
സമീപകാലത്ത് ലോകനേതാക്കളുടെ ഇത്രയധികം ശ്രദ്ധിക്കപ്പെട്ട ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം അലാസ്‌കയുടെ തലസ്ഥാനമായ ആങ്കറേജിലെ എല്‍മന്‍ഡോര്‍ഫ്- റിച്ചഡ്സണ്‍ സൈനികത്താവളത്തില്‍ നടന്ന ഉച്ചകോടിയില്‍ അമേരിക്കയുടെയും റഷ്യയുടെയും പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപും വ്ളാദിമിര്‍ പുതിനും തമ്മില്‍ മൂന്നുമണിക്കൂര്‍ നേരം സംസാരിച്ചെങ്കിലും റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഒന്നും ഉണ്ടായില്ല. പക്ഷേ, സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് ചില ധാരണകളിലെത്തിച്ചേരാനായി എന്ന സൂചനയാണ് ഇരു നേതാക്കളും നല്‍കിയത്.
വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലങ്കില്‍ രണ്ടാംനിര ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തും, പ്രത്യാഘാതങ്ങള്‍ ഭയങ്കരമായിരിക്കും എന്നൊക്കെ ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അധികത്തീരുവ ചുമത്തുമെന്ന ഭീഷണി റഷ്യയെ ബാധിക്കുമെന്നും അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉപയോക്താക്കളായ ഇന്ത്യയ്ക്ക് അധികത്തീരുവ പ്രഖ്യാപിച്ചത് പുതിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ട്രംപ് വീമ്പടിച്ചിരുന്നു, അത് ഉച്ചകോടിയില്‍ നടന്ന ഭൗമ, രാഷ്ട്രീയപോരാട്ടത്തില്‍ ഇന്ത്യയെ അദൃശ്യപങ്കാളിയാക്കി. എന്തായാലും ഭീഷണികളുടെയൊന്നും സ്വാധീനം ചര്‍ച്ചകളില്‍ പ്രതിഫലിച്ചില്ല. തികഞ്ഞ സൗഹൃദാന്തരീക്ഷത്തിലായിരുന്നു ചര്‍ച്ച, അതിനു ശേഷമുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷാനിര്‍ഭരവും.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനായി ഏതറ്റം വരെയും പോവാന്‍ തയ്യാറുള്ള ട്രംപിന് ഈ ഉച്ചകോടിയില്‍ പുതിന്‍ കൊടുത്ത ഏകസമ്മാനം അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ അനുയായികള്‍ക്ക് കൊട്ടിഘോഷിക്കാനുള്ള ഒരു പ്രസ്താവനയാണ്. 2022-ല്‍ ട്രംപായിരുന്നു പ്രസിഡന്റ് എങ്കില്‍ യുക്രൈന്‍ അധിനിവേശം ഉണ്ടാവുമായിരുന്നില്ല എന്ന്. ദീര്‍ഘകാലമായി ട്രംപ് അവകാശപ്പെടുന്ന ഈ കാര്യം പുതിന്‍ ആവര്‍ത്തിച്ചത് കൂടിക്കാഴ്ചയില്‍ തീരുമാനമൊന്നും ഉണ്ടാകാത്തത് മറച്ചുവെക്കാന്‍ ട്രംപ് അനുയായികളെ സഹായിക്കും. റഷ്യയുടെ നിലപാടുകളില്‍ ഉറച്ചുനിന്ന പുതിന്‍ പ്രതിസന്ധിയുടെ എല്ലാ മൂലകാരണങ്ങളും ഇല്ലാതാക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ നീണ്ടുനില്‍ക്കുന്ന സമാധാനം ഉണ്ടാവുകയുള്ളൂ എന്നും വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം ട്രംപ് യുക്രൈന്‍ പ്രസിഡണ്ടിന്റെ തലയ്ക്കുവെച്ചതും ശ്രദ്ധേയമാണ്. ചര്‍ച്ചകളില്‍ വേണ്ട പുരോഗതി ഇല്ലാത്തതിലുള്ള ട്രംപിന്റെ നിരാശ അതില്‍ പ്രതിഫലിക്കുന്നുണ്ട്. ഉച്ചകോടിയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട സെലന്‍സ്‌കി, വെടിനിര്‍ത്തലിന് ശേഷം സുരക്ഷയ്ക്ക് ഗ്യാരണ്ടികള്‍ വേണമെന്നും റഷ്യയ്ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും യൂറോപ്യന്‍ യൂണിയനും ഒരുപക്ഷേ ആഗ്രഹിച്ചിരുന്ന കടുംപിടിത്തം! അവരെ ഒഴിവാക്കിയുള്ള ഉച്ചകോടിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ വരുകയോ, അതിനടുത്തെത്തുകയോ ചെയ്തെങ്കില്‍ യൂറോപ്പില്‍ അവര്‍ക്ക് പിന്നെ എന്തു പ്രസക്തി! ഉച്ചകോടി നടക്കുന്ന ദിവസം യുക്രൈന്റെ ദീര്‍ഘദൂര ഡ്രോണുകള്‍ കാസ്പിയന്‍ തുറമുഖമായ ഒലിയയ്ക്ക് അടുത്തുവെച്ച് റഷ്യന്‍ ചരക്കുകപ്പല്‍ മുക്കിയതും പടിഞ്ഞാറന്‍ റഷ്യയിലെ സമാര മേഖലയിലെ സിസ്രാന്‍ എണ്ണ ശുദ്ധീകരണശാലയെ ആക്രമിച്ചതും തങ്ങളുടെ സാന്നിധ്യമറിയിക്കാനാവണം.
ഉച്ചകോടിയിലെ ചതുരംഗം
വാര്‍ത്താസമ്മേളത്തില്‍ പുതിന്‍ പറഞ്ഞതില്‍ തന്നെ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാണ്. റഷ്യയുടെ സുരക്ഷയ്ക്കു നേരെയുള്ള അടിസ്ഥാനപരമായ ഭീഷണികളാണ് പ്രശ്നം. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെങ്കില്‍ ആ പ്രാഥമികകാരണങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടണം. റഷ്യയുടെ നിയമാനുസൃതമായ ഉത്കണ്ഠകള്‍ പരിഗണിക്കപ്പെടുകയും യൂറോപ്പിലും ലോകത്താകെ തന്നെയും സുരക്ഷാസന്തുലനം ഉണ്ടാവുകയും വേണം. യുക്രൈന്റെ സുരക്ഷയും ഉറപ്പാക്കാനാവണം- അദ്ദേഹം പറഞ്ഞു. അതേസമയം, യുക്രൈനും യൂറോപ്പും സമാധാനചര്‍ച്ചകളിലെ പുരോഗതി തടസ്സപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ചില വിഷയങ്ങളിലൊക്കെ പുരോഗതിയുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വളരെ ഫലപ്രദമായ കൂടിക്കാഴ്ചയെന്നായിരുന്നു ട്രംപിന്റെ പക്ഷം. പല കാര്യങ്ങളിലും തങ്ങള്‍ യോജിച്ചു, ഒന്നുരണ്ടു വലിയ വിഷയങ്ങളില്‍ വേണ്ടത്ര അഭിപ്രായ ഐക്യം ഉണ്ടായില്ല. സമാധാനക്കരാര്‍ ഉണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൈകാതെ നേറ്റോയെയും സെലന്‍സ്‌കിയെയും പ്രശ്നവുമായി മറ്റുള്ളവരെയും ചര്‍ച്ചയെക്കുറിച്ച് ധരിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. ആഴ്ചയില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുന്ന യുദ്ധത്തിന് അറുതി ഉണ്ടാവണമെന്ന് തന്നെപ്പോലെ പുതിനും ആഗ്രഹിക്കുന്നതായി ട്രംപ് അഭിപ്രായപ്പെട്ടു.
റഷ്യയും അമേരിക്കയുമായുള്ള ദീര്‍ഘകാല ബന്ധത്തിന്റേയും സഹകരണത്തിന്റേയും ചരിത്രം പറഞ്ഞു തുടങ്ങിയ പുതിന്‍ അമേരിക്കയും റഷ്യയും തമ്മിലുള്ള വ്യാപാരം 2024ല്‍ ഇരുപതു ശതമാനം വര്‍ധിച്ചത് ചൂണ്ടിക്കാട്ടി. യുറേനിയവും രാസവസ്തുക്കളും രാസവളങ്ങളും പോലുള്ള ഉത്പന്നങ്ങളാണ് റഷ്യയില്‍ നിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. അമേരിക്കയുടെ നിലപാടുകളിലെ കാപട്യത്തെ നിഷ്‌കളങ്കമെന്നോണമുള്ള പ്രസ്താവനയിലൂടെ പുതിന്‍ തുറന്നുകാട്ടി. അതേ കാര്യം ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ അമേരിക്ക ശിക്ഷിക്കാനൊരുങ്ങുകയാണ്!.
സ്വാഭാവികമായ ആത്മവിശ്വാസത്തോടെയാണ് റഷ്യന്‍ പ്രസിഡന്റ് ചര്‍ച്ചയില്‍ പങ്കെടുത്തതും തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനത്തെ അഭിമുഖീകരിച്ചതും. ഇരുവരും തമ്മില്‍ ദ്വിഭാഷികളുടെ സഹായമില്ലാതെ പലതവണ സംസാരിച്ചതും കൗതുകമായി. അതിലൊന്നായിരുന്നു വാര്‍ത്താസമ്മേളനത്തിനൊടുവില്‍ അടുത്ത കൂടിക്കാഴ്ച മോസ്‌കോയിലാക്കാം എന്ന് ട്രംപിനെ ക്ഷണിച്ചത്. യോഗവേദിയിലേക്ക് ഇരുനേതാക്കളും പോയത് ട്രംപിന്റെ ബീസ്റ്റ് കാറിലിരുന്നാണ്. ആ യാത്രയ്ക്കിടെ ഇരുവരും എന്താണ് സംസാരിച്ചതെന്ന് ആര്‍ക്കുമറിയില്ല. എന്തായായലും ഒരുകാര്യം ഉറപ്പായി, പുതിന് ഇംഗ്ലീഷ് വഴങ്ങും! അത്രേയ്ക്ക് ഗംഭീരമല്ലെങ്കിലും ട്രംപിന് മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കാനാവുമെന്ന് റഷ്യയില്‍ അമേരിക്കന്‍ അംബാസഡറായിരുന്ന ജോണ്‍ സള്ളിവന്‍. കാറിലിരുന്ന് ഇരുവരും സംസാരിച്ചത് യുക്രൈനെ പറ്റി മാത്രമാവാനിടയില്ലെന്ന് അഭ്യൂഹമുണ്ട്.
പതിവുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല ട്രംപിന്റെ മുഖത്തും ശരീരചലനങ്ങളിലും. മൂന്നുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ അക്ഷമശീലനായ ട്രംപ് പരിക്ഷീണനായിക്കാണണം. പൊതുവേ താന്‍പോരിമയോടെ പെരുമാറുന്ന അമേരിക്കന്‍ പ്രസിഡണ്ടിന് ഇത്തവണ അത്രയ്ക്ക് ആത്മവിശ്വാസമുള്ളതായി തോന്നിയില്ല. എന്തോ ഒരു അനിശ്ചിതത്വം അദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ നിഴലിച്ചു. മാധ്യമസമ്മേളനത്തില്‍ പുതിന്‍ ഒമ്പതുമിനിട്ടു സംസാരിച്ചപ്പോള്‍ ട്രംപ് മൂന്നുമിനിട്ടിലൊതുക്കി. ചര്‍ച്ചയില്‍ കുറച്ചു പുരോഗതിയുണ്ടായി എന്നും കരാറിലെത്താന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം വന്നതിനേക്കാള്‍ കരുത്തനായാണ് തിരിച്ചു പോകുന്നത്. പറയാനുള്ളതെല്ലാം പറഞ്ഞ പുതിന്‍ നയതന്ത്രവഴികള്‍ ചര്‍ച്ചകള്‍ക്കുള്ള തുറന്നിട്ടെങ്കിലും കാര്യമായ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.
ഉച്ചകോടിക്കു മുമ്പ് റഷ്യയുടെ വിദേശമന്ത്രി സെര്‍ഗെയ് ലാവ്റോവ് സിസിസിപി (സോവിയറ്റ് യൂണിയന്റെ- യുഎസ്എസ്ആര്‍- റഷ്യന്‍ഭാഷയിലെ ചുരുക്കെഴുത്ത്) എന്നു രേഖപ്പെടുത്തിയ ടീ ഷേര്‍ട്ട് ധരിച്ച് പ്രത്യക്ഷപ്പെട്ടത് അമേരിക്കയെ അപമാനിക്കാനായിരുന്നു എന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. അവിഭക്ത യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നല്ലോ യുക്രൈന്‍. മാത്രമല്ല, പുതിയ കാലത്തെ യുഎസ്എസ്ആറാകാനുള്ള റഷ്യയുടെ ലക്ഷ്യത്തിന്റെ സൂചകവുമാണ് ലാവ്റോവിന്റെ ടീ ഷേര്‍ട്ടെന്നും അതല്ല, അമേരിക്കയെ പരിഹസിക്കാനാണെന്നും വാദമുണ്ട്. എന്തായാലും തുല്യശക്തി, അല്ലെങ്കില്‍ അതുക്കും മേലേ എന്ന നിലയിലാണ് റഷ്യന്‍ സംഘം അലാസ്‌കയില്‍ ചര്‍ച്ചയ്ക്കു വന്നത്! ഉച്ചകോടിക്കെത്തിയ പുതിനെ വിമാനത്താവളത്തിലെ ടാര്‍മാക്കില്‍ വെച്ച് ട്രംപ് സ്വീകരിക്കുമ്പോള്‍ ഒരു ബി- 2 ബോംബറും നാലുവീതം എഫ് 22, എഫ് 35 വിമാനങ്ങളും റണ്‍വേയ്ക്കു മുകളിലൂടെ പറന്നു. അമേരിക്കയുടെ സൈനികശക്തി ബോധ്യപ്പെടുത്താനോ, പുതിനെ ഞെട്ടിക്കാനോ ആയിരുന്നിരിക്കാം ട്രംപ് ശ്രമിച്ചത്. അത് ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയിരിക്കാന്‍ സാധ്യത നന്നേ കുറവാണ്.
ഉച്ചകോടിയുടെ തലേന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ സ്വാതന്ത്ര്യം എന്ന നയത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും റഷ്യയുമായുള്ള ചരിത്രപരമായ ബന്ധങ്ങളെ നിലനിര്‍ത്തുകയും അതിനൊപ്പം വളര്‍ന്നുകൊണ്ടിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തെ നിലനിര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. എളുപ്പമല്ല ഈ സംതുലനപ്രക്രിയ. 2021-ല്‍ ദശാംശം രണ്ട് ശതമാനമായിരുന്നു ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി, 2025-ല്‍ അത് 25 ആയപ്പോള്‍ 35 ശതമാനമായി. വിലകുറഞ്ഞ റഷ്യന്‍ എണ്ണ രാജ്യത്തെ ഇന്ധനവിലയെയും പണപ്പെരുപ്പത്തെയും പിടിച്ചുനിര്‍ത്തി. ആഭ്യന്തര ഉപയോഗത്തിനു പുറമേ, യൂറോപ്പടക്കമുള്ള വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും അത് ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകളെ സഹായിച്ചു. ഈ ശൃംഖലയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചാണ് ട്രംപ് അധികത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്. നടപ്പായാല്‍ കനത്ത നഷ്ടമുണ്ടാവുമെങ്കിലും ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് ഇന്ത്യന്‍ തീരുമാനം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉച്ചകോടി പരാജയപ്പെട്ടാല്‍ അപകടവുമുണ്ട്, അവസരവുമുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാകാത്തത് അധികത്തീരുവ ഭീഷണിയെ സജീവമായി നിലനിര്‍ത്തുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അധികത്തീരുവ 50 ശതമാനമായി വര്‍ധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്തായാലും, തല്‍ക്കാലത്തേക്ക് തീരുവവര്‍ധന നിര്‍ത്തിവച്ചത് ഇന്ത്യയ്ക്കും ആശ്വാസമാണ്. ഭയപ്പാടില്ലാതെ റഷ്യന്‍ എണ്ണ ഇറക്കുമതി തുടരാം. മറ്റൊന്ന് റഷ്യയുമായി കൂടുതല്‍ ഉദാരമായ ഇറക്കുമതിക്കരാര്‍ ഉണ്ടാക്കാനുള്ള സാധ്യതയാണ്. റഷ്യന്‍ എണ്ണ വാങ്ങുന്നതിനാലാണല്ലോ അമേരിക്കയുടെ പിഴത്തീരുവ. അതുകൊണ്ടുണ്ടാവുന്ന നഷ്ടം നികത്താന്‍ കൂടുതല്‍ ഉദാരമായ നിരക്കില്‍ എണ്ണ തരണമെന്ന് ഇന്ത്യയ്ക്ക് സ്വാഭാവികമായും ആവശ്യപ്പെടാം. കഴിഞ്ഞയാഴ്ച അജിത് ഡോവല്‍ മോസ്‌കോയില്‍ പോയപ്പോഴും അടുത്തയാഴ്ച വിദേശമന്ത്രി എസ് ജയശങ്കര്‍ പോവുമ്പോഴും ഇക്കാര്യവും ചര്‍ച്ച ചെയ്യാതിരിക്കില്ല.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞതുപോലെ, നിര്‍ണായകമേഖലകളില്‍ സ്വാശ്രയത്വം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. അത് സെമികണ്ടക്ടര്‍ ചിപ്പുകളായാലും ഊര്‍ജസുരക്ഷിതത്വമായാലും ജെറ്റ് എഞ്ചിനുകളായാലും. നമ്മള്‍ ആരില്‍ നിന്നും എന്തു വാങ്ങണമെന്നും എപ്പോള്‍ വാങ്ങണമെന്നും ആരോടൊക്കെ വ്യാപാരം നടത്താമെന്നും മറ്റുള്ളവര്‍- നേരിട്ടോ പരോക്ഷമായോ- തീരുമാനിക്കുന്നത് ഇനിയും അനുവദിച്ചുകൂടാ.
കാറിലിരുന്ന് പുതിനും ട്രംപും സംസാരിച്ചത് യുക്രെയിന്‍ വീതം വെച്ചെടുക്കുന്ന കാര്യമോ, അതോ, അമേരിക്കന്‍ പ്രസിഡന്റിന്റെ കുടുംബക്കാര്‍ക്ക് റഷ്യയില്‍ പുതിയ ബിസിനസ് അവസരം ഒരുക്കുന്നതു സംബന്ധിച്ചായിരിക്കുമോ? മറ്റാരും കേള്‍ക്കാത്ത ചര്‍ച്ച ട്രംപിന് പ്രിയപ്പെട്ട വ്യാപാര ചര്‍ച്ച ആയിരുന്നോ? സിറിയന്‍ പ്രസിഡന്റ് അല്‍ ഷാരയും ഈയിടെ പാകിസ്താന്‍ സൈനികമേധാവി അസീം മുനീറും ചെയ്തത് കൗശലക്കാരനായ പുതിന്‍ ആവര്‍ത്തിച്ചുകൂടെന്നില്ല. (സിറിയയിലെ ബിസിനസ് ഡീലുകളും പാകിസ്താന്‍ ക്രിപ്റ്റോ കൗണ്‍സില്‍, ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ കമ്പനിയില്‍ നിക്ഷേപം നടത്തിയതും.) അദ്ദേഹത്തിന് യുക്രൈനിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്ര സമയം കിട്ടും!
Content Highlights: Trump and Putin met in Alaska discussing the Ukraine war
Published: 16 Aug 2025, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented