ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ആദ്യത്തെ 100 ദിവസം കൈക്കൊണ്ട നടപടികള്‍ രാജ്യത്തെ മറ്റു BJP സര്‍ക്കാരുകള്‍ക്കു മാതൃകയായെങ്കില്‍, ബംഗാള്‍ ഈ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് അതിനൊപ്പമോ, അതിനെക്കാള്‍ മുകളിലോ എത്തിയെന്ന് നിരീക്ഷകര്‍ പറയുന്നു.

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേറ്റിട്ട് രണ്ടാഴ്ചയായിട്ടില്ല. അതിനുള്ളിൽ വലിയ തോതിലുള്ള ഉടച്ചുവാർക്കലിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. മുൻ മുഖ്യമന്ത്രി മമതാ ബാനർജി പതിനഞ്ച് വർഷം നയിച്ച ഭരണകൂടത്തിന്റെ രീതികളിൽ നിന്നുള്ള പ്രതീകാത്മകമായ വിച്ഛേദനവും സ്ഥാപനങ്ങളുടെ ആഴത്തിലുള്ള പൊളിച്ചെഴുത്തും തത്സമയം നടക്കുകയാണ്. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആദ്യത്തെ നൂറുദിവസം കൈക്കൊണ്ട അതിവേഗ നടപടികൾ രാജ്യത്തെ മറ്റു ബിജെപി സർക്കാരുകൾക്ക് മാതൃകയായെങ്കിൽ, ബംഗാൾ ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അതിനൊപ്പമോ, അതിനെക്കാൾ മുകളിലോ എത്തിയെന്ന് നിരീക്ഷകർ പറയുന്നു.
'ഭായിപോ ടാക്സ് (അനന്തരവൻ ചുങ്കം),' 'ദണ്ഡാ ടാക്സ്' എന്നൊക്കെ അറിയപ്പെട്ടിരുന്ന അനധികൃത പിരിവുകൾ എടുത്തുകളഞ്ഞു. മമതയുടെ അനന്തരവനും ടിഎംസി സർക്കാരിലെ അതിശക്തമായ അധികാരകേന്ദ്രവുമായിരുന്ന അഭിഷേക് ബാനർജിയുടെ കെട്ടിടങ്ങൾ പൊളിച്ചു കളയാൻ നോട്ടീസ് നൽകി. ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടാൻ ബിഎസ്എഫിന് മമത വിട്ടുകൊടുക്കാതിരുന്ന സിലിഗുരി ഇടനാഴിയിലെ (ചിക്കൻ നെക്ക്) ഭൂമി ഒരാഴ്ചക്കുള്ളിൽ കൈമാറിത്തുടങ്ങി. തിരഞ്ഞെടുപ്പു കമ്മീഷൻ നിയോഗിച്ച അജയ്പാൽ സിംഗ് എന്ന ഐപിഎസ് 'സിംഗ'ത്തിനു മുന്നിൽ തല കുനിക്കില്ലെന്ന് 'പുഷ്പ'യെ അനുകരിച്ച് വീമ്പു പറഞ്ഞിരുന്ന ഭായിപോ കൂട്ടാളി ജഹാംഗീർ ഖാൻ മുങ്ങി. വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്ന ഫാൽത്തയിൽ മത്സരിക്കാൻ ഖാന് താത്പര്യമില്ലത്രേ..
ബിജെപി വർഷങ്ങളായി ആരോപിക്കുന്ന ബംഗാളിലെ 'മതപ്രീണന രാഷ്ട്രീയ'ത്തിനെതിരായ നടപടികൾ സുവേന്ദു തുടക്കത്തിലേ ആരംഭിച്ചു. അധികാരി കൈക്കൊണ്ട ചില തീരുമാനങ്ങൾ ന്യൂനപക്ഷങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പൊതുറോഡിലും തെരുവിലുമുള്ള നിസ്‌കാരം നിർത്തലാക്കി, മൗലവിമാർക്കും പൂജാരിമാർക്കുമുള്ള ഓണറേറിയം നിർത്തലാക്കി. 77 ജാതികളെ (ഭൂരിഭാഗവും മുസ്ലീം) ഒബിസി പട്ടികയിൽ പെടുത്തിയത് റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി പുതിയ സർക്കാർ പിൻവലിച്ചു. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി വോട്ടർ പട്ടികയിൽ നിന്ന് നീക്കിക്കഴിഞ്ഞതായും അവരെ നാടുകടത്തുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും വിവാദമായി.
ദീർഘകാലമായി നിലനിന്നിരുന്ന കീഴ്വഴക്കങ്ങൾ പെട്ടെന്ന് മാറ്റുന്നത് ന്യൂനപക്ഷങ്ങളെ മനഃപൂർവം ലക്ഷ്യമിടുന്ന മെജോറിറ്റേറിയൻ രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. പൊതുസ്ഥലങ്ങളിലെ നമാസ് നിയന്ത്രിക്കുന്നത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഓണറേറിയം നിർത്തലാക്കുന്നത് അവഗണനയാണെന്നും അവർ ആരോപിക്കുന്നു. ഒബിസി പട്ടികയിൽ നിന്ന് ഭൂരിഭാഗം മുസ്ലിം ജാതികളെയും ഒഴിവാക്കുന്നത് സാമൂഹികനീതിയുടെ നിഷേധമാണെന്നും അവർ വാദിക്കുന്നു. ഇത്തരം നടപടികൾ മതരഹിത ഭരണവും നിയമസമത്വവും ലക്ഷ്യമിട്ടുള്ളതാണെന്ന് സുവേന്ദു സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങളിൽ വലിയ അസ്വസ്ഥതയുണ്ടായിട്ടുണ്ട്.
റോഡിലെ നമാസ് നിരോധനവും അനന്തരവൻ ചുങ്കവും
സാധാരണ ദിവസങ്ങളിൽ നിസ്‌കാരത്തിനായി റോഡ് തടയുന്നത് അനുവദനീയമല്ലെന്നും പള്ളികളിലോ ദേവാലയങ്ങളിലോ ഉള്ള ആരാധനാശബ്ദം മതിൽക്കെട്ടിന് പുറത്തേക്ക് വരാൻ പാടില്ലെന്നും ഉത്തരവിറങ്ങി. റോഡുകളും തെരുവുകളും നടപ്പാതക്കാർക്കും വാഹനങ്ങൾക്കും വേണ്ടിയുള്ളതാണ്, മതകൂട്ടായ്മകളുടെ പേരിൽ തടയുന്നത് ഉചിതമല്ലെന്ന് അധികാരി പറഞ്ഞു. 2024-ൽ കൽക്കട്ട ഹൈക്കോടതി പുറപ്പെടുവിച്ച ഒബിസി ഉത്തരവിനെതിരെ തൃണമൂൽ സർക്കാർ സുപ്രീം കോടതി നൽകിയ അപ്പീൽ ബിജെപി സർക്കാർ പിൻവലിച്ചത് ശ്രദ്ധേയമാണ്. 2010 നും 2012 നും ഇടയിൽ സംസ്ഥാനസർക്കാർ ഒബിസി പട്ടികയിൽ 77 ജാതികളെ ഉൾപ്പെടുത്തിയത് വേണ്ട രീതിയിൽ സാമൂഹിക, സാമ്പത്തിക സർവേകൾ നടത്താതെയാണെന്നും മതമായിരുന്നു മാനദണ്ഡമെന്ന് തോന്നുന്നതായും അഭിപ്രായപ്പെട്ടാണ് ഹൈക്കോടതി ഒബിസി പദവി റദ്ദാക്കിയത്.
തൃണമൂൽ ഭരണകാലത്തെ അധികാരദുഷിപ്പിന്റെ ഏറ്റവും വലിയ കാഴ്ചകളിലൊന്ന് സാർവത്രികമായ 'കട്ട് മണി' (കമ്മീഷൻ) രീതിയും 'ഭായിപോ ടാക്സും' ആയിരുന്നു. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ (ഭായിപോ) അഭിഷേക് ബാനർജിയോട് കൂറുള്ള കുറ്റവാളി ശൃംഖലകളിലൂടെ പിരിക്കുന്ന കൈക്കൂലിയാണ് ഭായിപോ ചുങ്കം. 'ദണ്ഡാ ടാക്സ്' സംസ്ഥാന അതിർത്തി കടക്കുന്ന ട്രക്കുകളിൽ നിന്ന് ഭരണകക്ഷിയുമായി ബന്ധപ്പെട്ടവർ ബലമായി ഈടാക്കിയിരുന്ന നിയമവിരുദ്ധ 'പ്രത്യേക ഫീസും'. ഒരൊറ്റ ഉത്തരവിലൂടെ സുവേന്ദു ഈ നിയമലംഘനം ആവസാനിപ്പിച്ചു.
സുവേന്ദു സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകം ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് മുഖ്യമന്ത്രിക്കയച്ച കത്തിനുള്ള പ്രതികരണമായിരുന്നു ഉത്തരവ്. ദേശീയ പെർമിറ്റ് ഉള്ള വാഹനങ്ങളിൽ നിന്ന് ഏഴായിരം രൂപ 'പ്രത്യേക ഫീ' ഈടാക്കുന്നത് ഉടൻ നിർത്തണമെന്നായിരുന്നു കത്തിൽ. ആവശ്യം അംഗീകരിച്ച് ചീഫ് സെക്രട്ടറി മനോജ് കുമാർ അഗർവാൾ അനധികൃത ടോൾ ബൂത്തുകൾ, ഡ്രോപ്പ് ഗേറ്റുകൾ, ബാരിക്കേഡ് പിരിവുകൾ എന്നിവ നിർത്തലാക്കി ഉത്തരവിറക്കി. ദശകങ്ങളായി തൃണമൂൽ പാർട്ടിയെ ഊട്ടിവളർത്തിയ ഈ സമാന്തര നികുതി സമ്പ്രദായം അതോടെ അവസാനിച്ചു.
നിയമവിരുദ്ധമായ കൈയേറ്റങ്ങളെയും കെട്ടിടങ്ങളെയും ലക്ഷ്യമാക്കി ബുൾഡോസർ നടപടികളും ആരംഭിച്ചിട്ടുണ്ട്. മുൻ സർക്കാരിൽ സ്വാധീനമുള്ള വ്യക്തികളുമായി ബന്ധപ്പെട്ട സ്വത്തുക്കളിൽ നോട്ടീസ് പതിപ്പിക്കുകയാണ്. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ അഭിഷേകിനും കുടുംബത്തിനും ബന്ധമുള്ള 17 സ്വത്തുകൾ ഇടിച്ചുപൊളിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസയച്ചു. ഈ നടപടികൾക്കു പിന്നിൽ രാഷ്ട്രീയപ്രതികാരമാണെന്ന് ആക്ഷേപമുണ്ട്. കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം ഒന്നും തനിക്കറിയില്ലെന്ന് പ്രതികരിച്ചു. മുൻസിപ്പൽകാര്യ മന്ത്രി അഗ്നിമിത്ര പോൾ 'അഭിഷേക് ബാനർജി നിയമത്തിന് അതീതനല്ല' എന്ന് വ്യക്തമാക്കി. നഗരസഭയെ മറികടന്ന് സംസ്ഥാനസർക്കാർ കൈക്കൊണ്ട തീരുമാനമെന്നർത്ഥം.
കോഴിക്കഴുത്തും ബംഗ്ലാദേശി നുഴഞ്ഞുകയറ്റവും
സുവേന്ദു അധികാരി സർക്കാരിന്റെ നടപടികളിൽ ദീർഘകാല അനുരണനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള നടപടി സിലിഗുരി ഇടനാഴിയിലെ ഇന്ത്യയുടെ കോഴിക്കഴുത്തിൽ (ചിക്കൻ നെക്ക്) 120 ഏക്കർ ഭൂമി കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നതാണ്. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നിവയ്ക്കിടയിൽ ഞെരുങ്ങി നിൽക്കുന്ന ഈ കരയിടുക്കിന് തന്ത്രപരമായ പ്രാധാന്യം കൂടുതലാണ്. ഈ ഇടനാഴിയിലെ സുരക്ഷ ശക്തിപ്പെടുത്താൻ ഭൂമി വേണമെന്ന് ബിഎസ്എഫും ആഭ്യന്തര മന്ത്രാലയവും വർഷങ്ങൾ ആവശ്യപ്പെട്ടെങ്കിലും കൈമാറാൻ മമത തയ്യാറായിരുന്നില്ല.
സുവേന്ദു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ഉറക്കെ പറയുകയും ബിഎസ്എഫിന് അതിർത്തിവേലി കെട്ടാൻ ഭൂമി കൈമാറുകയും ചെയ്തത് ബംഗ്ലാദേശിന് രസിച്ചിട്ടില്ല. കൂട്ടത്തോടെ കുടിയേറ്റക്കാർ തിരിച്ചുവന്നാൽ എന്താകും എന്ന ആശങ്ക ബംഗ്ലാ പാർലമെന്റിൽ പരസ്യമായി ഉയർത്തപ്പെട്ടു. അധികാരി ഉദ്ദേശിക്കുന്ന പോലെ നാടുകടത്തൽ എളുപ്പമാവില്ല. കാരണം, നാടുകടത്തുന്നവരുടെ വിലാസവും മറ്റു വിവരങ്ങളും സ്ഥിരീകരിച്ചു നൽകേണ്ടത് ബംഗ്ലാദേശാണ്. അത് മാസങ്ങളും വർഷങ്ങളുമെടുക്കും. നിലവിൽ 2,862 പേരുടെ ദേശീയത വെരിഫൈ ചെയ്യാനുണ്ട്. ഭൂരിഭാഗം കേസുകളും അഞ്ചിലധികം വർഷം പഴക്കമുള്ളവയാണ്. പ്രക്രിയക്ക് വേഗം കൂട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമില്ല. പലപ്പോഴും നടപടി പൂർത്തിയാവാൻ കാത്തുനിൽക്കാതെ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് തള്ളിവിടുന്ന (പ്രത്യേകിച്ച് അസമിലും ത്രിപുരയിലും) അവസ്ഥയുണ്ട്.
സുവേന്ദുവിന്റെ കുതിപ്പും കാത്തിരിക്കുന്ന വെല്ലുവിളികളും
സുവേന്ദു അധികാരിയുടെ തുടക്കം അതിവേഗത്തിലാണെങ്കിലും യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശ് മോഡൽ ബംഗാളിൽ പകർത്തുന്നത് എളുപ്പമാവില്ല. ബംഗാളിലെ വെല്ലുവിളികൾ വളരെ വ്യത്യസ്തവും സങ്കീർണവുമാണ്. നിയമസഭയ്ക്ക് പുറത്ത് മമതാ ബാനർജി ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ പോരാളികളിൽപെടുന്ന അവർ കൗശലമുള്ള, ജനാഭിപ്രായത്തെ തനിക്കനുകൂലമാക്കാൻ കഴിവുള്ള പരിചയസമ്പന്നയായ നേതാവാണ്. 34 വർഷം ഭരിച്ച ഇടത് സർക്കാരിനെ ഒറ്റയ്ക്ക് പൊരുതി അവർ മറിച്ചിട്ടത് മറക്കാനാവില്ല.
ക്രിമിനൽ ബന്ധമുള്ള സിൻഡിക്കേറ്റുകളും അധികാരലോലുപരായ നേതാക്കളും കൂട്ടത്തോടെ തൃണമൂൽ പാർട്ടി വിട്ടേക്കാം. പക്ഷേ, അത് മമതയ്ക്ക് അനുഗ്രഹവുമാകാം. കൈക്കൂലിയുടെയും സാർവത്രികമായ കൈക്കൂലിയുടെയും ടിഎംസിക്കാർക്ക് എന്തും ചെയ്യാമെന്ന സാഹചര്യമുണ്ടാക്കിയ ഭയത്തിന്റെ അന്തരീക്ഷത്തെയും (സന്ദേശ്ഖാലിയിലെ കൂട്ടമാനഭംഗവും ആർജി കാർ ആശുപത്രിയിലെ മാനഭംഗക്കൊലയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ കൊലപാതക പരമ്പരയും ഓർമിക്കുമല്ലോ) മറക്കാൻ അത് ജനങ്ങളെ സഹായിച്ചേക്കാം. അങ്ങനെ പാർട്ടിയെ ശുദ്ധീകരിച്ച് പുനഃസംഘടിപ്പിക്കാനും താഴേത്തട്ടിലെ ജനങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിക്കാനും അത് ദീദിക്ക് അവസരം നൽകും. മമത തോറ്റതോടെ പൊതുജീവിതത്തിലേക്കു തിരിച്ചുവരുന്ന സിപിഎം, കോൺഗ്രസ് പോലുള്ള പ്രതിപക്ഷപാർട്ടികളും അധികാരിക്ക് തലവേദനയാവാം.
നാലായിരത്തിലധികം കിലോമീറ്റർ വരുന്ന ബംഗ്ലാദേശുമായുള്ള അതിർത്തിയുള്ള സംസ്ഥാനത്ത് 27 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജിക്കൽ സുവേന്ദുവിന് എളുപ്പമാവില്ല. അധികാരമേറ്റെടുത്ത ശേഷമുള്ള നടപടികൾ കൂടിയായപ്പോൾ പ്രത്യേകിച്ചും. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന, അങ്ങനെ തോന്നിക്കുന്ന നടപടികൾ സാമുദായിക അസ്വസ്ഥതയ്ക്കും ബംഗ്ലാദേശുമായി നയതന്ത്രപ്രശ്നങ്ങൾക്കും വഴിവെക്കാം. ഈ വെല്ലുവിളികൾ നേരിടാൻ അസാധാരണമായ രാഷ്ട്രീയശേഷിയും ക്ഷമയും സമചിത്തതയും ആവശ്യമാണ്. മമതാ ബാനർജിയുടെ കളരിയിലെ പഠനവും (മമതയെപ്പോലെ സുവേന്ദുവും തെരുവുപോരാളിയാണ്) പ്രതിപക്ഷനേതാവെന്ന നിലയിലെ അഞ്ചുവർഷത്തെ അനുഭവവും ബംഗാളിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ സുവേന്ദുവിന് സഹായകമാകുമോ എന്ന് കാത്തിരുന്നു കാണാം.
Content Highlights: Abolition of 'Bhaipo Tax' and illegal 'Danda Tax' on transport., Strategic land transfer in Siliguri Corridor to BSF for national security., Strict enforcement against illegal encroachments and building violations., Policy shifts regarding OBC quotas and public religious observances., Transition from Mamata Banerjee's 15-year governance model to a new administrative framework.
Published: 20 May 2026, 06:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented