മഞ്ഞു പുതച്ച രാത്രിയില്‍ ആദ്യം പഞ്ചവാദ്യ പെരുമഴ. അതിന്റെ കുളിരണയും മുമ്പേ ഒരിറ്റു വിടവു കടന്നാല്‍ പാണ്ടിമേള കൊടുമഴ. ശബ്ദത്തിന്റെ രണ്ടു വ്യത്യസ്ത വിസ്മയങ്ങളില്‍ അലിഞ്ഞില്ലാതാകുന്ന മനസുകള്‍. തൃശ്ശൂര്‍ പൂരമെന്ന മഹാസിംഫണി ഒത്തൊരുമിച്ച് നടത്തുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ ഒറ്റതിരിഞ്ഞ് നടത്തുന്ന വിസ്മയം. അതാണ് പാറമേക്കാവ്, തിരുവമ്പാടി വേലകള്‍. ഒരു ദിവസത്തെ ഇടവേളയില്‍ പൂക്കുന്ന വേലാഘോഷങ്ങള്‍ മനസില്‍ ഒരു വര്‍ഷത്തേക്കുള്ള വസന്തം കൊളുത്തി വെയ്കും.
വെള്ളിയാഴ്ച്ചയായിരുന്നു പാറമേക്കാവ് വേല. ഞായറാഴ്ച്ച തിരുവമ്പാടി വേലയും. രാത്രിയില്‍ തുടങ്ങി പുലരി തൊടുന്ന പൂരങ്ങളാണിവ. മറ്റൊരു നോട്ടത്തിലും ഇത് അന്വര്‍ത്ഥമാണ്. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് നിയന്ത്രണം തുടങ്ങിയ അനിശ്ചിതത്വത്തിന്റെ ഗാഢരാത്രികളെ മറികടന്ന പൂരപ്പുലരികള്‍ കൂടിയായിരുന്നു ഇവ. അതിനാല്‍ ആളാവേശം കൂടി. അമ്മയില്‍നിന്നു വേര്‍പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അള്ളിപ്പിടിക്കുന്ന കുഞ്ഞിനെ പോലെ പൂരപ്രേമികള്‍ ഈ ആഘോഷങ്ങളെ ദൃഢമായി ചേര്‍ത്തു പിടിച്ചു.
ധനുമാസക്കുളിരിനെ കീറിമുറിയ്ക്കുന്ന തീവെട്ടിപ്രഭയും താരത്തിളക്കമുള്ള ആനച്ചന്തവും ഇഴചേര്‍ന്ന ഒരു അസാധ്യ രാത്രിപ്പൂരസൗന്ദര്യം. വാദ്യ-മേള ഭംഗിയിലേക്ക് ഇയ്യാംപാറ്റകളെ പോലെ ആകര്‍ഷിച്ചടുപ്പിക്കുന്ന അന്തരീക്ഷം. മനസുകള്‍ അപ്പൂപ്പന്‍താടിപ്പരുവമാകാന്‍ വേറെന്തു വേണം. സര്‍വ്വസൗന്ദര്യങ്ങളയും ആവാഹിച്ചു കൊണ്ടുള്ള ഭഗവതിമാരുടെ ഈ യാത്ര വടക്കുന്നാഥ സന്നിധിയിലേക്കാണെന്നത് സൗന്ദര്യത്തിന്റെ മാറ്റ് വീണ്ടും കൂട്ടുന്നു. പൂരത്തിന്റെ അതേ ലഷ്യം. ഏതാണ്ട് അതേ വഴികള്‍. കൂടെ രാത്രിയുടെ സൗന്ദര്യവും ധനുമാസക്കുളിരും. പൂരം പൂര്‍ണ്ണമാകുന്നത് ഇവിടെയാണ് എന്ന് തോന്നിപ്പോകും.
ലഹരിയുടെയും ഉന്‍മാദത്തിന്റെയും ഗുണതലം ഇത്ര ഭംഗിയില്‍ മറ്റെവിടെയെങ്കിലും ചിട്ടപ്പെടുത്തി വെച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. വേല ചടങ്ങുകള്‍ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുമെങ്കിലും ഈ ഉന്‍മാദം ഉച്ചസ്ഥായിയിലേക്ക് നീങ്ങുന്നത് ഭഗവതിമാര്‍ ക്ഷേത്രം വിട്ടു പുറത്തിറങ്ങുന്നതോടെയാണ്. രാത്രി പത്തരയോടെയാണ് ഇത്തവണയും ഈ ശബ്ദ -സൗന്ദര്യ യാത്രകള്‍ ആരംഭിച്ചത്. പുറത്തേക്കിറങ്ങുമ്പോള്‍ ഭഗവതിമാര്‍ക്ക് രണ്ടു പേര്‍ക്കും പഞ്ചവാദ്യനിലാവാണ് വഴികാട്ടി. പാറമേക്കാവില്‍ ചോറ്റാനിക്കര നന്ദപ്പന്‍ മാരാരും തിരുവമ്പാടിയില്‍ കോങ്ങാട് മധുവും വാദ്യനിലാവിന് തിരികൊളുത്തി. തൃശ്ശൂര്‍ പൂരത്തിന്ന് തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യമായി ബ്രഹ്മസ്വം മഠത്തിനു മുന്നിലും പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലും വിസ്മയിപ്പിക്കാറുള്ള അതേ മാന്ത്രിക വിരലുകള്‍.
പാറമേക്കാവിലെ ആരവം
പാറമേക്കാവ് ക്ഷേത്രത്തിനകത്തുനിന്നു ഭഗവതി പഞ്ചവാദ്യ അകമ്പടിയില്‍ പുറത്തുകടന്നപ്പോള്‍ മുന്നില്‍ ആള്‍പ്പരവതാരി വിരിച്ചിരുന്നു. പുതുപ്പള്ളി കേശവന്റെ നെടുനായകത്വത്തില്‍ ഒമ്പത് ആനകള്‍കൂടി നിരന്നതോടെ ആവേശം മുളയിട്ടു. അകത്ത് മുളയിട്ട പഞ്ചവാദ്യം പുറത്തേക്കൊഴുകി ഗജവിസ്മയങ്ങള്‍ക്കു മുന്നില്‍ വേരുറപ്പിച്ച് വളരാന്‍ തുടങ്ങി. തിമിലയില്‍ കൊരുത്ത ശബ്ദങ്ങള്‍ മദ്ദളവും ഇടയ്ക്കയുമെല്ലാം ഏറ്റുപാടി. അയഞ്ഞും മുറുകിയും കടല്‍ത്തിരപോലെ പഞ്ചവാദ്യം അടിച്ചുകയറി. ആവേശത്തുമ്പിലേക്ക് ആയിരം മനസുകളെ ഇഞ്ചിഞ്ചായി ഉയര്‍ത്തി. കൈവിരലുകളെയും തലയെയും താളം കീഴടക്കി . മുറുകിയ അവസ്ഥയില്‍ ഇത് ഉടലിലേക്കും കാലിലേക്കും പടര്‍ന്നു. വിഹ്വലതകളുടെ നേര്‍ത്ത കണികപോലും അവശേഷിപ്പിക്കാതെ മനസുകളെ ആദ്യമേ തൂത്ത് വൃത്തിയാക്കിയിരുന്നു.
വാദ്യമഴ തിമര്‍ത്തപ്പോള്‍ കാരണമില്ലാത്ത സന്തോഷവസന്തങ്ങള്‍ നിരവധി വിരിഞ്ഞു. രണ്ടു മണിക്കൂറിലേറെ നീണ്ട മേളപ്രഭയില്‍ മനസുകള്‍ പൂമ്പാറ്റകളായി പാറിപ്പറന്നു. വടക്കുന്നാഥന്റ കിഴക്കേ ഗോപുരം വഴി കയറിയ ഭഗവതിക്കു പിന്നാലെ വാദ്യവും ഒഴുകി. പടിഞ്ഞാറെ ഗോപുരം വഴി പുറത്തു കടന്ന ദേവിക്കു മുന്നില്‍ പഞ്ചവാദ്യത്തിര ആഞ്ഞടിച്ചു. എറെസമയം സന്തോഷപുളകം സമ്മാനിച്ച വാദ്യക്കടലൊഴുക്ക് നിലയ്ക്കുമ്പോഴേക്കും മനസ് പ്രശാന്തിയുടെ തീരം തൊട്ടിരുന്നു. വേറിട്ട സന്തോഷം തുളുമ്പുന്ന മനസുകള്‍ വെടിക്കെട്ടിന്റെ ആകാശവിസ്മയത്തിലേക്കാണ് എടുത്തെറിയപ്പെട്ടത്.
പാണ്ടി സൗന്ദര്യം
വാദ്യവും വെടിക്കെട്ടും പരുവപ്പെടുത്തിയ മഞ്ഞുമനസിലേക്കാണ് പാണ്ടിമേളം കൊട്ടിക്കയറിയത്. ഇലഞ്ഞിത്തറയില്‍ പൊടിപാറിയ്ക്കാറുള്ള കിഴക്കൂട്ട് അനിയന്‍ മാരാരുടെ കൈത്താളം മുറുകിത്തുടങ്ങുമ്പോള്‍ മറ്റൊരു ശബ്ദ മഴവില്ല് പിറക്കുകയായിരുന്നു. മണികണ്ഠനാലില്‍നിന്നു പുറപ്പെട്ട മേളത്തിര ശ്രീ മൂലസ്ഥാനം ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങി. പഞ്ചവാദ്യക്കുളിര്‍ താഴുംമുമ്പേ മനസുകളിലേക്ക് മേളക്കുളിര്‍ പറന്നെത്തി.
പാണ്ടി ആവേശപ്പടവുകള്‍ ഓരോന്നായി മുന്നോട്ടു താണ്ടി. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലുമെല്ലാം മത്സരിച്ചു. ഓരോ മുറുക്കങ്ങളിലും ആവേശം ഉയര്‍ന്നു പൊങ്ങി. മുറുക്കം കൂടിയപ്പോള്‍ അവേശം സിരകളില്‍ പടര്‍ന്നു .ഇങ്ങനെ ആവേശത്തിന്റെ ആകാശത്തുമ്പില്‍ മനസുകളെ എത്തിച്ച ശേഷമാണ് പാണ്ടി തോര്‍ന്നത്. അവസാനിച്ചിട്ടും താളം കൈവിടാതെ ചില വിരലുകളെങ്കിലും താളം തുള്ളി. അവസാനിച്ചതിന്റെ നഷ്ടം ഏശാത്ത നിറവ് മനസുകളിലെത്തിയിരുന്നു. വിസ്മയ വൈവിധ്യകള്‍ക്കൊടുവില്‍ ക്ഷേത്ര ചടങ്ങുകളോടെ വേലക്ക് സമാപ്തിയായി. അപ്പോഴേക്കും നേരം പുലര്‍ന്നിരുന്നു.
ആവേശ അമ്പാടി
തിരുവമ്പാടിയിലെ വേലാവേശം ക്ഷേത്രം വിട്ട് പുറത്തു കടക്കുമ്പോള്‍ പഞ്ചവാദ്യത്തിര ആഞ്ഞടിച്ചു കൊണ്ടിരിക്കുകയായിരുന്നു. മൂന്നാന അകമ്പടിയിയില്‍ ക്ഷേത്രഗോപുരം കടന്ന് ഭഗവതി വന്നുനിന്നപ്പോള്‍ പ്രതീക്ഷകള്‍ പീലി വിടര്‍ത്തി. പുറത്തിറങ്ങിയ ഭഗവതിക്കു മുന്നില്‍ വാദ്യ പെരുക്കങ്ങള്‍ തീര്‍ത്തു. അരിച്ചരിച്ച് കയറുന്നതായിരുന്നു പഞ്ചവാദ്യ ലഹരി. ഓരോ മുറുക്കങ്ങള്‍ക്കും ഇടയിലൂടെ വടക്കുന്നാഥനിലേക്ക് വഴി കണ്ടെത്തി. പരവതാനി വിരിച്ച പോലെ ജനം ഭഗവതിക്കൊപ്പം നിങ്ങിത്തുടങ്ങി. വിളക്കു തെളിച്ചും കൈകൂപ്പിയും ഭക്തര്‍ ഭഗവതിയുടെ വേലവരവ് ഭക്ത്യാര്‍ദ്രമാക്കി.
കൗസ്തുഭത്തിനു മുന്നിലും സരോജ ആശുപത്രിക്കു മുന്നിലുമെല്ലാം പഞ്ചവാദ്യം അതിന്റെ വിശ്വരൂപം കാണിച്ചു. ഉടല്‍ താളത്തിന് വിട്ടു നല്‍കി ആസ്വാദകര്‍ മറ്റൊരു ലോകമേറി. നായ്കനാലില്‍ എത്തിയപ്പോള്‍ അകമ്പടി ആനകളുടെ എണ്ണം ഏഴായി. പഞ്ചവാദ്യത്തിന്റെ വിസ്മയത്തുമ്പ് പിറന്നത് ഇവിടെയായിരുന്നു. പുലരിയുടെ മണം വീണു തുടങ്ങിയ അന്തരീക്ഷത്തില്‍ വാദ്യശബ്ദങ്ങള്‍ക്ക് മാധുര്യം കൂടി. ആവേശത്തുമ്പിലേക്ക് പല തവണ ആസ്വാദകരെ എടുത്തെറിഞ്ഞു. മരപ്പെയ്ത്തുപോലെ വാദ്യം അവസാനിച്ചിട്ടും ആവേശം പെയ്തു കൊണ്ടിരുന്നു. ഇത് ആറിത്തണുക്കും മുമ്പേ വെടിക്കെട്ട് മനസില്‍ വര്‍ണ്ണക്കൂടൊരുക്കി.
പാണ്ടി പ്രകമ്പനം
വെടിക്കെട്ടിന്റെ ശബ്ദ- ദൃശ്യസൗന്ദര്യങ്ങള്‍ തീര്‍ന്നിടത്താണ് പാണ്ടി പടയോട്ടം ആരംഭിക്കുന്നത്. പൂരത്തിന് ഇലഞ്ഞിത്തറമേളം കൊട്ടിക്കയറുമ്പോള്‍ വടക്കുന്നാഥ ക്ഷേത്രം മതില്‍പ്പുറത്ത് പാണ്ടി കൊണ്ട് വിസ്മയം തീര്‍ക്കാറുള്ള ചേരാനെല്ലുര്‍ ശങ്കരന്‍ കുട്ടി മാരാര്‍ തന്നെയാണ് വേലപ്പാണ്ടിയുടെയും ചുക്കാന്‍ പിടിച്ചത്. പൊതിഞ്ഞുനിന്ന തണുപ്പിനെ മറികടന്ന് പാണ്ടിമേളച്ചൂട് ആസ്വാദകനിലേക്ക് പടര്‍ന്നു കയറിത്തുടങ്ങി. മേളാവേശം വിരല്‍ത്തുമ്പിലൂടെയും തല താളത്തിലൂടെയും പ്രത്യക്ഷമായി. നായ്കനാലില്‍നിന്ന് ശ്രീ മൂലസ്ഥാനം ലക്ഷ്യമാക്കി പാണ്ടി ആവേശം ഒഴുകി. പാണ്ടിയുടെ ആവേശത്തിര പലപ്പോഴും ആകാശം തൊട്ടു. ഓരോ തവണയും കൂടുതല്‍ ഉയരമുള്ള ആകാശം ഇത് തേടിക്കൊണ്ടിരുന്നു.
ശ്രീ മൂലസ്ഥാനത്തിന് തൊട്ടടുത്ത് എത്തുമ്പോഴേക്കും ആവേശത്തിന്റെ പര്‍വ്വതമായി ഇത് മാറിയിരുന്നു. ചലിപ്പിക്കാവുന്ന ഇടങ്ങളിലേക്കെല്ലാം താളം പടര്‍ന്നു കയറി. സങ്കോചത്തിന്റെയും അധികാരത്തിന്റെയും പൂട്ടിട്ട വിരലുകളെപ്പോലും ഇതു തുള്ളിച്ചു. പാണ്ടിയില്‍ ആള്‍ക്കൂട്ടം ഇളകി മറിഞ്ഞു. ആവേശത്തിന്റെ കാണാത്തുമ്പുകള്‍ പല തവണ തൊട്ടു. ആനന്ദമൂര്‍ഛയില്‍ പാണ്ടി അവസാനിക്കുമ്പോള്‍ പുലരി പോലൊരു ചിരി ആ മുഖങ്ങളില്‍ വിരിഞ്ഞു. വടക്കുന്നാഥനെ വണങ്ങി തിരുവമ്പാടിയിലെത്തിയ ഭഗവതി ചില ചടങ്ങുകള്‍ കൂടി കൈകൊണ്ടതോടെയാണ് വേല പൂര്‍ണ്ണമായത്. തിരുവമ്പാടി, പാറമേക്കാവ് വേലകള്‍ ഇത്തരത്തില്‍ ആവേശത്തിന്റെയും വിസ്മയത്തിന്റെയും മറ്റൊരു തലം സൃഷ്ടിച്ചു. എല്ലാ ദുഃഖങ്ങളെയും പ്രതിസന്ധികളും അലിയിച്ചുകളയുന്ന ഒറ്റമൂലിയായിരുന്നു ഇവ. അടുത്ത വേല വരെ ഇത് മനസില്‍ തീര്‍ത്ത തണല്‍ നിലനില്‍ക്കുമെന്നുറപ്പാണ്.
Content Highlights: thiruvambadi and paramekkavu vela
Published: 06 Jan 2025, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented