
ഇന്ത്യയിലെ സമ്പന്ന വ്യവസായികളുടെ പട്ടികയിലുണ്ടായിരുന്ന ഏക മലയാളി, 90-കളുടെ അവസാനത്തില്‍ 2500 കോടിയിലേറെ രൂപയുടെ വിറ്റുവരവ്, വിപണിയിലിറക്കിയത് 200-ഓളം ഉത്പന്നങ്ങള്‍. ഒരുകാലത്ത് ഇന്ത്യന്‍ വ്യവസായരംഗത്തെ അതികായകനായിരുന്നു ടി.പി.ജി. നമ്പ്യാര്‍. വടക്കേ മലബാറില്‍ ജനിച്ച് രാജ്യത്തെ വന്‍കിട വ്യവസയായികളിലൊരാളായി മാറിയ ബി.പി.എല്‍. കമ്പനിയുടെ സ്ഥാപകന്‍.
ബി.പി.എല്‍. എന്ന മൂന്നക്ഷരം രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞതിന് പിന്നില്‍ ടി.പി.ജി. നമ്പ്യാര്‍ എന്ന മലയാളിയുടെ പരിശ്രമമായിരുന്നു. 1963-ല്‍ പ്രിസിഷന്‍ പാനല്‍ മീറ്ററുകള്‍ നിര്‍മിച്ച് പാലക്കാട്ട് പ്രവര്‍ത്തനം ആരംഭിച്ച ബി.പി.എല്‍. വര്‍ഷങ്ങള്‍കൊണ്ട് ഇന്ത്യയിലെ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ വിപണി കീഴടക്കി. ഗ്യാസ് സ്റ്റൗ മുതല്‍ ടെലിവിഷന്‍ വരെ, പേജറുകള്‍ മുതല്‍ സെല്ലുലാര്‍ സര്‍വീസ് വരെ, അങ്ങനെ നീണ്ടു ബി.പി.എല്ലിന്റെ വൈവിധ്യം. 2024 ഒക്ടോബര്‍ 31-ന് 95-ാം വയസ്സില്‍ ടി.പി.ജി. നമ്പ്യാര്‍ വിടപറയുമ്പോള്‍ അദ്ദേഹം പടുത്തുയര്‍ത്തിയ ബി.പി.എല്‍. എന്ന കമ്പനിയും ആ മൂന്നക്ഷരവും എക്കാലവും ഇന്ത്യയിലെ ജനങ്ങള്‍ ഓര്‍ത്തിരിക്കും.
താഴത്ത് പുല്ലായിക്കുടി ഗോപാലന്‍ നമ്പ്യാര്‍
കോടിയേരി അംശത്തിലെ താഴത്ത് പുല്ലായിക്കുടി ഗോപാലന്‍ നമ്പ്യാര്‍ എന്നതിന്റെ ചുരുക്കമായിരുന്നു ടി.പി.ജി. നമ്പ്യാര്‍. ഇടജന്മിമാരുടെ കുടുംബത്തില്‍ രായരപ്പന്‍ നമ്പ്യാരുടെയും ദേവികയമ്മയുടെയും മകനായി 1929-ലായിരുന്നു ജനനം. സ്‌കൂള്‍ പഠനകാലത്ത് താനും ഒരു സഖാവായിരുന്നു എന്നാണ് 1997-ല്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ടി.പി.ജി. നമ്പ്യാര്‍ പറഞ്ഞിരുന്നത്.
''അന്ന് വടക്കേ മലബാറില്‍ ജീവിക്കുന്നവന് കമ്മ്യൂണിസ്റ്റാവാതിരിക്കാന്‍ കഴിയില്ല. സ്‌കൂളില്‍ അധ്യാപകര്‍പോലും പ്രേരിപ്പിക്കുന്നത് അതിനായിരുന്നു. നൈറ്റ് ക്ലാസുകളൊക്കെ ശ്രദ്ധിക്കും. അവര്‍ പറയുന്നത് പകുതിയും മനസിലാവില്ല. ഒരുദിവസം പഠിപ്പിച്ചത് മനസ്സില്‍ പതിഞ്ഞു. അന്ന് ഞാനറിഞ്ഞു, കുടുംബത്തിലെ ജന്മിത്വം അവസാനിക്കാന്‍ പോവുകയാണെന്ന്. എന്റെ വീട്ടില്‍ മാത്രമല്ല, നാട്ടിലൊട്ടാകെ ജന്മികുടുംബങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അത് സംഭവിക്കുമെന്ന് നേരത്തെ അറിയാന്‍ കഴിഞ്ഞതാണ് ആ അനുഭാവംകൊണ്ടുണ്ടായ ഗുണം''.

നാട്ടിലെ പഠനത്തിന് ശേഷം ലണ്ടനിലെ നാഷണല്‍ കോളേജില്‍നിന്ന് എയര്‍കണ്ടീഷണിങ് ആന്‍ഡ് റെഫ്രിജറേഷനില്‍ ഡിപ്ലോമയെടുത്ത ടി.പി.ജി. നമ്പ്യാര്‍ ഏറെക്കാലം ലണ്ടനില്‍ തന്നെ ജോലിചെയ്തു. യു.കെ.യിലെ വര്‍ക്‌സ് ഓഫ് ടെമ്പറേച്ചര്‍ ലിമിറ്റഡില്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറായി ജോലിചെയ്യുന്നതിനിടെ അമേരിക്കന്‍ റേഡിയേറ്റര്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് സാനിറ്ററി കോര്‍പ്പറേഷന്‍ ടി.പി.ജി. നമ്പ്യാരെ സാങ്കേതിക പരിശീലന കോഴ്‌സിനായി തിരഞ്ഞെടുത്തു. പരിശീലനശേഷം അമേരിക്കയില്‍ ആപ്ലിക്കേഷന്‍ എന്‍ജിനീയറായി രണ്ടുവര്‍ഷത്തോളം ജോലിനോക്കി. പിന്നീട് വീണ്ടും ലണ്ടനിലെത്തി. അവിടെനിന്ന് പഴയ ബോംബെയിലേക്കും. ലണ്ടനിലും അമേരിക്കയിലും ജോലിചെയ്ത് നേടിയ പരിചയവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് ടി.പി.ജി. നമ്പ്യാര്‍ 1962-ല്‍ ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് എന്ന കമ്പനി ഏറ്റെടുക്കുന്നത്. പിന്നീട് അത് ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി. അന്നത്തെ ഏറ്റെടുക്കലിനെക്കുറിച്ച് നമ്പ്യാരുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു:-
''1962-ലാണ് ബി.പി.എല്‍. ഞാനേറ്റെടുത്തത്. റേക്കാള്‍ എന്ന കമ്പനിയുടെ സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിച്ചിരുന്ന ബി.പി.എല്‍. റേക്കാള്‍ തന്നെ സ്വന്തമാക്കുന്ന ഒരുഘട്ടം. അപ്പോഴാണ് ഞാനതില്‍ തല്പരനാണോ എന്ന ചോദ്യംവന്നത്. 51% മുടക്കി കമ്പനി ഏറ്റെടുക്കാന്‍ ഞാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല''.
പാലക്കാടിന്റെ ബി.പി.എല്‍...
ബി.പി.എല്‍. ഏറ്റെടുത്തതോടെ പാലക്കാട്ടാണ് ടി.പി.ജി. നമ്പ്യാര്‍ കമ്പനിയുടെ ഫാക്ടറി ആരംഭിച്ചത്. 1963-ല്‍ ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ നിര്‍മിച്ചുകൊണ്ട് ടി.പി.ജി. നമ്പ്യാരുടെ കീഴില്‍ ബി.പി.എല്‍. പ്രവര്‍ത്തനം തുടങ്ങി. അന്ന് വ്യാവസായികമായി അപ്രസക്തമായിരുന്ന പാലക്കാട്ട് ഇതുപോലൊരു കമ്പനി തുടങ്ങാന്‍ തീരുമാനിച്ചതിന് പിന്നിലും ടി.പി.ജി. നമ്പ്യാരുടെ ചില കണക്കുക്കൂട്ടലുകളുണ്ടായിരുന്നു. കോയമ്പത്തൂര്‍ നഗരത്തിന്റെ സാമീപ്യം തന്നെയായിരുന്നു അതില്‍ പ്രധാനം. കമ്പനിയിലേക്ക് ആവശ്യമായ വസ്തുക്കളൊക്കെ കോയമ്പത്തൂരില്‍നിന്ന് എളുപ്പം കൊണ്ടുവരാനുള്ള സൗകര്യമായിരുന്നു പാലക്കാട്ടേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചതിന് പിന്നിലെ പ്രധാനകാരണം.

ഇംഗ്ലണ്ടിലെ ബി.പി.എല്‍. കമ്പനിയുമായി ചേര്‍ന്നായിരുന്നു തുടക്കത്തില്‍ പ്രവര്‍ത്തനം. ഭാരത് ഇലക്ട്രോണിക്‌സിന്റെ ഉപകരാര്‍ ലഭിച്ചതോടെ ഇന്ത്യന്‍ സൈന്യത്തിനായി ഹെര്‍മെറ്റിക് സീല്‍ഡ് പാനല്‍ മീറ്ററുകള്‍ ബി.പി.എല്‍. നിര്‍മിച്ചു. മെഡിക്കല്‍ ഉപകരണ നിര്‍മാണരംഗത്തേക്കും ബി.പി.എല്‍. പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇ.സി.ജി, മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവ നിര്‍മിച്ചായിരുന്നു ആരോഗ്യരംഗത്തെ ബി.പി.എല്ലിന്റെ ചുവടുവെപ്പ്. 1982-ലെ ഏഷ്യന്‍ ഗെയിംസിന് പിന്നാലെയാണ് ഒരു വെല്ലുവിളിയെന്നോണം ബി.പി.എല്‍. ടെലിവിഷന്‍ നിര്‍മാണരംഗത്തേക്ക് കടന്നത്. ടെലിവിഷനുകളും വി.സി.ആറുകളും ഹിറ്റായതോടെ ബി.പി.എല്‍. ഇലക്ട്രോണിക്‌സ് വിപണിയില്‍ വന്‍ കുതിപ്പുണ്ടാക്കി. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എ.സി, മൈക്രോവേവ് ഓവന്‍, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഗൃഹോപകരണങ്ങളും പേജറുകളും സെല്ലുലാര്‍ സര്‍വീസും ബി.പി.എല്ലില്‍നിന്ന് വിപണിയിലെത്തി. 1994-ലാണ് ബി.പി.എല്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ആരംഭിച്ചത്. 1995-ല്‍ ബി.പി.എല്‍. മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനക്ഷമമായി. ടി.പി.ജി.യുടെ മരുമകനായ രാജീവ് ചന്ദ്രശേഖറായിരുന്നു ബി.പി.എല്‍. മൊബൈല്‍ സ്ഥാപിച്ചത്. 2005-ല്‍ രാജീവ് ചന്ദ്രശേഖര്‍ ബി.പി.എല്‍. കമ്മ്യൂണിക്കേഷനിലെ തന്റെ 64% ഓഹരികളും എസ്സാര്‍ ഗ്രൂപ്പിന് വിറ്റു.
2500 കോടിയുടെ വിറ്റുവരവ്, സാന്യോയുമായി സഹകരണം
പ്രവര്‍ത്തനം തുടങ്ങിയ വര്‍ഷം പത്തു ലക്ഷം രൂപ വിറ്റുവരവുണ്ടായിരുന്ന ബി.പി.എല്‍, തൊണ്ണൂറുകളുടെ അവസാനത്തില്‍ അത് 2500 മുതല്‍ 4300 കോടി വരെ എത്തിച്ചു. രാജ്യത്തെ 300 നഗരങ്ങളിലായി 3500-ലേറെ ഡീലര്‍മാരുമായി ബി.പി.എല്‍. പടര്‍ന്നുപന്തലിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 118 ബി.പി.എല്‍. ഗ്യാലറികളും അഞ്ഞൂറിലേറെ സര്‍വീസ് സെന്ററുകളും കമ്പനിക്ക് സ്വന്തമായുണ്ടായിരുന്നു. വിപണി പിടിച്ചെടുക്കുന്നതില്‍ ബി.പി.എല്‍. അക്കാലത്ത് പുറത്തിറക്കിയ പരസ്യങ്ങള്‍ക്കും പ്രധാനസ്ഥാനമുണ്ടായിരുന്നു. ബിസിനസ് ടുഡേയുടെ സര്‍വേയില്‍ രാജ്യത്തെ മികച്ച പരസ്യ കാമ്പയിൻ പദവിയും ബി.പി.എല്‍. കരസ്ഥമാക്കി. എന്നാല്‍, വെറും പരസ്യം മാത്രമല്ല, ഗുണമേന്മയിലും ഉല്‍പന്നങ്ങളുടെ നിലവാരത്തിലും കാണിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കമ്പനിയെ വളര്‍ത്തിയതെന്നായിരുന്നു ടി.പി.ജി. നമ്പ്യാരുടെ അന്നത്തെ പ്രതികരണം. ഉദാരവല്‍ക്കരണത്തോടെ വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിച്ചെങ്കിലും ബി.പി.എല്ലിന് തുടക്കത്തില്‍ കാലിടറിയില്ല. ജപ്പാനിലെ പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ സാന്യോയുമായി കൈകോര്‍ത്ത് ബി.പി.എല്‍. വിപണിയില്‍ ചലനമുണ്ടാക്കി. ടെലികോം രംഗത്ത് മോട്ടോറോള അടക്കം ബി.പി.എല്ലിന്റെ പങ്കാളികളായി.
പാലക്കാട്ടെ തൊഴിലാളി സമരവും കമ്പനി പൂട്ടിയിടലും
പാലക്കാട്ട് നിന്നാണ് തുടക്കമെങ്കിലും ബി.പി.എല്ലിന്റെ ആസ്ഥാനമന്ദിരം ബെംഗളൂരുവിലായിരുന്നു. കമ്പനി വളര്‍ന്നപ്പോള്‍ ടി.പി.ജി. നമ്പ്യാര്‍ക്ക് പാലക്കാട്ടെ ഫാക്ടറിയോട് പഴയ താത്പര്യമില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്നായിരുന്നു അദ്ദേഹം പണ്ടുനല്‍കിയ മറുപടി. തൊഴിലാളികള്‍ നടത്തിയ സമരമായിരുന്നു അതിന് കാരണം. കേരളം സ്വന്തം നാടാണെങ്കിലും അവിടെ വ്യവസായത്തിന് പറ്റിയ അന്തരീക്ഷമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
പാലക്കാട്ടെ ഫാക്ടറിയില്‍ തൊഴിലാളികള്‍ സമരംചെയ്തപ്പോള്‍ ഫാക്ടറി പൂട്ടിയിട്ടാണ് ടി.പി.ജി. നമ്പ്യാര്‍ പ്രതികരിച്ചത്. കമ്പനി പൂട്ടിയതോടെ തൊഴിലാളികള്‍ പ്രയാസത്തിലായി. പിന്നാലെ സമരവും നിര്‍ത്തി. ഇതോടെ നമ്പ്യാര്‍ കമ്പനി വീണ്ടും തുറന്നുനല്‍കി. കേരളത്തില്‍ മറ്റൊരു വ്യവസായസംരംഭം തുടങ്ങാന്‍ അദ്ദേഹം താത്പര്യം കാണിക്കാതിരുന്നതും ഈ അനുഭവം കൊണ്ടായിരുന്നു. കേരളത്തില്‍ വി.സി.ആര്‍. നിര്‍മാണ യൂണിറ്റ് അടക്കം സ്ഥാപിക്കാന്‍ അദ്ദേഹം നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍, കച്ചവടത്തില്‍ തനിക്ക് മൃദുലവികാരങ്ങളില്ലെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി.
ടി.പി.ജി.യുടെ കുടുംബം
തങ്കം നമ്പ്യാരാണ് ടി.പി.ജി. നമ്പ്യാരുടെ ഭാര്യ. മക്കള്‍ അജിത് നമ്പ്യാരും അഞ്ജു നമ്പ്യാരും. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രേശഖര്‍, മീന എന്നിവരാണ് മരുമക്കള്‍. മകളും മകനും മരുമകനായ രാജീവ് ചന്ദ്രശേഖരുമായിരുന്നു ടി.പി.ജി. നമ്പ്യാരുടെ ബി.പി.എല്ലില്‍ പിന്നീട് പലവിധ ചുമതലകള്‍ വഹിച്ചിരുന്നത്. ഒരിക്കല്‍ ടി.പി.ജി. നമ്പ്യാരുടെ മകനാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇലക്ട്രോണിക്‌സ്, ഗൃഹോപകരണ രംഗത്ത് വന്‍കിട കമ്പനിയായി വളര്‍ന്നെങ്കിലും വിപണിയിലെ കിടമത്സരവും കുടുംബപ്രശ്‌നങ്ങളും ബി.പി.എല്ലിനെ തളര്‍ത്തി. ഇലക്ട്രോണിക്‌സ് വിപണിയില്‍ കൊറിയന്‍ കമ്പനികള്‍ ആധിപത്യം ഉറപ്പിച്ചതോടെ ബി.പി.എല്ലിന്റെ പ്രതാപം നഷ്ടമായി. ബി.പി.എല്‍. മൊബൈലുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും വലിയ വാര്‍ത്തയായിരുന്നു.
Content Highlights: TPG Nambiar, Founder chairman of BPL India Passes Away
Published: 31 Oct 2024, 07:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented