2021 ഓഗസ്റ്റ് 15-ന് അഫ്ഗാനിസ്താനിൽ ജനാധിപത്യം അട്ടിമറിച്ച് താലിബാൻ അധികാരം പിടിച്ചെടുത്ത കാലത്ത് വൈറലായ ഒന്നുണ്ട്. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ ചീഫ് ഫയ്യാസ് അഹമ്മദ് പുഞ്ചിരിയോടെ കൈയിൽ ചായക്കപ്പുമായി കാബൂൾ സറീനയുടെ ലോബിയിൽ നിൽക്കുന്ന ചിത്രമാണത്. വിദേശ പത്രപ്രവർത്തകരും രാഷ്ടത്തലവന്മാരും യുഎൻ ഉദ്യോഗസ്ഥരും താമസിക്കുന്ന കാബൂളിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലാണ് സറീന. അട്ടിമറിയെക്കുറിച്ച് വിദേശ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഫയ്യാസ് അഹമ്മദ് നൽകിയ ഉത്തരം ഇതായിരുന്നു: ‘‘ഇനി എല്ലാം ശരിയാകും’’ തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു ഭരണക്രമം കാബൂളിൽ നിലവിൽ വന്നതിന്റെ സന്തോഷമാണ് അദ്ദേഹത്തിന്റെ ചിരിയിൽ പ്രതിഫലിച്ചുകിടന്നത്. രണ്ടു പതിറ്റാണ്ടിലധികം അമേരിക്കയുടെ വലംകൈയായിനിന്ന് താലിബാനെതിരേ പോരാടി അഫ്ഗാനിസ്താനിൽ ജനാധിപത്യം സ്ഥാപിക്കാൻ പണിപ്പെട്ട രാജ്യമാണ് പാകിസ്താൻ എന്നുകൂടി ചേർത്ത് കാണുമ്പോഴേ ആ പുഞ്ചിരിയുടെ അർഥവ്യാപ്തി അറിയൂ.
എന്നിട്ട് എല്ലാം ശരിയായോ?
പാകിസ്താൻ-അഫ്ഗാനിസ്താൻ വിഷയത്തിൽ ഐഎസ്ഐ ചീഫിന് തെറ്റി. ഒന്നും ശരിയായില്ല. മാത്രവുമല്ല, സ്ഥിതിഗതികൾ പൂർവാധികം വഷളാകുകയും ചെയ്തു. ഖത്തറും തുർക്കിയും ഇടപെട്ടാണ് ഒടുവിലിപ്പോൾ വെടിനിർത്തൽ കരാറിലേക്കെത്തിച്ചത്. കരാർ ഒപ്പുവെച്ചതിനുശേഷം അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രി മുല്ല യാഖൂബ് മുജാഹിദ് പറഞ്ഞത് ‘‘ഇരു രാജ്യങ്ങൾക്കിടയിലെ അതിർത്തിപ്രശ്നം ഈ കരാറിന്റെ ഭാഗമല്ല’’ എന്നാണ്. അതിനർഥം ബ്രിട്ടീഷുകാർ വരച്ചിട്ട ഡ്യൂറന്റ് ലൈൻ എന്ന അതിർത്തി രേഖ തങ്ങൾ അംഗീകരിക്കുന്നില്ല എന്നുതന്നെയാണ്. ഈ അതിർത്തിയാണ് ഇവർക്കിടയിലെ പ്രശ്നങ്ങളുടെ കാതൽ.
ദുരന്ത രേഖ?
2600-ലധികം കിലോമീറ്റർ നീളമുള്ള പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയാണ് ഡ്യൂറന്റ് ലൈൻ. പഷ്തൂൺ ഗോത്രമേഖലയെ രണ്ടായി വിഭജിച്ചുകൊണ്ടാണ് ഈ അതിർത്തി കടന്നുപോകുന്നത്. അടുത്ത കാലത്താണ് പാകിസ്താൻ ഈ അതിർത്തി മുൾവേലികെട്ടി ഉറപ്പിച്ചത് . അതോടെ പഷ്തൂൺ ഗോത്രക്കാരുടെ സ്വതന്ത്രയാത്രകൾ തടസ്സപ്പെട്ടു.
ഇതൊരു പുതിയ പ്രശ്നമല്ല. 1947-ൽ ഇന്ത്യാ വിഭജനത്തെത്തുടർന്ന് പാകിസ്താൻ പിറന്നപ്പോൾ സംയുക്ത രാഷ്ട്രസമിതിയിൽ പാകിസ്താന്റെ പ്രവേശനത്തെ എതിർത്ത് വോട്ടുചെയ്ത ഏക രാജ്യമാണ് അഫ്ഗാനിസ്താൻ. തങ്ങളുമായി കൃത്യമായ അതിർത്തി അറിയാത്ത ഒരു രാജ്യത്തെ അംഗീകരിക്കുക സാധ്യമല്ല എന്നതായിരുന്നു അന്ന് അഫ്ഗാനിസ്താൻ നിലപാട്. ഇന്നും ഈ അതിർത്തിമേഖല പാകിസ്താനെ സംബന്ധിച്ചടത്തോളം തലവേദനയാണ്. അഫ്ഗാനിസ്താനിൽ തങ്ങൾക്കനുകൂലമായ ഭരണസംവിധാനത്തെ താങ്ങിനിർത്തിക്കൊണ്ടാണ് പാകിസ്താൻ എന്നും ഈ വെല്ലുവിളി മറികടന്നത്.
ടിപിപി ഭസ്മാസുരൻ
ഭീകരതയ്ക്കെതിരേ സ്വീകരിച്ച ഇരട്ടത്താപ്പാണ് പാകിസ്താനെ ഇപ്പോൾ വെള്ളം കുടിപ്പിക്കുന്നത്. പാകിസ്താൻ ഭരണകൂടം നട്ടുവളർത്തിയ തന്ത്രപ്രധാന ആസ്തി (Strategic Asset) യാണ് തെഹരികെ താലിബാൻ പാകിസ്താൻ (TTP). പാകിസ്താൻ വേണ്ടത്ര ഇസ്ലാമികമല്ല എന്നതാണ് ടിടിപിയുടെ നിലപാട്. പാകിസ്താന്റെ സമ്പൂർണ താലിബാൻവത്കരണമാണ് ഇവരുടെ ലക്ഷ്യം. ഇതിന് തടസ്സം പാക് പട്ടാളവും വലിയൊരളവുവരെ സിവിലിയൻ സർക്കാരുമാണെന്നാണ് ഇവരുടെ നിലപാട്.
അഫ്ഗാനിസ്താനിൻ താലിബാൻ നേതൃത്വത്തിലുള്ള സുഹൃദ്ഭരണം വന്നപ്പോൾ മൂന്നു പ്രതീക്ഷകൾ ആണ് പാകിസ്താനുണ്ടായിരുന്നത്. പടിഞ്ഞാറൻ അതിർത്തിയിൽ സമാധാനം ഉറപ്പിക്കാം. അഫ്ഗാനിസ്താൻ ഇനി ഒരിക്കലും ഇന്ത്യയോട് അടുക്കില്ല. താലിബാൻ എന്നും പാകിസ്താന്റെ കൂട്ടാളിയായിത്തുടരും. എന്നാൽ, ഈ പ്രതീക്ഷകൾക്കുമുകളിലാണ് ഇപ്പോൾ ചാവേറുകൾ പൊട്ടിത്തെറിക്കുന്നത്.
മാറുന്ന താലിബാൻ
ശരാശരി അഫ്ഗാനിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നും സുഹൃത്തായിരുന്നു. നൂറ്റാണ്ടുകളായി ഈ മേഖല പങ്കിട്ടുപോന്ന സാംസ്കാരിക പൈതൃകം തന്നെയാണ് ഈ സൗഹൃദത്തിന്റെ ആധാരശില. അഫ്ഗാൻ പാർലമെന്റ് മന്ദിരം നിർമിച്ചുനൽകിയത് ഇന്ത്യയാണ്. തിരഞ്ഞടുപ്പുസമയത്ത് കൈയിൽ പുരട്ടാനുള്ള മഷിമുതൽ കാബൂളിലെ പ്രശസ്തമായ ഇന്ദിരാഗാന്ധി ഹോസ്പിറ്റലും റോഡും സൽമ അണക്കെട്ടും നിർമിച്ചുനൽകിയത് ഇന്ത്യയാണ്. മൂന്ന് ബില്യൺ ഡോളർ ആണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ ഇന്ത്യ അഫ്ഗാനിസ്താന്റെ പുനർ നിർമാണത്തിനായി െചലവഴിച്ചത്. കോവിഡ് കാലത്ത് സൗജന്യ വാക്സിനും ഭൂകമ്പമുണ്ടായപ്പോൾ മറ്റു സഹായങ്ങളും ഇന്ത്യ നൽകി. ഈ നിലപാടാണ് ഇപ്പോൾ താലിബാനെ ഇന്ത്യയോട് അടുപ്പിക്കുന്നത്.
അഫ്ഗാനിസ്താൻ ഭരണകൂടം ചരിത്രപരമായി വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ് നിലനിന്നുപോന്നത്. അതിൽ പ്രധാന പങ്കാളി എന്നും പാകിസ്താനായിരുന്നു. ഇവരുടെ താത്പര്യങ്ങളാണ് ഇന്ത്യയെ അഫ്ഗാനിസ്താനിൽനിന്ന് അടർത്തി നിർത്തിയത്. ഭൗമരാഷ്ട്രീയം, അതിവേഗം അവിശ്വസനീയമാംവിധം മാറുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. 1989-ൽ, അഫ്ഗാനിസ്താൻ മുജാഹിദീനുകൾ ഓടിച്ചുവിട്ട റഷ്യയാണ് ഇന്ന് താലിബാനെ അംഗീകരിച്ച ഏക രാജ്യം എന്ന വസ്തുത ഇതിന് അടിവരയിടുന്നു.
താലിബാൻ ഇപ്പോൾ പാകിസ്താന്റെ നിയന്ത്രണത്തിൽ അല്ല. ഇതുതന്നെയാണ് ഇരു രാജ്യങ്ങൾക്കിടയിലെ സംഘർഷത്തിന്റെ മൂലകാരണം. സ്വന്തം ജനതയോട് , പ്രത്യേകിച്ചും സ്ത്രീകളോട്, താലിബാൻ എങ്ങനെ പെരുമാറുന്നു എന്നത് വിമർശിക്കപ്പെടേണ്ടതുതന്നെയാണ്. ഒരുപക്ഷേ, ജനാധിപത്യ രാജ്യങ്ങളുമായുള്ള ഇത്തരം ഇടപഴകൽ താലിബാനെ അതിനു പ്രേരിപ്പിച്ചേക്കാം! ഡൽഹിയിൽ വീണ്ടും ഒരു പത്രസമ്മേളനം നടത്തി അമീർ ഖാൻ മുത്താഖി വനിതാ പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മുൻപിൽ ഇരുന്നു എന്നതുതന്നെ മാറ്റമാണ്.
(ജർമൻ ടെലിവിഷന്റെ ദക്ഷിണേഷ്യ പ്രൊഡ്യൂസർ ആണ് ലേഖകൻ)
Published: 22 Oct 2025, 12:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented