപ്പറയുന്നതിന്റെ അടുത്തുപോലുമെത്തുന്ന തുക അമേരിക്ക സഹായമായി നല്‍കിയിട്ടില്ലെന്ന് കണക്കുനിരത്തി പറഞ്ഞു സെലെന്സകി. 6,700 കോടി ഡോളറിന്റെ (5.8 ലക്ഷംകോടി രൂപ) പടക്കോപ്പുകളാണ് യുക്രൈന് അമേരിക്ക ഇതുവരെ നല്‍കിയത്. 3,150 കോടി ഡോളര്‍ (2.7 ലക്ഷംകോടി രൂപ) പണമായും നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ കണക്ക്. 2022 ഫെബ്രുവരി 24-ന് തുടങ്ങിയ യുദ്ധത്തിനായി യുക്രൈന് ഇതുവരെ ചെലവായത് 32,000 കോടി ഡോളറാണെന്ന് (27.7 ലക്ഷംകോടി രൂപ) ഈ മാസം 19-ന് സെലെന്‍സ്കി അറിയിച്ചു. യുദ്ധം തുടങ്ങിയശേഷം യുക്രൈനായി അമേരിക്ക വകയിരുത്തിയത് 18,300 കോടി ഡോളര്‍ (15.8 ലക്ഷംകോടി രൂപ). യുക്രൈന് കാര്യങ്ങള്‍ക്കായുള്ള വിവിധ അമേരിക്കന്‍ ഏജന്‍സികളുടെ സംഘമായ 'യുക്രൈന് ഓവര്‍സൈറ്റ്' നല്കുന്ന കണക്കാണിത്. ഇതില്‍ 5,800 കോടി ഡോളര്‍ (5.25 ലക്ഷംകോടി രൂപ) അമേരിക്കയില്‍ത്തന്നെയാണ് യുക്രൈന് ചെലവാക്കിയത്; പുതിയ പടക്കോപ്പുകള്‍ വാങ്ങാന്‍.
ക്രിട്ടിക്കല്‍ മിനറല്‍സ്
ഏതൊക്കെ ആവശ്യത്തിന് ഉപകരിക്കുന്നു എന്നു നോക്കിയാണ് ഒരു ധാതു ക്രിട്ടിക്കല്‍ (നിര്‍ണായകം) ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. പ്രധാനമായും രണ്ടു കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് ഈ വര്‍ഗീകരണം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികാസത്തിനും സുരക്ഷയ്ക്കും അവ എത്രത്തോളം നിര്‍ണായകമാണ് എന്നതാണ് ഒന്ന്. അവയുടെ ലഭ്യതക്കുറവ് അഥവാ അത്യപൂര്‍വതയാണ് രണ്ടാമത്തെ മാനദണ്ഡം.
അമേരിക്ക നിര്‍ണായക ധാതുക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 50 എണ്ണത്തില്‍ 22 എണ്ണം യുക്രൈനിലുണ്ട്. യൂറോപ്യന്‍ യൂണിയന്റെ നിര്‍ണായക ധാതുപ്പട്ടികയിലുള്ള 34 എണ്ണത്തില്‍ 25 എണ്ണവും അവിടുണ്ട്. യുക്രൈന്റെ പരിസ്ഥിതി-പ്രകൃതിവിഭവ സംരക്ഷണ മന്ത്രാലയവും യുക്രൈനിയന്‍ ജിയോളജിക്കല്‍ സര്‍വേയും നല്കുന്ന കണക്കാണിത്. ഗ്രാഫൈറ്റ്, ലിഥിയം, ടൈറ്റാനിയം, ബെറിലിയം, യുറേനിയം എന്നിവയാണ് ഈ ധാതുക്കളില്‍ പ്രധാനം.
ആഗോളതലത്തില്‍ അത്യപൂര്‍വവും വരുംകാലങ്ങളില്‍ അതിയായ ഉപയോഗവുമുള്ള ഇത്തരം ധാതുക്കള്‍ക്കു വേണ്ടിയാണ് ഗ്രീന്‍ലന്‍ഡ് കൈക്കലാക്കാനും ട്രംപ് നോക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളും വൈദ്യുത വാഹനങ്ങളും മുതല്‍ അത്യാധുനിക ആയുധനിര്‍മാണത്തിനും കാര്‍ബണ്‍രഹിത ഊര്ജമുണ്ടാക്കാനുമെല്ലാം ഇത്തരം ധാതുക്കള്വേണം. ഈ ധാതുക്കളുടെ കാര്യത്തില്‍ നിലവില്‍ മേല്‍ക്കൈ ചൈനയ്ക്കാണ്. യുക്രൈന്റെ ക്രിട്ടിക്കല്‍ മിനറല്‍സില്‍ മാത്രമല്ല, എണ്ണനിക്ഷേപത്തിലും പ്രകൃതിവാതക നിക്ഷേപത്തിലും പങ്കുവേണമെന്ന ആവശ്യവുമുയര്ത്തിയിട്ടുണ്ട് ട്രംപ്. ഇതിനായുണ്ടാക്കിയ കരടുകരാര്‍ സെലെന്‍സ്കി തള്ളിക്കളഞ്ഞതാണ് അമേരിക്ക-യുക്രൈന് ബന്ധം കഴിഞ്ഞ ദിവസങ്ങളില്‍ ഇത്രയും ഉലയാനിടയാക്കിയത്.
സെലെന്‍സ്കിയുടെ ആശയം
2024 സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍വെച്ച് ട്രംപിനെ കണ്ടവേളയില്‍ സെലെന്‍സ്കിയാണ് ഉഭയകക്ഷി സാമ്പത്തിക സഹകരണം എന്ന ആശയം മുന്നോട്ടുവെച്ചതെന്നാണ് 'ആക്സിയോസി'ന്റെ റിപ്പോര്‍ട്ട്. ട്രംപ് അധികാരത്തിലേറിയതോടെ സെലെന്‍സ്കി വിചാരിക്കാത്ത വേഗത്തിലും മാനത്തിലും അതു മാറി. നിര്ണായകധാതുക്കളിലെ പങ്കാളിത്തത്തിന് അമേരിക്ക ഏകപക്ഷീയമായി കരടു ധാരണാപത്രമുണ്ടാക്കി. ഫെബ്രുവരി 12-ന് അമേരിക്കന്‍ ട്രെഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ കീവ് സന്ദര്‍ശനത്തിന് മൂന്നുമണിക്കൂര്‍മുമ്പ് യുക്രൈനിലെ സ്ഥാനപതി കരടുകരാര്‍ കൈമാറി. ധാതുക്കളില്‍നിന്നു കിട്ടുന്ന വരുമാനത്തിന്റെ 50 ശതമാനം അമേരിക്കയ്ക്കു ലഭിക്കുന്ന തരത്തിലാണ് കരാര്‍. കരാര്‍ സംബന്ധിച്ച ഏതുകാര്യവും ന്യൂയോര്‍ക്ക് കോടതിയുടെ നിയമഅധികാരപരിധിയിലാകും; ഈ കരാറോടെ യുക്രൈനുമായുള്ള മറ്റു വ്യാപാരക്കരാറുകള്‍ അപ്രസക്തമാകും; എന്നെല്ലാമാണ് കരടുകരാറിന്റെ ഉള്ളടക്കമെന്ന് വാര്‍ത്തകള്‍. യുക്രൈന്റെ സുരക്ഷയ്ക്ക് ആവശ്യമായ ഉറപ്പുകള്‍ അമേരിക്ക നല്‍കാതെ ഒരു കരാറിലും ഒപ്പിടില്ല എന്നാണ് സെലെന്‍സ്കിയുടെ നിലപാട്. എന്നാല്‍, ധാതുഖനനത്തിനായുള്ള യുക്രൈന് മണ്ണിലെ അമേരിക്കയുടെ സാന്നദ്ധ്യംതന്നെ സുരക്ഷ ഉറപ്പു നല്‍കുന്നതാണെന്നാണ് ട്രംപിന്റെ ന്യായം.
യുക്രൈന് അയയുമോ?
ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന സുരക്ഷാ ഉച്ചകോടിക്കിടെ സെലെന്‍സ്കിയും അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ കരടുകരാര്‍ ചര്‍ച്ചയായിരുന്നു. ഇത്തവണ കുറച്ചുകൂടി മയപ്പെടുത്തിയ ധാരണാപത്രത്തെക്കുറിച്ചാണ് വാന്‍സ് സംസാരിച്ചത്. എന്നാല്‍, പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ കരാര്‍ ഒപ്പിടാനാകില്ലെന്ന് സെലെന്‍സ്കി അറിയിച്ചു. പക്ഷേ, യുക്രൈന്-റഷ്യാ കാര്യങ്ങള്‍ക്കുള്ള ട്രംപിന്റെ പ്രത്യേക ദൂതന് കീത്ത് കെലോഗും സെലെന്‍സ്കിയും തമ്മില്‍ വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിക്ഷേപവും സുരക്ഷാ ഉറപ്പുമൊക്കെ വീണ്ടും ഉയര്‍ന്നുവന്നു. ട്രംപുമായി 'ശക്തവും കാര്യക്ഷമ'വുമായ നിക്ഷേപ പദ്ധതിയിലേര്പ്പെടാന് സെലെന്‍സ്കി താത്പര്യമറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. ആ താത്പര്യം ക്രിട്ടിക്കല്‍ മിനറല്‍സ് കരാര്‍ യാഥാര്‍ഥ്യമാക്കുമോ യുക്രൈന് യുദ്ധം അവസാനിപ്പിക്കുമോ എന്നൊക്കെ വഴിയേ അറിയാം. ഇതിനുള്ള അന്തിമചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ഫെബ്രുവരി 24-ന് യുക്രൈന് പറഞ്ഞത്.
പുതിന്റെ പിടിയില്‍
അപൂര്‍വധാതുക്കളില്‍ 40 ശതമാനവുമുള്ളത് റഷ്യ കൈവശപ്പെടുത്തി വെച്ചിരിക്കുന്ന യുക്രൈന് പ്രദേശത്താണ്. 70 ശതമാനവും ഇവിടെയാണെന്നു പറയുന്ന കണക്കുകളുമുണ്ട്. ധാതുക്കരാറിനെച്ചൊല്ലി യുക്രൈനുമായി കലശലായ സംഘര്‍ഷം നിലനില്‍ക്കുമ്പോഴാണ് റഷ്യയുമായി പെട്ടെന്നടുക്കാന്‍ സൗദി അറേബ്യയിലെ റിയാദില്‍ ഫെബ്രുവരി 18-ന് അമേരിക്ക അടിയന്തര കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷിബന്ധം നേരെയാക്കുന്നതിനൊപ്പം യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ വഴികാണുകയെന്നതും കൂടിക്കാഴ്ചയുടെ അജന്‍ഡയായിരുന്നു. യുക്രൈനില്‍നിന്നു കൈക്കലാക്കിയ ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ റഷ്യ വിട്ടുവീഴ്ച ചെയ്തിട്ടില്ല. യുക്രൈന് നാറ്റോയില്‍ ചേരരുതെന്ന ആവശ്യത്തിലും മാറ്റമില്ല. രണ്ടിനെയും അനുകൂലിക്കുന്ന തരത്തിലാണ് ഫെബ്രുവരി 12-ന് ട്രംപ് മാധ്യമങ്ങളോടു സംസാരിച്ചത്. ധാതുക്കരാറിന് യുക്രൈന് വഴങ്ങിയില്ലെങ്കില്‍, അധിനിവേശ പ്രദേശങ്ങള്‍ റഷ്യയ്ക്കു വാങ്ങിക്കൊടുത്ത് അവരില്‍നിന്ന് അപൂര്‍വധാതുക്കളുടെ പങ്കു ചോദിച്ചുവാങ്ങുകയെന്ന ഉദ്ദേശ്യം ട്രംപിനുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്. അധിനിവേശ യുക്രൈന് പ്രദേശത്തെ അത്യപൂര്വധാതുക്കളുടെ പങ്കു കൊടുക്കാമെന്നു വാഗ്ദാനം നല്കി, ട്രംപു വഴി ആ പ്രദേശങ്ങള്‍ സ്വന്തമാക്കി വെക്കാമെന്ന ലക്ഷ്യം പുതിനുമുണ്ടാകാം.
അതിനിടെ, യുക്രൈന് മറ്റൊന്നു മനസ്സില്‍ കാണുന്നുണ്ട്. ക്രിട്ടിക്കല്‍ മിനറല്‍സ് ഖനനം ചെയ്യുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ചേർന്ന് സംയുക്തസംരംഭങ്ങള്‍ തുടങ്ങുക എന്നതാണത്. അങ്ങനെ യൂറോപ്യന്‍ യൂണിയന്റെ പിന്തുണ തുടര്‍ന്നും ഉറപ്പാക്കുകയാണ് ലക്ഷ്യം. യുക്രൈന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഹലാണ് ഫെബ്രുവരി 14-ന് 'പൊളിറ്റിക്കോ'യിലെഴുതിയ കുറിപ്പില്‍ ഇങ്ങനൊരു താത്പര്യം വെളിപ്പെടുത്തിയത്. ക്രിട്ടിക്കല്‍ മിനറല്‍സ് മേഖലയില്‍ 2033-ഓടെ 1500 കോടി ഡോളറിന്റെ നിക്ഷേസാധ്യതയാണ് യുക്രൈന് കാണുന്നത്. യുക്രൈന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്തു നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ഈ സ്വപ്നങ്ങളെല്ലാം. പിന്നീട് വിപുലമായ ജിയോളജിക്കല്‍ സര്‍വേ നടന്നിട്ടില്ല. എണ്ണനിക്ഷേപം ഒരുകാലത്ത് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പാശ്ചാത്യതാത്പര്യത്തെ ആളിക്കത്തിച്ചതിന് ഏറക്കുറെ സമാനമാണ് ഇപ്പോള്‍ യുക്രൈന്റെ കാര്യം.
Content Highlights: Will Ukraine`s President Zelensky agree to a deal with Trump for critical minerals in exchange
Published: 25 Feb 2025, 04:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented