2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ 15 വർഷത്തിലേറെ നീണ്ടുനിന്ന ഷെയ്ഖ് ഹസീന ഭരണം അവസാനിക്കുകയും അവർക്ക് ജീവനുംകൊണ്ട് ഒളിച്ചോടേണ്ടിയും വന്നതിന് ശേഷം ബംഗ്ലാദേശ് കണ്ട ആദ്യ തിരഞ്ഞെടുപ്പ്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം താരിഖ് റഹ്‌മാൻ എന്ന ഹസീനയുടെ എക്കാലത്തെയും എതിരാളി നാട്ടിൽ തിരിച്ചെത്തി നേരിട്ട തിരഞ്ഞെടുപ്പ്. ഇരുപത് വർഷത്തിനിപ്പുറം അധികാരത്തിലേക്കുള്ള ബിഎൻപിയുടെ യാത്ര. ഇങ്ങനെ പല കാരണങ്ങൾകൊണ്ട് ശ്രദ്ധേയമാണ്‌ 2026-ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പ്.

To advertise here,

ഒടുവിൽ വ്യക്തമായ ഭൂരിപക്ഷം നേടി താരിഖ് റഹ്‌മാൻ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോൾ അതൊരു രാഷ്ട്രീയ മടങ്ങിവരവിന്റെ ചരിത്രം കൂടിയാവുകയാണ്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആകെയുള്ള 299 സീറ്റിൽ 212-ഉം ബി.എൻ.പി. സ്വന്തമാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ, കാലങ്ങളോളം ബംഗ്ലാദേശ് ഭരിച്ചിരുന്ന ഷെയ്ഖ് ഹസീനയും അവാമി ലീഗും ചിത്രത്തിലില്ലാത്ത തിരഞ്ഞെടുപ്പായി 2026-ലേത് മാറി.

  • അമ്മയെ കാണാൻ തിരിച്ചെത്തി ഒടുവിൽ ഭരണത്തിലേക്ക്

രാജ്യത്തുനിന്ന് ഒളിച്ചോടി 17 വർഷക്കാലം പ്രവാസജീവിതം നയിച്ച താരിഖ് റഹ്‌മാൻ അസുഖബാധിതയായി കിടക്കുകയായിരുന്ന അമ്മ ഖാലിദ സിയയെ കാണാനായിരുന്നു രാജ്യത്ത് തിരിച്ചെത്തിയത്. പക്ഷെ, കഴിഞ്ഞവർഷം ഡിസംബർ 25-ന് നാട്ടിൽ കാലുകുത്തിയ ഉടനെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ സൂചന അദ്ദേഹം നൽകിയിരുന്നു. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താനുള്ള സമയമാണിത്, നമുക്ക് സുരക്ഷിതമായ ബംഗ്ലാദേശിനെ പുനർനിർമിക്കണം, സ്ത്രീ എന്നും പുരുഷനെന്നും കുട്ടികളെന്നും വ്യത്യാസമില്ലാതെ ഓരോ ബംഗ്ലാദേശി പൗരനും തന്റെ വീട്ടിൽ സുരക്ഷിതമായി കഴിയാനുള്ള സാഹചര്യമുണ്ടാവണം- അന്ന് താരിഖിന്റെ ഈ വാക്കുകളെ നിറഞ്ഞ കൈയടിയോടെയാണ് ജനങ്ങൾ നേരിട്ടത്.

താരിഖിന്റെ വരവ് പുതിയ രാഷ്ട്രീയ നീക്കത്തിനുള്ള സൂചനയാണെന്നും അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പ്രധാനമന്ത്രിയാവുമെന്നും വിലയിരുത്തപ്പെട്ടു. കാരണം വെറുമൊരു തിരഞ്ഞെടുപ്പ് എന്നതിനപ്പുറം തനിക്ക് നാടുവിട്ട് പോവേണ്ടി വന്നതിന് കാരണക്കാരായ ഷെയ്ഖ് ഹസീനയോടും അവാമി ലീഗിനോടുമുള്ള പകരം ചോദിക്കൽ കൂടെയായിരുന്ന താരിഖിന് ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞവർഷം ഡിസംബർ 30-ന് ആയിരുന്നു താരിഖിന്റെ മാതാവും ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രികൂടിയുമായ ഖാലിദ സിയ അന്തരിച്ചത്.

ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്‌മാന്റെയും മകനായ താരിഖ് റഹ്‌മാൻ 2008-മുതൽ ലണ്ടനിൽ താമസിക്കുകയായിരുന്നു. 2018 മുതൽ ബിഎൻപിയുടെ ആക്ടിങ് ചെയർമാനുമാണ്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള രാഷ്ട്രീയ ശത്രുതയിൽ അമ്മ ഖാലിദ സിയയെ ജയിലിലടച്ച കാലത്താണ് റഹ്‌മാൻ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത്. 2001 മുതൽ 2006-വരെ ഖാലിദ സിയ രണ്ടാമതും ഭരണത്തിലേറിയ കാലത്ത് താരിഖ് റഹ്‌മാൻ പ്രധാന രാഷ്ട്രീയ നേതാവായും മാറി. പക്ഷെ, ആദ്ദേഹത്തിനെതിരെ രാഷ്ട്രീയ ദുർവിനിയോഗം, അഴിമതി, കലാപം എന്നീ കുറ്റങ്ങളെല്ലാം ആരോപിച്ച് കേസെടുക്കുകയും ചെയ്തിരുന്നു.

2006 മുതൽ 2009 വരെയുള്ള സൈനിക ഭരണകൂടം ഈ ആരോപണങ്ങളെല്ലാം അന്വേഷിക്കുകയും ചെയ്തു. ഇതിനിടെ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് രാജ്യവ്യാപക പ്രക്ഷോഭം നയിച്ചു. ഡോ. ഫക്രുദ്ദീൻ അലിയുടെ നേതൃത്വത്തിലായിരുന്നു അന്ന് ഇടക്കാല സർക്കാർ. തുടർന്ന് ഖാലിദ സിയ, ഷെയ്ഖ് ഹസീന എന്നിവരെല്ലാം അറസ്റ്റിലായി. 2007-ൽ താരിഖ് റഹ്‌മാനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അർധരാത്രി ആഡംബര വീട്ടിൽനിന്ന് വലിച്ചഴിച്ചായിരുന്നു സൈന്യം താരിഖിനെ അറസ്റ്റ് ചെയ്തത്.

  • വനിതാ നേതാക്കളെ ചുറ്റിപറ്റിയുള്ള ബംഗ്ലാദേശ് രാഷ്ട്രീയം

1991-ന് മുമ്പ് ബംഗ്ലാദേശ് രാഷ്ട്രീയം ഷെയ്ഖ് ഹസീന, ഖാലിദ സിയ തുടങ്ങിയ വനിതാ രാഷ്ട്രീയ നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു. ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റ് ആയ ഷെയ്ഖ് മുജീബുർ റഹ്‌മാൻ 1975 ഓഗസ്റ്റിൽ നടന്ന സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിൽ സജീവമായതെങ്കിൽ 1981-ലെ സൈനിക അട്ടിമറിയിൽ ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയ രാഷ്ട്രീയത്തിൽ സജീവമായത്. ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദ് 1980-ൽ അധികാരത്തിലെത്തിയ കാലത്ത് ഹസീനയും ഖാലിദ സിയയും ഒരുമിച്ച ചുരുങ്ങിയ കാലത്തല്ലാതെ ഇരുവരുംവിരുദ്ധ ചേരിയിൽ തന്നെയായിരുന്നു.

2009-ൽ ഹസീന അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്തായിരുന്ന ബിഎൻപി വലിയ അടിച്ചമർത്തലുകളെ നേരിട്ടു. ബിഎൻപി നേതാക്കളായ ഒട്ടേറെ പേർ ജയിലിൽ അടക്കപ്പെട്ടു. വിചാരണയെ നേരിടേണ്ടി വന്നു. ഇതിനിടെയാണ് അറസ്റ്റുചെയ്യപ്പെട്ട താരിഖ് റഹ്‌മാൻ 18 മാസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. 2008 സെപ്റ്റംബറിൽ യുകെയിലേക്ക് നാടുവിടുകയും ചെയ്തു. ചികിത്സാ ആവശ്യാർഥമെന്ന് പറഞ്ഞാണ് താരിഖ് ലണ്ടനിലേക്ക് പോയത്. പിന്നീട് തിരിച്ചുവന്നില്ല.

  • ഹസീനയുടെ വധശിക്ഷയും താരിഖിന്റെ തിരിച്ചുവരവും

2024-ലെ ബംഗ്ലാദേശ് കലാപത്തിൽ ഏകദേശം 1,400 പേർ ബംഗ്ലാദേശിൽ കൊല്ലപ്പെട്ടുവെന്നാണ് യുഎൻ പുറത്തുവിട്ട കണക്ക്. ഇത് അവാമി ലീഗ് നടത്തിയ കൂട്ടക്കൊലയായി കണക്കാക്കി പാർട്ടിക്ക് രാജ്യത്ത് നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു താരിഖിന്റെ തിരിച്ചുവരവ്. ഇതിനിടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിഎൻപി, ജമാഅത്തെ ഇസ്ലാമിയുമായി ദശാബ്ദങ്ങളായി തുടരുന്ന സഖ്യം ഉപേക്ഷിക്കുകയും ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ നീക്കം നടത്തുകയും ചെയ്തു. മതേതര വോട്ടുകളെ ബിഎൻപിയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നു ബിഎൻപി കണക്കുകൂട്ടിയിരുന്നു. ഇതാണ് ഇത്തവണ ബിഎൻപിക്ക് വൻഭൂരിപക്ഷം ലഭിക്കാനുണ്ടായ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതോടെ, രണ്ട് ദശാബ്ദത്തിന് ശേഷം ബിഎൻപിക്ക് ബംഗ്ലാദേശിനെ ഭരിക്കാനുള്ള സാഹചര്യവുമൊരുങ്ങി.

ഹസീന സർക്കാരിനെതിരെ നടന്ന വിദ്യാർഥി സമരത്തിന് ശേഷം രൂപീകരിക്കപ്പെട്ട നാഷണൽ സിറ്റിസൺ പാർട്ടി(എൻസിപി)യും രംഗത്തുണ്ടായിരുന്നെങ്കിലും വലിയ ചലനമുണ്ടാക്കാനായില്ല.

  • ഭരണത്തുടർച്ചയിൽ നിന്ന് പതനത്തിലേക്ക് പോയ ഹസീന

2024 ജനുവരിയിലാണ് ഷെയ്ഖ് ഹസീന അവസാനമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. പക്ഷേ, ഏകപക്ഷീയമായിരുന്നു ബംഗ്ലാദേശിൽ നടന്ന ആ തിരഞ്ഞെടുപ്പ്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും (ബിഎൻപി) സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ, വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളിൽ 223-ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയിച്ചു. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മകൾ ഷെയ്ഖ് ഹസീന തുടർച്ചയായി നാലാമതും പ്രധാനമന്ത്രിയാവുകയും ചെയ്തു. ബംഗ്ലാദേശിൽ അഞ്ച് തവണയാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായത്. 1996-ലായിരുന്നു ആദ്യത്തെ ഊഴം. 2001-ൽ അധികാരം നഷ്ടമായെങ്കിലും 2009-ൽ പ്രധാനമന്ത്രിപദത്തിൽ തിരിച്ചെത്തി. പിന്നീട് അവർ തോറ്റിട്ടില്ല.

അനുയായികൾക്ക് അവർ 'ഉരുക്കുവനിത'യാണ്. ബംഗ്ലാദേശിനെ വികസനത്തിന്റെ പാതയിലേക്കു നയിച്ച പ്രധാനമന്ത്രി. പക്ഷേ, വിമർശകർക്ക് അവർ 'ഏകാധിപതി'യാണ്. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന ഭരണാധികാരി. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പിന് ശേഷം ഷെയ്ഖ് ഹസീനയ്ക്ക് എതിരായ വികാരം ബംഗ്ലാദേശിൽ വ്യാപകമായിരുന്നു.

ഇതിനിടെ, വലിയ അഴിമതി ആരോപണമാണ് അവർക്കെതിരേ ഉയർന്നത്. ഷെയ്ഖ് ഹസീനയുടെ വീട്ടിലെ ജോലിക്കാരനായ ജഹാംഗീർ ആലത്തിന്റെ സമ്പാദ്യം 3.4 കോടി ഡോളറാണെന്ന റിപ്പോർട്ടുകൾ വലിയ ഒച്ചപ്പാടാണ് രാജ്യത്തുണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് വിദ്യാർഥി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഹസീനയെ സ്വേച്ഛാധിപതി എന്ന് വിളിക്കുന്ന മുദ്രാവാക്യങ്ങൾ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെ, സർക്കാർ വിരുദ്ധ പ്രതിഷേധം മൂർധന്യാവസ്ഥയിലെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഹസീന സർക്കാർ വലിയ പ്രതിരോധത്തിലായി . പിന്നാലെ അവർ അധികാരത്തിൽനിന്ന് പുറത്താകുകയും ചെയ്തു.അവാമി ലീഗിനെ യുനൂസ് സർക്കാർ നിരോധിക്കുകയും ചെയ്തു. ഇതോടെ

ഇരുപതുവർഷക്കാലം ബംഗ്ലാദേശിനെ ചൊൽപ്പടിയിൽ നിർത്തിയ ഷെയ്ഖ് ഹസീനയെന്ന നേതാവ് ഇല്ലാത്ത ഒരു പൊതുതിരഞ്ഞെടുപ്പിനെയാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശുകാർ നേരിട്ടത്. 2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിൽ പിടിച്ചു നിൽക്കാനാവാതെ ഹസീനയ്ക്ക് രാജ്യത്തുനിന്ന് ഒളിച്ചോടേണ്ടി വന്നപ്പോൾ ഇനി ബംഗ്ലാദേശിന്റെ ഭാവിയെന്തെന്ന വലിയ ചോദ്യം ഉയർന്നിരുന്നു. ഇതിനാണ് താരിഖിന്റെ തിരിച്ചെത്തലോടെ ഉത്തരമായത്. 2025-ൽ മുഹമ്മദ് യുനൂസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഷെയ്ഖ് ഹസീനയെ യുദ്ധക്കുറ്റവാളിയായി കണക്കാക്കി വധശിക്ഷയ്ക്കും വിധിച്ചിരുന്നു.